16 October Saturday

ദാഹം അകറ്റാൻ വിഷം കുടിപ്പിക്കുന്നവർ - അനിൽകുമാർ എ വി എഴുതുന്നു

അനിൽകുമാർ എ വിUpdated: Saturday Sep 4, 2021

"ഫാസിസ്റ്റുകൾ ജയിച്ചാൽ മരിച്ചവർക്കും രക്ഷയുണ്ടാകില്ലെ’ന്ന വാൾട്ടർ ബെഞ്ചമിന്റെ പരാമർശം പ്രവചന തുല്യമായിരുന്നു. ലോകം ഹിറ്റ്‌ലറിലൂടെയും മുസോളിനിയിലൂടെയും അത്‌ കൺനിറഞ്ഞുകണ്ടു. സമാന പ്രവണതകൾ മോദിയുടെ കാർമികത്വത്തിൽ ഇന്ത്യയിലും ഇരച്ചെത്തുകയാണ്‌. ചരിത്രത്തിന്റെ തെരഞ്ഞെടുത്ത മേഖലകളിലേക്കുള്ള അധിനിവേശം മുന്നേറുന്നുമുണ്ട്‌. വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ടിപ്പു സുൽത്താൻ, സ്‌റ്റാലിൻ, ഗാന്ധിജി, നെഹ്‌റു  തുടങ്ങിയവരുടെയെല്ലാം ഓർമകൾ പോലും തുടച്ചുനീക്കാനാണ്‌ ശ്രമം. ഫാസിസ്റ്റ്‌ വിരുദ്ധ ചെറുത്തുനിൽപ്പിൽ മകനെ ബലിനൽകിയ, ഹിറ്റ്‌ലറിൽനിന്ന്‌ മാനവരാശിയെ രക്ഷിച്ച സ്‌റ്റാലിനെ മാധ്യമങ്ങളും ‘സ്വതന്ത്ര’ ബുദ്ധിജീവികളും ‘മാനവികതാ’വാദികളും ഇരുട്ടിൽ നിർത്തുകയും ശവക്കല്ലറയിൽനിന്ന്‌ മാന്തിയെടുത്ത്‌ അപഹസിക്കുകയുമാണ്‌.  അദ്ദേഹം റഷ്യ ഭരിച്ചില്ലായിരുന്നെങ്കിൽ  നാസി പടയോട്ടത്തിൽ ലോകത്തിന്റെ  അതിരുകൾ വികൃതമായേനെ. സ്റ്റാലിന്റെ നേതൃത്വത്തിൽ  സോവിയറ്റ് ജനങ്ങളുടെ  സമർപ്പണമാണ്‌ 20 ‐ാം നൂറ്റാണ്ടിന്റെ ദിശ വരച്ചത്‌.

അവസാനകാലത്ത്‌ അദ്ദേഹം  മൊളോട്ടോവിനോട്‌ പറഞ്ഞത്‌,  ‘എന്റെ മരണശേഷം ശവകുടീരത്തിൽ നുണകളുടെ  കൂമ്പാരം അടിഞ്ഞുകൂടും. എന്നാൽ, ഒന്നുറപ്പാണ് കാലത്തിന്റെ കാറ്റിൽ അതെല്ലാം തൂത്തെറിയപ്പെടു’മെന്നായിരുന്നു. കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരും കുടുംബാംഗങ്ങളും ഇടതുപക്ഷ അനുഭാവികളുമായ 30 ലക്ഷം  ഇന്തോനേഷ്യക്കാരെയാണ്‌ സുഹാർത്തോ കൊന്നുതള്ളിയത്‌. 1998 വരെ അമേരിക്കൻ  പിന്തുണയോടെ അദ്ദേഹം ഭരണം തുടർന്നു. അതിന്‌ ഇസ്ലാമിക ഗ്രൂപ്പുകളും താങ്ങായി നിന്നു.  ചൈനയും സോവിയറ്റ് യൂണിയനും കഴിഞ്ഞാൽ മൂന്നാമത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർടിയായിരുന്നു ഇന്തോനേഷ്യയിലേത്‌. അമേരിക്കൻ പത്രം ന്യൂയോർക്ക് ടൈംസ് ആഘോഷിച്ചത് ഏഷ്യയിൽ കമ്യൂണിസ്റ്റ് ചോരയിൽ മുക്കിയ വെളിച്ചം പരന്നുവെന്ന നിലയിലാണ്‌. വ്യാജവാർത്തകൾ  തിരിച്ചറിയാൻ ആറു വയസ്സ്‌ മുതൽ പരിശീലനം നൽകാൻ തീരുമാനിച്ച ഫിൻലാൻഡ്  തെറ്റായ വാർത്തകൾ ബോധമണ്ഡലത്തിൽ നിറയുംമുമ്പ്‌  അപഗ്രഥനശേഷി ആർജിക്കാൻ കുട്ടികളെ സഹായിക്കുകയാണ്‌.

