18 April Thursday

ശബരിമലയും കേരള സമൂഹവും

എം വി ഗോവിന്ദന്‍Updated: Tuesday Nov 6, 2018

 ശബരിമലയിലെ ആചാരം പഴയരീതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം സ്ത്രീകൾ മുന്നോട്ടുവന്നതിന്റെ പശ്ചാത്തലത്തിൽ, ഇവിടെയുള്ള വിശ്വാസി സമൂഹമാകെ ഈ ആവശ്യമുന്നയിക്കുന്നവരാണെന്നാണ് ചിലർ  അവകാശപ്പെടുന്നത്. അത് വസ്തുതാപരമായ ഒരു നിരീക്ഷണമല്ല. സ്ത്രീകൾക്കനുകൂലമായ വിധിയായിട്ടുകൂടി എന്തുകൊണ്ടാണ് വിശ്വാസികളെന്ന പേരിൽ ഇവർ രംഗത്തുവന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. 1789ലെ ഫ്രഞ്ചുവിപ്ലവം മുതൽക്കിങ്ങോട്ട് സമത്വത്തിനു വേണ്ടിയുള്ള ശബ്ദം ലോകമാകെയുള്ള സ്ത്രീകൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന ജനാധിപത്യ വിപ്ലവവും അവിടങ്ങളിൽ ഉയർന്ന വിപ്ലവകരമായ മുദ്രാവാക്യങ്ങളും ഇന്ത്യയിലും കേരളത്തിലും അലയടിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും  ജീർണതയാൽ നിറംകെട്ട സാമൂഹ്യവ്യവസ്ഥകളെ മാറ്റിമറിച്ച പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെ സ്ത്രീശാക്തീകരണത്തിൽ കൂടി ഊന്നിയുള്ളതായിരുന്നു. ഇത്തരത്തിൽ ലോകമാകെ സംഭവിച്ചിട്ടുള്ള വിവിധ പുരോഗമനാശയ ധാരയുടെ തുടർച്ചയെന്ന പോലെയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം സ്ത്രീപുരുഷ സമത്വത്തിലൂന്നി, ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.

സ്ത്രീസമൂഹം ഒറ്റക്കെട്ടായി ഉയർത്തിപ്പിടിക്കേണ്ട വിധി

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധിയിലേക്ക് എത്തിയ  സുപ്രീംകോടതി, സ്ത്രീകൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന്റെ അവകാശം സ്ത്രീക്കും പുരുഷനും തുല്യമെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും 1965ലെ നിയമത്തിലെ ചട്ടം 3 (ബി) ഭരണഘടനാ വിരുദ്ധമാണെന്നും.  ശാരീരിക അവസ്ഥയുടെ പേരിൽ ആരെയും മാറ്റിനിർത്തരുതെന്നും മതത്തിലെ പുരുഷാധിപത്യം  സ്ത്രീകളുടെമേൽ അടിച്ചേൽപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ സുപ്രീംകോടതി വിധിയെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു. എന്നാൽ, ഒരുവിഭാഗം സ്ത്രീകൾ ഫ്യൂഡൽ പാരമ്പര്യത്തിന്റെ വക്താക്കളായ പുരുഷാധിപത്യ ചിന്താഗതിക്കാരുടെ താൽപ്പര്യസംരക്ഷണത്തിനായി മുന്നോട്ടുവരികയാണ് ചെയ്തത്.

