10 July Friday

മ്യൂച്വൽ ഫണ്ട് പ്രതിസന്ധി: കോർപ്പറേറ്റുകളെ രക്ഷിക്കാനിറങ്ങുന്ന റിസർവ്വ് ബാങ്ക്

സന്തോഷ് ടി വർഗീസ്Updated: Saturday May 9, 2020

സന്തോഷ്‌ ടി വർഗീസ്‌

സന്തോഷ്‌ ടി വർഗീസ്‌

രാജ്യത്തെ മ്യൂച്വൽ ഫണ്ട് മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. മുഖ്യമായും കോർപ്പറേറ്റ് മേഖലയുടെ കടപത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് സംഭവിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾ അവരുടെ വായ്പ ആവശ്യങ്ങൾക്കായി ബാങ്കുകളെ സമീപിക്കുന്നതിനു പകരം സാധാരണഗതിയിൽ കടപ്പത്രങ്ങൾ പുറത്തിറക്കി അവയുടെ വിൽപ്പനയിലൂടെയാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. കടപ്പത്രങ്ങൾ കൂടുതലായി വാങ്ങിക്കൂട്ടുന്നത് വിവിധ മ്യൂച്ചൽ ഫണ്ടുകളാണ്.

എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന അടച്ചിരിപ്പിനെ തുടർന്നുണ്ടായ സാമ്പത്തിക നിശ്ചലാവസ്ഥ ഇത്തരം കടപ്പത്രങ്ങൾ കൈകാര്യം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളുടെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കടപ്പത്രങ്ങൾ പുറത്തിറക്കി വായ്പ സ്വരൂപിക്കുന്ന കമ്പനികൾ കൃത്യമായിതന്നെ അവ തിരിച്ചടക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴത്തെ അടച്ചിരിപ്പ് കമ്പനികളുടെ പ്രവർത്തനങ്ങളെ നിശ്ചലമാക്കിയിരിക്കുന്നതിനാൽ തിരിച്ചടവിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. അടച്ചിരിപ്പ് അവസാനിച്ചാൽ പോലും സമ്പദ് വ്യവസ്ഥയിൽ പൊതുവിലും വ്യാവസായിക മേഖലയിൽ വിശേഷിച്ചും
കുറച്ചുകാലത്തേക്ക് പ്രതിസന്ധി നീണ്ടുനിൽക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ അത്തരം കടപ്പത്രങ്ങൾ വാങ്ങിയിരിക്കുന്ന മ്യൂചൽ ഫണ്ടുകൾക്ക് പ്രതിസന്ധി നേരിടേണ്ടി വരും.

മ്യൂച്വൽ ഫണ്ടുകൾ പണം സ്വരൂപിക്കുന്നത് നിക്ഷേപകരിൽ നിന്നാണ്. അതിസമ്പന്നർ മുതൽ സാധാരണക്കാരായ വ്യക്തികൾവരെ ഇതിലുൾപ്പെടും. അങ്ങനെ സ്വരൂപിച്ച പണമാണ് സ്വകാര്യ കോർപ്പറേറ്റുകളുടെ കടപ്പത്രങ്ങൾ വാങ്ങാൻ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലാകുമ്പോൾ നിക്ഷേപകരെല്ലാം അത്തരം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് തങ്ങളുടെ നിക്ഷേപം പിൻവലിച്ച് മടങ്ങാൻ താല്പര്യപ്പെടും. അങ്ങനെ മ്യൂച്വൽ ഫണ്ടുകൾ വലിയ രീതിയിൽ വിൽപന സമ്മർദത്തെ നേരിടുമ്പോൾ അല്ലെങ്കിൽ തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ
(റിഡംപ്ക്ഷൻ), അവയുടെ വിലയിൽ കാര്യമായ കുറവുണ്ടാകും. മാത്രമല്ല ഒറ്റയടിക്ക് വലിയ രീതിയിൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ തുക മുഴുവനായി മടക്കി നിക്ഷേപകന് തിരിച്ച് കൊടുക്കാൻ കഴിയുന്ന ധനസ്ഥിതിയും മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടാവണമെന്നില്ല.

