18 May Tuesday

ആഴക്കടൽ മത്സ്യബന്ധനം തെരഞ്ഞെടുപ്പ് ലാക്കാക്കി പുകമറ - എസ് ശർമ്മ എഴുതുന്നു

എസ് ശർമ്മUpdated: Tuesday Mar 30, 2021

ഏതോ ഇഎംസിസി 400 മത്സ്യയാനം നിർമിക്കാൻ അസെൻഡ് നിക്ഷേപ സംഗമത്തിൽ മുന്നോട്ടുവച്ച പദ്ധതിയുടെ പേരിൽ ഇടതുപക്ഷത്തെയും സർക്കാരിനെയും കരിവാരിത്തേക്കാൻ തുനിയുകയാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഇവന്റ് മാനേജ്മെന്റ് സംഘവും. കെഎസ്ഐഎൻസിക്ക് മത്സ്യബന്ധനവുമായി ഒരു ബന്ധവുമില്ലെന്നും ട്രോളർ ലൈസൻസ് നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നുമുള്ള പ്രാഥമിക വിവരംപോലും ഇല്ലാത്തയാളാണോ പ്രതിപക്ഷ നേതാവ്? അദ്ദേഹത്തിന്റെ മുൻകാല ചെയ്തികളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ അങ്ങനെ വിലയിരുത്തിത്തുടങ്ങിയപ്പോഴാണ് ഷിജു വർഗീസ് എന്ന തട്ടിപ്പുകാരനും ഒന്നു രണ്ട് ഉന്നത ഉദ്യോഗസ്ഥരും ദല്ലാൾമാർ വഴി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു വിവാദങ്ങൾക്കു പിന്നിലെന്ന് പുറത്തുവരുന്നത്. ക്യാബിനറ്റിന്റെ പരിഗണനയ്ക്കുപോലും വരാത്ത ഒരു വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഇപ്പോൾ വാട്സാപ് ചാറ്റുകളാണത്രേ പ്രതിപക്ഷ നേതാവിന്റെ ആയുധം. സർക്കാർ സംവിധാനത്തിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത് വാട്സാപ്പിലൂടെയാണോ? പ്രതിപക്ഷ നേതാവിന്റെ വ്യക്തിഗത സെക്രട്ടറിയായിരുന്നപ്പോൾ പകർന്നു നൽകിയതാണോ വാട്സാപ് ഫയൽ രീതി? തട്ടിപ്പു കമ്പനിയുടെ ഉടമയെ മത്സ്യവകുപ്പു മന്ത്രിക്കെതിരെ മത്സരിക്കാൻ സ്പോൺസർ ചെയ്തത് തങ്ങളാണെന്ന്‌ പ്രതിപക്ഷനേതാവ് അംഗീകരിച്ചതോടെ കള്ളക്കളി വ്യക്തമായി.

തീരത്തുനിന്ന്‌ 12 നോട്ടിക്കൽ മൈൽ (ഏകദേശം 22.25 കിലോമീറ്റർ) വരെയുള്ള തീരക്കടൽ മത്സ്യബന്ധനമാണ് സംസ്ഥാന അധികാരത്തിന്‌ കീഴിലുള്ളത്. അതിനപ്പുറം 200 നോട്ടിക്കൽ മൈൽ (ഉദ്ദേശം 370 കിലോമീറ്റർ) വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾക്ക് പെർമിറ്റ് നൽകാൻ മാത്രമാണ് സംസ്ഥാനത്തിന് അധികാരം. അതിന്റെയടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരാണ് ലൈസൻസ് നൽകേണ്ടത്. അങ്ങനെയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ മത്സ്യബന്ധനം നടക്കൂ. കോൺഗ്രസ് ഉന്നയിക്കുന്ന വിവരക്കേടുകൾ ഏറ്റുപിടിക്കുന്നത്‌ പതിവാക്കിയിട്ടുള്ള സംസ്ഥാനത്തുനിന്നുള്ള കേന്ദ്രസഹമന്ത്രിക്കും ഇക്കാര്യം മനസ്സിലായിട്ടില്ലെന്ന്‌ കരുതേണ്ടതുണ്ടോ? മറൈൻ ഫിഷറീസ്‌ റെഗുലേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ എന്ന പുതിയ നിയമം രൂപീകരിച്ച് തീരക്കടൽ മത്സ്യബന്ധനം ഉൾപ്പെടെ സമുദ്ര മത്സ്യബന്ധനം പൂർണമായും വൻകിടക്കാർക്ക് കൈയടക്കാനുള്ള അവസരം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ സംസ്ഥാനത്തെ പ്രതിപക്ഷവും കേന്ദ്ര സഹമന്ത്രിയും എന്ത് ഇടപെടലാണ് നടത്തിയതെന്ന് ജനങ്ങളെ അറിയിക്കാമോ? സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പ് അപകടത്തിലാക്കുമായിരുന്ന ആ നിയമം പ്രാവർത്തികമാകാതെ പോയത്.