കേരളത്തിന്റെ പ്രബുദ്ധതയെ വെല്ലുവിളിക്കുന്നവർ

പഴയ ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സ്ത്രീകൾ രാഗത്തുവന്നത് വിവേകത്തോടെ, ശാന്തമായി ചർച്ചചെയ്യേണ്ട ഒരു കാര്യം തന്നയാണ്. ഒരു ആശയം മനുഷ്യമസ്തിഷ്കത്തിൽ പ്രവേശിച്ചാൽ ആ ആശയം കേവലമായൊരു ആശയമെന്നതിലുപരി അത് ഒരു ഭൗതികശക്തിയായി നിലകൊള്ളുകയാണ് ചെയ്യുക. ഇത് വിപ്ലവകരമായ ആശയഗതികൾക്കും പിന്തിരിപ്പൻ ആശയഗതികൾക്കും ബാധകമാണ്. കേരളത്തിൽ പതിറ്റാണ്ടുകളായി ആചാരത്തിന്റെ പേരിൽ പത്തിനും അമ്പതിനും വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കപ്പെട്ട ശബരിമലയിൽ സ്ത്രീപ്രവേശനമാകാമെന്ന നവോത്ഥാനപരമായ ആശയത്തിനല്ല മുൻകൈ ലഭിച്ചത്. നേരെമറിച്ച് ശബരിമലയിൽ പോകരുതെന്ന് പറയുന്ന   പ്രതിലോമകരമായ ആശയമാണ് മേൽക്കൈ നേടിയത്. അതായത് ഭൗതികശക്തിയായി മാറിയത് പ്രതിലോമപരമായ ആശയമാണെന്നർഥം.

ചില ചാനൽ ചർച്ചകളുടെയും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്രകാശനങ്ങളുടെയും ഭാഗമായല്ലാതെ കേരളത്തിലെ സാധാരണ സ്ത്രീകളോ, വിശ്വാസികളായ സ്ത്രീകളോ തങ്ങൾക്ക് ശബരിമലയിൽ കയറേണ്ടതുണ്ടെന്ന രീതിയിലുള്ള ആശയം സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. സമൂഹത്തിന്റെ ഒരാവശ്യമായി മാറുന്ന രീതിയിൽ ആ ആവശ്യം പ്രബലമായിട്ടുമില്ല. ഇവിടെയൊരു ഭൗതികശക്തിയായി മാറുന്നവിധത്തിൽ ഈ ആശയത്തെ ഉയർത്തിക്കൊണ്ടുവരാൻ ആ ആശയത്തിലേക്ക്, അത് യാഥാർഥ്യമാക്കുന്നതിലേക്ക് ഒരു ശൃംഖലയിലേക്കെന്ന പോലെ കൂട്ടിച്ചേർക്കലുകൾ വരുത്തി കരുത്തുറ്റതാക്കി മാറ്റാനുള്ള കൂട്ടായ്മകൾ ഉണ്ടായിട്ടില്ല. അതായത് ഹിന്ദുവിശ്വാസി സമൂഹത്തിലെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും വിശ്വാസധാരയിലെയോ ആരുംതന്നെ ശബരിമല ക്ഷേത്രത്തിലേക്ക് തങ്ങൾക്ക് പോകേണ്ടതുണ്ട് എന്ന രീതിയിൽ വിശ്വാസത്തിന്റെയോ, ഭക്തിയുടെയോ രീതിയിലുള്ള ആശയം ഉൽപ്പാദിപ്പിക്കുകയോ, അതിന്റെ ഭാഗമായ ജനകീയ മുന്നേറ്റത്തിന്റെ പശ്ചാത്തലം രൂപപ്പെടുത്തുകയോ ചെയ്തില്ല എന്നതാണ് ഈ വിധിയുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ കാണാനാകുന്ന ഗൗരവപൂർണമായ പ്രശ്നം.

എന്നാൽ, നവോത്ഥാന മൂല്യങ്ങളുയർത്തിപ്പിടിക്കുന്നതും സ്ത്രീപുരുഷ സമത്വത്തിനും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുംവേണ്ടി നിരന്തരം ശബ്ദിക്കുന്നതുമായ പ്രസ്ഥാനങ്ങളും വലിയൊരു വിഭാഗം സ്ത്രീകളും സ്ത്രീപുരുഷ സമത്വമെന്ന മൗലികമായ അവകാശത്തിന്റെ സാക്ഷാൽക്കാരമെന്നുള്ള രീതിയിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. നിലവിലുള്ള ആചാരവ്യവസ്ഥയിലൂടെ സ്ത്രീവിരുദ്ധത അടിച്ചേൽപ്പിച്ചും ആർത്തവമെന്ന ജൈവപ്രക്രിയയെ അശുദ്ധമായി വ്യാഖ്യാനിച്ചും കേരളത്തിന്റെ പ്രബുദ്ധതയെ വെല്ലുവിളിക്കുന്ന സവർണ പൗരോഹിത്യ വിധികളെ തള്ളിപ്പറയാനും പുരോഗമനപക്ഷത്ത് ഉറച്ചുനിൽക്കാനും ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ.

