21 March Thursday

എല്ലാം അയ്യപ്പനാമത്തിൽ

ശതമന്യുUpdated: Monday Oct 22, 2018


നാൽപ്പത്തൊന്നുദിവസത്തെ വ്രതമെടുത്തിട്ടല്ല കെ സുരേന്ദ്രനും വി വി രാജേഷും ശബരിമല സന്നിധാനത്ത് തമ്പടിച്ചിരിക്കുന്നത്. അയ്യപ്പനെ കണ്ടു തൊഴുതുമടങ്ങാനല്ല , ശബരിമലയിൽ കൊലവിളി മുഴക്കാനാണ് കളിയിക്കാവിളമുതൽ മഞ്ചേശ്വരംവരെയുള്ള സംഘ സഹോദരങ്ങൾ കറുപ്പുമുടുത്ത് മാലയുമിട്ട് നിലയ‌്ക്കൽമുതൽ സന്നിധാനംവരെ നിലയുറപ്പിച്ചിട്ടുള്ളത്. അവർക്ക് ആചാരമോ അയ്യപ്പനോ അല്ല പ്രശ്നം. ഇന്ത്യൻ ഭരണഘടനയെയോ സുപ്രീംകോടതിയെയോ അവർ അംഗീകരിക്കുന്നില്ല. കഴിഞ്ഞ വിജയദശമി ദിവസത്തിൽ ആർഎസ്എസിന‌് 93  വയസ്സ് തികഞ്ഞു. വാക്കിനു വിലയോ നെറിയോ മര്യാദയോ ഇല്ലാത്ത പ്രസ്ഥാനമായി ഇത്രയുംകാലം തുടരാൻ കഴിഞ്ഞതാണ് ആർഎസ‌്എസിന്റെ മഹത്വം.

ശബരിമലയിൽ സ‌്ത്രീപ്രവേശം വേണമെന്ന് ഉറക്കെ പറഞ്ഞ സംഘടനയാണ് ആർഎസ്എസ്. അവർതന്നെയാണ് ഇപ്പോൾ തങ്ങളുടെ നെഞ്ചിൽ ചവിട്ടിയേ സ‌്ത്രീകൾ മലകയറൂ എന്ന് പ്രഖ്യാപിച്ച‌് കലാപം സൃഷ്ടിക്കുന്നത്. അയോധ്യയിൽ രാമനെന്നപോലെ, മഥുരയിൽ കൃഷ്ണനെന്നപോലെ,  കേരളത്തിൽ അയ്യപ്പനെ ആയുധമാക്കാനാണ് നീക്കം. അയ്യപ്പൻ ആർഎസ്എസിന‌് യോജിക്കുന്ന ദൈവമല്ല. ശബരിമലയിൽ 'അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന ബോർഡില്ല. യേശുദാസ് മലകയറിച്ചെന്നു പാടിയ ഹരിവരാസനം കേട്ടാണ് അയ്യപ്പൻ ഉറങ്ങാൻ പോകുന്നത്.   കമ്യൂണിസ്റ്റ‌് ആദർശക്കാരനായ വയലാർ രാമവർമയുടെ ഹൃദയം ഉടുക്കുംകൊട്ടി എത്തിയ ഇടമാണ് സന്നിധാനം. അയ്യപ്പന്റെ ഉറ്റചങ്ങാതിയാണ് വാവർ. എരുമേലി പേട്ട ക്ഷേത്രത്തിൽ നിന്ന‌്  ശാസ‌്താവിനെ തൊഴുത്   വാവര് പള്ളിയിൽ എത്തി പ്രദക്ഷിണം വച്ച്  പ്രസാദവും വാങ്ങി  വലിയമ്പലത്തിൽ എത്തി പ്രദക്ഷിണം വച്ച് വഴിപാടുകൾ നടത്തിയതിനുശേഷമേ പേട്ടതുള്ളൽ പൂർണമാകൂ. ഇതൊന്നും സംഘപരിവാറിന് ദഹിക്കുന്ന കാര്യങ്ങളല്ല. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലാത്ത ആരാധനാലയം ചാതുർവർണ്യത്തിലേക്ക‌്  ഉറ്റുനോക്കുന്നവരെ  സന്തോഷിപ്പിക്കുകയുമില്ല.

