23 January Wednesday

ജാതി മാത്രമോ ചൂഷണത്തിന്റെ ഏക രൂപം? നവലിബറൽ കാലത്തെ സംവരണത്തെപ്പറ്റി

ശ്രീജിത്ത്‌ ശിവരാമൻUpdated: Thursday Jan 10, 2019

ശ്രീജിത്ത്‌ ശിവരാമൻ

ശ്രീജിത്ത്‌ ശിവരാമൻ

സാമ്പത്തിക സംവരണബിൽ പാർലമെന്റ്‌ പാസാക്കിയതിനെ തുടർന്ന്‌ സംവരണത്തെയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണല്ലോ. ഈ സാഹചര്യത്തിൽ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്‌. സാമൂഹിക ഉച്ചനീചത്വത്തിന്റെയും ചൂഷണത്തിന്റെയും ഒരേയൊരു രൂപം ജാതിയാണോ? അധികാര സ്ഥാനങ്ങളിൽ നിന്നും സാമ്പത്തിക വിതരണത്തിൽ നിന്നും വലിയ വിഭാഗം ജനങ്ങളും പിന്തള്ളപ്പെടുന്നതിൽ സാമ്പത്തിക നില ഒരു ഘടകമല്ലേ? ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ നിരവധിയായ ചൂഷണോപാധികൾ നിലനിൽക്കുന്നു എന്നിരിക്കേ  അവയോരോന്നിനോടും പ്രതിവിവേചനം ആവശ്യമായി വരില്ലേ? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടുകയാണ്‌ ശ്രീജിത്ത്‌ ശിവരാമൻ തന്റെ ലേഖനത്തിലൂടെ...


തെരഞ്ഞെടുപ്പടുത്തതോടെ തങ്ങളുടെ ജാതി രാഷ്ട്രീയത്തെ വീണ്ടും സജീവമായി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി പത്ത് ശതമാനം സീറ്റുകൾ മറ്റു സംവരണം ലഭ്യമാകാത്തവർക്ക് ലഭ്യമാക്കുമെന്ന ബില്ലുമായി രംഗത്ത് വന്നത്. പക്ഷേ, ബിജെപിയുടെ ജാതി രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന സിപിഐ എമ്മും ഭേദഗതികളോടെ ഈ ബില്ലിനെ തത്വത്തിൽ അംഗീകരിക്കുന്നു. ഈ ബില്ലിനെ പിന്തുണച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിക്കുമില്ലാത്ത സോഷ്യൽ ഓഡിററിംഗിന് നിരന്തരമായി വിധേയമാകുന്ന പാർട്ടി എന്ന നിലക്ക് സിപിഐ എം എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനപരമായ കാരണം സിപിഐ എം ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാണെന്നതും അവരുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ ജാതിയെന്ന സ്വത്വത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ളതല്ല എന്നതും തന്നെയാണ്. വിശദമായി പരിശോധിക്കാം.