എല്ലാം മാറ്റത്തിന് വിധേയമാണ്

ശബരിമലയിലെ ആചാരങ്ങൾ തുടർച്ചയായി നിലനിൽക്കുന്നവയല്ല എന്നത് വ്യക്തമാക്കപ്പെട്ട കാര്യമാണ്. സ്ത്രീകൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ചൈതന്യം നഷ്ടപ്പെടുമെന്ന് പറയുന്നവരുടെവാദം ശരിയല്ലെന്ന് തെളിയിക്കുന്ന നിരവധി സ്ത്രീപ്രവേശനങ്ങൾ അയ്യപ്പസന്നിധിയിൽ നേരത്തെ ഉണ്ടായിട്ടുമുണ്ട്. കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നിലനിന്നിരുന്നതും സവർണ ബ്രാഹ്മണപൗരോഹിത്യവും ഊരാളന്മാരുമൊക്കെ ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്ന് വാശിപിടിച്ചതുമായ ആചാരങ്ങളിൽ പലതും മാറ്റത്തിന് വിധേയമായിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരംപോലും അത്തരമൊരു മാറ്റമാണ്. അപ്പോഴൊക്കെ ക്ഷേത്രങ്ങളിലെ ചൈതന്യം നഷ്ടപ്പെടുമെന്ന് വിലപിച്ചിരുന്നവരോട് വിശ്വാസികൾ പറഞ്ഞുകൊടുത്തത് ചൈതന്യം വർധിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ്.  വിശ്വാസികളെ സംബന്ധിച്ചിടത്തോളം അയ്യപ്പന്റെ ചൈതന്യത്തിൽ ഒരു കുറവുമുണ്ടായിട്ടില്ല.

കോടതിവിധി ലംഘിച്ചവർ 

ആർഎസ്എസിന്റെ അഖിലേന്ത്യാ നേതൃത്വം ഇപ്പോഴും പറയുന്നത് സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അഭിപ്രായവും അതുതന്നെയാണ്. എന്നാൽ, കേരളത്തിൽ ആർഎസ്എസും ബിജെപിയും കോൺഗ്രസും അവസരവാദപരമായ നിലപാട് കൈക്കൊണ്ട് എൻഎസ്എസിന്റെ കൂടെനിന്ന് വിശ്വാസികളെയും അവിശ്വാസികളെയും തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധരുടെ മഴവിൽ മഹാസഖ്യമാണ് ഇപ്പോൾ കേരളത്തിൽ കാണാനാകുന്നത്. 

ശബരിമല ക്ഷേത്രത്തിന്റെ ശ്രീധർമ ശാസ്താക്ഷേത്രമെന്ന പേര്, കോടതി വ്യവഹാരത്തിൽ ജയമുറപ്പുവരുത്താനായി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് മാറ്റിയവരാണ് കോൺഗ്രസ് പാർടിയിലുള്ളവർ.  കെപിസിസി അംഗമായ പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് ആചാരമര്യാദകൾ കാറ്റിൽപ്പറത്തിക്കൊണ്ടു മാറ്റിയത്. അന്ന് തന്ത്രിയും രാജകുടുംബവുമൊന്നും എതിർപ്പുമായി രംഗത്തുവന്നില്ല. എൻഎസ്എസ് തെരുവിലിറങ്ങിയില്ല. കോടതി വിധിയെ കാറ്റിൽപ്പറത്തിക്കൊണ്ട്, ശബരിമലയുടെ ചരിത്രത്തിലാദ്യമായി സന്നിധാനത്ത് സത്യഗ്രഹപ്പന്തൽ കെട്ടി ഉപവാസ സമരം നടത്തിയതും കോൺഗ്രസിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റാണ്. അവർക്ക് വിശ്വാസത്തെയും ആചാരത്തെയും പറ്റിയൊക്കെ പറയാൻ എന്ത് ധാർമികതയാണ് ബാക്കിയുള്ളത്.

