25 July Sunday

വെടിയുതിർക്കുന്നതാർക്കുവേണ്ടി

സാജൻ എവുജിൻUpdated: Tuesday Feb 4, 2020

ഡൽഹിയിലെ വോട്ടർമാർ ബൂത്തിലേക്ക്‌ നീങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കവെ വെടിയൊച്ചകൾ മുഴങ്ങുന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വ പ്രചാരണമാണ്‌ ഈ അവസ്ഥ സൃഷ്ടിച്ചത്‌. രാഷ്ട്രീയ എതിരാളികളെ രാജ്യത്തിന്റെ ഒറ്റുകാരായി വിശേഷിപ്പിച്ച്‌ അവരെ വെടിവച്ചുകൊല്ലാൻ കേന്ദ്രമന്ത്രിമാർതന്നെ ആഹ്വാനംചെയ്യുകയാണ്‌.  മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ജനകീയതയെ നേരിടാൻ ബിജെപി വിഷലിപ്‌തമായ പ്രചാരണമാണ്‌ നടത്തുന്നത്‌. തെരഞ്ഞെടുപ്പിനെ ഹിന്ദു–-മുസ്ലിം യുദ്ധമായി ചിത്രീകരിച്ച്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ട്‌‌ തട്ടാനാണ്‌ ബിജെപിയുടെ ശ്രമം. കെജ്‌രിവാളിനെ  ‘മാദിപുരിലെ(പശ്‌ചിമ ഡൽഹിയിലെ ഒരു പ്രദേശം) ഭീകരൻ’ എന്ന്‌ വിശേഷിപ്പിക്കാൻപോലും ബിജെപി എംപി പർവേഷ്‌ സാഹിബ്‌ സിങ്‌ വർമ മുതിർന്നു. രാഷ്ട്രീയ എതിരാളികളെ  ‘ വെടിവച്ചുകൊല്ലണമെന്ന്‌’ സദസ്സിനെക്കൊണ്ട്‌ പറയിപ്പിച്ചത്‌  കേന്ദ്രധനസഹമന്ത്രി അനുരാഗ്‌ താക്കൂറാണ്‌. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ അനുരാഗ്‌ താക്കൂറിനും വർമയ്‌ക്കും‌ വിലക്ക്‌ പ്രഖ്യാപിച്ചെങ്കിലും  ഇവരുടെ വെറിപിടിച്ച വാക്കുകൾ

സമൂഹത്തിൽ സൃഷ്ടിച്ച വിപത്ത്‌ ഭീകരമായി  പടരുകയാണ്‌. ത്രിപുരയിൽ  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ ‌ നേതൃത്വം നൽകിയ സുനിൽ ദേവ്‌ധറിനെപോലുള്ള നേതാക്കളെ ബിജെപി ഡൽഹിയിൽ ഇറക്കിയിട്ടുണ്ട്‌. ഭരണം നിലനിർത്താൻ ആംആദ്‌മി പാർടി(എഎപി)യും പിടിച്ചെടുക്കാൻ ബിജെപിയും പൊരുതുമ്പോൾ  കോൺഗ്രസിന്‌ നിയമസഭയിൽ ഇക്കുറിയെങ്കിലും സാന്നിധ്യം നേടണമെന്ന പരിമിതമായ ലക്ഷ്യം മാത്രമാണുള്ളത്‌. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും  പാർടി വളന്റിയർമാരും  എഎപിക്ക്‌ കരുത്ത്‌ പകരുന്നു.   ബിജെപിയുടെ ബലം കേന്ദ്രഭരണവും ആർഎസ്‌എസ്‌ സംഘടനാസംവിധാനവുമാണ്‌. 

എഎപി  ഭരണനേട്ടങ്ങളുടെ ചിറകിൽ

സ്‌കൂളുകളുടെയും പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തിയും കുടിവെള്ളവും 200 യൂണിറ്റ്‌ വരെ വൈദ്യുതിയും പൂർണമായി സൗജന്യമായി നൽകിയും എഎപി സർക്കാർ ജനങ്ങളിൽ അനുകൂലഅഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്‌. 450 മൊബൈൽ ക്ലിനിക്കുകൾ  ഏർപ്പെടുത്തി. ഇവിടെ പ്രാഥമിക പരിശോധനകൾക്കുശേഷം ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക്‌ അയക്കുന്നു.   സ്വകാര്യസ്‌കൂളുകളിൽ 25 ശതമാനം സീറ്റ്‌  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായി നീക്കിവയ്‌ക്കണമെന്നവ്യവസ്ഥ ഡൽഹിയിൽ കൃത്യമായി നടപ്പാക്കാൻ സർക്കാർ മുൻകൈ എടുത്തു. പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലാക്കി. പ്രവേശനത്തിൽ സംവരണവ്യവസ്ഥ ലംഘിക്കുന്ന സ്‌കൂളുകൾക്ക്‌ കനത്ത പിഴ ചുമത്തി. സ്വകാര്യസ്‌കൂളുകൾ അടിക്കടി ഫീസ്‌ ഉയർത്തുന്നതും നിയന്ത്രിച്ചു. ഫീസ്‌ നിശ്‌ചയിക്കാൻ മാനദണ്ഡങ്ങൾ കൊണ്ടുവന്നു. മാനേജ്‌മെന്റുകൾ ഇതിനെതിരെ സർക്കാരുമായി നിയമയുദ്ധത്തിലാണ്‌.

