20 May Friday

മഹാസ്മരണയോട് അനാദരം

അഡ്വ. ടി കെ ശ്രീനാരായണദാസ്‌Updated: Monday Jan 17, 2022

റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ടിൽ ശ്രീനാരായണ ഗുരുവിനു പകരം ശങ്കരാചാര്യർ എന്ന ജൂറിയുടെ നിലപാട് നിർഭാഗ്യകരമാണ്. പ്രതിഷേധാർഹമാണ്. മലയാളിയുടെ ജീവിതവീഥിയിൽ പ്രകാശം പരത്തുന്ന മഹാസ്മരണയോടുള്ള അനാദരംകൂടിയാണ്. ഗുരുമഹത്വത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊണ്ടുകൊണ്ട് കേരളീയരുടെ അഭിമാനത്തിന്റെ പ്രതീകമായി ഗുരുവിന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം അഭിനനന്ദനീയവും സ്വാഗതാർഹവുമാണ്.

ആധുനിക കേരള സൃഷ്ടിക്ക്‌ വഴിതെളിച്ച ഗുരുദേവന്റെ നവോത്ഥാന കാഴ്ചപ്പാട് ഭരതത്തിനും ലോകത്തിനും മാതൃകയാണ്.മഹാപുരഷന്മാർ‍ താരതമ്യങ്ങൾക്ക്‌ അതീതരാണ്. "സരളാഭ്വയ ഭാഷ്യകാരൻ' എന്നാണ് ശങ്കരാചാര്യരെ ഗുരു വിശേഷിപ്പിക്കുന്നത്. അദ്വൈതദർശനവും ജാതിവ്യവസ്ഥയും പരസ്‌പരവിരുദ്ധമായ രണ്ട് കാഴ്ചപ്പാടാണ്. ശങ്കരാചാര്യരുടെ അദ്വൈതത്തോട് പൂർണമായി യോജിക്കുമ്പോൾ തന്നെ ജാതിനിഷ്ഠമായ കാഴ്ചപ്പാടുകളെ ഗുരു അംഗീകരിച്ചതുമില്ല. ശുദ്ധമായ അദ്വൈതവീക്ഷണം അവതരിപ്പിച്ചുകൊണ്ട് സർവമത സാഹോദര്യത്തിന്റെ പ്രായോഗികതലമാണ് ഗുരു തുറന്നുനൽകിയത്. ആലുവാ അദ്വൈതാശ്രമത്തിൽ നടന്ന ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനത്തിലൂടെ മതസാഹോദര്യത്തിനു വേണ്ടിയുള്ള മഹത്തായ ഉദ്ബോധനമാണ് നടത്തിയത്.

അദ്വൈതത്തെ പാടിപ്പുകഴ്ത്തിയ നാവുകൾ തന്നെയാണ് ചാതുർവർണ്യത്തിന് സ്തുതിഗീതങ്ങൾ ആലപിച്ചതും. ഇത് ഒരുതരം ദാർശനിക പ്രതിസന്ധിയാണ്. ഭാരതീയ ദാർശനിക ദുരന്തങ്ങളെ ധീരമായി നേരിട്ട സന്യാസിമാരുടെ ഗണത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം. ഗുരു ദാർശനികവിപ്ലവം സൃഷ്ടിച്ചത് ദാർശനിക വൈക-ൃതങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ്. അദ്വൈതത്തിന്റെ മറവിൽ ജാതിപ്രമാണങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുന്നുണ്ട്. മാനവിക ഐക്യം ആത്മീയതയുടെ ലക്ഷ്യമായി അംഗീകരിച്ചുകൊണ്ട് സങ്കുചിത മതവീക്ഷണത്തിന് അപ്പുറത്തുള്ള ഏകത്വദർശനമാണ് ഗുരു മുന്നോട്ടുവച്ചത്.

മതാധിഷ്ഠിത വീക്ഷണത്തിനും മതേതരത്വത്തിനുംകൂടി ഒന്നിച്ചുനിൽക്കാനാകില്ല്ല. സമത്വാധിഷ്ഠിതവും മതദ്വേഷ ജടിലവുമല്ലാത ഒരു സമൂഹത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പുതിയൊരു രാഷ്ട്രസങ്കൽപ്പത്തിന്റെ മാർഗരേഖകൂടിയാണ്. ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പുരോഗമനാത്മകവും ലക്ഷ്യോന്മുഖവുമായ മുന്നേറ്റത്തിൽ ഗുരുദർശനം കരുത്തുപകരുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top