മഹാരാഷ്ട്രയിൽ നടപ്പാക്കിയത് ബിജെപി

സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ശനി ഷിങ്ക്നാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചത് മുംബൈ ഹൈക്കോടതിയാണ്. 2016 മാർച്ചിൽ ‘ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാനാകില്ല’ എന്ന വിധി പുറപ്പെടുവിച്ചാണ് കോടതി സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം നൽകിയത്. ഹൈക്കോടതി വിധിക്കെതിരെ ഒരു അപ്പീൽപോലും പോകാതെയാണ് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ സ്ത്രീപ്രവേശനം നടപ്പാക്കിയത്.  സ്ത്രീപുരുഷ സമത്വമെന്ന ആശയത്തെ മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ആർ എസ് എസ് ‐ ബി ജെ പി സംഘപരിവാർ സംഘടനകൾക്ക് കേരളത്തിൽ എന്താണ് കുഴപ്പം?

സ്ത്രീപുരുഷ സമത്വം

ശബരിമലയിൽ 10നും 50നും വയസ്സിനിടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി വന്നത് 1991ലാണ്. അന്ന് ഭരണത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാരും തുടർന്നുവന്ന എൽഡിഎഫ് സർക്കാരുകളും ആ വിധി നടപ്പാക്കി. സ്ത്രീപുരുഷ സമത്വമെന്ന നിലപാട് അന്നും ഇന്നും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഉണ്ട്. എന്നാൽ, കോടതിയുടെ ഉത്തരവിനെയും നിയമത്തെയും മാനിക്കുന്ന നിലപാടാണ് ഇടത് സർക്കാരും സിപിഐ എമ്മും എന്നും മുന്നോട്ടുവയ്ക്കുന്നത്. ഇല്ലെങ്കിൽ 91ലെ വിധിക്കെതിരായി നിലപാട് കൈക്കൊള്ളുമായിരുന്നു.

ഇപ്പോൾ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി വന്നപ്പോൾ ശബരിമല തന്ത്രിയെയും പന്തളം രാജകുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരുന്നു. ആ ക്ഷണം നിരാകരിച്ചവർ, വർഗീയ രാഷ്ട്രീയക്കാരുടെയും സവർണ പ്രമാണിമാരുടെയും വലതുപക്ഷ രാഷ്ട്രീയത്തെയും ഉപയോഗിച്ച് സർക്കാർ വിരുദ്ധ വികാരമുണ്ടാക്കിയെടുക്കാനാണ് ശ്രമിച്ചത്. ഇവരാരും തന്നെ സുപ്രീംകോടതി വിധിയെ തള്ളിപ്പറയുന്നില്ല. വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാട് പരസ്യമായി കൈക്കൊള്ളുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉത്തരവാദപ്പെട്ട സർക്കാരിനെതിരെയാണ് ഇവർ ഒറ്റക്കെട്ടായി നിലകൊള്ളുന്നത്. ഇത് ഭരണഘടനാ വിരുദ്ധമായ, രാജ്യദ്രോഹപരമായ നിലപാടാണ്. അതിനിയും കേരളത്തിൽ വിലപ്പോവില്ല.

സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി മാത്രം പരിഗണിച്ചാൽ മതിയെന്ന പ്രതിലോമകരമായ ആശയം അപ്രസക്തമാക്കി, നവോത്ഥാനത്തിന്റെ തുടർച്ചകൾ സൃഷ്ടിക്കാനുള്ള ആശയപരിസരം ഈയവസരത്തിൽ പൊതുസമൂഹത്തിലാകെ വളർത്തിയെടുക്കേണ്ടതുണ്ട്. ഈ ആശയമാകണം കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ പൊതുബോധമാക്കി രൂപപ്പെടുത്തേണ്ടത്. അതിനായി സമൂഹത്തെ പാകപ്പെടുത്താനുള്ള ആശയപരമായ ബോധവൽക്കരണത്തിനായി എല്ലാ വർഗബഹുജനപ്രസ്ഥാനങ്ങളും സജീവമായി രംഗത്തുവരേണ്ടതുണ്ട്.


പ്രധാന വാർത്തകൾ
 Top