സ്റ്റാലിനെ നെഹ്റുവും ആരാധിച്ചിരുന്നു. ആ വിയോഗ വാർത്തയറിഞ്ഞ അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം ആരാധനയുടേതായിരുന്നു. സമാധാനത്തിനുവേണ്ടി നിലകൊണ്ട യോദ്ധാവ്‌ എന്നായിരുന്നു വിശേഷണം.  ബഹുമാനാർഥം പാർലമെന്റിന്റെ ഇരുസഭയും നിർത്തിവച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സ്റ്റാലിന്  ലഭിച്ച പുരസ്‌കാരങ്ങളിൽ  ഒന്ന് ഇന്ത്യ നൽകിയ 230 വാക്ക്‌ എഴുതിയ "ഒരു അരിമണി’യാണ്‌.

ഗാന്ധിജിയെ അധിക്ഷേപിക്കുകയും രാഷ്ട്രപിതാവിന്റെ വധത്തെ  ന്യായീകരിക്കുകയും ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്യുന്ന സംഘപരിവാര താത്വികൻ ഡോ. എൻ ഗോപാലകൃഷ്ണൻ കുറേനാളായി വർഗീയ കലാപത്തിന്‌ കോപ്പുകൂട്ടുകയാണ്‌. മാധ്യമങ്ങൾ അണിയിച്ചുകൊടുത്ത ശാസ്ത്രജ്ഞൻ, ഹിന്ദുമതപണ്ഡിതൻ,  ആത്മീയപ്രഭാഷകൻ എന്നിങ്ങനെയുള്ള കപടവേഷങ്ങൾ ധരിച്ചാണ്‌ നടപ്പ്. 2021 ആഗസ്‌ത്‌ 25നു പുറത്തുവിട്ട വീഡിയോയിൽ ദേശീയ പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ഗാന്ധിവധത്തെ ന്യായീകരിച്ച്‌ ഗോഡ്സെ കോടതിയിൽ നടത്തിയ  വാദങ്ങൾ വായിക്കുകയും ആ വാക്കുകൾ  ഹൃദയസ്പർശിയാണെന്ന് സ്ഥാപിക്കുകയുമാണ്‌ അതിൽ.  "എന്തിന് ഗാന്ധിയെ വധിച്ചു’  എന്ന ഗോഡ്സെയുടെ വിശദീകരണം വായിക്കുന്നത് പുണ്യപ്രവൃത്തിയാണത്രെ.  "ഗോഡ്സെയുടെ ഹൃദയസ്പർശിയായ വരികൾ വായിച്ച്‌ വർഗീയവാദികളും ചാണകസംഘികളും ആർഎസ്എസുകാരുമെല്ലാം ആയാലും ഒരു കാര്യം ഉറപ്പ്: മഹാത്മ ഗാന്ധി എന്ന വർഗീയവാദിയെക്കുറിച്ചും  നെഹ്റുവിനെക്കുറിച്ചും  ലോകം അറിയണം. നാടിനുവേണ്ടി പ്രവർത്തിച്ചവരെ കരിവാരിത്തേച്ചു കാണിച്ചതിൽ ഒന്നാമൻ ഗാന്ധിയാണ്. പാകിസ്ഥാനുവേണ്ടി മാത്രം ജീവിച്ച മനുഷ്യനെ നമ്മൾ രാഷ്ട്രപിതാവാക്കി. അല്ല, തലയിൽ കെട്ടിവച്ചുവെന്ന ശകാരം  എന്തൊരു  ധിക്കാരമാണ്‌.

നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയ ഐസിഎച്ച്‌ആർ  വെബ്സൈറ്റിൽ വി ഡി സവർക്കർ ഇടംനേടിയത്‌ അതേക്കാൾ ഭയാനകമാണ്‌.  സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന്‌ മലബാർ കലാപത്തിൽ പങ്കാളികളായ 387 പേരെയും വാഗൺ ട്രാജഡി കൂട്ടക്കൊലയിൽ ഇരകളായ 70 പേരെയും ഒഴിവാക്കി. സവർക്കർ ജയിൽ മോചിതനാകാൻ 1913 നവംബർ 14ന് ജയിലിൽനിന്ന്‌ എഴുതിയ രണ്ടാം ഹർജി എ ജി നൂറാനി  ‘സവർക്കറും ഹിന്ദുത്വവും' എന്ന കൃതിയിൽ ചേർത്തിട്ടുണ്ട്‌. ‘‘പ്രജാഹിതത്തിന്‌ നടത്തുന്ന  നാനാവിധ ഉപകാരവൃത്തികളിൽ ഒന്നെന്നനിലയിൽ എന്നെ വിട്ടാൽ,  ഭരണഘടനാനുസാരിയായ പുരോഗതിയുടെ  അചഞ്ചലനായ വക്താവല്ലാതെ മറ്റൊന്നുമാകില്ല. സർക്കാരിനോടുള്ള  വിശ്വസ്തത മാത്രമാണ്  പുരോഗതിക്കുള്ള മുന്തിയ ഉപാധിയെന്ന്‌ വിശ്വസിക്കുന്നു. ഞങ്ങൾ ജയിലിൽ  കഴിയുന്നിടത്തോളം ചക്രവർത്തി തിരുമനസ്സിന്റെ ആയിരക്കണക്കിന് ഭാരതപ്രജകളുടെ വീടുകളിൽ യഥാർഥ സന്തോഷവും സംതൃപ്തിയും ഉണ്ടാകില്ല. ശിക്ഷയേക്കാൾ മാപ്പുനൽകലും പ്രതികാരത്തേക്കാൾ ശിക്ഷണംകൊണ്ട് തെറ്റുതിരുത്തലുമാണ് നേർവഴി. കഴിവനുസരിച്ച്  ഞാൻ സർക്കാരിനെ സഹായിക്കാൻ തയ്യാറാണ്.

സവർക്കറുടെ അനുയായികൾ  ആവർത്തിച്ച് ഉറപ്പിക്കുന്ന നുണകൾ പലതാണ്‌.  1857ലെ ദേശീയ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന്‌ ആദ്യം വിശേഷിപ്പിച്ചത് സവർക്കറാണെന്നത്‌ അതിലെ ഒരു വാദം. 1857 ജൂലൈയിൽ മാർക്സും എംഗൽസും ഇന്ത്യയെക്കുറിച്ച്‌ എഴുതിയ  ലേഖനങ്ങൾ സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേവലം  പട്ടാള അട്ടിമറിയല്ലെന്ന് വ്യക്തമാക്കിയ അവർ  ബ്രിട്ടീഷ്‌ ചൂഷണം സമ്പദ്ഘടനയെ ദരിദ്രമാക്കിയെന്നും അത് ജനങ്ങളെ ഐക്യപ്പെടുത്തുകയും ഭരണാധികാരികൾക്കെതിരെ  തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നും വിലയിരുത്തി. ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിപ്ലവമാണെന്നും 1857ലേത് അതിന്റെ  തുടക്കമാണെന്നും പ്രഖ്യാപിച്ചു. 23 വർഷം കഴിഞ്ഞാണ് മാർക്സ് നിര്യാതനാകുന്നത്. അതിനുശേഷമാണ്‌ സവർക്കറുടെ ജനനം. ഡൽഹി നിയമസഭയിൽ അനാച്ഛാദനം ചെയ്ത 70 സ്വാതന്ത്ര്യസമര സേനാനികളുടെ ഛായാചിത്രങ്ങളിൽ ടിപ്പു സുൽത്താനെ ഉൾപ്പെടുത്തിയത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ആംആദ്‌മി പാർടി നൽകിയ മറുപടി ചിന്തോദ്ദീപകമാണ്‌.  ആർഎസ്‌എസിൽനിന്ന്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരാളുടെ പേരുതന്നാൽ പകരം വയ്‌ക്കാമെന്നായിരുന്നു പ്രതികരണം.  ഭരണഘടനയുടെ 144‐ാം പുറത്ത്‌ ടിപ്പുവിന്റെ ചിത്രമുണ്ട്‌.

