29 May Sunday

ഫാസിസത്തെ ചെറുത്ത തെരുവരങ്ങ്

പ്രമോദ് പയ്യന്നൂര്‍Updated: Monday Jan 3, 2022

ജ നുവരി രണ്ടിനാണ്‌ സഫ്ദർ ഹശ്‌മിയുടെ ഓർമദിനം. ജനുവരി നാലിന്‌, തെരുവരങ്ങിലൂടെ ഫാസിസത്തെ പ്രതിരോധിച്ച സഫ്ദറിന്റെ ചോര പടർന്ന വീഥിയിൽ ചെറുത്തുനിൽപ്പിന്റെ നാടകം വീണ്ടുമുയർന്നു. സുധൻവാ ദേശ് പാണ്ഡെയുടെ വിഖ്യാത കൃതിക്ക്‌ പ്രമോദ് പയ്യന്നൂർ വിവർത്തനം നിർവഹിച്ച് ചിന്താ ബുക്സ്  പ്രസിദ്ധീകരിക്കുന്ന ‘ഹല്ലാബോൽ’ എന്ന പുസ്തകത്തിൽനിന്ന്

1989 ജനുവരി 2

ജനുവരി രണ്ടിന് പുലർച്ചെ മാല വീട്ടിലേക്കു പോയി. രാവിലെ ഒമ്പതിന്‌ തിരികെ ആശുപത്രിയിൽ എത്തി. സഫ്ദർ രക്ഷപ്പെടില്ലെന്ന്‌ അവർക്ക്‌ തോന്നി. ന്യൂറോളജി വകുപ്പിന്റെ മേധാവിയായ സീനിയർ ഡോക്ടർ അക്കാര്യം അവളോടു പറഞ്ഞിരിക്കുന്നു. അയാളൊരു ശാന്തനായ മനുഷ്യനാണെന്ന് മാലയ്ക്കു തോന്നി. രക്ഷപ്പെടാൻ തീരെ സാധ്യതയില്ലെങ്കിലും പരമാവധി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.  മറ്റെന്തെങ്കിലും ചികിത്സ നൽകണമെന്ന് കുടുംബത്തിന് തോന്നുന്നുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടെന്നായിരുന്നു മാലയുടെ തീരുമാനം.
  
  പകൽ മുഴുവൻ ധാരാളം ആളുകൾ ആശുപത്രിയിൽ എത്തി. ദൂരദർശൻ ഉദ്യോഗസ്ഥരും വന്നുപോയി. കുറേ വർഷംമുമ്പ് സഫ്ദർ നിരവധി ഷോർട്ട് ഡോക്യുമെന്ററി നിർമിച്ചതാണ് ദൂരദർശനുമായുള്ള സൗഹൃദത്തിനു കാരണം.  ഭീഷ്മസാഹ്നിയും ഇബ്രാഹിം അൽക്കാസിയും സന്ധ്യക്കു വന്നു. തിരുവനന്തപുരത്തുനിന്ന് സുഹൈലും സിപിഐ എം  നേതാവ്‌ ജോഗീന്ദർ  ശർമയും എത്തി.

    അതൊരു കാത്തിരിപ്പിന്റെ ദിവസമായിരുന്നു. സഫ്ദറുടെ സഹോദരിമാരായ ശബ്നയും ഷെഹ്‌ലയും ആഹാരത്തിനുള്ള സൗകര്യമൊരുക്കി. ഒരുസമയത്ത് അമ്മാജിക്കും മാലയ്ക്കും ഐസിയുവിൽ പ്രവേശനം ലഭിച്ചു. അവർ അകലെനിന്ന് സഫ്ദറെ കണ്ടു.  

   സഫ്ദറിന്റെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള നടപടി മാല പൂർത്തിയാക്കി. മറ്റ്‌ അവയവങ്ങൾ ദാനം ചെയ്യണമെന്നും ശരീരം മെഡിക്കൽ റിസർച്ചിനു നൽകണമെന്നും താൽപ്പര്യപ്പെട്ടെങ്കിലും നിരവധി നിയമതടസ്സം തലയുയർത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അനുസരിച്ച് അദ്ദേഹത്തിന്റെ ചെവിയിലും മൂക്കിലും തൊണ്ടയിലുംനിന്ന്‌ രക്തസ്രാവമുണ്ടായിട്ടുണ്ട്. നെറ്റിയിലും തലയോട്ടിയിലും മാരകമായ മുറിവുണ്ടായതായും റിപ്പോർട്ട് പറയുന്നു.

