27 September Wednesday

കളിക്കളത്തിലെ കവിത - എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

റോജർ ഫെഡറർ മത്സര ടെന്നീസിൽനിന്ന്‌ വിരമിക്കുന്നുവെന്ന വാർത്ത ലോകവും കളിപ്രേമികൾ വിശേഷിച്ചും വികാരവായ്‌പോടെയാണ്‌ സ്വീകരിച്ചത്. പ്രദർശന, സൗഹാർദ മത്സരങ്ങളിൽ ഇനിയും റാക്കറ്റേന്താൻ ആഗ്രഹിക്കുന്നുണ്ടെന്നൊരു ആശ്വാസവാക്ക്‌ അദ്ദേഹത്തിൽനിന്ന്‌ ഉണ്ടായത്‌ സന്തോഷകരമാണ്‌. തുടക്കത്തിലേ ഒരുകാര്യം പറയാം, ഒട്ടും ലജ്ജയില്ലാത്ത ഭ്രാന്തൻ ആരാധനയാണ് എനിക്ക് റോജർ ഫെഡററോട്‌ ഉള്ളത്. അദ്ദേഹത്തിന്റെ കേളീശൈലിയോടും വ്യക്തിത്വത്തോടുമുള്ള ആരാധന  മറച്ചുവയ്‌ക്കുന്നില്ല. ഫെഡററെക്കുറിച്ച്‌ എഴുതിയ ആറേഴ് പുസ്തകം സ്വകാര്യ ലൈബ്രറിയിലെ വിശിഷ്ട ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഫെഡററുടെ മത്സരങ്ങൾ പാർടി പരിപാടികൾ മാറ്റിവച്ച്‌ ടിവിയിൽ കാണാൻ ഇരുന്നിട്ടില്ല. പക്ഷേ, പാർടി പരിപാടിയില്ലെങ്കിൽ മറ്റെന്തും മാറ്റിവച്ച്  കളികാണാൻ ഇരിക്കുന്ന ആരാധകക്കൂട്ടത്തിൽപ്പെട്ട ആളാണ്. ‘ഫെഡററുടെ കളിയുണ്ടെങ്കിൽ ബേബിയെ’ മറ്റൊന്നിനും കിട്ടില്ലെന്ന് പറയുന്നതിൽ  ചെറിയൊരു ലജ്ജയുണ്ട്. പക്ഷേ, വലിയ ആശ്വാസം തോന്നിയത് മലയാളികൾക്കെല്ലാം സുപരിചിതനായ സുകുമാർ അഴീക്കോട് മാഷിൽനിന്നാണ്. അദ്ദേഹം ടെന്നീസിന്റെയും ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയുമെല്ലാം വലിയ ആരാധകനാണ്.

അദ്ദേഹം പറഞ്ഞത്‌ ‘ബേബീ, റോജർ ഫെഡററുടെ ഒരു കളിയൊക്കെ ഉണ്ടെന്നറിയുകയാണെങ്കിൽ ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം അടച്ചുമാറ്റിവച്ച് ആ കളിയിലേക്കങ്ങ് കേന്ദ്രീകരിക്കും'എന്നാണ്. പുസ്തകവായനയാണ് മാഷിന് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നിരിക്കെ ഇങ്ങനെ പറഞ്ഞത് അത്ഭുതപ്പെടുത്തി. പിന്നെ അദ്ദേഹം ഒന്നുകൂടി പറഞ്ഞു, ‘ഏതെങ്കിലും കളിയിൽ ഫെഡറർ തോൽക്കുന്നതു കണ്ടാൽ അതെനിക്ക് വലിയ മാനസിക വിഷമമായിരിക്കും’. അതായത് നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ആരാധനാ മനോഭാവമാണ് ലോകത്തിന്റെ നാനാകോണിലുള്ളവർക്ക് ഫെഡററോടുള്ളത്.

image credit Roger Federer twitter

image credit Roger Federer twitter

 

കളിയുടെ പ്രത്യേകത
ടെന്നീസ് എന്ന കായികവിദ്യയുടെ ഏറ്റവും സൗന്ദര്യാത്മകമായ ആവിഷ്‌കർത്താവാണ് റോജർ ഫെഡറർ എന്നതാണ് സവിശേഷത. ടെന്നീസ് കോർട്ടിലെ ചലനങ്ങളുടെ ചാരുതയാണ്, ഓരോ ഷോട്ടുകളുടെയും സൗന്ദര്യമാണ് അദ്ദേഹത്തെ ഇത്ര വലിയൊരു ആരാധകവൃന്ദത്തിന്റെ ഉടമയാക്കി മാറ്റിയത്.

