07 August Friday

റിസർവ് ബാങ്ക് പറയാതെ പറയുന്നത്‌ - സി ജെ നന്ദകുമാർ എഴുതുന്നു

സി ജെ നന്ദകുമാർUpdated: Thursday Jun 4, 2020

കോവിഡ്–-19 ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. മുപ്പതുകളിലെ മഹാമാന്ദ്യമോ രണ്ടാം ലോക മഹായുദ്ധമോ സൃഷ്ടിച്ച പ്രതിസന്ധിയേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങളാണ് സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് ഐഎംഎഫും ലോക ബാങ്കും  സാമ്പത്തിക ശാസ്ത്രജ്ഞരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.  കോവിഡിനുശേഷമുള്ള പുതിയ ലോകക്രമത്തെക്കുറിച്ചുള്ള ചിന്താധാരകളും സജീവമാണ്. മെയ് 12ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിർഭർ അഭിയാൻ അഥവാ സ്വയം പര്യാപ്ത സമ്പദ്‌വ്യവസ്ഥ എന്ന ആശയവും ഈ ദിശയിലുള്ളവയാണ്.  കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റണം എന്ന ആശയം പൊതുവേ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.  എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ  കോവിഡ് പാക്കേജ് പിന്നീട് അഞ്ചുഘട്ടമായി കേന്ദ്ര ധനമന്ത്രി അനാവരണം ചെയ്തപ്പോൾ മല എലിയെ പ്രസവിച്ച പോലെയായി.  പാക്കേജിലെ 11 ലക്ഷം കോടി രൂപയും ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും വഴി ലഭ്യമാക്കേണ്ട വായ്പാ പദ്ധതികളാണ്.

പണനയവും നടപടികളും പരസ്പര പൂരകങ്ങളാകണം
കോവിഡിനുമുമ്പുതന്നെ ഇന്ത്യൻ സമ്പദ്ഘടന തളർച്ചയിലായിരുന്നു.  അതിൽനിന്ന്‌ കരകയറ്റുന്നതിനുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പണനയവും സാമ്പത്തിക നടപടികളും പര്യാപ്തമല്ല എന്ന വിമർശനം നിലനിൽക്കുമ്പോഴാണ് അടച്ചുപൂട്ടൽ ഏൽപ്പിച്ച ആഘാതം.  ഏപ്രിലിലെ പണനയംവഴി റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും ഗണ്യമായ വെട്ടിക്കുറവാണ് റിസർവ് ബാങ്ക് വരുത്തിയത്.  റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞിട്ടും പണ ലഭ്യത വർധിപ്പിക്കുന്നതിനും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ബാങ്കുകളുടെ വായ്പാ വളർച്ച കീഴ്പോട്ടാണ് എന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.  മെയ് ഒമ്പതിന്റെ കണക്കുകൾ പ്രകാരം മൊത്തം ബാങ്ക്‌ വായ്പ മാർച്ചിനേക്കാൾ 1.21 ലക്ഷം കോടി രൂപയുടെ കുറവാണ് കാണിക്കുന്നത്.  റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി കുറച്ചിട്ടും പ്രതിദിനം ശരാശരി 7,8 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. 

പണനയത്തോടൊപ്പം സമാന്തരമായ സാമ്പത്തിക നടപടികളും കൈക്കൊള്ളണമെന്ന് റിസർവ് ബാങ്ക് അന്നേ വ്യക്തമാക്കിയിരുന്നു.  എന്നാൽ, ചങ്ങാത്ത മുതലാളിത്തത്തെ പ്രീണിപ്പിക്കുന്ന ചില നടപടികൾക്കപ്പറം സമ്പദ്‌വ്യവസ്ഥയിൽ ചോദനം (ഡിമാന്റ്) വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല.
പുതിയ പണനയപ്രകാരം റിസർവ്‌ ബാങ്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കായ നാല്‌ ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു.  റിവേഴ്സ് റിപ്പോ നിരക്കാകട്ടെ 3.35 ശതമാനമായി കുറഞ്ഞു. ഇതുകൊണ്ടുമാത്രം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയില്ല എന്നാണ് ഇത്തവണത്തെ പണനയ പ്രഖ്യാപനം സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകുന്നത്.  ഉദാഹരണത്തിന് രാജ്യത്തെ വ്യാവസായിക ഉൽപ്പന്നങ്ങളുടെ 60 ശതമാനവും ഉൽപ്പാദിപ്പിക്കുന്ന ആറു പ്രധാനപ്പെട്ട വ്യവസായവൽകൃത സംസ്ഥാനങ്ങൾ കൊറോണ ബാധിച്ച് റെഡ്സോണിലും ഓറഞ്ച്‌ സോണിലുമായി തുടരുന്നു എന്ന കാര്യം റിസർവ്‌ ബാങ്ക് എടുത്തുപറയുന്നുണ്ട്. 