1996ൽ താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ വിസ്മയംപോലെ താലിബാൻ എന്നായിരുന്നു ‘മാധ്യമം’ ശീർഷകം. അതൊരു കൈവിറയൽ അല്ലെന്നും നിലപാടാണെന്നും അടിവരയിടുകയാണ്‌ കഴിഞ്ഞ ദിവസത്തെ "അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ’ എന്ന തലക്കെട്ട്‌.  അൽ ജസീറ, ബിബിസി, വൈസ് ന്യൂസ്, സിജിടിഎൻ തുങ്ങിയ മാധ്യമങ്ങൾ  നേരിട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയിലൊന്നും ആ അവകാശവാദമില്ല. താലിബാൻ ഭ്രാന്തന്മാർ സഹപ്രവർത്തകരെപ്പോലും വെടിവച്ചുവെന്നല്ലാതെ  തെരുവുകളിൽ  ആഘോഷമില്ല.  രണ്ടു ദശാബ്ദത്തിനുശേഷമുള്ള അധിനിവേശത്തിൽനിന്നുള്ള  ‘വിമോചനം’  അവരാരും ആഘോഷിക്കുന്നുമില്ല.

അഫ്‌ഗാൻ ജനതയ്‌ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്. ബൽജിയം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിയ കൊച്ചുപെൺകുട്ടിയുടെ ചിത്രം ഒരു പ്രതീകമാണ്‌.  രക്ഷാവാതിലുകൾ അടഞ്ഞ്‌ തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും  നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ജനതയെ നോക്കി സ്വതന്ത്രരാണെന്ന്‌ ഊറ്റംകൊള്ളുന്നത്‌ നിരുത്തരവാദമാണ്‌.  ആ നിലപാട് ഇന്ത്യയിൽ വലിയ അപകടം വരുത്തും. പൗരാവകാശങ്ങളെ ഗോത്രനിയമംകൊണ്ട് വരിഞ്ഞുമുറുക്കുകയും  കള്ളക്കടത്തും മയക്കുമരുന്നു കൃഷിയും നടത്തി അധികാരം പിടിക്കുകയും  തോക്കേന്തിയ ഭീകരർ കാവൽനിൽക്കുകയും  ചെയ്യുന്നു.  പൗരോഹിത്യ-ഗോത്ര രാഷ്‌ട്രീയത്തിന്റെ യഥാർഥ ചിത്രമാണ്‌  താലിബാൻ. മതഭ്രാന്തിന്റെ പ്രേരണയായ അത്‌ അഫ്‌ഗാൻ  അതിരുകളിൽ ഒതുങ്ങുന്നതല്ല. എല്ലാ മതാധികാരത്തെയും പിടികൂടിയ സാംക്രമിക രോഗമാണ്‌.  മതത്തെ രാഷ്ട്രീയത്തിന്റെ പുറത്തുനിർത്താൻ കഴിഞ്ഞാലേ  ജനാധിപത്യം അർഥപൂർണമാകൂ.  മതപക്ഷം ചേരുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തുകയും വേണം.