അത്തരമെരു പ്രതിസന്ധിയെ നേരിട്ടപ്പോഴാണ് ഫ്ലാങ്ക്ളിൻ ടെമ്പിൾടൺ എന്ന ആഗോള മ്യൂച്വൽ ഫണ്ട് ഭീമൻ തങ്ങളുടെ ആറ് ഫണ്ടുകൾ നിർത്തുവാൻ തീരുമാനിച്ചത്.   വലിയ നിക്ഷേപമാണ്  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (14,564 കോടി രൂപ), ഊർജ്ജ മേഖല (5,532 കോടി രൂപ), അടിസ്ഥാന സൗകര്യ വികസനം/ റിയൽ എസ്റ്റേറ്റ് (3,480 കോടി രൂപ) തുടങ്ങിയവയുടെ കടപത്രങ്ങളിൽ അവർ  നടത്തിയിരിക്കുന്നത്.  പണം നൽകിയവർ ഉരുണ്ടു കൂടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞ് തങ്ങളുടെ മുടക്കുമുതൽ തിരിച്ചെടുക്കാനായി മ്യൂച്വൽ ഫണ്ടുകൾ വിൽക്കാൻ തുടങ്ങിയപ്പോഴാണ് അവയുടെ വില കുറയാൻ തുടങ്ങിയത്. 
ആർക്കും വേണ്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്ന യാഥാർത്ഥ്യം ഫ്ലാങ്ക്ളിൻ ടെമ്പിൾടൺ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഉള്ള മൂല്യത്തിന് ഫണ്ടുകൾ നിർത്തലാക്കാൻ എടുത്ത തീരുമാനം.  അങ്ങനെ അവസാനിപ്പിക്കാൻ തീരുമാനിച്ചില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള വിൽപനയുടെ വലിയ സമ്മർദ്ദത്തിൽ അവയുടെ വില കൂപ്പുകുത്തുമെന്ന്  അവർ മനസ്സിലാക്കിയിരുന്നു.  അതുകൊണ്ടാണ് തൽക്കാലം നിലനിൽക്കുന്നനിലയിൽ അത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണെങ്കിൽ അപ്പോഴത്തെ മൂല്യമെങ്കിലും ആ മ്യൂചൽ ഫണ്ടുകൾക്ക് ലഭിക്കും. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് നിക്ഷേപം മടക്കി നൽകിയാൽ മതിയാവുകയും ചെയ്യും.

കോർപ്പറേറ്റ് കടപ്പത്ര വിപണികളിൽ "ക്രെഡിറ്റ് റിസ്ക് ഫണ്ട്" എന്ന വിഭാഗത്തിലാണ് ഇപ്പോൾ ഈ പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നത്. ക്രെഡിറ്റ് റിസ്ക് ഫണ്ട് എന്നു പറയുന്നത് അപകടസാധ്യത (റിസ്ക്) കൂടുതലുള്ള കടപ്പത്രങ്ങളിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ടാണ്. മികച്ച പ്രവർത്തന പരിചയവും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുമുള്ള കമ്പനികളുടെ കടപ്പത്രങ്ങൾക്ക് കാര്യമായ അപകടസാധ്യത ഉണ്ടാവില്ല. എന്നാൽ അങ്ങനെയല്ലാത്ത കമ്പനികളുടെ  കടപ്പത്രങ്ങളാണ് ക്രെഡിറ്റ് റിസ്ക് ഫണ്ട് ഗണത്തിൽ പെടുന്നത്. മ്യൂച്വൽ ഫണ്ടുകൾ അത്തരം കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉയർന്ന പലിശനിരക്ക് ലഭിക്കുമെന്നുള്ളതിനാലാണ്. അപകടസാധ്യതയുള്ള നിക്ഷേപം നടത്തുമ്പോഴാണല്ലോ കൂടുതൽ പലിശനിരക്ക് ലഭിക്കുന്നത്.  അമിത പലിശമോഹമാണ് ഇത്തരം അപകടസാദ്ധ്യത കൂടുതലുള്ള കടപ്പത്രങ്ങൾ വാങ്ങാൻ  മ്യൂച്വൽ ഫണ്ടുളെ പ്രേരിപ്പിക്കുന്നത്.

