15 July Wednesday

ആർസിഇപി കരാർ: കാർഷികമേഖലയ്‌ക്ക്‌ മരണമണി

വിജു കൃഷ്‌ണൻ Updated: Tuesday Nov 5, 2019


മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിന്‌ അന്തിമരൂപം നൽകാൻ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിച്ച്‌, കർഷകരും കർഷകത്തൊഴിലാളികളും ക്ഷീരകർഷകരും തൊഴിലാളികളും തോട്ടംമേഖലകളിൽ പണിയെടുക്കുന്നവരും പരമദരിദ്രരും അടക്കം കോടിക്കണക്കിനുപേരുടെ ജീവിതം ദുരിതപൂർണമാക്കാനുള്ള നീക്കമാണിത്‌. ഇന്ത്യ–-ആസിയാൻ കരാർ അടക്കം ഒട്ടേറെ സ്വതന്ത്ര വ്യാപാരകരാറുകളുടെ മുഖ്യശിൽപ്പിയായ കോൺഗ്രസും ആർസിഇപിക്കെതിരെ പ്രതിഷേധം ഉയർത്തുന്നു. സംഘപരിവാറിനുള്ളിൽനിന്നും, ആർഎസ്‌എസ്‌–-ബിജെപി സംഘത്തിന്റെ സഹയാത്രികരിൽനിന്നു പോലും എതിർപ്പുയർന്നിരുന്നു. പ്രമുഖ കർഷകസംഘടനകളും ട്രേഡ്‌ യൂണിയനുകളും ആർസിഇപി കരാറിനെതിരെ സംയുക്തപ്രസ്‌താവനയുമായി രംഗത്തുവന്നിട്ടുണ്ട്‌. ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽസ്‌, എൻജിനിയറിങ്‌, ഇലക്‌ട്രോണിക്‌സ്‌ മേഖലകളിലെ വ്യവസായികളുടെയും നിർമാതാക്കളുടെയും സംഘടനകളും  കരാറിനെ എതിർക്കുന്നു. കേരള നിയമസഭ ആർസിഇപി കരാറിനെതിരെ പ്രമേയം പാസാക്കി. ഈ സാഹചര്യത്തിൽ കരാറിൽ ഇന്ത്യ തൽക്കാലം പങ്കാളിയാകില്ലെന്ന്‌ പ്രധാനമന്ത്രി ബാങ്കോക്കിൽ പറഞ്ഞെങ്കിലും ആശങ്കകൾ പൂർണമായി മാറിയിട്ടില്ല. കർഷകരുടെ പ്രശ്‌നങ്ങളേക്കാൾ കമ്പോളത്തിന്റെ പ്രശ്‌നങ്ങളിലാണ്‌ മോഡിക്ക്‌ ഇപ്പോഴും ഉൽക്കണ്‌ഠയുള്ളത്‌.

അഖിലേന്ത്യാ കിസാൻസഭയും ഇടതുപക്ഷ പാർടികളും തുടക്കംമുതൽ നവഉദാര സാമ്പത്തികനയങ്ങൾക്കും വാണിജ്യ മേഖലയുടെ ഉദാരവൽക്കരണത്തിനും എതിരെ ഉറച്ചനിലപാടാണ്‌ സ്വീകരിച്ചുവരുന്നത്‌. ആസിയാൻ സ്വതന്ത്ര വ്യാപാരകരാറിനെതിരെ കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റംവരെ മനുഷ്യച്ചങ്ങല സൃഷ്ടിച്ച്‌ ചരിത്രപരമായ പ്രതിഷേധം ഉയർത്തി. ഇന്ത്യ–-ശ്രീലങ്ക സ്വതന്ത്രവ്യാപാര കരാറും ഇന്ത്യ–-ആസിയാൻ സ്വതന്ത്ര വ്യാപാരകരാറും നമ്മുടെ തോട്ടംമേഖലയിൽ, പ്രത്യേകിച്ച്‌ തേയില, കാപ്പി, റബർ, സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം എന്നീ മേഖലകളിൽ വിതച്ച നാശം എല്ലാവർക്കും ബോധ്യമായതാണ്‌. ആസിയാൻ കരാർവഴി ഉണ്ടായതിനെക്കാൾ കൊടിയനാശമാണ്‌ ആർസിഇപി കരാർ വരുത്താൻ പോകുന്നത്‌.