മണ്ഡൽ പ്രക്ഷോഭകാലത്തെ ആത്മാഹുതി

മണ്ഡൽ പ്രക്ഷോഭകാലത്തെ ആത്മാഹുതി


    
ബിജെപി അധികാരത്തിലെത്തിയത് മുതൽ സംവരണ രാഷ്ട്രീയം വീണ്ടും പ്രധാന ചർച്ചയായി മാറിയിരുന്നു. ഖാപ്, ഗുജ്ജർ, പട്ടീദാർ, മറാത്താ സമരങ്ങൾ കൂടുതൽ രൂക്ഷമായത് ഈ കാലത്താണ്. 12 ലക്ഷത്തിലേറെ പട്ടീദാർ ചെറുപ്പക്കാരാണ്  ഒബിസി സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിന്റെ തെരുവുകളിൽ കലാപമഴിച്ചുവിട്ടത്. പതിനാറു പേർ ഈ കലാപങ്ങളിൽ മരിച്ചു. ഇതേ കാലത്ത് തന്നെ മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് മാറാത്തകളും സമാന ആവശ്യം ഉന്നയിച്ച് തെരുവിലിറങ്ങി. സ്വത്വ യുക്തിവെച്ച് പരിശോധിച്ചാൽ ഉയർന്ന ജാതിയിലെ വിഭാഗങ്ങൾ തങ്ങളെ കീഴ്ജാതിക്കാരായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത് യുക്തിസഹമല്ല. ഇവിടെയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി നവലിബറൽ നയങ്ങൾ തകർത്ത ഇന്ത്യയിലെ തൊഴിൽ രംഗത്തെ സംബന്ധിച്ച ഭൗതിക താല്പര്യങ്ങൾ മനസ്സിലാകുക. ഇന്ത്യയിലെ പൊതുമേഖലാ തൊഴിലവസരങ്ങൾ 1996-97 ൽ 1.95 കോടിയായിരുന്നെങ്കിൽ 2016-17 ൽ അത് 1.76 കോടിയായി കുറഞ്ഞു. എന്നാൽ ഈ പൊതു മേഖലാ തൊഴിലവസരങ്ങളിൽ നിയമനങ്ങൾ നടക്കാത്തത് മൂലം ഇപ്പോൾ തന്നെ 44% പേരും സംവരണമില്ലാത്ത താൽക്കാലിക തൊഴിലാളികളുമാണ്. ഈ കാലയളവിലെ ജനസംഖ്യാ വർദ്ധനവ് കൂടി കണക്കിലെടുത്താൽ സ്ഥിതി എത്ര ഗുരുതരമാണെന്ന് ബോധ്യമാകും. എന്നാൽ അതെ സമയം ഈ കുറവ് നികത്താൻ സ്വകാര്യ മേഖലക്ക് കഴിഞ്ഞതുമില്ല. ഏറ്റവും പ്രധാനപ്പെട്ട എട്ടു മേഖലകളിലെ തൊഴിലുൽപ്പാദനം 2011-12ൽ 7 ലക്ഷമായിരുന്നത് 2014 -15 ആയപ്പോഴേക്കും 1.55 ലക്ഷമായി കുറയുകയും ചെയ്തു.(ലേബർ ബ്യുറോയുടെ കണക്ക്). ഇതോടൊപ്പമാണ് സ്വകാര്യ മേഖലയിലെ കൂലിയിലുണ്ടാകുന്ന ഭീമമായ കുറവും പരിഗണിക്കേണ്ടത്. 2011-12 ലെ കണക്കു പ്രകാരം പൊതു മേഖലയിലെ ശരാശരി വരുമാനം 945 രൂപയാണെങ്കിൽ സ്വകാര്യ മേഖലയിൽ അത് വെറും 388 രൂപ മാത്രമാണ്. പൊതു മേഖലാ തൊഴിലാകട്ടെ ആകെ തൊഴിലിന്റെ വെറും 4.5 ശതമാനം മാത്രമാണ് താനും. (കേരളത്തിൽ 16 %). കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കു പ്രകാരമാകട്ടെ ബിരുദ ധാരികളിൽ തൊഴിലില്ലായ്മ 15 ശതമാനവും നിരക്ഷരരിൽ അത് 2.5 ശതമാനവുമാണ്. ഇതേ കാലയളവിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും ഏതാണ്ട് പൂർണമായും സ്വാശ്രയവൽക്കരിക്കപ്പെടുകയും ചെയ്യുന്നത്. ഈ സാമൂഹ്യ സാഹചര്യത്തിലാണ് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി പൊതുമേഖലയിലെ സമ്മർദ്ദം രൂക്ഷമാവുകയും പുതിയവിഭാഗങ്ങൾ പോലും സംവരണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്യുന്നത്. ഈ സമരങ്ങളിൽ മുതലെടുപ്പ് നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി പുതിയ ബില്ല് കൊണ്ടുവരുന്നത്. ഇവിടെ യഥാർത്ഥ വില്ലനായ നവലിബറൽ സാമ്പത്തിക നയങ്ങളെ അഭിസംബോധന ചെയ്തത് ഇടതുപക്ഷം മാത്രമാണ്. എന്നാൽ യഥാർത്ഥ പ്രശ്നത്തെ മറച്ചുവെച്ചുകൊണ്ട് ഇതിനെ കേവലമൊരു ജാതി പ്രശ്നമായി മാത്രം കാണുകയും നവലിബറൽ നയങ്ങൾ എന്ന പദപ്രയോഗത്തെ പോലും പരിഹാസ്യമായി കാണുകയും ചെയ്യുകയാണ് ഈ രംഗത്തെ പലരും. ഈ വസ്തുനിഷ്ഠ സാഹചര്യത്തിൽ വേണം സംവരണത്തെ പരിശോധിക്കാൻ.
         