ഡൽഹി ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ബസുകളിൽ സ്‌ത്രീകൾക്ക്‌ പരിധിയില്ലാതെ  സൗജന്യയാത്രയും അനുവദിച്ചു. സബ്‌സിഡി നിരക്കിൽ സർക്കാർ ഭൂമി  ലഭിച്ച സ്വകാര്യ ആശുപത്രികൾ കിടത്തിച്ചികിൽസ  വിഭാഗത്തിൽ 10 ശതമാനവും ഒപി വിഭാഗത്തിൽ 25 ശതമാനവും സൗകര്യങ്ങൾ സാമ്പത്തികമായി ദുർബലരായവർക്ക്‌ നീക്കിവയ്‌ക്കണമെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കി. മാനേജ്‌മെന്റ്‌ ഇൻഫർമേഷൻ സിസ്‌റ്റം വഴി ഇത്‌ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. നിർധനരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്‌ ‌ ഈ സംവിധാനം. ‌
അഴിമതിയാരോപണങ്ങൾക്ക്‌ വിധേയമാകാത്ത സർക്കാർ എന്ന പ്രതിച്ഛായയും നിലനിൽക്കുന്നു. എഎപിയിൽ ആദ്യകാലത്ത്‌ രൂപംകൊണ്ട ഭിന്നതകൾ അവസാനിപ്പിക്കാനും പാർടിയിൽ പൊതുവെ അച്ചടക്കം കൊണ്ടുവരാനും കഴിഞ്ഞു. എഎപി എംഎൽഎമാരെ ഇരട്ടപ്പദവിയുടെ പേരിൽ കൂട്ടത്തോടെ അയോഗ്യരാക്കാൻ നടന്ന നീക്കം അതിജീവിക്കാൻ സർക്കാരിന്‌ കഴിഞ്ഞു.

സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സർക്കാരിന്റെ പ്രവർത്തനം അട്ടിമറിക്കാൻ ബിജെപി നടത്തിയ ശ്രമവും പാളി. ഇത്തരത്തിൽ ആത്മവിശ്വാസത്തോടെയാണ്‌ എഎപി മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 2013ൽ ആദ്യമായി മത്സരിച്ചപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ കഴിഞ്ഞെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചില്ല. കോൺഗ്രസ്‌ പിന്തുണയോടെ  രൂപീകരിച്ച സർക്കാരിന്‌ 49 ദിവസം മാത്രമാണ് അധികാരത്തിൽ തുടരാൻ കഴിഞ്ഞത്‌. 2015ൽ 70 അംഗ നിയമസഭയിൽ 67 സീറ്റിലും  വിജയിച്ച്‌ എഎപി ചരിത്രം സൃഷ്ടിച്ചു.

രാഷ്ട്രീയരംഗം മലിനമാക്കി ബിജെപി

ഇത്തവണ തെരഞ്ഞെടുപ്പ്‌ നടപടികൾ  തുടങ്ങിയപ്പോൾ പുറത്തുവന്ന അഭിപ്രായസർവേകളിൽ എഎപിക്ക്‌ വൻവിജയം പ്രവചിച്ചു. ‘അഞ്ച്‌ വർഷം നല്ലതുപോലെ ഭരിച്ചു; കെജ്‌രിവാൾ സർക്കാർ തുടരട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി എഎപി മുന്നോട്ടുപോയി. ‘കെജ്‌രിവാളിന്‌ എതിരാളിയാര്?’ എന്ന ചോദ്യത്തിന്‌ മറുപടി നൽകാൻ ബിജെപിക്ക്‌ സാധിക്കുന്നില്ല. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തവിധം ആഭ്യന്തരപ്രശ്‌നങ്ങളിലാണ്‌ ബിജെപി ഡൽഹി ഘടകം. ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയും  ഭോജ്‌പുരി സിനിമാ നടനുമായ മനോജ്‌ തിവാരിയും   മറ്റ്‌ എംപിമാരുംതമ്മിൽ പരസ്യമായ പോരിലാണ്‌. ജനകീയമുഖമുള്ള നേതാക്കളുടെ അഭാവവും ബിജെപിയെ  അലട്ടുന്നു. മോഡിസർക്കാരിന്‌ ശക്തിപകരാൻ ഡൽഹിയിൽ ബിജെപി സർക്കാർ എന്ന മുദ്രാവാക്യമാണ്‌ ബിജെപി തുടക്കത്തിൽ മുന്നോട്ടുവച്ചത്‌. ഇത്‌ ജനങ്ങളിൽ ഏശിയില്ല. 200ൽപരം എംപിമാരെയും എഴുപതോളം കേന്ദ്രമന്ത്രിമാരെയും 11 മുഖ്യമന്ത്രിമാരെയും രംഗത്തിറക്കിയിട്ടും രംഗം കൊഴുപ്പിക്കാൻ ബിജെപിക്ക്‌ സാധിച്ചില്ല.
വായുമലിനീകരണത്തിന്റെപേരിൽ കുപ്രസിദ്ധിയാർജിച്ച  രാജ്യതലസ്ഥാനമേഖലയെ രാഷ്ട്രീയമായി മലീമസമാക്കാനുള്ള നീക്കത്തിന്‌ ബിജെപി തുടക്കമിട്ടത്‌ ഇതോടെയാണ്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷാ തന്നെ ആദ്യവെടി പൊട്ടിച്ചു.