ശബരിമലയിൽ കാണിക്കയിടരുത് എന്നാണ‌് സംഘ സുഹൃത്തുക്കളുടെ ഒരാഹ്വാനം. കലാപാന്തരീക്ഷം സൃഷ്ടിച്ച്   ഭക്തരെ അകറ്റിനിർത്തുന്നത് മറ്റൊരു  തന്ത്രം. തങ്ങൾക്കു കടന്നുകയറാൻ  പറ്റാത്ത ക്ഷേത്രങ്ങളെയൊക്കെ സംഘ പരിവാർ ഇങ്ങനെ നേരിട്ടിട്ടുണ്ട്. മലബാറിലെ പ്രസിദ്ധമായ പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിനു സമാന്തരമായി സ്വന്തം മുത്തപ്പനെ ഉണ്ടാക്കാനിറങ്ങിയവരാണ് സംഘ പരിവാർ. മുത്തപ്പനും അയ്യപ്പനെ പോലെതന്നെ സംഘ ദൈവമല്ല. സ്ത്രീകളെയും ശബരിമലയിൽ കയറ്റണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് കൊടുത്തത് സംഘബന്ധുക്കളാണ്.  12 കൊല്ലം കേസ് നടന്നു. ഇപ്പോൾ കാണിക്കുന്ന അലമ്പിന്റെ നൂറിലൊന്ന് ആവേശം ഉണ്ടെങ്കിൽ കേസിൽ  കക്ഷിചേരാമായിരുന്നു.  വിധി വന്നപ്പോൾ  പുനഃപരിശോധനാ ഹർജി നൽകാമായിരുന്നു. കേസ്  നടക്കുമ്പോൾ കോടതിയിൽ ഒരക്ഷരം പറയാൻ കൂട്ടാക്കിയിട്ടില്ല.  സംഘത്തിന‌് നേരിട്ട് മടിയാണെങ്കിൽ   പ്രചാരകനായ നരേന്ദ്ര മോഡി തലവനായ കേന്ദ്രസർക്കാരിന‌്  കക്ഷിചേർന്ന്  സഹായിക്കാമായിരുന്നു. ഒന്നും ഉണ്ടായില്ല.

ശബരിമലയിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വിലക്ക് പാടില്ല എന്ന് വിധി പ്രഖ്യാപിച്ചത് സുപ്രീംകോടതിയാണ്. അത്തരം നിയന്ത്രണം ഭരണഘടനാവിരുദ്ധമെന്നും മൗലികാവകാശത്തിനുമുകളിലല്ല ആചാരമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുകയാണ് കോടതി ചെയ‌്തത‌്.   ഇതിലൊന്നും പിണറായിയും സിപിഐ എമ്മും കക്ഷിയല്ല.  ഭരണഘടന   അനുശാസിക്കുന്ന തുല്യമായ ആരാധനാവകാശം സ‌്ത്രീക്കും  പുരുഷനും ഒരുപോലെ ബാധകമാണെന്ന‌് സർക്കാർ പറഞ്ഞു. എന്നാൽ, അതല്ല ആർഎസ് എസിന്റെയും ബിജെപിയുടെയും നിലപാട്. ഭരണഘടനതന്നെ മാറ്റിയെഴുതാൻ നോക്കുകയാണവർ. ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനമെന്ന‌് ബിജെപിയോടൊപ്പം പ്രഖ്യാപിക്കാൻ  കോൺഗ്രസും ഉണ്ട്. അയ്യപ്പന്റെ നാമത്തിൽ ഒരു കലാപം; സുപ്രീംകോടതി വിധി വച്ച് പിണറായിക്കിട്ടൊരു കുത്ത്, ഒടുവിൽ സർക്കാരിനെ അട്ടിമറിക്കൽ എന്നതാണ് സുന്ദരമായ സ്വപ‌്നം.