സംവരണം എന്നത് ചരിത്രത്തോടുള്ള പകരംവീട്ടലോ ജാതിപ്രശ്നത്തിനുള്ള പരിഹാരമോ അല്ല. ഒരു ബൂർഷ്വാ ലിബറൽ ജനാധിപത്യ വ്യവസ്ഥ മുന്നോട്ടു വെക്കുന്ന മിനിമം പ്രാതിനിധ്യ സംവിധാനം മാത്രമാണത് (അതുകൂടി ഇല്ലായിരുന്നെങ്കിലോ എന്നല്ലേ ? അതുണ്ട് , ഉണ്ടാകണം, പക്ഷെ അതു  മാത്രം മതിയാവില്ല). ഇന്ത്യൻ സമൂഹത്തിലെ നിരവധിയായ ചൂഷണരൂപങ്ങളിൽ പ്രധാനമായ ഒന്നാണ് ജാതി. അതുകൊണ്ടു തന്നെ ജാതി അടിസ്ഥാനത്തിലെ സംവരണവും ആവശ്യമാണ്(ഇന്ത്യയിലിപ്പോൾ സംവരണം ജാതി അടിസ്ഥാനത്തിൽ അല്ലെന്നും എസ്‌സി, എസ്‌ടി, ഒബിസി തുടങ്ങിയ വർഗ്ഗീകരണങ്ങളിലാണെന്നതും ഓർക്കുമല്ലോ). പക്ഷെ ജാതി മാത്രമല്ല ചൂഷണത്തിന്റെ അടിസ്ഥാനം. അത് വർഗ്ഗപരവും, ലിംഗപരവും, ഭൂഭാഗപരവും, ഭാഷാപരവും, മതപരവും ഒക്കെയായി കെട്ടുപിണഞ്ഞുകിടക്കുന്നവ കൂടിയാണ്. സ്വാഭാവികമായും അത്തരം സംവരണങ്ങളും ഒരു ബൂർഷ്വാ ജനാധിപത്യത്തിൽ ആവശ്യമായി വരും( വിദ്യാഭ്യാസ മേഖലയിൽ വടക്കു കിഴക്കൻ, കാശ്മീർ, ഭാഷാന്യൂനപക്ഷം, മതന്യൂനപക്ഷം തുടങ്ങിയ വിഭാഗങ്ങൾക്ക് ഇപ്പോൾ തന്നെ സംവരണമുണ്ട്). ഇത്തരം സംവരണങ്ങളൊക്കെ മ്യൂച്ച്വലി എക്സ്ക്ലൂസിവ് ആണെന്ന വാദം ഇതിലേതെങ്കിലും ഒരു ചൂഷണരൂപത്തെ മാത്രം സവിശേഷവൽക്കരിക്കലാണ്.

പട്ടേൽ സമര നേതാവ്‌ ഹാർദിക്‌ പട്ടേൽ

പട്ടേൽ സമര നേതാവ്‌ ഹാർദിക്‌ പട്ടേൽ


          
ഏതു ചൂഷണ വ്യവസ്ഥയുടെയും ആഘാതം ഏറ്റവും കൂടുതൽ ഏൽക്കുക ആ ശ്രേണിയുടെ താഴേത്തട്ടിലെ വിഭാഗങ്ങൾക്കാണ്. ജാതിയുടെ കാര്യത്തിൽ ആകട്ടെ ഈ ശ്രേണീബദ്ധതയെ ശുദ്ധാശുദ്ധി സങ്കല്പങ്ങളുമായി ബന്ധിക്കുകയും പ്രജനനാടിസ്ഥാനത്തിൽ ദൃഢവത്ക്കരിക്കുകയും ചെയ്‌തതാണ്. ജാതി ചരിത്രാതീതകാലം മുതൽ മാറ്റമില്ലാതെ തുടരുന്നതും ലോകാവസാനം വരെ നീണ്ടുനിൽക്കാൻ പോകുന്നതും ആണെന്ന മുൻവിധിയിലാണ് പല ജാതി ചർച്ചകളും മുന്നേറുന്നത്. വസ്തുനിഷ്ഠമായ വിലയിരുത്തലിൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് കാണാനാവും. ചരിത്രത്തിൽ സ്തംഭിച്ചുപോയൊരു ചൂഷണരൂപമൊന്നുമല്ല ജാതി. ജാതി ഒരു ചൂഷണരൂപമായി പ്രവർത്തിക്കുന്നത്‌ ഒരു സാമൂഹ്യവ്യവസ്ഥക്കകത്താണ്. അതായത് ഫ്യൂഡലിസത്തിനകത്തോ മുതലാളിത്തത്തിനകത്തോ ഒക്കെയേ ജാതിക്ക്‌ ഒരു ചൂഷണവ്യവസ്ഥയായി നിൽക്കാനാകൂ. അല്ലാതെ ജാതിക്ക്‌ വ്യവസ്ഥാനിരപേക്ഷമായൊരു ചൂഷണജീവിതമൊന്നും സാധ്യമല്ല. ഈ ജാതി നിലയാകട്ടെ സാമൂഹ്യ വ്യവസ്ഥകളോട് പ്രതികരിക്കുന്നതും കാലത്തിനനുസരിച്ച് മാറുന്നതുമാണ് . ഉദാഹരണത്തിന് ജാട്ടുകളുടെ കാര്യമെടുക്കുക. എട്ടാം നൂറ്റാണ്ടിൽ ചണ്ഡാള ആദിവാസി വിഭാഗങ്ങൾക്കൊപ്പം കാലിമേച്ചിരുന്ന ജാട്ടുകൾ പതിനൊന്നാം നൂറ്റാണ്ടായപ്പോഴേക്കും ശൂദ്രരായി ഉയർത്തപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ അവർ കൃഷിക്കാരായ വൈശ്യരായി അറിയപ്പെടാൻ തുടങ്ങി. കൊളോണിയൽ കാലത്ത് അവർ ക്ഷത്രിയ പദവി ഉയർത്തിപ്പിടിക്കുകയും പോരാടുകയും ചെയ്തു.   