 

222 സമുദ്ര മത്സ്യബന്ധന ഗ്രാമത്തിലായി കഴിയുന്ന എട്ട്‌ ലക്ഷത്തിലധികം പേരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഈ സർക്കാരിന്റെ പ്രയത്നം പ്രതിപക്ഷത്തിന്‌ വലിയ മനഃപ്രയാസമുണ്ടാക്കുന്നതുകൊണ്ടു മാത്രമാണ് ഇത്തരം ദുരാരോപണങ്ങൾ. കടൽ മത്സ്യവിഭവ ശോഷണം കോൺഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്രസർക്കാരുകളുടെ നയത്തിന്റെ ഫലമായാണ്‌. അതുമൂലം സംസ്ഥാന പ്രതിശീർഷ വരുമാനത്തിന്റെ പകുതിയിൽ താഴെമാത്രം പ്രതിശീർഷ വരുമാനമുള്ളവരായി മത്സ്യത്തൊഴിലാളികൾ പിന്നോക്കം പോയി. എന്നിട്ടും അവരെ സഹായിക്കാൻ മുൻ യുഡിഎഫ് സർക്കാരുകൾ ഒന്നും ചെയ്‌തില്ല. മത്സ്യബന്ധനത്തിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് എന്ന കാഴ്ചപ്പാടോടെ ഈ സർക്കാർ കടലിന്റെ അവകാശം കടലിൽ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു മാത്രമാക്കുന്നതിനും മത്സ്യലേലത്തിൽ ചൂഷണം ഒഴിവാക്കാനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ദേദഗതി) നിയമം നടപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ, നിക്ഷിപ്ത താൽപ്പര്യക്കാരോടൊപ്പം ചേർന്ന് ഈ നിയമത്തെ എതിർക്കുകയാണ് യുഡിഎഫ് ചെയ്തത്. വിദേശ ട്രോളറുകൾക്കു മാത്രമല്ല, തദ്ദേശീയ കോർപറേറ്റുകളുടെ യാനങ്ങൾക്കും ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുവാദം നൽകരുതെന്നാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

സുനാമി ബാധിതരുടെ പുനരധിവാസത്തിനെന്ന വ്യാജേന പുതുപ്പള്ളിയിലും വയനാട്ടിലും തുക ചെലവഴിച്ചതായി കണക്കു കാണിച്ചതുപോലെ ആയിരുന്നില്ല ഓഖി ദുരന്തബാധിതരോടുള്ള ഈ സർക്കാരിന്റെ സമീപനം. മരണമടഞ്ഞതോ കാണാതായവരോ ആയ മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരിൽ 42 പേർക്ക് മത്സ്യഫെഡിന്റെ വല ഫാക്ടറിയിൽ ജോലി നൽകി. 12 പേരെ ആരോഗ്യ വകുപ്പിൽ നിയമിക്കാനാണ്‌ തീരുമാനിച്ചത്. ബാക്കിയുള്ളവർക്ക് മത്സ്യസംസ്കരണ യൂണിറ്റുകളിലും തൊഴിൽ നൽകാൻ നടപടിയെടുത്തു. ഇതിനുപുറമെ, 143 കുടുംബത്തിനും 20 ലക്ഷം രൂപവീതം ആശ്വാസധനം അനുവദിച്ചു . ഇത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഏർപ്പാടാക്കിയിട്ടുണ്ട്. ഈ കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളി.
അതേസമയം ഇറ്റാലിയൻ കപ്പലിലെ നാവികർ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നപ്പോൾ അന്ന് കൊലപാതകികളെ രക്ഷിക്കാനായി കേസുകൾ ഡൽഹിയിലേക്ക്‌ മാറ്റുകയാണ്‌ ഉമ്മൻചാണ്ടി സർക്കാർ ചെയ്തത്?


 

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിന്‌ സാമൂഹ്യസുരക്ഷാ ക്ഷേമപദ്ധതികൾ മാത്രമല്ല, മത്സ്യസമ്പത്തിന്റെ സംരക്ഷണവും വികസനവും ഉറപ്പാക്കാനായിട്ടാണ് ഈ സർക്കാർ രണ്ടു വർഷംമുമ്പ്‌ സംസ്ഥാന ഫിഷറീസ് നയത്തിന് രൂപം കൊടുത്തത്. മത്സ്യത്തൊഴിലാളികൾക്കെല്ലാം വീട്‌ നൽകുന്നതിനുള്ള 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയുൾപ്പെടെ കാര്യക്ഷമമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 5457 ഭവനരഹിതർക്ക് ഈ സർക്കാർ വീടു നൽകി. ഭവന നിർമാണത്തിനുള്ള ആനുകൂല്യം രണ്ട്‌ ലക്ഷത്തിൽനിന്ന്‌ നാല്‌ ലക്ഷമാക്കി ഉയർത്തി. പാർപ്പിടസമുച്ചയം നിർമിച്ചുനൽകി.

മുട്ടത്തറയിൽമാത്രം നൽകിയത് 192 ഫ്ലാറ്റ്‌. മറ്റിടങ്ങളിലായി 772 ഫ്ലാറ്റിന്റെ നിർമാണം പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും രക്ഷാപ്രവർത്തനത്തിനും വേണ്ട ഉപാധികൾ ഒരുക്കി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി പട്ടികജാതികളിൽപ്പെട്ടവർക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യവും നൽകിയത്‌ മികച്ച ഫലമുളവാക്കിയിട്ടുണ്ട്.

നരസിംഹറാവുമുതൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾ ആഴക്കടൽ മത്സ്യബന്ധനമേഖല വിദേശ കുത്തകകൾക്ക് തീറെഴുതിയതിന് പിണറായി വിജയൻ ഉത്തരം പറയണമെന്ന് ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. കോൺഗ്രസിന്റെ പിൻഗാമികളായി വന്ന എൻഡിഎ സർക്കാർ തീരക്കടൽകൂടി തീറെഴുതാൻ ശ്രമം നടത്തിയപ്പോഴും അതിനെ പിന്തുണച്ചവർ ഇപ്പോൾ ഇല്ലാത്ത കാര്യത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നു.

(സിപിഐ എം പാർലമെന്ററി പാർടി 
സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top