ക്ഷീരമേഖലയിൽ ആർസിഇപി കരാറിന്റെ പ്രത്യാഘാതം ഇതിനകം ചർച്ചയായിട്ടുണ്ട്‌.  ക്ഷീരമേഖലയിൽ ഒതുങ്ങുന്നതല്ല ഇതിന്റെ കെടുതി. തോട്ടം, സെറികൾച്ചർ, ഫ്‌ളോറികൾച്ചർ, വിത്തുവ്യവസായം, ഔഷധമേഖല, ചെറുകിട–-ഇടത്തരം വ്യവസായങ്ങൾ, മത്സ്യബന്ധനം എന്നിങ്ങനെ സർവമേഖലയിലും ആർസിഇപി കരാർ രാജ്യത്തെ ജനങ്ങൾക്ക്‌ ഭീഷണിയാകും.


 

ദശലക്ഷക്കണക്കിന്‌ തൊഴിലാളികളെ ബാധിക്കും
കേരളം, കർണാടകം, തമിഴ്‌നാട്‌, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന്‌ കർഷകരും തൊഴിലാളികളും തോട്ടംമേഖലയെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌. വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കുന്നുവെന്നതാണ്‌ തോട്ടംമേഖലയുടെ സവിശേഷത. ഇന്ത്യയിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്ത്‌ തോട്ടം വിളകൾ കൃഷിചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. 21 ലക്ഷം ഹെക്ടറിൽ നാളികേരവും ഉൽപ്പാദിപ്പിക്കുന്നു. നിലക്കടല, എണ്ണപ്പന, കടുക്‌, സൂര്യകാന്തി, സോയാബീൻ എന്നിവ കൃഷി ചെയ്യുന്നവരെ ആർസിഇപി കരാർ ദോഷകരമായി ബാധിക്കുമെന്നതാണ്‌ അനുഭവം. കുറഞ്ഞ വിലയിൽ പാമോയിൽ പുറത്തുനിന്ന്‌ വന്നതിനെത്തുടർന്ന്‌ രാജ്യത്തെ കർഷകർക്കുണ്ടായ തകർച്ച കൺമുന്നിലുണ്ട്‌.

1998 ഡിസംബറിൽ ഒപ്പിടുകയും 2000 മാർച്ചിൽ പ്രാബല്യത്തിൽ വരികയുംചെയ്‌ത ഇന്ത്യ–-ശ്രീലങ്ക സ്വതന്ത്രവ്യാപാര കരാർ (ഐഎസ്‌എഫ്ടിഎ) രാജ്യത്തെ, പ്രത്യേകിച്ച്‌ കേരളത്തിലെ തോട്ടംമേഖലയ്‌ക്ക്‌  തുടക്കംമുതൽ ദോഷകരമായി മാറി. തേയില, കുരുമുളക്‌, കാപ്പി, റബർ, ഏലം, നാളികേരം, അടയ്‌ക്ക എന്നിവയുടെ വില ഇടിയുകയും പ്രതിസന്ധിയിലായ കർഷകർ ആത്മഹത്യയിലേക്ക്‌ നീങ്ങുകയും ചെയ്‌തു. 2001 ഏപ്രിലിൽ ലോകവ്യാപാര സംഘടനയുടെ തീരുമാനപ്രകാരം  ഇറക്കുമതിയിലെ അളവുപരമായ നിയന്ത്രണം എടുത്തുകളഞ്ഞത്‌ ഈ വിളകളെ വർധിച്ചതോതിലുള്ള ആഗോളതല മത്സരത്തിന്‌ വിധേയമാക്കി. ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും 2009ൽ അന്നത്തെ കോൺഗ്രസ്‌ സർക്കാർ ആസിയാൻ കരാറിൽ ഒപ്പിട്ടു; പ്രതിപക്ഷമായിരുന്ന ബിജെപി പിന്തുണയും നൽകി. ഇതോടെ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടം വിളകളും സുഗന്ധവ്യഞ്ജനങ്ങളും കുറഞ്ഞ വിലയിൽ ഇന്ത്യയിലേക്ക്‌ പ്രവഹിച്ചു. ഇതിൽ പ്രതിഷേധിച്ച കിസാൻസഭയെയും ഇടതുപക്ഷപാർടികളെയും കോൺഗ്രസും ബിജെപിയും ചേർന്ന്‌ പരിഹസിച്ചു.

