23 April Tuesday

വർഗീയവാദികളിൽനിന്ന‌് ക്ഷേത്രത്തെ രക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസിയുടെ ആരാധനയെക്കുറിച്ചുള്ള സങ്കൽപ്പത്തിന‌് പകരംവയ‌്ക്കുന്ന കൃത്യമായ ആശയവൽക്കരണം വർഗീയതീവ്രവാദികൾ നടത്തുന്നുണ്ട‌്. ഇത് നാനാമതവിഭാഗത്തിലും നടന്നുവരുന്നുണ്ട്. ഹിന്ദുവിഭാഗങ്ങളിൽപ്പെട്ട ആരാധനാലയങ്ങളെ ഈ പറഞ്ഞ ശൈലിയിൽ മാറ്റിത്തീർക്കാനുള്ള ബോധപൂർവശ്രമം 1970കളിലാണ് ആരംഭിച്ചത്. ആർഎസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രസംരക്ഷണ സമിതി അതിനുവേണ്ടി രൂപീകരിക്കപ്പെട്ടതാണ്. ആർഎസ്എസ് പ്രചാരകായിരുന്ന മാധവ്ജി എഴുതിയ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥം ഹിന്ദു ആരാധനാലയങ്ങളെ ആർഎസ്എസ് ഉദ്ദേശിക്കുന്ന നിലയ്ക്ക് മാറ്റിത്തീർക്കാനുള്ള പ്രകടനപത്രികയാണ്. 

ക്ഷേത്രങ്ങളെ ആരാധന നടത്തുന്ന കേന്ദ്രങ്ങളാക്കി മാത്രമല്ല മറിച്ച് വിശ്വാസികളെ വർഗീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള താഴെ തലത്തിലുള്ള ഘടകമായി കാണണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ക്ഷേത്രഭരണം പിടിച്ചെടുക്കലല്ല ലക്ഷ്യമെന്നും ക്ഷേത്രങ്ങൾക്കുചുറ്റുമായി ഭക്തജനസമൂഹത്തെ വാർത്തെടുക്കുകയും അത്തരക്കാരെ സമിതിയുടെ പ്രവർത്തനങ്ങളിലേക്ക‌് എത്തിക്കണമെന്നും പറയുന്നു.

