26 September Saturday

ധിഷണയുടെ പോർമുഖം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

സമീർ അമിൻ (1931‐2018)

നീതിരഹിത വ്യവസ്ഥയ്ക്ക് വഴങ്ങാൻ കഴിയില്ലെന്ന നിലപാടെടുത്ത സമീർ അമിൻ മുതലാളിത്തമാണ് ആധുനിക മനുഷ്യരാശിയുടെ മുഖ്യശത്രുവെന്ന് ആവർത്തിച്ചു. ഇരുപതാം നൂറ്റാണ്ട് സംഭാവനചെയ്ത സാമ്പത്തികശാസ്ത്രകാരന്മാരിലെ ധൈഷണിക പോരാളി. ആഗോളവൽക്കരണത്തിന് ബദലുണ്ടെന്ന് പ്രഖ്യാപിച്ച വേൾഡ് സോഷ്യൽ ഫോറത്തിന്റെ മുഖ്യ സംഘാടകൻ. 'സോഷ്യലിസമോ അതോ കാടത്തമോ' എന്ന ചോദ്യമുയർത്തിയ അദ്ദേഹം ജരബാധിച്ച മുതലാളിത്തത്തിന് അതിജീവിക്കാനാകില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞു. മാർക്സിയൻ സാമ്പത്തികശാസ്ത്രവും ദർശനവും ആഴത്തിൽ ഉൾക്കൊണ്ട ആ പഠനങ്ങൾ സോഷ്യലിസ്റ്റ‌് പോരാട്ടങ്ങൾക്ക് ദിശാബോധം പകർന്നു. യുക്തിഭദ്രവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങൾകൊണ്ട് ചൂഷണത്തിന്റെ കുടിലതകളെ തുറന്നുകാട്ടി. ആഗോള സമ്പദ്വ്യവസ്ഥയുടെ രാഷ്ട്രീയത്തെ ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധിപ്പിച്ച് പഠനവിധേയമാക്കി സാർവദേശീയ മാനവിക കാഴ്ചപ്പാട് മുന്നോട്ടുവച്ചു.

മുഴുവൻ മനുഷ്യർക്കും തുല്യത ഉറപ്പുനൽകുന്ന സോഷ്യലിസ്റ്റ‌് സാർവദേശീയതയിൽ വിശ്വാസമർപ്പിച്ച സമീർ കടുത്ത സാമ്രാജ്യത്വ വിമർശകനായിരുന്നു. ഈജിപ്തിലെ വഞ്ചകമായ സാമൂഹ്യ സ്ഥാപനങ്ങളും ലോകമേധാവിത്വത്തിന് രാജ്യത്തെ അടിയറവയ‌്ക്കുന്ന ഭരണാധികാരികളും തമ്മിലുള്ള കൊള്ളക്കൊടുക്കലുകളെ തുറന്നുകാട്ടി. അമ്പതുകളുടെ അവസാനംമുതൽ നിരന്തര പഠനത്തിലും പ്രവർത്തനത്തിലും മുഴുകി മുതലാളിത്ത പരിണാമങ്ങളെയും ആഗോളീകരണ മനുഷ്യത്വവിരുദ്ധതയെയും വിടാതെ പിന്തുടർന്നു.