 

സമ്പദ്‌വ്യവസ്ഥയിൽ ഡിമാന്റ് ഉണ്ടാക്കേണ്ട സ്വകാര്യ ഉപഭോഗത്തിന്റെ സ്ഥിതിയും പരിതാപകരമാണെന്ന് 60 ശതമാനത്തിന്റെ ഇടിവ് ചൂണ്ടിക്കാണിച്ചുകൊണ്ട് പണനയ പ്രഖ്യാപനം വ്യക്തമാക്കുന്നു.  ഗൃഹോപകരണങ്ങൾ അടക്കമുള്ള ഉപഭോഗ വസ്തുക്കളുടെ ഉൽപ്പാദനം 30 ശതമാനം കുറഞ്ഞിരിക്കുന്നുവെന്നും നിത്യോപയോഗ ഉപഭോഗ വസ്തുക്കളുടെയടക്കം ഉൽപ്പാദനത്തിൽ ഈ കുറവ് ദൃശ്യമാണെന്നും തുടർന്നുപറയുന്നു.  ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും വിലയിൽ ഉണ്ടാകുന്ന വർധന ആശങ്കയുളവാക്കുന്നതാണ്. അതുകൊണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിലുള്ള അധിക സ്റ്റോക്ക് എത്രയും പെട്ടെന്ന് പൊതുവിതരണംവഴി വിതരണംചെയ്ത്  വിലക്കയറ്റ സാധ്യത ഇല്ലാതാക്കാനും റാബി ധാന്യം സംഭരിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊള്ളണം എന്ന സൂചനയും പണനയ പ്രഖ്യാപനത്തിൽ ഇടംപിടിക്കുന്നു. ഈ യാഥാർഥ്യങ്ങളെ അവഗണിച്ചുകൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കോവിഡ് പാക്കേജിനു നേരെയുള്ള ഒളിയമ്പുകളായി പണനയ പ്രഖ്യാപനം മാറുകയാണ്.   ഇത്തരം സ്ഥിതിവിശേഷങ്ങളുടെ ആവർത്തനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പലപ്പോഴും ഉയർന്നുവരാറുണ്ട്. അതുകൊണ്ടാണ് അവശ്യവസ്തു നിയമം ഇന്നും പ്രസക്തമാകുന്നത്.  ഈ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനവും പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.

അനവസരത്തിലുള്ള സ്വകാര്യവൽക്കരണം
വായ്പാ പാക്കേജ് കഴിഞ്ഞാൽ ആത്മനിർഭരതാ പദ്ധതി മുന്നോട്ടുവയ്ക്കുന്നത് സമ്പൂർണ സ്വകാര്യവൽക്കരണ നടപടികളാണ്.  ശൂന്യാകാശംമുതൽ ഖനികളും ധാതുക്കളുംവരെ വിൽപ്പനയ്‌ക്കുവയ്‌ക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതാണ്.  2018ലെ സിഎജി റിപ്പോർട്ട്‌ പ്രകാരം  420 കമ്പനി കോർപറേഷനുകളിലായി കേന്ദ്ര സർക്കാർ നിക്ഷേപം 3,57,064 കോടി രൂപയാണ്.  അതിൽ ലിസ്റ്റ് ചെയ്യപ്പെട്ട 42 കമ്പനിയിലെ സർക്കാർ ഓഹരികളുടെ വിപണിമൂല്യം 13,63,194 കോടി രൂപയാണ്.  ഇത്രയും വ്യക്തമായ നേട്ടങ്ങൾ കൊയ്യുന്ന സ്ഥാപനങ്ങളെയാണ് നഷ്ടത്തിന്റെയും കെടുകാര്യസ്ഥതയുടെയും പേരുപറഞ്ഞ് ചങ്ങാത്ത മുതലാളിമാർക്ക് കേന്ദ്രം പൊൻതാലത്തിൽ കൈമാറുന്നത്.


 

2019ലെ സിഎജി റിപ്പോർട്ട്‌ പ്രകാരം എഴുപത്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കേവലം 31,635 കോടി രൂപ മാത്രമാണ്. ഇതിൽ 84 ശതമാനം നഷ്ടം ഉണ്ടാക്കിയിട്ടുള്ളത് കേവലം മൂന്നു സ്ഥാപനമാണ്.  ബിഎസ്എൻഎൽ (14904 കോടി), എംടിഎൻഎൽ (3390 കോടി), എയർ ഇന്ത്യ (8474 കോടി).  ഈ മൂന്നു സ്ഥാപനത്തെയും നഷ്ടത്തിലാക്കിയത് കേന്ദ്ര സർക്കാരിന്റെ  തെറ്റായ നയങ്ങൾ മാത്രമാണ് . ഇക്കാലയളവിൽ 121 കേന്ദ്ര പൊതുമേഖലാ സ്ഥാപനം 71,916 കോടി രൂപ കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി നൽകിയിട്ടുണ്ട് എന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.  പൊൻമുട്ടയിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ മഹാമാരി ഘട്ടത്തിൽ വിൽപ്പനയ്‌ക്ക് വയ്‌ക്കുന്നത് അനവസരത്തിലാണെന്ന് സ്വകാര്യവൽക്കരണത്തെ പിന്തുണയ്‌ക്കുന്നവർപോലും അഭിപ്രായപ്പെടുന്നു.

( ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top