ഇന്ത്യൻ കൊളോണിയലിസം ഫ്യൂഡൽ വ്യവസ്ഥയിലെ ചൂഷണരൂപമായ ജാതിയെ തകർക്കുന്നതിന് പകരം (പലപ്പോഴും തെറ്റായി ധരിക്കുന്നതു പോലെ മുതലാളിത്തത്തിന് സാമൂഹ്യജീർണതയെ തച്ചുതകർക്കുന്ന പണിയൊന്നും ഇല്ല, പറ്റുന്നിടത്തൊക്കെ അതു ജാതിയുൾപ്പടെ എല്ലാ സാധ്യതകളെയും ലാഭകേന്ദ്രീകരണത്തിനായി ഉപയോഗിക്കും, അതിനു തടസ്സമായാൽ തച്ചു തകർക്കുകയും ചെയ്യും) തങ്ങൾക്കനുകൂലമായ വിധം മെരുക്കിയെടുക്കുകയാണുണ്ടായതു. 1901ൽ സെൻസസ് കമ്മീഷണറായിരുന്ന റിസ്‌ലി  വ്യത്യസ്ത ജാതികളെ അവയുടെ വർണസ്ഥാനത്തിലും പ്രാദേശിക പശ്ചാത്തലത്തിലും ശ്രേണീവൽക്കരിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ഇന്ത്യയിൽ ജാതി‐സമുദായ സംഘടനകൾ ശക്തമാവുകയും തങ്ങളുടെ സ്ഥാനം ജാതിശ്രേണിയിൽ ഉയർത്താനായി ഇടപെടുകയും തങ്ങളുടെ പേരുകൾ സംസ്കൃതവത്കരിക്കുകയും ചെയ്യുന്നത്. 1921 വരെ ഈ ശ്രമങ്ങൾ തുടർന്നു. കൂർമ്മികൾ, കച്ചികൾ, ലോധുകൾ, ആഹിറുകൾ തുടങ്ങി ഇന്നത്തെ പിന്നോക്ക ജാതികൾ പലതും അന്ന് ക്ഷത്രിയരാകാൻ ശ്രമിച്ചവരാണ്.