ദകർ കേന്ദ്രമായ തേർഡ് വേൾഡ് ഫോറം ഡയറക്ടറായ കാലത്തെ ബോധ്യത്തിലാണ് ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക ഉൾപ്പെടെ ഭൂഖണ്ഡത്തിന്റെ വലിയൊരു മേഖലയുടെ (ഗ്ലോബൽ സൗത്ത്) ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും കാരണം അമേരിക്കയും പടിഞ്ഞാറൻ യൂറോപ്പും അടിച്ചേൽപ്പിക്കുന്ന നയങ്ങളാണെന്നു പറഞ്ഞത്. മുതലാളിത്ത പൂർവഘട്ടംമുതൽ ആഗോളവൽക്കരണംവരെ ഈ രാജ്യങ്ങൾ പിന്തുടർന്ന സാമ്പത്തികനയങ്ങളെ വിമർശിച്ച സമീർ വൻ ശക്തികളുടെ ചൂഷണത്തിന്റെ രാക്ഷസീയതയെ  തുറന്നെതിർത്തു. സമകാലിക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മനുഷ്യവിരുദ്ധതയോടൊപ്പം യൂറോകേന്ദ്രിത വീക്ഷണത്തെ വിമർശിച്ചു. ഇസ്ലാമിക രാജ്യങ്ങളിലെ സാമൂഹ്യ‐ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് സവിശേഷ പഠനം നടത്തിയ അദ്ദേഹം രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ വിരുദ്ധതയുടെ പൊള്ളത്തരവും തുറന്നുകാട്ടി. മുതലാളിത്ത മൂലധന സമാഹരണത്തിന്റെ പ്രാകൃത സ്വഭാവത്തെയും സാമ്രാജ്യത്വയുദ്ധങ്ങളെയും വിശദീകരിച്ച സമീർ ആഗോളവൽക്കരണത്തിന്റെ ശക്തനായ വിമർശകനായിരുന്നു. ധനിക രാജ്യങ്ങൾ സംഘടിതമായി വിപണി നിയന്ത്രിക്കുന്ന മുതലാളിത്ത ഭരണക്രമമെന്ന് അതിനെ നിർവചിച്ചു. അഞ്ച് മേഖലയിലെ കുത്തകവൽക്കരണത്തിലൂടെയാണ് മേധാവിത്വം നിലനിർത്തുന്നതെന്ന് നിരീക്ഷിക്കുകയുമുണ്ടായി. സാങ്കേതികവിദ്യ, പ്രകൃതിവിഭവങ്ങൾ, ധനസമ്പത്ത്, ആഗോള മാധ്യമം, ആയുധസാമഗ്രികൾ എന്നിവയുടെ കൈയടക്കലും നിയന്ത്രണവും ലോകം കേന്ദ്രവും പാർശ്വങ്ങളുമായി വിഭജിക്കപ്പെട്ടതായി ആന്ദ്രേ ഗുന്തർഫ്രാങ്കിനെപ്പോലുള്ളവർക്കൊപ്പം വിലയിരുത്തി. കേന്ദ്രമായി വർത്തിക്കുന്ന വടക്കൻമേഖലയ‌്ക്ക് ആവശ്യമുള്ളത് എത്തിക്കുകയാണ് പാർശ്വങ്ങളുടെ (ഗ്ലോബൽ സൗത്ത്) ജോലി. അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ജപ്പാൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങളുമായുള്ള വ്യാപരമെന്നത് തെക്കൻ രാജ്യങ്ങൾ സ്വന്തം വികസനത്തെ കൈയൊഴിഞ്ഞ് നടത്തേണ്ടതാണെന്ന് വന്നു. ശക്തന് അനുകൂലമായ വ്യവസ്ഥകളിൽ നടക്കുന്ന വ്യാപാരം വടക്കിന് തുടരേണ്ടതിനാൽ തെക്കിന്റെ സ്വാതന്ത്ര്യം ഒരിക്കലും അനുവദിക്കില്ല. ദാരിദ്ര്യത്തിലും കെടുതിയിലും മുങ്ങിയ ആഫ്രിക്കയ്ക്ക് സഹായവുമായി ഐഎംഎഫ് എത്തുംമുമ്പുള്ള സാഹചര്യം മറ്റൊന്നായിരുന്നുവെന്ന് ചൂണ്ടി.