1989 ജനുവരി 3


രാവിലെ മൃതശരീരം കൊണ്ടുവരുന്നതിനു മുമ്പുതന്നെ വലിയൊരു ജനാവലി വിപി ഹൗസിലെ പാർടി ഓഫീസിൽ എത്തിയിരുന്നു. അവർ ആയിരത്തിലധികംപേരുണ്ട്. ചെങ്കൊടിയിൽ പുറത്തൊരുക്കിയ പന്തലിൽ ശരീരം ദർശനത്തിനാകുംവിധം വച്ചിരിക്കുന്നു. എന്റെ ഓർമയിൽ അപ്പോഴും രണ്ടു ശബ്ദം മുഴങ്ങിക്കേൾക്കുന്നുണ്ട്. മുദ്രാവാക്യങ്ങളും നിലവിളികളും. ഞാൻ അന്ന് ഒരു റെഡ് വളന്റിയർ ആയിരുന്നു.  നിരവധി പ്രതിപക്ഷ പ്രമുഖർ പിന്നീട് പ്രധാനമന്ത്രിയായ വി പി സിങ്‌ ഉൾപ്പെടെ എത്തിയിരുന്നു. എന്നാൽ, കോൺഗ്രസും ബിജെപിയും മാത്രം വിട്ടുനിന്നു.

   അക്രമികൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്നവർ തീർത്തുപറഞ്ഞു. സഫ്ദറെ വഹിച്ചുകൊണ്ടുള്ള ടെമ്പോ മുന്നോട്ടുനീങ്ങുകയാണ്. സുഹൈൽ, എം കെ റെയ്ന, ഭീക്ഷ്മസാഹ്നി, മാല, അവളുടെ അച്ഛനമ്മമാർ എന്നിവരും ടെമ്പോയിലുണ്ട്. അവർക്കുപുറമെ പ്രകാശ് കാരാട്ട്, ജോഗീന്ദർ  ശർമ, പുഷി ഗ്രിവാൾ തുടങ്ങിയവരും. ജന നാട്യമഞ്ചിന്റെ കൊടിയുംപിടിച്ച് ഞാൻ ഉൾപ്പെടെയുള്ള ജനം പ്രവർത്തകരും  പിന്നാലെ നടക്കുന്നു. ഞങ്ങൾക്കു പിന്നിലായി ജനസമുദ്രം തന്നെ ആർത്തിരമ്പി വരുന്നുണ്ട്.

1989 ജനുവരി 4


സഫ്ദറുടെ മരണംകഴിഞ്ഞ് 48 മണിക്കൂറിനകംതന്നെ നിർത്തിവച്ച നാടകം അതേ സ്ഥലത്ത്‌ ഞങ്ങൾ കളിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വിശേഷപ്പെട്ടൊരു അവതരണമായിരുന്നു അത്. ആളുകളെക്കൊണ്ട് എല്ലാ മുക്കുംമൂലയും മാത്രമല്ല, മേൽക്കൂരകളും ചവറ്റുകൂനകൾക്കു മുകളിൽപ്പോലും നിറഞ്ഞിരുന്നു. അതിനു മുമ്പെങ്ങും അത്രയും വലിയൊരു സദസ്സ്‌ ഞാൻ കണ്ടിട്ടില്ല. ‘സഫ്ദർ ജീവിക്കുന്നു’ സഫ്ദറുടെ മരണം വൃഥാവാകില്ല. തുടങ്ങിയ  മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളും പിടിച്ചായിരുന്നു അധികംപേരും വന്നത്.  

 ‘നമ്മളിവിടെ കൂടിയിരിക്കുന്നത് തടസ്സപ്പെട്ട നാടകം കളിക്കാനാണ്. നമുക്ക് നമ്മുടെ പ്രേക്ഷകരോടുള്ള പ്രതിബദ്ധത പൂർത്തിയാക്കണം. അവർക്ക് നമ്മളെ കൊല്ലാൻ കഴിയും. എന്നാൽ, നമ്മളെ തടയാനാകില്ല. നമ്മൾ റാംബഹദൂറിനെ ആദരിക്കാൻകൂടി വന്നിരിക്കുന്നു. നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് സഫ്ദർ മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ്. അദ്ദേഹം ഇവിടെ നമുക്കിടയിൽത്തന്നെയല്ല രാജ്യത്തിനുള്ളിലെ എണ്ണമറ്റ യുവതീയുവാക്കൾക്കിടയിൽ ജീവിക്കുന്നു’. ഇരുണ്ട മൂകതയിൽ നാടകം ആരംഭിച്ചു. നാടകാരംഭം പരമാവധി പ്രേക്ഷകരെ ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശകൾ നിറഞ്ഞതായിരുന്നു. എന്നാൽ, എല്ലാവരും ഭീതിയിലായിരുന്നു.