2017 ഡിസംബറിൽ കണ്ണൂർ ജില്ലയിലെ മുടപ്പത്തൂർ ശിവക്ഷേത്രത്തിൽ നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം പരിശോധിച്ചാൽ മതി. മുടപ്പത്തൂർ ക്ഷേത്രത്തിന്റെ അടുത്തായിനിൽക്കുന്ന മുച്ചിലോട്ട് കാവിന്റെ പരിസരപ്രദേശത്തുനിന്നാണ് ക്ഷേത്രത്തിലേക്കുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിച്ചത്. ഇത് രണ്ട് ആരാധനാലയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്. യഥാർഥത്തിൽ രണ്ടിടത്തും ആരാധനാരീതികളിൽ പ്രകടമായ വ്യത്യാസമുണ്ട്. ഇതിനെ ഹിന്ദു ഏകീകരണമായാണ് അവർ വ്യാഖ്യാനിക്കുന്നത്. എന്നുമാത്രമല്ല,  ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആരംഭിക്കാനും ക്ഷേത്രങ്ങളുടെയും കാവുകളുടെയും മടപ്പുരകളുടെയും പരിസരങ്ങൾ ബോധപൂർവം അവർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആരാധനാലയങ്ങളുടെ കമ്മിറ്റികൾ തികഞ്ഞ ജാഗ്രത പുലർത്തണം. അതുപോലെ പല ക്ഷേത്രങ്ങളിലും പ്രശ്നചിന്ത നടത്തുന്നുണ്ട്. ഈ മേഖലയിലും സംഘപരിവാരം ഇടപെടുന്നുണ്ട്. ഉദാഹരണത്തിന് ചെറുവാഞ്ചേരിയിലെ  അത്യാർക്കാവ് തെയ്യം നടത്തുന്ന ഒരു ആരാധനാലയമാണ്. അവിടത്തെ ജന്മാരി ആർഎസ്എസ് വിട്ട് സിപിഐ എമ്മിന്റെ ഭാഗമായപ്പോൾ ബിജെപി നിയന്ത്രിക്കുന്ന കമ്മിറ്റി സ്വർണപ്രശ്നംവച്ചു. പ്രശ്നംവച്ചത് സുഭാഷ് ചെറുകുന്ന് എന്നയാളായിരുന്നു. അദ്ദേഹത്തെ ആർഎസ്എസുകാർ സ്വാധീനിച്ചതിന്റെ ഫലമായി ജന്മാരിയെ മാറ്റണമെന്ന് പ്രശ്നചിന്തയിൽ ഭംഗ്യന്തരേണ പറഞ്ഞുവച്ചു. എന്നാൽ, ഇക്കാര്യത്തിൽ ജനങ്ങൾ ഇടപെട്ടതോടെ ജ്യോതിഷി രേഖാമൂലംതന്നെ ഖേദം പ്രകടിപ്പിച്ചു. ഈ പ്രശ്നചിന്തക്കാരൻ പിന്നീട് രത്നം തട്ടിപ്പുകേസിൽ പ്രതിയായി ജയിലിലടയ‌്ക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ രാഷ്ട്രീയ താൽപ്പര്യംവച്ച് ഇടപെടുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. അഴീക്കോട് ചാലിലുള്ള ആലിൻകീഴിൽ കാവിൽ അയിത്താചരണം ഉണ്ട് എന്നതരത്തിലുള്ള പരാതി ഉയർത്തിയതും ഇങ്ങനെയുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ്. സംഘപരിവാർ ശക്തികൾക്ക് പങ്കാളിത്തം ഉണ്ടായിരുന്ന ഈ കാവിന്റെ കമ്മിറ്റിയിൽനിന്ന് അത്തരക്കാർ ഒഴിവാകുകയും പുതിയ കമ്മിറ്റി നിലവിൽ വന്നതിനെത്തുടർന്നാണ് ഇത്തരമൊരു പ്രചാരണവും സമരവും നടന്നത്. ഈ സമരത്തെ പിന്തുണയ‌്ക്കാൻ ബിജെപിയുടെ സംസ്ഥാന നേതാവ് തന്നെ കണ്ണൂരിലെത്തി. ശ്രീനാരായണഗുരു ശിലയിട്ട തലശേരിയിലെ ജഗന്നാഥക്ഷേത്രം ഭരണസമിതി കൈയടക്കാനുള്ള സംഘപരിവാർ പരിശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, ശ്രീനാരായണ ദർശനവുമായി പൊരുത്തപ്പെടാത്ത സംഘപരിവാർ ശക്തികളെ ശ്രീനാരായണീയർതന്നെ പരാജയപ്പെടുത്തി.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പരിപാടികളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ബോധപൂർവം പ്രഭാഷകന്മാരെ തയ്യാറാക്കുന്നുണ്ട്. ആത്മീയ പ്രഭാഷകർ എന്ന പേരിൽ അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ആരാധനാലയങ്ങളുടെ പരിപാടികളിൽനിന്ന് തീർത്തും ഒഴിവാക്കണം. അമൃതാനന്ദമയിയുടെ കണ്ണൂർ മഠാധിപതി ആർഎസ്എസിന്റെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തത് ജനങ്ങൾക്കിടയിൽ വലിയ എതിർപ്പ് ഉയർത്തിയിരുന്നു.