ആഫ്രിക്കൻ ജനതയുടെ യഥാർഥ മോചനത്തെയും ജീവിതോപാധികളെയും കണക്കിലെടുത്തായിരുന്നില്ല ഐഎംഎഫ് ഇടപെടൽ. അനന്തമായ വികസന ചിന്തകളിലേക്കാണ് പിന്നീട് മേധാവിത്വശക്തികൾ വാതിൽ തുറന്നത്. 40 വർഷത്തിലേറെയായി ആഗോളമായി വളർന്നുവന്ന സമ്പദ്വ്യവസ്ഥയുമായി കണ്ണിചേർക്കപ്പെടാത്തതാണ് ആഫ്രിക്കയുടെ പ്രശ്നമെന്ന വാദമാണ് അവർ ഉയർത്തിയത്. മറിച്ച് തെറ്റായ മാർഗത്തിൽ വളരെയേറെ ഉദ്ഗ്രഥിതമാക്കപ്പെട്ടതാണ് പ്രശ്നമെന്ന് സമീറും നിരീക്ഷിച്ചു. നമ്മുടെ സഹായം വടക്കിന് ആവശ്യമെങ്കിലും മാനവിക സമീപനം സ്വീകരിക്കാൻ അവർ ഉയർത്തിപ്പിടിക്കുന്ന ആഗോളീയതയ്ക്ക് കഴിയില്ല. ആഗോള ഉൽപ്പാദനമെന്നത് സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടിലാകണം. അധികാരഘടനയെ നേരിടുന്നതിൽ ഉണ്ടാകുന്ന ഏതൊരു വീഴ്ചയും മേധാവിത്വം നിലനിർത്തുന്നതിലേക്കാണ് എത്തുകയെന്നും വാദിച്ചു. പാർശ്വവർത്തി രാജ്യങ്ങളുമായി മെച്ചപ്പെട്ട വ്യാപാരബന്ധത്തിന് മേധാവിത്വരാജ്യങ്ങളോട് അഭ്യർഥിച്ചിട്ട് പ്രയോജനമില്ല. സാമ്പത്തിക രാഷ്ട്രീയ ചിന്തകളിൽ പാരിസ്ഥിതിക പരിഗണനയും സമീർ കണക്കിലെടുത്തു. മേധാവിത്വരാജ്യങ്ങൾ പ്രകൃതിവിഭവങ്ങൾ കൈയടക്കുന്നത് തടയണമെങ്കിൽ ആധിപത്യത്തെ ചെറുക്കാതെ സാധ്യമല്ലെന്ന് വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയുമായുള്ള ചൂഷണാത്മക ഉദ്ഗ്രഥനത്തിൽനിന്ന‌് പാർശ്വവർത്തിരാജ്യങ്ങൾ വിട്ടുനിൽക്കണം. അപ ആഗോളവൽക്കരണം എന്നതിന് സാമ്പത്തികമായ ഒറ്റപ്പെടൽ എന്നല്ല വിവക്ഷയെന്നും വ്യക്തമാക്കി. പല ആഫ്രിക്കൻ സോഷ്യലിസ്റ്റ‌് നേതാക്കൾക്കും അത്തരത്തിൽ വീഴ്ചപറ്റിയിട്ടുണ്ട്. ദുർബലതയുടെ വീക്ഷണത്തിൽനിന്നല്ല സാമ്പത്തികബന്ധങ്ങളെ കാണേണ്ടത്. തെക്കൻ രാജ്യങ്ങൾ സർക്കാർ ഇടപെടലുകളിലൂടെ സാമ്പത്തികവികസനം സാധ്യമാക്കണം. ധനമേഖലയ‌്ക്ക് വെളിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് മറ്റ‌് തെക്കൻ രാജ്യങ്ങളുമായി വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുക, ധനമേഖലയെ പ്രകൃതിവിഭവങ്ങളുമായി ബന്ധിപ്പിച്ച് ദേശസാൽക്കരിക്കുക, ആഭ്യന്തര വിലനിലവാരത്തെ ആഗോള വിപണിയും ലോകവ്യാപാര സംഘടനയും മറ്റുമായി ബന്ധപ്പിക്കാതിരിക്കുക, ദേശസാൽകൃത വ്യാവസായികമേഖലയുടെ പ്രതിബന്ധങ്ങളെ സാമൂഹ്യനിയന്ത്രണത്തിലുള്ള സമ്പദ്വ്യവസ്ഥകൊണ്ട് പരിഹരിക്കുക തുടങ്ങിയ പോംവഴികളും മുന്നോട്ടുവച്ചു.

മാർക്സിയൻ സാമ്പത്തികശാസ്ത്രത്തെ വിമോചനായുധമാക്കിയ സമീർ മുതലാളിത്തം വാഗ്ദാനം ചെയ്യുന്ന സ്വർഗം വ്യാമോഹംമാത്രമാണെന്ന് ഊന്നി. ഭൂതകാലത്തിന്റെ വരട്ടുതത്വങ്ങളല്ല വിമർശനാത്മക ചിന്തയാണ് മാർക്സിസത്തിന്റെ ഭാവിയെന്ന് അഭിപ്രായപ്പെട്ടു. തുടങ്ങുന്നത് മാർക്സിൽനിന്നാണെങ്കിലും അവസാനിക്കുന്നത് മാർക്സിലോ മാവോയിലോ ആയിരിക്കില്ലെന്ന വീക്ഷണം പുലർത്തിയ അദ്ദേഹം സർഗാത്മക മാർക്സിസ്റ്റ‌് എന്ന് സ്വയം വിശേഷിപ്പിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ധൈഷണികജീവിതത്തിന്റെ ഭാഗമായി നൂറുകണക്കിനു പ്രബന്ധങ്ങളും മുപ്പതിലേറെ പുസ്തകവും സംഭാവന ചെയ്തു.

