18 June Friday

കേന്ദ്രനയങ്ങൾക്കെതിരെ അണിനിരക്കുക - എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

എസ്‌ രാമചന്ദ്രൻപിള്ളUpdated: Tuesday Jun 16, 2020

ഇന്ത്യയിലിപ്പോൾ കോവിഡ്–-19 മഹാമാരി കാട്ടുതീപോലെ ആളിപ്പടരുകയാണ്. മരണസംഖ്യ ഓരോ ദിവസം കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകൾക്കും വെന്റിലേറ്ററുകൾക്കും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വരുംമാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചതിന്റെ എല്ലാം ഉത്തരവാദിത്തവും മോഡി ഭരണത്തിനാണ്. കോവിഡ്–- 19ന്റെ വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിലും മോഡിഭരണം പൂർണമായി പരാജയപ്പെട്ടു.

ചൈനയിലെ വുഹാനിൽ കോവിഡ്–- 19 പൊട്ടിപ്പുറപ്പെട്ടത് 2019 ഡിസംബറിലായിരുന്നു. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന 2020 ജനുവരിയിൽത്തന്നെ മുന്നറിയിപ്പ് നൽകി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും കരുതൽ നടപടികൾ സ്വീകരിക്കാനും അ‌പ്പോൾത്തന്നെ തയ്യാറായി. ജനുവരി 20 ആയതോടെ ജില്ലാ നിയന്ത്രണകേന്ദ്രങ്ങൾ പ്രവർത്തിച്ചു. രോഗവ്യാപനം നേരിടുന്നതിന്‌ ആവശ്യമായ സുരക്ഷാ നടപടി സ്വീകരിക്കുന്നതിനോ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനോ കേന്ദ്രഭരണം ഒന്നുംചെയ്തില്ല.  കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാൻ മരുന്നോ വാക്‌സിനോ ഉണ്ടായിട്ടില്ല. രോഗവ്യാപനമുണ്ടാകുന്നത് മനുഷ്യർ തമ്മിലുള്ള സമ്പർക്കംവഴിയാണ്. സമ്പർക്കമൊഴിവാക്കി രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ മാത്രമാണ് ഇപ്പോൾ കഴിയുക. അത്തരം നടപടികൾ സ്വീകരിക്കുന്നതിനു പകരം രോഗവ്യാപനത്തിന് ഇടവരുന്ന മഹാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നതിലായിരുന്നു ഇക്കാലത്ത് മോഡി ഭരണത്തിന്റെ ശ്രദ്ധ. ഫെബ്രുവരി 24ന് ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന നമസ്‌തേ ട്രംപ് പരിപാടിയിൽ ലക്ഷക്കണക്കിനു ജനങ്ങളെയാണ് അണിനിരത്തിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തു.

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം അടിച്ചേൽപ്പിച്ചത് മാർച്ച് നാലാംവാരത്തിലായിരുന്നു. അതോടനുബന്ധിച്ച് ഭോപാലിൽ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു. പാർലമെന്റ് സമ്മേളനം മാർച്ച് 23 വരെ നീട്ടിക്കൊണ്ടുപോയി. കോവിഡ് –-19 വ്യാപിച്ചുകൊണ്ടിരുന്ന മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തബ് ലീഗ് മർക്കസ് സമ്മേളനം ഡൽഹിയിൽ മാർച്ച് മൂന്നാംവാരത്തിൽ നടന്നത്. അതിന് അനുവാദം നൽകാനും വിദേശയാത്രികർക്ക് വിസ അനുവദിക്കാനും കേന്ദ്ര സർക്കാർ തയ്യാറായി. എന്നാൽ, ഇക്കാലത്ത് ആശുപത്രിസൗകര്യങ്ങളോ രോഗപരിശോധനാ സൗകര്യങ്ങളോ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. മാസ്‌കോ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോ സാനിറ്റൈസറുകളോ നിർമിക്കുന്നതിൽ ശ്രദ്ധിച്ചുമില്ല. ആയിരക്കണക്കിനു ജനങ്ങളുടെ മരണത്തിനും രോഗവ്യാപനത്തിനും ഉത്തരം പറയേണ്ടത് നരേന്ദ്ര മോഡിയുടെ ഭരണമാണ്.