നാണംകെട്ട പിന്മടക്കമാണ് അമേരിക്കയുടേത്‌.  രാജ്യത്തെ മുച്ചൂടുംമുടിച്ച്‌ ജനങ്ങളെ കൊടുംമതഭീകരർക്ക് എറിഞ്ഞുകൊടുത്തു.  ലക്ഷം കോടിയിലധികം ഡോളർ പൊടിച്ചിട്ടും  പതിനായിരങ്ങൾ ജീവൻ നൽകിയിട്ടും മുട്ടുകുത്തേണ്ടിവന്നു. ഭീകരതയെ തോൽപ്പിക്കാനുള്ള ധാർമികശക്തി യുഎസിന്‌ ഇല്ലെന്ന്‌ വീണ്ടും തെളിഞ്ഞു. എല്ലാവരും ചേർന്ന്‌ ദാഹം അകറ്റാൻ വിഷം കുടിപ്പിക്കുകയായിരുന്നു.

താലിബാനെ വെളുപ്പിക്കുന്നതിനിടയിൽ ഇന്ത്യയിൽനിന്നുള്ള രണ്ട്‌ വാർത്ത  ശ്രദ്ധിക്കേണ്ടതുണ്ട്‌. സുപ്രീംകോടതി മുൻ ചീഫ്  ജസ്റ്റിസ് അരവിന്ദ് ബോഗ്‌ഡെ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത്‌  മോഹൻ ഭാഗവതിനെ സന്ദർശിച്ചതാണ്‌ ആദ്യത്തേത്‌.  രണ്ടാമത്തതാകട്ടെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയും. ഹിന്ദുക്കളുടെ മൗലികാവകാശം പശുക്കളെ സംരക്ഷിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്നുചൂണ്ടി അറസ്റ്റുചെയ്ത ജാവേദിന്‌ ജാമ്യം നിഷേധിച്ചാണ്‌ വിവാദ പരാമർശം. ജീവിക്കാനുള്ള ജീവിയുടെ അവകാശത്തേക്കാൾ വലുതായി മാംസം കഴിക്കാനുള്ള ആളുകളുടെ അവകാശത്തെ കണക്കാക്കാനാകില്ല.  പശുക്കളെ സംസ്കാരത്തിന്റെ  ഭാഗമായി കണ്ട മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വാൽക്കഷണം:
മരത്തിൽ കെട്ടിയിട്ട  കഴുതയെ  സാത്താൻ അഴിച്ചുവിട്ടു. അത്‌ അയൽക്കാരന്റെ പറമ്പിലേക്ക്‌ കയറി. കണ്ടതെല്ലാം അകത്താക്കി. കർഷകന്റെ ഭാര്യ കഴുതയെ വെടിവച്ചുകൊന്നു. ഒച്ചകേട്ട്‌ ഓടിവന്ന ഉടമ കഴുത ചത്തുമലർന്നതു  കണ്ടപ്പോൾ ദേഷ്യം സഹിക്കാനാകാതെ കർഷകന്റെ ഭാര്യക്കുനേരെ വെടിയുതിർത്തു. അത്‌ കണ്ടുവന്ന കർഷകൻ ഭാര്യയുടെ വധത്തിനു ഉത്തരവാദിയായ കഴുതയുടെ ഉടമയെ വെടിയുതിർത്തു കൊന്നു. ഇതെല്ലാം ആസ്വദിച്ചുനിന്ന സാത്താനോട് ചോദിച്ചു: നിങ്ങൾ എന്താണ് ചെയ്തത്? അവൻ പറഞ്ഞു: ഒന്നുമില്ല. കഴുതയെ കെട്ടഴിച്ചുവിടുക മാത്രമായിരുന്നു.

പാഠം: ഒരു നാടിനെ  തകർക്കാൻ ബന്ധനസ്ഥനായ  കഴുതയെ കെട്ടഴിച്ചുവിടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top