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് സൈന്യത്തിലേക്കുള്ള നിയമനം വർദ്ധിച്ചത്‌ ഈ ക്ഷത്രിയ വാദത്തിന്റെ വേഗം കൂട്ടി. ഈ ജാതിക്കൂട്ടങ്ങൾ തങ്ങളുടെ ആൾബലം കൂടുന്നതിനും സമ്മർദ്ദശക്തിയായി മാറുന്നതിനും ജാതിശ്രേണിയിലെ സമാനതട്ടുകളെ ഒന്നിച്ചു ചേർക്കാൻ മുൻകൈ എടുക്കുകയും, ഒന്നിച്ചു ഒരേ 'പേരിൽ' അറിയപ്പെടാൻ ആരംഭിക്കുകയും, പരസ്പരം വിവാഹം ഉൾപ്പടെയുള്ള ജാതി ലയങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. 1895 ൽ ആരംഭിച്ച ക്ഷത്രിയ മഹാജന സംഘം 1910 ൽ നാടാർ മഹാസംഘമായി മാറുകയും സമാന ജാതികളെ മുഴുവൻ 'നാടാർ'വൽക്കരിക്കയും തമിഴ്‌നാട്ടിലെ നിർണ്ണായക ജാതിക്കൂട്ടമായി മാറുകയും ചെയ്തു. 1947ൽ ഗുജറാത്തിൽ 'ഗുജറാത്ത് ക്ഷത്രിയമഹാസഭ'യുടെ കീഴിൽ താരതമ്യേന ഉയർന്ന ജാതികളായ കേളികളും കീഴ്ജാതിക്കാരായ രാജ്‌പുത്തുക്കളും ഒന്നിക്കുകയും പരസ്പര വിവാഹത്തിലൂടെ ക്ഷത്രിയ സമുദായമായി അറിയപ്പെടുകയും ചെയ്തു. 1960 ൽ തമിഴ്‌നാട്ടിലെ കല്ലൻ, മറവർ, അഗമുഡിയർ എന്നീ മൂന്നു പിന്നോക്ക ജാതികൾ പരസ്പരം ഒന്നിക്കുകയും മുക്കുളതോർ എന്ന പൊതു പേരിൽ അറിയപ്പെടുകയും ചെയ്തു. കേരളത്തിലെ നായന്മാർ, മഹാരാഷ്ട്രയിലെ മറാത്തകൾ തുടങ്ങി വേറെയും ഉദാഹരണങ്ങൾ. ആഹിർ, ഗാവലി, ഗോല തുടങ്ങിയ വ്യത്യസ്ത കാലിമേക്കൽ ഉപജീവനമായ ജാതികളും പിന്നീട് 'യാദവരായി' പരിണമിച്ചു. 1912ൽ ബീഹാറിൽ സ്ഥാപിതമായ ഗോപ് ജാതീയ മഹാസഭ, ആഹിറുകൾ ക്ഷത്രിയരാണെന്നു പ്രഖ്യാപിക്കുകയും പൂണൂൽ ധരിക്കാൻ ആരംഭിക്കുകയും ചെയ്തു.

ജാട്ട്‌ വിഭാഗക്കാർക്ക്‌ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം

ജാട്ട്‌ വിഭാഗക്കാർക്ക്‌ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം


          
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ ഭാഗമായി പ്രാദേശിക നിയമനിർമ്മാണ സഭകളിലെ സീറ്റുകൾ ദലിതർക്കായി സംവരണം ചെയ്യപ്പെട്ടു. 1935ലെ GOI ആക്ടിന്റെ ധവളപത്രത്തോട് പ്രതികരിച്ചുകൊണ്ട് ആഗ്ര ആസ്ഥാനമാക്കിയ ജാതവ കോൺഫറൻസ് അന്നത്തെ ഇന്ത്യാ ഗവണ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിക്ക് ഒരു നിവേദനം നൽകി, അതിൽ ഇങ്ങനെ പറയുന്നു. 

"The jatavas are the descendants of Yadu the founder of Jatav tribe, from which the great hero of Mahabharath Lord Krishna came. But this position of superiority could not remain intact. Our community fell down from that great height to this degraded status in the hindu fold. Our present position is the outcome of the age long inhuman oppression of the Brahmanism on Kshathriyas. We Kshathriyas of the past are labouring under various sorts of disabilities, restrictions and religious injunctions imposed on us by the Orthodox Hindus. But we are at loss to understand the exclusion of our jatav community from the list of Scheduled castes given in the White Paper. The result of this horrible negligence would, no doubt, be the sacrifice of the interests of our community"

‐ അതായത് സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ഉയർത്തുമ്പോൾ തന്നെ സംസ്കൃതവൽക്കരണത്തിന്റെ നിലപാടുകളായിരുന്നു സാമുദായിക സംഘടനകൾ സ്വീകരിച്ചതെന്ന് വ്യക്തമാകുന്നു.