 

മാർച്ച് 24 മുതൽ നടപ്പിൽ വരുത്തിയ ലോക്‌ഡൗൺ രോഗത്തിന് പരിഹാരമല്ല. സമ്പർക്കം ഒഴിവാക്കി രോഗവ്യാപനം നിയന്ത്രിച്ചു നിർത്തുകയായിരുന്നു ലോക്ഡൗണിന്റെ പ്രധാനലക്ഷ്യം. മരുന്നോ വാക്‌സിനോ കണ്ടുപിടിച്ച് ഉപയോഗിക്കുന്നതുവരെ കോവിഡ്–19നെ നിർമാർജനം ചെയ്യാൻ കഴിയുകയില്ല. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം തരിമ്പെങ്കിലും യാഥാർഥ്യബോധമോ ശാസ്ത്രബോധമോ ഉള്ള ആരും നടത്താൻ ഇടയില്ലാത്തതാണ്. മഹാഭാരതയുദ്ധം പണ്ഡവർ 18 ദിവസംകൊണ്ട് ജയിച്ചതുപോലെ 21 ദിവസത്തെ ലോക്‌ഡൗൺകൊണ്ട് ഇന്ത്യ കോവിഡ്–19നെ കീഴടക്കുമെന്നാണ് അദ്ദേഹം വീമ്പുപറഞ്ഞത്. കോവിഡ്–-19നെ പറ്റിയും ലോക്‌ഡൗണിന്റെ ലക്ഷ്യത്തെപ്പറ്റിയുമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ധാരണയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പ്രധാനമന്ത്രി ഭരിക്കുന്ന ഇന്ത്യയിൽ രോഗം വ്യാപിക്കുന്നതിലും മരണസംഖ്യ ഉയരുന്നതിലും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.

ഒരു മുൻകരുതൽ നടപടിയുമെടുക്കാതെയായിരുന്നു ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അടച്ചിടൽ കാരണം കോടിക്കണക്കിനു തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. അവർക്കാശ്വാസമെത്തിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. തൊഴിൽ നഷ്ടപ്പെട്ടവരിലേറെയും അസംഘടിതമേഖലയിലും ചെറുകിട കച്ചവടക്കാരുമാണ്. ഏതാണ്ട് 14 കോടിയോളം വരുന്ന അതിഥിത്തൊഴിലാളികൾ വിവരിക്കാനാകാത്ത കെടുതികൾക്ക് വിധേയരായി. മുൻകരുതലില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലാളികളുടെ പലായനത്തിന് ഇടവരുത്തി. ഇതും കോവിഡ്–-19 അതിവേഗം വ്യാപിക്കുന്നതിന് കാരണമായി.


 

സാമ്പത്തികമേഖലകൾ ദീർഘകാലം അടച്ചിടാനാകില്ല. പടിപടിയായി തുറന്നുകൊടുക്കേണ്ടി വരും. ലോക്‌ഡൗൺ പിൻവലിക്കുന്നത് വ്യക്തമായ പദ്ധതികളുടെ അടിസ്ഥാനത്തിലായിരിക്കണം. ഇക്കാര്യത്തിലും തികച്ചും അശാസ്ത്രീയമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിൽ സൃഷ്ടിച്ച പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികൾ കാർഷിക വ്യവസായ സേവന മേഖലകളിൽ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നവയല്ല. നാടനും വിദേശിയുമായ കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കാൻമാത്രമേ അവ കാരണമാകുന്നുള്ളൂ. സാമാന്യ ജനങ്ങളുടെ പ്രയാസങ്ങൾ വർധിക്കാനാണ് ഇട. ഉത്തേജന പദ്ധതി എന്നതിന്റെ നിർവചനംതന്നെ അതത് സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് ചെലവുകൾക്കും പദ്ധതികൾക്കും ഉപരിയായി സർക്കാർ പ്രഖ്യാപിക്കുന്ന ചെലവുകളും പദ്ധതികളുമാണ്. 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പദ്ധതിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ രണ്ടുലക്ഷം കോടി രൂപയുടെ അധിക ചെലവുകൾ മാത്രമാണ് പ്രഖ്യാപനത്തിലുള്ളത്. മറ്റെല്ലാം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും ബാങ്കുകളും ധനസ്ഥാപനങ്ങളും വഴി വായ്പയെടുക്കാനുള്ള അനുവാദവുമാണ്.