2018–19ൽ ആർസിഇപി രാജ്യങ്ങളുമായി കുരുമുളകിന്റെ വ്യാപാരകമ്മി 415.31 കോടി രൂപയാണ്‌. നിലവാരം കുറഞ്ഞ വിയറ്റ്‌നാം കുരുമുളക്‌ ശ്രീലങ്ക വഴിയും നേപ്പാൾ വഴിയും എത്തുന്നതിനാൽ രാജ്യത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിലയിടിയുന്നു

ആസിയാൻ കരാർ തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. സ്വാഭാവിക റബർ, ഏലം, കാപ്പിയുടെ ചില തീരുവകൾ എന്നിവയെ ഒഴിവാക്കൽപട്ടികയിൽ ഉൾപ്പെടുത്തി. ആസിയാൻ രാജ്യങ്ങളിൽ ഇപ്പോൾ തേയിലയുടെയും കാപ്പിയുടെയും ഇറക്കുമതി തീരുവ 50 ശതമാനവും(ലോകവ്യാപാര കരാർപ്രകാരം മറ്റ്‌ രാജ്യങ്ങൾക്ക്‌ ഇത്‌ 100 ശതമാനമാണ്‌) കുരുമുളകിന്‌ 51 ശതമാനവുമാണ്‌ (ലോകവ്യാപാരകരാർ പ്രകാരം 70 ശതമാനം). അഞ്ച്‌ തോട്ടം വിളയിൽ സ്വാഭാവിക റബറും കുരുമുളകും ആർസിഇപി വരാതെ തന്നെ വ്യാപാരകമ്മി നേരിടുകയാണ്‌. ആസിയാൻ കരാറിന്റെ ഒഴിവാക്കൽ പട്ടിക-യിൽ ഉൾപ്പെടുത്തിയിട്ടും സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവ 25 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ നിൽക്കുന്നതിനാൽ വൻതോതിൽ ഇറക്കുമതി നടക്കുന്നു. ഇത്‌ സൃഷ്ടിക്കുന്ന വിലത്തകർച്ച കാരണം രാജ്യത്തെ റബർ കർഷകർക്ക്‌ പ്രതിവർഷം 5,000 കോടിരൂപയാണ്‌ നഷ്ടം.

2018–19ൽ ആർസിഇപി രാജ്യങ്ങളുമായി കുരുമുളകിന്റെ വ്യാപാരകമ്മി 415.31 കോടി രൂപയാണ്‌. നിലവാരം കുറഞ്ഞ വിയറ്റ്‌നാം കുരുമുളക്‌ ശ്രീലങ്ക വഴിയും നേപ്പാൾ വഴിയും എത്തുന്നതിനാൽ രാജ്യത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിലയിടിയുന്നു. ചെറുകിട കർഷകരും തോട്ടം ഉടമകളും ഉൽപ്പാദിപ്പിക്കുന്ന കാപ്പിയുടെ 75 ശതമാനവും ഇന്ത്യ കയറ്റുമതി ചെയ്യുകയാണ്‌. മൊത്തത്തിൽ ഇന്ത്യക്ക്‌ 4763.4 കോടിരൂപയുടെ വ്യാപാരമിച്ചമുണ്ട്‌, എന്നാൽ, ആർസിഇപി രാജ്യങ്ങളുമായി 164.35 കോടിരൂപയുടെ വ്യാപാരകമ്മിയാണ്‌. ഇന്ത്യൻ കർഷകരെയും തോട്ടം ഉടമകളെയും ആർസിഇപി കരാർ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ഇതിന്റെ അർഥം. ലോകത്തെ ഏറ്റവും വലിയ തേയില ഉൽപ്പാദകരായ ചൈനയിൽനിന്ന്‌ ഏതെങ്കിലും ആസിയാൻ രാജ്യംവഴി ഇന്ത്യയിലേക്ക്‌ തേയില പ്രവഹിക്കുമെന്ന ഭീതിയും നിലനിൽക്കുന്നു. ആഗോള ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ്‌ ചൈനയിലെ തേയില വ്യവസായം. ഇന്ത്യയിലെ ചെറുകിട തേയില ഉൽപ്പാദകരാകട്ടെ തകർച്ചയിലും.