അതായതു നമ്മളിന്ന് കാണുന്ന ദലിത്(SC), ആദിവാസി(ST) വർഗീകരണം പോലും ഒരു കൊളോണിയൽ ഉല്പന്നമാണ്. 1870കളിൽ മദിരാശി പ്രവിശ്യയിൽ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സൂചിപ്പിക്കാനാണ് backward 'class' എന്ന പദം ഉപയോഗിച്ച് തുടങ്ങിയതു. 39 സമുദായങ്ങളുമായി തുടങ്ങിയ ലിസ്റ്റ് 1920കളോടെ 131 സമുദായങ്ങളായി വികസിച്ചു. ഈ കാലത്തു സജീവമായ പിന്നോക്ക ജാതി മുന്നേറ്റങ്ങൾ (പലപ്പോഴും ഓറിയന്റലിസ്റ്റ്  സിദ്ധാന്തങ്ങളുടെ പിൻബലത്തോടെ) തങ്ങൾ ആദിമവിഭാഗങ്ങൾ ആയതിനാൽ പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയും തുടർന്ന് 1925 ൽ ബാക്ക് വാർഡ് ക്ലാസ്സിനെ തന്നെ depressed class( untouchables and tribes) and castes other than drepressed classes ആയി തരം തിരിക്കുകയും ചെയ്‌തു. ഇതേ മാതൃക ഇന്ത്യയിലുടനീളം ആവർത്തിച്ചു. 1935 ലെ Govt of India Act ഓടെ 'തൊട്ടുകൂടാത്തവർ' scheduled caste ആയി മാറി. ചുരുക്കി പറഞ്ഞാൽ അംബേദ്‌കർ പറയുന്ന ഗ്രേഡെഡ് ഇൻഇക്വാലിറ്റിയിലെ ആദിവാസികൾക്ക് മുകളിലെ കുറച്ചു തട്ടുകളുടെ കൊളോണിയൽ കാല വർഗ്ഗീകരണത്തിന്റെ പേരാണ് scheduled caste എന്നതു. ഇതാകട്ടെ നിരവധിയായ ഉൾപ്പിരിവുകളും ശ്രേണീ ബദ്ധമായ വർഗ്ഗസ്ഥാനങ്ങളും ഒക്കെ ഉൾച്ചേർന്ന ഒരു വർഗ്ഗീകരണവുമാണ്. ഉദാഹരണത്തിന് ആന്ധ്രയിലെ രണ്ടു ദളിത് ജാതികളായ മാലകളും മദിഗകളും തമ്മിലെ സംഘർഷം. തെലങ്കാനയിലെ ഗോണ്ട് ആദിവാസികളും ലമ്പാടാ ആദിവാദികളും തമ്മിലെ സംഘർഷം ഇപ്പോഴും രക്തരൂക്ഷിതമായി തുടരുകയാണ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ സംവരണത്തിന്റെ ഗുണഫലം മുഴുവൻ ലഭ്യമാകുന്നത് താരതമ്യേന ഭൂവുടമകളായ കുറുമാ‐കുറിച്യാ വിഭാഗങ്ങൾക്കാണ്; പണിയർ ആകട്ടെ ഈ ഗുണഫലങ്ങൾക്ക് പുറത്തുമാണ്. സിവിൽ സർവീസ് മേഖലയിലെ മീണാ ആദിവാസികളുടെ അപ്രമാദിത്തം നിരവധിതവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ നിലനിൽക്കുന്ന സംവരണ വിഭജനത്തിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാനാകും. 

വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തെ ആസ്‌പദമാക്കിയ ‘സ്ലേവ്‌ ജനസിസ്‌’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌

വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തെ ആസ്‌പദമാക്കിയ ‘സ്ലേവ്‌ ജനസിസ്‌’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌


             
മുതലാളിത്ത ചൂഷണ വ്യവസ്ഥക്കകത്ത്‌ ബൂർഷ്വാ ലിബറൽ ജനാധിപത്യം നൽകുന്ന പരിമിതമായൊരു ആശ്വാസം മാത്രമാണ് സംവരണം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലെ ജനവിഭാഗങ്ങളിൽ തങ്ങളും ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന വിശ്വാസം നിലനിർത്താൻ ലക്ഷ്യംവെക്കുന്ന ഒന്ന്. അതിനപ്പുറം ജാതിപ്രശ്നത്തെ പരിഹരിക്കാനോ, ഉത്പാദനബന്ധങ്ങളെ മാറ്റിമറിക്കാനോ ഒന്നുമുള്ള പരിവർത്തന ശേഷി ഒരു സംവരണത്തിനും ഇല്ല.