രണ്ടാം വിമോചനസമരത്തിന്റെ ആവേശത്തിലാണ് രമേശ് ചെന്നിത്തല സംഘി വസ്ത്രമണിഞ്ഞത്. കെ സുധാകരൻ മലകയറി ചെന്ന് ശ്രീധരൻ പിള്ളയുടെ അപരനായി അഭിനയിച്ചു. ഖദറിട്ട രാമൻനായർ കാവിപുതച്ച സമരം ഉദ്ഘാടനം ചെയ്തു. സകല ഞാഞ്ഞൂളിനും പത്തി വിടർത്താൻ അവസരം കിട്ടിയ കാലമായി. നുണക്കഥകൾ മലവെള്ളംപോലെ പാഞ്ഞു പരന്നൊഴുകി. വിധിപറഞ്ഞ ചീഫ് ജസ്റ്റിസിന് അയ്യപ്പകോപത്താൽ പക്ഷാഘാതം വന്നു എന്നുവരെ പ്രചരിപ്പിച്ചു. കോൺഗ്രസും ബിജെപിയും വിചാരിച്ചാൽ എളുപ്പത്തിൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ് സ്ത്രീപ്രവേശം എന്നാണ‌് സുപ്രീംകോടതി കണ്ടത്. ആ ഭരണഘടനതന്നെ ഭേദഗതി ചെയ്തു കാര്യം സാധിക്കാം. അത് കേരളത്തിൽ കഴിയില്ല. പാർലമെന്റ് വേണം. രണ്ടു പാർടികളും ശബരിമലക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുംപോലെ അവിടെയും നിന്നാൽമതി. ഭരണഘടന ഭേദഗതി ചെയ്തു തീർക്കാവുന്നതേയുള്ളൂ പ്രശ്നം. 

അത് ചെയ്യാതെ, മലകയറി എത്തുന്ന പാവപ്പെട്ട ലതാ കുമാരന്മാരെ തടഞ്ഞു കരയിക്കുന്നത‌്‌ എന്തിനെന്നാണ് യഥാർഥ ചോദ്യം. എന്തായാലും അയ്യപ്പഭക്തന്മാർ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തവണ നടതുറന്നു മൂന്നാം ദിവസമാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ നടവരവ‌് വന്നിട്ടുണ്ട്. സംഘക്കൂടാരത്തിലെ  എല്ലാ കൃമികീടങ്ങളും ഗുണ്ടാസംഘങ്ങളും ശബരിമലയിൽ കുഴപ്പമുണ്ടാക്കിയിട്ടും വിശ്വാസികൾ മല ചവിട്ടി എത്തുന്നുണ്ട്; തൊഴുതുമടങ്ങുന്നുമുണ്ട്. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ഭക്തരെയാകെ വെറുപ്പിച്ചും പ്രച്ഛന്നവേഷത്തിൽ മലകയറി എത്തി ബഹളം സൃഷ്ടിച്ചും നാഴികയ്ക്ക് നാൽപ്പതുവട്ടം നാല്പത്തിയൊന്നു നുണകൾ പറഞ്ഞും സംഘപരിവാർ ശബരിമലയെ ആഘോഷിക്കുമ്പോൾ, അതൊന്നും ഇന്നാട്ടിലെ സാധാരണ ജനങ്ങളെയും വിശ്വാസികളെയും ബാധിക്കുന്നില്ല എന്നാണ‌് ഇതുവരെയുള്ള അനുഭവം. അതുകൊണ്ടു തന്നെയാണ് കേരളം വ്യത്യസ‌്തം എന്ന് പറയാൻ കഴിയുന്നത്.


പ്രധാന വാർത്തകൾ
 Top