അടച്ചിരിപ്പ് സ്വകാര്യ കടപ്പത്ര വിപണിയിൽ വിശേഷിച്ച് "ക്രെഡിറ്റ് റിസ്ക് ഫണ്ടുകളുടെ" കാര്യത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഏപ്രിൽ  മാസം ഇരുപത്തിഏഴാം തീയതി റിസർവ്വ് ബാങ്ക്  അമ്പതിനായിരം കോടി രൂപയുടെ ധനസഹായവുമായി രംഗത്തുവന്നത്. തൊണ്ണൂറു ദിവസത്തേക്കുള്ള തിരിച്ചടവ്  കാലാവധിയിൽ അമ്പതിനായിരം കോടിരൂപ വായ്പനൽകാനാണ് തീരുമാനിച്ചത്.

ബാങ്കുകൾക്കാണ് റിസർവ് ബാങ്ക് പണമനുവദിക്കുന്നത്. ബാങ്കുകളത്  മ്യൂച്വൽ ഫണ്ടുകൾക്ക് അവരുടെ റിഡംപ്ക്ഷൻ അടക്കമുള്ള പണ  ആവശ്യങ്ങൾക്കായി (ലിക്വിഡിറ്റി) കടം കൊടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്തായാലും ഈ പ്രഖ്യാപനത്തിനു ശേഷം റിഡംപ്ക്ഷനുമായി ബന്ധപ്പെട്ടുണ്ടായ സമ്മർദ്ദം കുറഞ്ഞിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ അടച്ചിരിപ്പിന്റെ  ഭാഗമായി കോർപ്പറേറ്റ് മേഖല നേരിടുന്ന പണലഭ്യതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയെന്നപേരിൽ മറ്റൊരു 50,000 കോടി രൂപയുടെ ധനസഹായം കഴിഞ്ഞ ഏപ്രിൽ മാസം പതിനേഴാം തീയതിയിലും റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. സവിശേഷ ലക്ഷ്യങ്ങളുള്ള റിപ്പോ നിരക്കധിഷ്ഠിതമായ വായ്പാ സൗകര്യമായ ടി.എൽ.ടി.ആർ.ഒ യുടെ (ടാർജറ്റഡ് ലോങ്ങ് ടേം റിപ്പോ ഓപ്പറേഷൻ) മറ്റൊരു പതിപ്പാണ്  പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ പടിയായി 25,000 കോടിരൂപയുടെ ലേലം ഏപ്രിൽ 23ന് റിസർവ്വ് ബാങ്ക് നടത്തിയപ്പോൾ കേവലം 12,850 കോടിരൂപ സഹായം മാത്രമാണ് ബാങ്കുകൾ സ്വീകരിക്കാൻ തയ്യാറായത്.  ഇങ്ങനെ സ്വീകരിക്കുന്ന ധനസഹായത്തിന്റെ 50% തുക  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. യഥാർത്ഥത്തിൽ അത്തരമൊരു നിബന്ധനയാണ് റിസർവ്വ് ബാങ്ക് നൽകാൻ തയ്യാറായ 25,000 കോടി രൂപയുടെ ധനസഹായം മുഴുവനായി സ്വീകരിക്കുന്നതിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിച്ചത്. രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും, മൈക്രോഫിനാൻസ് സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കടന്നുപോകുന്നതെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അവർക്കൊക്കെ വായ്പനൽകി അപകടസാധ്യത വിളിച്ചുവരുത്താൻ ബാങ്കുകൾ തയ്യാറല്ലെന്ന ശക്തമായ സൂചനയാണ് ഇത് നൽകിയത്. യഥാർത്ഥത്തിൽ താരതമ്യേന മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെകൂടി പ്രതിസന്ധിയിലാക്കാൻ മാത്രമേ റിസർവ്വ് ബാങ്കിന്റെ ഇത്തരം ശ്രമങ്ങൾ ഉപകരിക്കൂ.