‘നിങ്ങൾക്കൊക്കെ എന്തു സംഭവിച്ചു. ആർത്തു ചിരിക്കൂ’.

ഒരു തടസ്സം നീങ്ങിയ മട്ടിൽ ആളുകൾ ചിരിച്ചു. സെക്കൻഡുകൾക്കിടയിൽ നാടകം കത്തിക്കയറി.
അടുത്തദിവസം രാജ്യത്തുടനീളമുള്ള പത്രങ്ങളുടെയെല്ലാം മുൻ പേജിൽ നാടകത്തിന്റെയും മാലയുടെയും പ്രകടനത്തിന്റെ ചിത്രങ്ങളായിരുന്നു. സഫ്ദർ മരിച്ചുവീണ അതേ സ്ഥലത്ത് നാടകം നടത്തിയ മാലയുടെ പ്രവൃത്തി വലിയൊരു ഉത്തേജനമായി മാറി.  മാല മുംബൈ, ത്രിപുര, കേരളം തുടങ്ങി സ്ഥലങ്ങൾ സന്ദർശിച്ച് വൻജനാവലിയെ അഭിസംബോധന ചെയ്തു. ജനുവരി അവസാനം അവൾ കൊൽക്കത്തയിലേക്കു പോയി. ഹല്ലാബോലിന്റെ അവതരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നാടകം നടക്കുമ്പോൾ സഫ്ദറിന് മരണാനന്തര ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ തീരുമാനിച്ചതായി അറിഞ്ഞു.  ജനുവരി നാലിന് സഫ്ദർ ഹശ്‌മി സ്മാരക കമ്മിറ്റി നിലവിൽവന്നു. സഫ്ദർ ഹശ്‌മി ട്രസ്റ്റ് രൂപീകരണത്തിന്റെ (സഹ്മത്ത്) ആദ്യപടിയായിരുന്നു അത്.
  
  സത്യജിത് റായ് മുതൽ രവിശങ്കർവരെയും അടൂർ ഗോപാലകൃഷ്ണൻ മുതൽ ഉൽപ്പൽദത്ത് വരെയുമുള്ള നിരവധിപേരുടെ പിന്തുണ നിസീമമായി ലഭിച്ചു.  അന്തർദേശീയ ചലച്ചിത്രവേദിയിൽ വച്ച് ശബ്ന ആദ്യമായി സഫ്ദർ വധത്തിനെതിരെ പരസ്യ പ്രതിഷേധത്തിന്റെ ഒരു ചെറുകുറിപ്പ് വായിച്ചു. ദിലീപ്കുമാർ സഫ്ദറിന്റെ ഫോട്ടോയുമായി പ്രതിഷേധപ്രകടനം നടത്തി. പിറ്റേദിവസം രാജ്യമൊട്ടുക്ക് പ്രതിഷേധം അരങ്ങേറി. സഫ്ദറുടെ ജന്മദിനമായ ഏപ്രിൽ 12 യാദൃച്ഛികമായി ‘ദേശീയ തെരുവ് തിയറ്റർ ദിന’മായി അംഗീകരിക്കപ്പെടുകയും മുപ്പതിനായിരത്തിലധികം തെരുവു നാടകം അവതരിപ്പിക്കുകയും ചെയ്തു.

  മാല അന്ന് തികച്ചും വ്യത്യസ്തയായി കാണപ്പെട്ടു. അവളുടെ കണ്ണുകളിലെ ദൃഢനിശ്ചയം, അവളുടെ മെലിഞ്ഞ ശരീരം ഉരുക്കിൽത്തീർത്ത നട്ടെല്ലുപോലെ തോന്നി. അവൾ ശരിക്കും നിവർന്നുനിന്നു. അവളുടെ ചെറിയ രൂപം അവിശ്വസനീയമാംവിധം ഉയരമുള്ളതായി തോന്നി. ആ ശബ്ദവും അങ്ങനെ തന്നെ. ജനങ്ങൾക്കിടയിൽ മാത്രമല്ല, അവരുടെ ഉള്ളിലും അവൾ കടന്നുചെന്നു.

(ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയാണ്‌ പ്രമോദ്‌ പയ്യന്നൂർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top