ഷഹീൻബാഗും വിഷയം


പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനുപിന്നിൽ രാജ്യവിരുദ്ധശക്തികളാണെന്നും ഇത്തരം സമരങ്ങൾ അവസാനിപ്പിക്കാൻ ബിജെപിക്ക്‌ വോട്ടുചെയ്യണമെന്നും അമിത്‌ ഷാ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധമാണ്‌ നടക്കുന്നതെന്നും ബിജെപിയുടെ എതിരാളികൾ പാകിസ്ഥാൻകാരാണെന്നും ‌ ബിജെപി സ്ഥാനാർഥി കപിൽ മിശ്ര ട്വീറ്റ്‌ ചെയ്‌തു. ഇതേതുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മിശ്രയ്‌ക്ക്‌ രണ്ട്‌ ദിവസത്തെ പ്രചാരണവിലക്ക്‌ ഏർപ്പെടുത്തി. വിലക്കിനുശേഷം രംഗത്തുവന്ന മിശ്ര പ്രകോപനപരമായ പരാമർശങ്ങൾ തുടരുകയാണ്‌. ഷഹീൻബാഗ്‌ സമരം കേന്ദ്രീകരിച്ചാണ്‌ ബിജെപിയുടെ അവസാനവട്ട  പ്രചാരണം.  പ്രക്ഷോഭകർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും കെജ്‌രിവാൾ ഭീകരനാണെന്നും ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നു. ഷഹീൻ ബാഗിലും ജാമിയ മിലിയ വിദ്യാർഥികൾക്കുനേരെയും  വെടിവയ്‌പ്‌ ആവർത്തിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

വ്യത്യസ്‌തം എഎപി  പ്രചാരണശൈലി


ബിജെപിയുടെ ഈ തന്ത്രം നേരിടാൻ വീടുതോറും വളന്റിയർമാരെ എത്തിക്കുകയാണ്‌ എഎപി. പ്രധാനകേന്ദ്രങ്ങളിലും മെട്രോസ്‌റ്റേഷനുകളിലുമായി 20,000 വളന്റിയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന്‌ എഎപി നേതാക്കൾ പറയുന്നു. 300 ഇടത്ത്‌ തെരുവുനാടകങ്ങൾ അവതരിപ്പിക്കും.
വെബ്‌സൈറ്റ്‌ വഴിയുള്ള നൂതന പ്രചാരണരീതിയും എഎപി ഒരുക്കി‌. ഇതുവഴി  മുഖ്യമന്ത്രി നേരിട്ട്‌  വീടുകളിൽ എത്തുകയും സംവദിക്കുകയും ചെയ്യുന്ന പ്രതീതി സൃഷ്ടിക്കുകയാണ്‌.  ചോദ്യോത്തരശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എല്ലാ വീടുകളിലും എത്തണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ ആഗ്രഹമുണ്ടെന്നും സമയച്ചുരുക്കം കാരണം അതിനു കഴിയാത്തതിനാൽ  ‘വെർച്വൽ  മുഖ്യമന്ത്രി’ എല്ലായിടത്തും എത്തുകയാണെന്നും എഎപി പറയുന്നു.

ആവേശമില്ലാതെ ‌ കോൺഗ്രസ്‌


കോൺഗ്രസിന്‌ വോട്ടർമാരിൽ ആവേശം സൃഷ്ടിക്കാൻ കഴിയുന്നില്ല.  ഏതാനും സീറ്റുകളിൽ കേന്ദ്രീകരിച്ചാണ്‌ കോൺഗ്രസിന്റെ പ്രവർത്തനം. ദുർബലമായ സംഘടനയും ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവും കോൺഗ്രസിന്റെ ആഗ്രഹങ്ങൾക്ക്‌ തടയിടുന്നു. ആശയവ്യക്തതയോടെ മുദ്രാവാക്യം തയ്യാറാക്കാനും കോൺഗ്രസിന്‌ കഴിഞ്ഞിട്ടില്ല. പക്ഷേ, കോൺഗ്രസിനു ലഭിക്കുന്ന വോട്ടുവിഹിതം അന്തിമഫലത്തിൽ നിർണായകമാകും.
കോൺഗ്രസ്‌ സംസ്ഥാനവ്യാപകമായി സജീവമല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം നടക്കുന്നുവെന്നാണ്‌ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്‌. ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കാനാണ്‌ ഇതുവഴി അവർ ശ്രമിക്കുന്നത്‌. എട്ടിന്‌ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 11ന്‌ പുറത്തുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top