16 August Tuesday

കാവിക്കത്തി ഒളിപ്പിക്കുന്ന നുണയന്മാർ - അനിൽകുമാർ എ വി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ജോസഫ് പുലിറ്റ്‌സർ എഴുതി: മാധ്യമങ്ങൾ നീതിക്കുവേണ്ടി നിലവിളിക്കുന്നവരുടെ ഭാഗത്താകണം; സത്യം തമസ്‌കരിക്കരുത്. എന്നാൽ, ചില മാധ്യമങ്ങൾ വിപരീതദിശയിലാണ്‌. നുണകൾ വിളമ്പി കബളിപ്പിക്കാൻ എളുപ്പമാണ്‌; സത്യം പറഞ്ഞ് വിശ്വസിപ്പിക്കാനാണ് ബുദ്ധിമുട്ടെന്നത്‌ വലതുപക്ഷ മാധ്യമങ്ങളുടെ പ്രകൃതമാണ്‌. സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാറിനെ വധിച്ചതിൽ  പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ കാരണമായിട്ടില്ലെന്നതിൽ മാധ്യമങ്ങൾക്ക്‌ സംശയമില്ല. യുവമോർച്ച നേതാവായ  പ്രധാന പ്രതി ജിഷ്ണുവിന്റെ മൊഴി ആപ്‌തവാക്യമാക്കിയുള്ള അജൻഡ വ്യക്തം. സിപിഎമ്മുകാരെ കൊല്ലുന്നവർക്കേ രാഷ്ട്രീയം ഇല്ലാതാകുന്നുള്ളൂ. ഗൂഢാലോചനയില്ല, കൊല്ലിച്ചവർ ഇല്ല, പിന്നിൽ നേതാക്കളുമില്ല. സന്ദീപിനെ കൊന്നത് ആർഎസ്‌എസ്‌ അല്ലെന്നു വരുത്താൻ മുഖ്യധാരാ മാധ്യമങ്ങൾ വല്ലാതെ പാടുപെട്ടു. വ്യക്തിപരമായ ഉരസലുകൾ ചിലപ്പോഴെല്ലാം  കൊലകൾക്ക്‌ പ്രേരകമാകാറുണ്ട്‌.  മരിച്ചയാളിന്റെയും കൊലപാതകിയുടെയും രാഷ്ട്രീയം ചികഞ്ഞെടുക്കുന്നതിൽ  മാധ്യമങ്ങൾ മത്സരിക്കും. ജീവൻ നഷ്ടമാകുന്നത്‌ സിപിഐ എം  പ്രവർത്തകർക്കാണെങ്കിൽ വ്യക്തിപരം തുടങ്ങിയ  പരാമർശങ്ങളിലൂടെ രാഷ്ട്രീയം മറച്ചുപിടിക്കും.

വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത്‌  കോൺഗ്രസുകാരായിട്ടും മാധ്യമങ്ങൾ ഒളിച്ചുകളിച്ചു. പെരിയയിൽ കൊല്ലപ്പെട്ടവർ  സിപിഐ എം പ്രാദേശിക നേതാവ്‌ പീതാംബരനെ  ജീവഛവമാക്കിയ കേസിലെ പ്രധാനികളായിരുന്നു.  സിപിഐ എം ഇരയാകുന്ന കേസുകൾ തമസ്‌കരിക്കാനും  പ്രതിസ്ഥാനത്തു വരുന്നവ   പൊലിപ്പിക്കാനും മാധ്യമങ്ങൾ മത്സരമാണ്‌. പെരിങ്ങരയിലെ വഴികൾക്ക്‌  സന്ദീപിന്റെ  ശബ്ദവും ചിരിയും പരിചിതമാണ്. പഞ്ചായത്തംഗം, ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ ജനങ്ങൾക്കിടയിലായിരുന്നു. ജനകീയനായ ചെറുപ്പക്കാരന്റെ ഇടപെടലിന്റെ ഭാഗമായാണ് നൂറ്റമ്പത്‌  ബിജെപി പ്രവർത്തകർ സിപിഐ എമ്മിലേക്ക് വന്നത്. 27 വർഷത്തിനുശേഷം പഞ്ചായത്ത് ഭരണം നേടിയതിലും പങ്ക്‌ നിർണായകമായി. അതുകൊണ്ടാണ്‌, വധത്തിന്റെ  നേതൃത്വം  ആർഎസ്എസ്‌ നേതാവ്‌ ഏറ്റെടുത്തത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത, സാമൂഹ്യബോധം ഉയർത്തിപ്പിടിച്ച  പൊതുപ്രവർത്തകനോട്‌ കടുത്ത വിരോധമായിരുന്നു  ജിഷ്ണുവിന്‌. അയാൾ നേരത്തേ ക്രിമിനലാണ്. ആ നിലയ്ക്ക് രാഷ്ട്രീയവും സാമൂഹ്യബോധവുമാണ്‌  ഭിന്നതയ്‌ക്കും കാരണം. ജീവൻ നഷ്ടപ്പെട്ടത് കമ്യൂണിസ്‌റ്റുകാരനാണ്‌;  കാരണം നിലപാടുകളും. അതിനാൽ വ്യക്തിപരത തുരന്ന്‌ നിന്ദിക്കരുത്. രക്തസാക്ഷിത്വത്തോടുള്ള  അനാദരവാണത്‌. പാർടിയെ ഭീകരപ്രസ്ഥാനമാക്കുന്ന  മാധ്യമങ്ങളുടെ അനുകമ്പ ആ അമരന്മാർക്ക്‌ ആവശ്യമില്ല.  സന്ദീപ് ഇല്ലാതാകുമ്പോൾ നഷ്ടം പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുള്ള കുടുംബത്തിനു മാത്രമല്ല, നാടിനും  പ്രസ്ഥാനത്തിനുമാണ്‌. കൊലക്കത്തിക്കിരയായപ്പോൾ മാത്രമാണ്‌ അദ്ദേഹത്തെ  നാമറിയുന്നത്.  അതുപോലെ പതിനായിരക്കണക്കിന്‌  സമർപ്പിത മനസ്‌കരുടെ  ത്യാഗമാണ്‌   ഇടതുപക്ഷത്തിന്റെ  വേരുറപ്പ്‌.