ഫെഡററെ ഇഷ്ടപ്പെടുന്നവർക്ക് കുറച്ചൊരു അസൂയ ഉണ്ടാകുന്നൊരു കാര്യം പറയാം. 2011ലെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കാണാൻ അവസരംകിട്ടി. റോജർ ഫെഡററും റഫാൽ നദാലും തമ്മിൽ ഏറ്റുമുട്ടിയ മത്സരം.  കളി നേരിട്ടു കാണാൻ കഴിഞ്ഞതിലെ സന്തോഷം ഫലത്തിൽ ഇല്ല. മത്സരം ജയിച്ചത് നദാലാണ്. എന്നാൽ, സെമിയിൽ ഫെഡററോട്‌ തോറ്റ നൊവാക്‌ ജൊകോവിച്ചിന്റെ പ്രതികരണമാണ്‌ ടൂർണമെന്റിനുശേഷവും മുഴങ്ങിക്കേട്ടത്‌. അതുവരെ അജയ്യനെന്നരീതിയിൽ കളിച്ചുകൊണ്ടിരുന്ന ജൊകോവിച്ചിന്റെ തോൽവി അപ്രതീക്ഷിതമായിരുന്നു. പരാജയത്തിനുശേഷം ജൊകോ ഇങ്ങനെ പറഞ്ഞു: ‘ഫെഡറർ പറയുന്നതെല്ലാം അനുസരിക്കുകയാണ് ടെന്നീസ്‌ ബോൾ’.

റെക്കോഡുകൾ പിന്നാലെ
ടെന്നീസിലെ റെക്കോഡുകളെല്ലാം ഫെഡററെ പിന്തുടരുകയായിരുന്നു. പീറ്റ് സാംപ്രസിന്റെ 14 ഗ്രാൻസ്ലാം റെക്കോർഡിനെ മറികടന്നാണ് പുതിയ റെക്കോഡിട്ടത്. പിന്നീടത് 20ൽ എത്തി. ഇത് മറികടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതവേയാണ്‌ ജൊകോയും നദാലും കയറിവന്നത്‌. ഇപ്പോൾ ഫെഡറർ 20, ജൊകോ 21 , നദാൽ 22. സമകാലികരായ മൂന്ന് പുരുഷ ടെന്നീസ് കളിക്കാർ 63 ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ അവർക്കിടയിൽ പങ്കുവയ്‌ക്കുന്നു. ഈ നേട്ടവും ഭാവിയിൽ ഭേദിക്കപ്പെടുമോയെന്ന് പറയാനാകില്ല. പുതിയ കളിക്കാർ ഉയർന്നുവരുന്നുണ്ട്.

ഫെഡറർ ഒരു ടെന്നീസ് കളിക്കാരൻ എന്നനിലയിൽ മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്. സുനാമി ഉണ്ടായപ്പോൾ ദുരിതബാധിതർക്ക്‌ ആശ്വാസവുമായി എത്തി. പ്രകൃതിദുരന്തങ്ങളിൽ ജീവിതം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ധനസമാഹരണത്തിനായി ജൊകോവിച്ചിനും നദാലിനുമെല്ലാം ഒപ്പം പ്രദർശനമത്സരങ്ങൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തു. ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ പഠനത്തിനായി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഫെഡററിന്റെ അച്ഛന് ദക്ഷിണാഫ്രിക്കൻ പൗരത്വമുണ്ടായിരുന്നു. കളിക്കിടയിലും സമൂഹത്തിൽ ദുഃഖങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരെ സഹായിക്കാനും സമയം കണ്ടെത്തി. ചെന്നൈയിലും  സുനാമി ബാധിതരെ കണ്ട് ആശ്വസിപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ അദ്ദേഹം എത്തി. ഫെഡററുടെ കൂടെ യാത്രചെയ്തത് യൂണിസെഫ് ഉദ്യോഗസ്ഥയും എന്റെ സുഹൃത്തുമായ പീയൂഷ് ആന്റണിയായിരുന്നു. ആ സുഹൃത്തിനോട് എനിക്ക് അസൂയ തോന്നിയിരുന്നു.  ഫെഡററെ വ്യക്തിപരമായി ഒന്ന് അടുത്തുകാണണമെന്നും ഹസ്തദാനം ചെയ്യണമെന്നുമുള്ളത് ഒരു ആഗ്രഹമാണ്. കളിയിലെ കവിതയും ജീവിതത്തിലെ സത്യസന്ധതയുംകൊണ്ട് അദ്ദേഹം നേടിയെടുത്തതാണ് കളിക്കാർക്കിടയിലെ ആ സ്ഥാനം. 

 

ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച 2009 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിനോട് പരാജയപ്പെട്ടശേഷം കരഞ്ഞുകൊണ്ടുനിന്ന ഫെഡററെ  ഓർമയുണ്ട്. സങ്കടം മറച്ചുവയ്ക്കാതെ പൊട്ടിക്കരഞ്ഞ ഫെഡററോട്‌ ‘നിങ്ങൾക്ക് വിജയിക്കാൻ ഇനിയും മത്സരങ്ങൾ കിടക്കുകയാണല്ലോ’യെന്ന് ആശ്വസിപ്പിച്ച നദാലിന്റെ വാക്കുകളെ അന്വർഥമാക്കി 2009ൽ ഫ്രഞ്ച് ഓപ്പൺ നേടി ആനന്ദാശ്രു പൊഴിച്ചു. നദാലിനെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ സോഡെർലിങ്കിനെയാണ് ഫെഡറർ പരാജയപ്പെടുത്തിയത്. തുടർന്ന്‌ വിംബിൾഡണും വിജയിച്ച്‌ പീറ്റ് സാംപ്രസിന്റെ റെക്കോഡ് മറികടന്നു. ആ മത്സരത്തിൽ റോഡിക്കിനെ തോൽപ്പിക്കുമ്പോൾ അമ്പതോ അമ്പത്തൊന്നോ തവണ എതിരാളികൾക്ക് തൊടാൻ പറ്റാത്ത സർവുകളാണ് (എയ്സുകൾ) റാക്കറ്റിൽനിന്ന്‌ പറന്നത്. 2009ലെ ഫ്രഞ്ച് ഓപ്പൺ ജയിച്ചപ്പോൾ നടത്തിയ പ്രസ്താവനയെ മഹാത്മ ഗാന്ധിയുടെ സത്യസന്ധതയോട് താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു സർവീസ് ഗെയിംകൂടി ജയിച്ചാൽ ഫ്രഞ്ച് ഓപ്പൺ ലഭിക്കുമെന്നിരിക്കെ ആ സമയം എന്താണ് ചിന്തിച്ചതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി  ഇങ്ങനെയായിരുന്നു: ‘ഇനിയൊരു നാല് സർവീസിന്റെ പോയിന്റുകൂടി ലഭിച്ചാൽ ഫ്രഞ്ച് ഓപ്പൺ ലഭിക്കും. എന്റെ ആ നാല് സർവും നെറ്റിനപ്പുറം വീഴണമെന്നും എതിരാളി തന്റെ മടയത്തരംകൊണ്ടോ പിഴവുകൊണ്ടോ അത് നഷ്ടപ്പെടുത്തണമെന്നുമാണ് ഞാൻ ചിന്തിച്ചത്’. നിഷ്കളങ്കതയും സത്യസന്ധതയും നിറഞ്ഞുനിൽക്കുന്ന മഹാനായ കളിക്കാരന്റെ, കുട്ടികളെപ്പോലുള്ള മറുപടി.

ഒരേ കാലഘട്ടത്തിലെ ടെന്നീസ് കളിക്കാരായ ജൊകോവിച്ചിനെയും നദാലിനെയും ഫെഡററെയും താരതമ്യംചെയ്ത് ആരാണ് മികച്ച കളിക്കാരനെന്ന് ചിലർ ചോദിക്കാറുണ്ട്. ഗ്രാൻഡ്‌സ്ലാമുകളുടെ മാത്രം എണ്ണം വച്ചാണെങ്കിൽ നദാലാണ് കൂടുതൽ നേടിയത്. തൊട്ടടുത്ത് ജൊകോവിച്ചും. അതിനുശേഷമാണ് ഫെഡറർ. കണക്കുകളേക്കാൾ ഇവർ മൂന്നുപേരും അസാമാന്യപ്രതിഭയുള്ള കളിക്കാരാണ്‌. ഇവർക്ക് മുമ്പും പ്രതിഭകളുണ്ടായിരുന്നു. റോഡ് ലേവർ, മക്കൻറോ, അഗാസി, സ്‌റ്റെഫാൻ എഡ്ബർഡ്, ബ്യോൺ ബോർഗ്, ബോറിസ് ബെക്കർ തുടങ്ങിയവരെല്ലാം ഓരോ കാലഘട്ടത്തിന്റെ മികച്ച കളിക്കാരായിരുന്നു.

പക്ഷേ, നദാലും ജൊകോവിച്ചും ഫെഡററും ഒരേ കാലഘട്ടത്തിലെ വ്യത്യസ്തരായ പ്രതിഭകളാണ്. ഇവരുടെ കളിയെ ഒറ്റവാക്കിൽ ഇങ്ങനെ നിർവചിക്കാം. റഫാൽ നദാൽ:- കരുത്തിന്റെ കളി. ജൊകോവിച്ച്-: അപരാജിതത്വം നിറഞ്ഞുനിൽക്കുന്നു, ജയിച്ചേതീരൂ എന്ന രീതിയിലുള്ള കളി. ഫെഡറർ:-  കളി കവിതയാണ്, സൗന്ദര്യമാണ്. ഓരോരുത്തരും എക്കാലവും ഓർമിക്കപ്പെടും. പക്ഷേ, നമ്മൾ കവിതയെ കൂടുതൽ ഇഷ്ടപ്പെട്ടുപോകും. അതുകൊണ്ടാണ് ഫെഡററെ കൂടുതൽ സ്നേഹിച്ച് പോകുന്നത്. അദ്ദേഹം മത്സര ടെന്നീസിൽനിന്ന്‌ വിരമിക്കുന്നുവെങ്കിലും സൗഹാർദ മത്സരങ്ങളിലൂടെ വീണ്ടും റാക്കറ്റേന്തുമ്പോൾ ഒരു ജീനിയസിന്റെ ആവിഷ്കാരങ്ങളാണ് ഏത് കോർട്ടിലും കാണുക. റോജർ ഫെഡറർ കളിച്ചിരുന്ന കാലത്ത് ജീവിച്ച്‌, ആ കളി കാണാൻ കഴി‍ഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top