സമ്പദ്ശാസ്ത്രവും സംസ്കാരവും
കെയ്റോയിൽ 1931 സെപ്തംബർ മൂന്നിന് ജനിച്ച സമീർ അമിന്റെ അച്ഛൻ ഈജിപ്തുകാരനും അമ്മ ഫ്രഞ്ചുകാരിയും. ഫ്രഞ്ച് ഹൈസ്കൂളിലെ വിദ്യാഭ്യാസം മികവോടെ പൂർത്തിയാക്കി. തുടർന്ന് പാരീസിൽ പത്ത് വർഷം. ധനതത്വശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദമെടുക്കുംമുമ്പ് 52ൽ രാഷ്ട്രതന്ത്രത്തിൽ ഡിപ്ലോമ. സർവകലാശാലാ പരീക്ഷകളുടെ തയ്യാറെടുപ്പിനുള്ള സമയമൊഴികെ ബാക്കി പൊതുപ്രവർത്തനത്തിനാണ് ചെലവഴിച്ചതെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്. പാരീസിലെത്തിയ സമീർ ഫ്രഞ്ച് കമ്യൂണിസ്റ്റ‌് പാർടി അംഗമായി. പിന്നീട് സോവിയറ്റ് മാർക്സിസത്തോട് അകന്ന് മാവോയുടെ ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. 'വികസനമുരടിപ്പിന്റെ ഉറവിടവും ആഗോള മുതലാളിത്ത മൂലധന കേന്ദ്രീകരണവും' എന്ന വിഷയത്തിൽ പാരീസിൽ ഗവേഷണം പൂർത്തിയാക്കിയത് 57ൽ. തുടർന്ന് കെയ്റോയിലേക്ക് മടങ്ങിയ അദ്ദേഹം 60 വരെ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഇക്കണോമിക്സ് മാനേജ്മെന്റ് റിസർച്ച് ഓഫീസറായി.

മാലിയിൽ ആസൂത്രണമന്ത്രാലയ ഉപദേഷ്ടാവായി 63 വരെ പ്രവർത്തിച്ചു. അതിനിടെ ഐഡിഇപിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കൻ ഡെവലപ്മെന്റ് ഇക്കണോമിക് ആൻഡ് പ്ലാനിങ്) ഫെലോഷിപ‌്. 70 മുതൽ 80 വരെ ഐഡിഇപി ഡയറക്ടർ.

തുടർന്ന് ദകറിലെ തേർഡ് വേൾഡ് ഫോറം ഡയറക്ടർ. ആഫ്രിക്കയിലെ വർഗസമരം, എംപയർ ഓഫ് കയോസ്, സ്പെക്ടേഴ്സ് ഓഫ് കാപ്പിറ്റലിസം: എ ക്രിട്ടിക് ഓഫ് കറന്റ് ഇന്റലക്ച്വൽ ഫാഷൻസ്, ലിബറൽ വൈറസ്: പെർമനന്റ് വാർ ആൻഡ് അമേരിക്കനൈസേഷൻ ഓഫ് ദ വേൾഡ്, ബിയോണ്ട് യുഎസ് ഹെജിമണി: അസസിങ് ദ പ്രോസ്പെക്ട് ഫോർ എ മൾട്ടിപൊളാർ വേൾഡ്, യൂറോ സെന്ററിസം: മോഡേണിറ്റി, റിലിജിയൻ ആൻഡ് ഡെമോക്രസി എ ക്രിട്ടിക‌് ഓഫ് യൂറോ സെന്ററിസം ആൻഡ് കൾച്ചറിസം എന്നിവ പ്രധാന കൃതികൾ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top