സംഘപരിവാർ ശക്തികൾ ‘നാലമ്പല യാത്ര’ എന്ന പേരിൽ വിശ്വാസികളുടെ സാഞ്ചരപര്യടനം സംഘടിപ്പിക്കുന്നുണ്ട്. ഇങ്ങനെ യാത്രചെയ്യുന്ന വാഹനത്തിൽ ഹിന്ദു ഐക്യവേദിയുടെ ഒരു വനിതാ നേതാവിന്റെ പ്രസംഗം കേൾപ്പിച്ചുവരുന്നുണ്ട്. ഇതാകട്ടെ തികഞ്ഞ മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലാണ്.
മേൽപറഞ്ഞ ഗ്രന്ഥത്തിൽ  സ്ത്രീസമൂഹത്തെ ഇതിന്റെ ഭാഗമാക്കുന്നതിനായി മാതൃസമിതി രൂപീകരിക്കണമെന്നും പറയുന്നു. ക്ഷേത്രങ്ങളിൽ നിത്യദർശനത്തിനായി പുരുഷന്മാരേക്കാൾ  കൂടുതൽ സ്ത്രീകളാണ് എത്തുന്നത് ഇവരെ ക്ഷേത്രസംരക്ഷണസമിതിയുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മാതൃസമിതിപോലുള്ള സമിതികൾ അവർ രൂപീകരിക്കുന്നത്. ഇന്ന് കണ്ടുവരുന്ന മറ്റൊരു രീതിയാണ് ക്ഷേത്രങ്ങളിൽ ഏറെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഭാഗവത സപ്താഹയജ്ഞങ്ങളും ദേവപ്രശ്നങ്ങളും. മുമ്പുള്ള കാലഘട്ടങ്ങളിൽ ചെറിയ രീതിയിൽ നടന്നുവന്നിരുന്ന ഇത്തരം ആചാരങ്ങളെ വലിയ രീതിയിലേക്ക് കൊണ്ടുവരികയും പ്രഭാഷണങ്ങളും മറ്റും നടത്തി വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. അതിനുവേണ്ടി വർഗീയത കുത്തിവയ‌്ക്കുന്നതിന് പരിശീലനം നൽകി പ്രഭാഷകരെ ഒരുക്കുകയും ചെയ്യുന്നു.  സവർണക്ഷേത്രങ്ങളിൽ മാത്രമല്ല അവർണ ആരാധനാലയങ്ങളിലും ക്ഷേത്രസംരക്ഷണസമിതി കടന്നുചെല്ലുന്നുണ്ട്.

ക്ഷേത്രങ്ങളുടെ സംരക്ഷണം എന്ന ഒരു മറവച്ചുകൊണ്ട് ക്ഷേത്രങ്ങളിലേക്ക്  വർഗീയരാഷ്ട്രീയം കൊണ്ടുവരാനുള്ള ശ്രമമാണ് ക്ഷേത്രസംരക്ഷണസമിതിപോലുള്ള സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ഓണത്തെ ഹൈന്ദവാഘോഷമാക്കി  താഴ്ത്തിക്കെട്ടാനുള്ള സംഘടിത നീക്കം ആരംഭിച്ചിരിക്കുന്നു. മാത്രമല്ല, ഓണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിൽ മാവേലിയുടെ പ്രാധാന്യം കുറയ്ക്കാനും അവിടെ വാമനനെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു. ഒപ്പം ഹിന്ദുക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ തട്ടിയെടുക്കുന്നു എന്ന നുണപ്രചാരണം സംഘപരിവാർ ശക്തികൾ നടത്തുന്നുണ്ട്. ഇത് വസ്തുതയല്ല. 2017‐18ൽ മാത്രം മലബാർ ദേവസ്വം ബോർഡിന് കേരള സർക്കാർ 38 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേത്രക്കുളങ്ങളും മറ്റും നവീകരിക്കാൻ കേരള സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. മാത്രമല്ല, സ്ഥാനികർക്കും കോലാധാരികൾക്കും പ്രതിമാസ പെൻഷനും നൽകിവരുന്നു. ക്ഷേത്രമുറ്റങ്ങൾ ആയുധപരിശീലനവേദിയാക്കിയും ക്ഷേത്രകമ്മിറ്റികളിൽ കയറിപ്പറ്റിയും രാമായണമാസാചരണം, ലക്ഷ്മിപൂജ തുടങ്ങിയ ഇതുവരെ ഇല്ലാത്ത ആചാരങ്ങൾക്ക് തുടക്കമിട്ടും ക്ഷേത്രങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് അവർ ലക്ഷ്യമിടുന്നത്. കുട്ടികളെ കൃഷ്ണവേഷം കെട്ടിച്ച് നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിലൂടെ അമ്മമാരുടെ മനസ്സിൽ കയറിപ്പറ്റാനാണ് അവരുടെ ശ്രമം. ഘോഷയാത്രകളിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞുപിടിച്ച് ശാഖയിലെത്തിക്കാനും പ്രത്യേക കേന്ദ്രങ്ങളിൽനിന്ന് ആയുധപരിശീലനം നൽകുകയും ചെയ്യുന്നു.