തോട്ടം വിളകളുടെ ഇറക്കുമതിതീരുവയിൽ നിർദേശിച്ചിട്ടുള്ള വെട്ടിക്കുറയ്‌ക്കൽ യാഥാർഥ്യമായാൽ വ്യാപാരകമ്മി ഇതിലേറെ പെരുകും. കൃഷിച്ചെലവ്‌ കൂടുതലും വരുമാനം കുറവുമായതിനെ തുടർന്ന്‌ ഇതിനകം പ്രതിസന്ധിയിലായ കർഷകരെ കാത്തിരിക്കുന്ന സാഹചര്യം ഇതാണ്‌

തോട്ടം വിളകളുടെ കാര്യത്തിൽ ആർസിഇപി രാജ്യങ്ങളുമായി 2018–-19ൽ ഇന്ത്യയുടെ വ്യാപാരകമ്മി 5,716.64 കോടിരൂപയാണ്‌. ഈ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ നടക്കുന്ന ഇറക്കുമതിയുടെ മൂല്യം ഇന്ത്യയിൽനിന്ന്‌ അങ്ങോട്ടുള്ള കയറ്റുമതിയെക്കാൾ ഇത്രയും അധികമാണെന്ന്‌ ഈ കണക്ക്‌ വ്യക്തമാക്കുന്നു. തോട്ടം വിളകളുടെ ഇറക്കുമതിതീരുവയിൽ നിർദേശിച്ചിട്ടുള്ള വെട്ടിക്കുറയ്‌ക്കൽ യാഥാർഥ്യമായാൽ വ്യാപാരകമ്മി ഇതിലേറെ പെരുകും. കൃഷിച്ചെലവ്‌ കൂടുതലും വരുമാനം കുറവുമായതിനെ തുടർന്ന്‌ ഇതിനകം പ്രതിസന്ധിയിലായ കർഷകരെ കാത്തിരിക്കുന്ന സാഹചര്യം ഇതാണ്‌.

ആർസിഇപിയിൽ ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയിലെ തോട്ടംവിളകളെ മാത്രമല്ല,  സെറികൾച്ചർ,  ഫ്‌ളോറികൾച്ചർ തുടങ്ങിയവയെയും പ്രതികൂലമായി ബാധിക്കും. അസംസ്‌കൃത പട്ടിന്റെ ഇറക്കുമതി തീരുവ കുറച്ചത്‌ ഇപ്പോൾത്തന്നെ രാജ്യത്തെ സെറികൾച്ചർ മേഖലയെ മോശം അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്‌,  കർണാടകത്തിലെ സെറികൾച്ചർമേഖല പരിഹാരമില്ലാത്ത പ്രതിസന്ധിയിലാണ്‌. ലോകത്ത്‌ ഉൽപ്പാദിപ്പിക്കുന്ന പട്ടിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്ന ചൈനയിൽനിന്നുള്ള വിലകുറഞ്ഞ അസംസ്‌കൃത പട്ട്‌ കർണാടകത്തിൽ വന്നുനിറയുകയാണ്‌. പഴവർഗങ്ങൾ വൻതോതിൽ കൃഷി ചെയ്യുന്ന ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, കശ്‌മീർ മേഖലകളെയും കരാർ വിനാശകരമായി ബാധിക്കും. ഗോതമ്പിന്റെയും കടലയുടെയും പ്രമുഖ ഉൽപ്പാദകരാണ്‌ ഓസ്‌ട്രേലിയ. വിസ്‌തൃതമായ കൃഷിയിടങ്ങളും വൻതോതിൽ കന്നുകാലി സമ്പത്തുമുള്ള അവരുമായി ഉൽപ്പാദനച്ചെലവിന്റെ കാര്യത്തിൽ മത്സരിക്കാൻ ഇന്ത്യൻ കർഷകർക്ക്‌ കഴിയില്ല.

വരുമാനത്തിലെ  ഇടിവ്, തൊഴിൽ നഷ്ടം, വർധിച്ച തൊഴിലില്ലായ്‌മ, സാമ്പത്തികമാന്ദ്യം എന്നിവയ്‌ക്ക്‌ പ്രകടമായ ഉദാഹരണങ്ങളാണ്‌ ബിസ്‌കറ്റ്‌ മുതൽ മോട്ടോർവാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലുണ്ടായ കുറവ്‌. കമ്പനികൾ അടച്ചുപൂട്ടുകയോ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയോ ചെയ്യുന്നു. ആർസിഇപി രാജ്യങ്ങളുമായുള്ള വ്യാപാരകമ്മിയുടെ പശ്‌ചാത്തലത്തിൽ നിർദിഷ്ട കരാർ ഇന്ത്യൻ ജനതയ്‌ക്ക്‌ സാമൂഹ്യ–-സാമ്പത്തികമേഖലകളിൽ വിനാശകരമാകും. 


പ്രധാന വാർത്തകൾ
 Top