ഉത്തേജന പദ്ധതികളുടെ ലക്ഷ്യം സ്വാശ്രയത്വം ശക്തിപ്പെടുത്താനാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ അവയാകെ ഇന്ത്യയുടെ സാമ്പത്തികമേഖലകളെ ധനമൂലധനത്തിന് അടിയറവയ്ക്കുന്നവയാണെന്നു കാണാം. ഭരണവർഗങ്ങൾ കഴിഞ്ഞ 30 കൊല്ലമായി ആഗ്രഹിച്ച ഉദാരവൽക്കരണ സാമ്പത്തിക പദ്ധതികളാകെ നടപ്പാക്കാനും കോവിഡ്–- 19ന്റെ വ്യാപനകാലത്തെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. പ്രതിരോധ വ്യവസായങ്ങൾ, ആണവോർജമേഖല എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളുടെയും ഓഹരിയിൽ 74 ശതമാനവും വിദേശ മൂലധന നിക്ഷേപത്തിന് തുറന്നുകൊടുത്തിരിക്കുന്നു. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുന്നു. നരേന്ദ്ര മോഡി ഭരണത്തിന്റെ ലക്ഷ്യം നാടനും വിദേശിയുമായ കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുകയാണ്. തൊഴിലാളികളുടെ മേലുള്ള ചൂഷണം തീവ്രതരമാക്കുന്നതിന് പ്രവൃത്തി സമയം എട്ട്‌ മണിക്കൂറിൽനിന്ന് 12 മണിക്കൂറായി വർധിപ്പിക്കാൻ ബിജെപിയും കോൺഗ്രസ് ഭരിക്കുന്ന പല സർക്കാരുകളും തയ്യാറായിരിക്കുന്നു. സംഘടിക്കാനും വിലപേശാനുമുള്ള തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിന് തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യാൻ മോഡി ഭരണം നടപടികൾ നീക്കിക്കൊണ്ടിരിക്കുകയാണ്.

ആദായനികുതി അടയ്ക്കുന്ന വിഭാഗത്തിനു പുറത്തുള്ള എല്ലാവർക്കും 7500 രൂപവീതം പ്രതിമാസ ധനസഹായം വരുന്ന മൂന്നു മാസത്തേക്ക് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എല്ലാവർക്കും പ്രതിമാസം 10 കിലോഗ്രാം ഭക്ഷ്യസാധനങ്ങൾ സൗജന്യമായി വരുന്ന ആറുമാസം നൽകാനും നടപടി സ്വീകരിക്കണം

ആർഎസ്എസും ബിജെപിയും കോവിഡ്–- 19നെ നേരിടാനെന്ന പേരിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു. പൗരത്വാവകാശ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനും എതിരായി വളർന്നുവരുന്ന ജനകീയ സമരത്തിന്റെ ഇടയിലായിരുന്നു ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ലോക്‌ഡൗണിന്റെ മറവിൽ ഈ സമരങ്ങളെ അടിച്ചമർത്തിയിരിക്കുകയാണ്. സമാധാനപരമായ സമരങ്ങളിൽ പങ്കെടുത്തവരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലുൾപ്പെടുത്തി അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു. പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുന്നു. ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കൈയേറപ്പെടുന്നു. എല്ലാ അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ തകർത്ത് ഏകീകൃത ഭരണകൂട ഘടന സ്ഥാപിക്കാനാണ് ശ്രമം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുന്നിൽ നരേന്ദ്ര മോഡി ഭരണം കൂടുതൽ കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്.

ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാതെ കോവിഡ്–-19ന്റെ വ്യാപനവും അത്‌ നിയന്ത്രിക്കാനെടുത്ത ലോക്‌ഡൗൺ അടക്കമുള്ള നടപടികളും സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽനിന്ന്‌ സമ്പദ്‌മേഖലയെ രക്ഷപ്പെടുത്താനാകില്ല. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നതുമില്ല. ആദായനികുതി അടയ്ക്കുന്ന വിഭാഗത്തിനു പുറത്തുള്ള എല്ലാവർക്കും 7500 രൂപവീതം പ്രതിമാസ ധനസഹായം വരുന്ന മൂന്നു മാസത്തേക്ക് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എല്ലാവർക്കും പ്രതിമാസം 10 കിലോഗ്രാം ഭക്ഷ്യസാധനങ്ങൾ സൗജന്യമായി വരുന്ന ആറുമാസം നൽകാനും നടപടി സ്വീകരിക്കണം. തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയും രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 200 ദിവസത്തെ ജോലി നൽകാനും കഴിയണം. തൊഴിൽ ലഭിക്കാത്തവർക്ക് തൊഴിലില്ലായ്മ വേതനം നൽകാനുള്ള പദ്ധതി ഉണ്ടാകണം. ദേശീയസമ്പത്ത് കൊള്ളയടിക്കപ്പെടുന്നത് തടയാനാകണം. പൊതുമേഖലയിലെ സ്വകാര്യവൽക്കരണവും തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്ന നടപടിയും കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. ഇന്ധനവില പ്രതിദിനമെന്നോണം വർധിപ്പിക്കുന്നത് നിർത്തണം. 


 

മുകളിൽ വിവരിച്ച ആവശ്യങ്ങളുന്നയിക്കാനും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കാനും 16ന് രാജ്യവ്യാപകമായ പ്രതിഷേധം ആചരിക്കാൻ സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുകയുണ്ടായി. ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും പൊതുജനാരോഗ്യ നിർദേശങ്ങൾ അനുസരിച്ചുമാണ്‌ ഈ പ്രതിഷേധദിനം ആചരിക്കേണ്ടത്. പ്രതിഷേധം വമ്പിച്ച വിജയമാക്കിത്തീർക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top