ഇനി അത് സമ്പൂർണ പ്രാതിനിധ്യം സാധ്യമാക്കുമെന്നാണെങ്കിൽ അതിനും സാധ്യതയില്ല. മേൽസൂചിപ്പിച്ച വിധം  SC/ST എന്നത് കൊളോണിയൽ ഭരണതീരുമാനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരു കാറ്റഗറിയാണ്. ഇതിനകത്ത്‌ നിരവധിയായ ശ്രേണികളും, അവയ്ക്കിടയിൽത്തന്നെ മേൽ‐കീഴ്‌ ബന്ധങ്ങളുമൊക്കെ നിലനിൽക്കുന്നുണ്ട്. അതായത് ഫ്യൂഡൽ വ്യവസ്ഥ മുതൽ മാറ്റമില്ലാതെ തുടരുന്ന ചൂഷണവ്യവസ്ഥയല്ല ജാതി. അത് സാമൂഹ്യവ്യവസ്ഥയോട് സംവദിക്കുന്നതും ചലനാത്മകവുമാണ്. സാമൂഹ്യവ്യവസ്ഥക്കനുസരിച്ചു ഓരോ ഘട്ടത്തിലും ജാതിക്കോയ്മകൾക്കകത്ത്‌ വ്യതിരിക്തതകൾ സംഭവിക്കും. ഒന്നാം ലോക മഹായുദ്ധകാലത്തു പട്ടാളത്തിൽ ചേരാനായി ക്ഷത്രിയ സ്റ്റാറ്റസ് ആവശ്യമായിരുന്നു ജാതിക്കൂട്ടങ്ങൾ ഉയർത്തിയതെങ്കിൽ ഇന്ന് പ്രബല ജാതികളായ പട്ടീദാർമാരും മറാത്തകളും കാപ്പുകളും എല്ലാം തങ്ങൾക്ക് ഒബിസി സ്റ്റാറ്റസ്‌ നൽകണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. ചുരുക്കിപ്പറഞ്ഞാൽ നിലനിൽക്കുന്ന ജാതിയെന്ന ചൂഷണ രൂപത്തെ മുതലാളിത്ത ചൂഷണവ്യവസ്ഥ ഉപയുക്തമാക്കുകയും സാമൂഹ്യവ്യവസ്ഥയിലെ മാറ്റങ്ങൾ ജാതിബന്ധങ്ങളിലും പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിരാകരിച്ചുകൊണ്ടാണ് ജാതിയെന്നത് ആയിരക്കണക്കിന് (?) വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ചൂഷണത്തിന്റെ പരമമായ രൂപമാണെന്നും സമൂഹം നിരവധി ജാതിക്കൂട്ടങ്ങളുടെ ആകെത്തുക മാത്രമാണ് എന്നുമുള്ള രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നത്.