പ്രതി സിപിഐ എമ്മുകാരനാണെന്ന്‌ കാവിബുദ്ധികേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. ഉടൻ  മാധ്യമങ്ങൾ ഏറ്റെടുത്തു. വ്യാജമാണെന്ന് അറിഞ്ഞിട്ടും പിന്മാറിയില്ല. കേരളത്തിൽ മുൻകൈ നേടാനുള്ള എല്ലാ ശ്രമവും വിഫലമായപ്പോൾ സംഘികൾ ഗൂഢതന്ത്രങ്ങൾ പയറ്റുകയാണ്‌. ആർഎസ്എസ്‌ സംസ്ഥാനത്ത്‌ പ്രവർത്തനം  ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. രാജ്യത്ത്‌ ഏറ്റവുമധികം ശാഖകൾ ഇവിടെയാണ്‌.  ഭൂപരിഷ്‌കരണവും അസ്‌പൃശ്യതയ്‌ക്കെതിരായ  പ്രക്ഷോഭങ്ങളും  നാടുവാഴിത്ത ഘടനയിലുണ്ടാക്കിയ  പ്രഹരത്തിന്റെ  ബാക്കിപത്രമാണ് ആർഎസ്എസ്. ഫ്യൂഡൽ അവശിഷ്ടങ്ങളുടെ കാവൽക്കാരും  ധനാഢ്യരും അതിന്റെ അടിത്തറയുമായി. മതത്തെയും ഉപകരണമാക്കും. അനുകൂല ഘടകങ്ങൾ  ഏറെയുണ്ടായിട്ടും ചുവടുറപ്പിക്കാൻ  സാധിച്ചില്ല. ആദ്യഘട്ടങ്ങളിൽ കാശുവാങ്ങി വോട്ട് കോൺഗ്രസ്‌ പെട്ടിയിൽ നിക്ഷേപിച്ചാണ്‌  പിടിച്ചുനിന്നത്‌. സമുദായസംഘങ്ങളെ കബളിപ്പിച്ച് ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാനും നോക്കി. അത്‌ വിലപ്പോയില്ല. പതുക്കെ അക്രമവും  കൊലപാതകവും നയമാക്കി. വർഗീയലഹളകളാണ്‌ മറ്റൊരു വഴി. "പ്രാർഥിക്കാൻ പള്ളിയുണ്ടാകില്ലെ’ന്ന  തലശേരി ഭീഷണി കഴിഞ്ഞദിവസമായിരുന്നല്ലോ.