ഹിന്ദുജനവിഭാഗങ്ങളിലെ ആരാധനാലയങ്ങളെ വർഗീയവൽക്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളെ  നാം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം. അതിനാൽ, കൈക്കൊള്ളേണ്ട ജാഗ്രതാ നടപടികൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ ചുവടെ.

1. വർഗീയ തീവ്രവാദശക്തികളുടെ സ്വാധീനത്തിൽനിന്ന‌് ആരാധനാലയങ്ങളെ മുക്തമാക്കുക. ക്ഷേത്രകമ്മിറ്റികളിൽ വിശ്വാസിസമൂഹത്തിൽനിന്ന‌് രാഷ്ട്രീയ  പരിഗണന കൂടാതെ ആളുകളെ ഉൾപ്പെടുത്തുക. ക്ഷേത്ര കോമ്പൗണ്ടിൽ നടക്കുന്ന ശാഖ പരിശീലനം ഒഴിവാക്കുന്നതിനുവേണ്ടി വിശ്വാസി സമൂഹത്തിനിടയിൽ ബോധവൽക്കരണം നടത്തുക. അതോടൊപ്പം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായി നേരിടുക.
2. ആരാധനാലയങ്ങളിൽ നടക്കുന്ന ആത്മീയപ്രഭാഷണങ്ങളിൽ മനുഷ്യസ്നേഹത്തെ ഉദ്ദീപിപ്പിക്കുന്നതും മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്നതുമായ പ്രഭാഷകരെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
3. കമ്മിറ്റികളുടെ വരവ്‐ ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിച്ച് പാസാക്കുക.
4. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾപോലെയുള്ള കുട്ടികളെ വർഗീയവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ക്ഷേത്ര കോമ്പൗണ്ടുകൾ അനുവദിക്കാതിരിക്കുക.
5. ഓരോ ആരാധനാലയത്തിന്റെയും പ്രത്യേകതയോടുകൂടിയ ആരാധനാരീതികളെ മാറ്റുന്നതിനുവേണ്ടി ബാഹ്യശക്തികൾ നടത്തുന്ന ഇടപെടലുകളെ ജാഗ്രതയോടെ കാണുക.
6. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ അനധികൃതമായി കമ്മിറ്റികളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുന്നത് തടയുക.
7. ആരാധനാലയങ്ങളുടെ ഭരണം സുതാര്യമായി നടത്തുക.
8. ക്ഷേത്രോത്സവങ്ങളിലെ സംസ്കാരിക പരിപാടികളിൽ പുരോഗമനവീക്ഷണമുള്ള കലാപരിപാടികൾ അവതരിപ്പിക്കുക.(2018 ജൂൺ 24ന് നടന്ന ഹിന്ദുജനവിഭാഗം ആരാധനാലയ ഭാരവാഹികളുടെ കണ്ണൂർ ജില്ലാ കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽനിന്ന്‌)

പ്രധാന വാർത്തകൾ
 Top