സമൂഹം ജാതിക്കൂട്ടങ്ങളുടെ ആകെത്തുക മാത്രമാണെന്നും, ജാതി മാത്രമാണ് ചൂഷണത്തിന്റെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ഒരേയൊരു രൂപമെന്നുമുള്ള ധാരണയിൽ നിന്ന് നോക്കുമ്പോഴാണ് ജാതി മാത്രമാകണം സംവരണത്തിന്റെ ഒരേയൊരാധാരം എന്ന ചിന്ത വരുന്നത്. ജാതി മിക്കവാറും ഒരു ഇന്ത്യൻ പ്രതിഭാസമാണ് അതില്ലാത്ത മറ്റിടങ്ങളിലും സമാനമായ ഉച്ഛനീചത്വങ്ങളും ഭേദഭാവങ്ങളും മുതലാളിത്തം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇനി ജാതി ഇന്ത്യയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായാൽ പോലും ഒരു മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് പുതിയ ചൂഷണ രൂപങ്ങൾ ആവിർഭവിക്കുകയോ പഴയവ കൂടുതൽ ശക്തമാകുകയോ ചെയ്യുകയേയുള്ളൂ. അതായത് ജാതി ഒരു വൈയക്തിക മാനസികാവസ്ഥ മാത്രമല്ല; അതിനെ ദൃഢവത്കരിക്കുന്ന വ്യവസ്ഥാ പിന്തുണയും അതിനുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങളിലെ നാമമാത്രമായ ഒരു വിഭാഗത്തിന് മാത്രമാണ് സംവരണത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാകുക. അതുകൊണ്ട് തന്നെ വളരെ പരിമിതമായ സാധ്യത മാത്രമുള്ള സംവരണം കൊണ്ട് ജാതിവ്യവസ്ഥക്കോ ജാതിചിന്തക്കോ എന്തെങ്കിലും പോറൽ പോലും ഏൽപ്പിക്കാൻ സാധ്യമല്ല. പിന്നെയുള്ളത് ഇത്തരം സ്ഥാപനങ്ങളിൽ പ്രാതിനിധ്യമുണ്ടാകുകയെന്ന പരിമിതമായ ലക്ഷ്യമാണ്. ഒരു സർക്കാർ തൊഴിലും കേവലമായ അധികാര പ്രാതിനിധ്യം ഒരു സമുദായത്തിനാകെ ലഭ്യമാക്കുന്നില്ല. ദളിതൻ പ്രസിഡന്റായാൽ പോലും രാജ്യത്തെ അധികാര സമവാക്യങ്ങൾ നിയന്ത്രിക്കുന്നത് ഇവിടുത്തെ ഭരണവർഗം തന്നെയാകും. ഇനി വാദത്തിനു ഈ അധികാര പ്രാതിനിധ്യ ലക്‌ഷ്യം അംഗീകരിച്ചാലും അവിടെ ജാതി അടിസ്ഥാനത്തിലെ പ്രാതിനിധ്യം മാത്രം മതിയോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. തോമസ് പിക്കറ്റിയും ലൂക്കാസ് ചാൻസലും ചേർന്ന് നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ അസമത്വം 1922നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോഴെന്നാണ്. ഏറ്റവും സമ്പന്നരായ ഒരു ശതമാനം മൊത്തം സമ്പത്തിന്റെ 22 ശതമാനവും കൈവശംവയ്ക്കുന്നു. ഏറ്റവും ദരിദ്രരായ 50 ശതമാനത്തിന്റെ കൈവശം ആകെയുള്ളത് സമ്പത്തിന്റെ വെറും 4.5 ശതമാനം മാത്രമാണ്. സ്വാഭാവികമായും ജനസംഖ്യയുടെ 25 ശതമാനം വരുന്ന ദളിത്-ആദിവാസി വിഭാഗങ്ങൾ മാത്രമല്ല ഇതിലുള്ളത്‌(എല്ലാ ദളിതരും ഈ 50%ൽ ഉൾപ്പെടുകയുമില്ല. 500 മില്യൺ ഡോളർ ആസ്തിയുള്ള രാജേഷ് സാരായിയും, ഭഗവാൻ ഗവായിയും, സുഷിൽ പാട്ടിലും ഉൾപ്പെടുന്ന ദളിത് ചേംബർ ഓഫ് കൊമേഴ്‌സിൽ ചുരുങ്ങിയത്‌ ആയിരം പേരെങ്കിലും 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്). ജാതി സംവരണം പാലിക്കുന്ന ഇന്ത്യൻ പാർലമെന്റിലെ 80% എംപി മാരും കോടീശ്വരന്മാരാണ്. അതായത് ഇന്ത്യൻ അധികാര സ്ഥാനങ്ങളിൽ നിന്നും സാമ്പത്തിക വിതരണത്തിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളും പൂർണമായും പിന്തള്ളപ്പെടുന്നു. അവരുടെ പ്രാതിനിധ്യം എവിടെയും എത്തുന്നില്ല.
            
പറയാൻ ശ്രമിച്ചത് ഇത്രയുമാണ് ജാതി മാത്രമല്ല ഇന്ത്യയിലെ ചൂഷണത്തിന്റെ ഏക രൂപം. ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ നിരവധിയായ വ്യതിരിക്തതകളെ ചൂഷണോപാധിയായി മുതലാളിത്തം ഉപയോഗിക്കുന്നുണ്ട്. അവയോരോന്നിനോടും പ്രതിവിവേചനം ആവശ്യമായി വരും. അതിനുള്ള ഉപാധിയാണ് സംവരണം. എന്നാൽ സംവരണമെന്ന ബൂർഷ്വാ ഡെമോക്രാറ്റിക് പ്രതിവിധിക്ക് ഈ ചൂഷണങ്ങളെ അവസാനിപ്പിക്കാനോ മുറിച്ചുകടക്കാനോ ഉള്ള ശേഷിയില്ല. അത് പരിമിതമായ ആശ്വാസം മാത്രമാണ് പ്രദാനം ചെയ്യുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷവും ദരിദ്ര നാരായണന്മാരാണ്. അവരുടെ ഐക്യത്തിലൂടെ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് മാത്രമേ നമുക്കീ ചൂഷണങ്ങളെ മറികടക്കാനാകൂ. 99 ശതമാനം വരുന്ന ദളിതരെയും ആദിവാസികളെയും ബാധിക്കുന്ന ഭൂമി, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മുദ്രാവാക്യങ്ങളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മധ്യവർഗ്ഗ ബുദ്ധിജീവികൾ സംവരണ പ്രശ്നത്തിൽ വൈകാരികമാകുന്നത് അവരുടെ വർഗ്ഗ നിലപാടിന്റെ തന്നെ ഉദാഹരണമായേ കാണാനാകൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top