 

ജിഷ്ണു പ്രമുഖ നേതാക്കൾക്കൊപ്പം നിൽക്കുന്നതും കാവി പരിപാടികളിൽ ഭാഗഭാക്കായതുമായ ഫോട്ടോകൾ പുറത്തുവന്നിട്ടും അരുംകൊല വ്യക്തിവൈരാഗ്യമാക്കാനാണ്‌ ശ്രമം. ജയിലിൽനിന്നാണ്‌ ക്രിമിനലായ മൻസൂറിനെ പരിചയപ്പെട്ടതും സന്ദീപിനെ വകവരുത്താൻ തീരുമാനിക്കുന്നതും. ക്രിമിനലുകൾക്ക്‌ മറയിടാൻ  അസംബന്ധം എഴുതിപ്പിടിപ്പിക്കുകയാണ്‌  മാധ്യമശൃംഖല. മുഖ്യപ്രതിയുടെ  മൊഴി ഉദ്ധരിച്ചാണ് വാർത്തകൾ.  സ്വാഭാവികമായും വ്യക്തിവൈരാഗ്യമെന്നല്ലേ പറയൂ. ഒരു കാര്യം പ്രത്യേകം ഊന്നി; വധം രാഷ്ട്രീയമല്ല. സിപിഐ എമ്മുകാരെ അവസാനിപ്പിക്കുന്നവർക്കേ  രാഷ്ട്രീയം ഇല്ലാതാകുന്നുള്ളൂ.  കൊലയ്‌ക്കുപിന്നിൽ ബിജെപിയെന്ന് "സിപിഎം ആരോപിക്കുന്നു’,  "പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും പൊലീസ് പറഞ്ഞു’ തുടങ്ങിയ പല്ലവികൾ ആവർത്തിക്കുന്നു.  അഞ്ച്‌ പ്രധാന ചാനലിന്റെ പ്രൈംടൈം ചർച്ചയുടെ വിഷയം ശ്രദ്ധിക്കാം:

ഏഷ്യാനെറ്റ്‌ ‐ കുട്ടികളെ കുരുതികൊടുക്കുന്നോ സർക്കാർ? മന്ത്രിയുടേത്‌  പാഴ്‌വാക്കോ? മനോരമ ‐സന്ദീപ് വധത്തിൽ ഉത്തരം പറയേണ്ടതാര്? സംശയമെന്ത്‌. സിപിഐ എം. 24 ചാനൽ: ഇനിയും വേണോ ചോരക്കളി? സൂചന വ്യക്തം‐സന്ദീപും സഹപ്രവർത്തകരും  ആർഎസ്‌എസുകാരെ ആക്രമിച്ചുവെന്നും തിരിച്ചടിയാണ്‌ വധമെന്നും. മാതൃഭൂമി‐ മടങ്ങിവരവിൽ കോടിയേരി. മീഡിയാവൺ‐ കോടിയേരി വീണ്ടും വരുമ്പോൾ ‐സന്ദീപിനെ വധിച്ച ദിവസം മാധ്യമ മുൻഗണനയിങ്ങനെ. അവയെ നയിക്കുന്നത്‌ കറകളഞ്ഞ കമ്യൂണിസ്‌റ്റ്‌  വിരുദ്ധതയാണ്‌. അത്രമേൽ സംഘവിധേയത്വത്തിലേക്ക്‌ മറിഞ്ഞുവീണത്‌ അത്ഭുതപ്പെടുത്തും.  രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളുടെ അനാഥത്വത്തിന്‌ മുകളിൽ   ‘നഷ്ടം കുടുംബത്തിനുമാത്രം ’. ‘കൊലപാതകരാഷ്ട്രീയത്തിന്‌ അവസാനമില്ലേ’.   ‘വധത്തിനുപിന്നിൽ സിപിഐ എം  പ്രകോപനനയങ്ങൾ’.  ‘കൊലപാതകരാഷ്ട്രീയവും സിപിഐ എം  ഫാസിസ്റ്റ് പ്രവണതകളും’ തുടങ്ങിയ നിർമിതികൾ കയറ്റിവയ്‌ക്കുകയുമാണ്‌.   

പെരിയ സിബിഐ അന്വേഷണത്തിന്റെ ഭാഗമായി നേതാക്കളെ കുടുക്കിയ വാർത്തയുടെ ശീർഷകങ്ങൾപോലും ആസൂത്രിതമാണ്‌. സിപിഎമ്മിന്റെ പെരിയ ‘നോവ്' , "കൊലയ്‌ക്ക് ആസൂത്രണം കൃത്യം, ഓരോ പ്രതിക്കും പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ, വഴിതെറ്റി ക്രൈംബ്രാഞ്ച് നേരറിയാൻ സിബിഐ,  അട്ടിമറി അടിമുടി, കേസിൽ വിഐപി അഭിഭാഷകർമുതൽ കുടുംബ സംരക്ഷണംവരെ എന്നിങ്ങനെ.  ഈ പ്രാധാന്യം   എന്തുകൊണ്ട്‌ മറ്റു കൊലപാതകങ്ങൾക്കില്ല. അവർക്കും കുടുംബങ്ങൾക്കും  കദനകഥകളില്ല. ആസൂത്രണങ്ങളില്ല. ഗൂഢാലോചനയില്ല. സിപിഐ എമ്മുകാർ കൊല്ലപ്പെടുമ്പോൾ നൽകുന്ന പതിവു തലക്കെട്ടുകൾ:   വെട്ടേറ്റുമരിച്ചു, കൊലയാളികളെന്ന് ആരോപിച്ചു, രാഷ്ട്രീയമില്ലെന്ന് പൊലീസ്‌ വ്യക്തമാക്കി‐എന്നിങ്ങനെ ‘നിഷ്പക്ഷ’ വായ്‌ത്താരികൾ.

സന്ദീപ്‌ വധവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്തുകയാണ്‌ ‘മാധ്യമം’. പ്രതികളിൽ മൂന്നുപേർ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പൊലീസ്’എന്നാണ് വാർത്ത. എഫ്‌ഐആറിൽ ബിജെപിക്കാരാണെന്നും രാഷ്ട്രീയമാണ് കാരണമെന്നും വ്യക്തം. ആർഎസ്എസ് പ്രചാരം ആവർത്തിക്കുകയാണ്‌ മാധ്യമം ഗ്രൂപ്പ്‌. വ്യാജവാർത്ത ചമച്ച്‌ കൊലയാളികളെ വെളുപ്പിക്കാൻ  മൗദൂദിസ്‌റ്റുകൾ, സംഘപരിവാർ ഐടി സെൽ പടച്ചുവിട്ട വ്യാജ പ്രചാരണം ഏറ്റെടുത്തു. ഇരു ശക്തിയുടെയും ലക്ഷ്യം ഒന്നുതന്നെ.  ഫെയ്‌സ്ബുക്ക്‌‐  ചാനൽ  കോലാഹലങ്ങൾ കേട്ടല്ല  സിപിഐ എം പ്രവർത്തകരെ ജനങ്ങൾ വിലയിരുത്തുന്നത്. സമൂഹത്തിനായി നിരന്തരം പൊരുതുന്നു അവർ. നാട്ടിൽ ചവറു വാരും, ആക്രി പെറുക്കും, വിശക്കുന്നവന് ഭക്ഷണമെത്തിക്കും. സ്‌കൂളും ആശുപത്രിയും വായനശാലയും  ശുചീകരിക്കും. അവരാണ് പ്രാണൻ വെടിഞ്ഞും   മതനിരപേക്ഷതയ്‌ക്ക്‌ കാവൽനിൽക്കുന്നത്‌. ഫാസിസ്‌റ്റ്‌  ഉന്മാദികൾ  നാട്ടിൽ സംഘർഷമുണ്ടാക്കുമ്പോൾ ചെറുത്തുനിൽക്കും.

വാൽക്കഷണം: കോടതിവാതിൽക്കൽനിന്ന നാഥൂറാം വിനായക് ഗോഡ്സെയോട് മാധ്യമപ്രവർത്തകർ ചോദിച്ചു: രാഷ്ട്രീയവിരോധമാണോ വധകാരണം. അർഥഗർഭമായ ചിരിയൊളിപ്പിച്ച്‌ ആ കൊലപാതകി പറഞ്ഞു "തികച്ചും വ്യക്തിപരം’. പിറ്റേന്ന്‌ വലിയ അക്ഷരങ്ങളിലെ വാർത്ത. "ഗാന്ധിവധം തികച്ചും വ്യക്തിപരം‐മഹാത്മാ ഗോഡ്സെ. കുപ്രസിദ്ധ ക്രിമിനലുകളായ  ‘വിശിഷ്ടരെ’തേടി  ‘ജനാധിപത്യത്തിന്റെ നാവുകൾ’ വെള്ളമൊലിപ്പിച്ച്‌ ഓടുകയാണ്. രാഷ്ട്രീയമാണോ വധത്തിന്‌  പിന്നിൽ. അല്ല വ്യക്തിപരം. എന്തിന്‌ കൊന്നു? സ്വയരക്ഷയ്‌ക്ക്. നിങ്ങൾ ആർഎസ്‌എസാണോ? ഒരു വർഷംമുമ്പ് മാറി. ശേഷം വാർത്ത: ‘സ്വയരക്ഷയ്‌ക്ക് നടത്തിയ വധത്തിൽ രാഷ്ട്രീയമില്ല. സിപിഐ എം പ്രതിരോധത്തിൽ’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top