രക്ഷാ പദ്ധതിയുടെ സാമ്പത്തിക താത്പര്യങ്ങൾ

എന്തിനാണ് റിസർവ് ബാങ്ക്

ഇത്തരം അടിയന്തര രക്ഷാമാർഗങ്ങളുമായി കോർപ്പറേറ്റ് മേഖലയെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന കാര്യമാണ് സാധാരണക്കാരനെ അത്ഭുതപ്പെടുത്തുന്നത്. യഥാർഥത്തിൽ ഇത് കോർപ്പറേറ്റ് മേഖലയ്ക്കുള്ള അതിരുകടന്ന സഹായമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ കമ്പോള ശക്തികൾക്ക്  സർവ്വ സ്വാതന്ത്ര്യവും നൽകണമെന്നതാണല്ലോ നവലിബറൽ കാലം മുതൽ വാദിക്കുന്നത്.  സാമ്പത്തിക പ്രവൃത്തികൾ 'കമ്പോള നിയമമനുസരിച്ച്' സംഘാടനം ചെയ്യുമ്പോഴാണ് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നതെന്ന 'ക്ലാസിക്കൽ' സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ സൗകര്യത്തിനനുസരിച്ച് ചൂണ്ടിക്കാണിച്ചാണ് ഇത്തരം വാദങ്ങളെ ബലപ്പെടുത്തുന്നത്. 

നന്നായി പ്രവർത്തിക്കുന്ന കമ്പനിക്ക് കൂടുതൽ ലാഭം ലഭിക്കുകയും പ്രവർത്തനം മോശമായിട്ടുള്ളവ നഷ്ടമുണ്ടാകുന്നതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് കമ്പോളത്തിന്റെ  നിയമം.  സർക്കാരിന്റെ മേൽനോട്ടത്തിലല്ല കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടത്, മറിച്ച് കമ്പോളത്തിൽ ലാഭവും നഷ്ടവും നേടുന്നതനുസരിച്ച് സ്വയം കാര്യങ്ങൾ വിലയിരുത്തി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി സ്വയംമെച്ചപ്പെടാനുള്ള  അവസരമാണ് കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നതിന് കമ്പനികളെ സഹായിക്കുന്നത് എന്ന കേന്ദ്ര ആശയമാണ് കമ്പോള കാര്യക്ഷമതയുടെ  അടിസ്ഥാന പ്രമാണം. അതാണ് കമ്പോളത്തിന്റെ അച്ചടക്കമെന്നും കമ്പോളം നടത്തുന്ന തിരുത്തലെന്നും (മാർക്കറ്റ് കറക്ഷൻ) കൊട്ടിഘോഷിക്കപ്പെടുന്നത്.

അതനുസരിച്ചാണെങ്കിൽ ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന കമ്പനികളെ രക്ഷിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കാൻ പാടുള്ളതല്ല. അവയൊക്കെ പ്രവർത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടുന്നതിനാണ് അവസരമൊരുക്കേണ്ടത്. അപ്പോഴാണ് കമ്പോള നിയമമനുസരിച്ച് കാര്യക്ഷമത വർദ്ധിക്കുകയുള്ളൂ. വേറൊരു രീതിയിൽ പറഞ്ഞാൽ,   നന്നായി പ്രവർത്തിക്കുന്നവർക്ക് ലാഭം ലഭിക്കുമ്പോൾ ഉണ്ടാവുന്ന പ്രോത്സാഹനവും മോശമായി പ്രവർത്തിക്കുന്നവർക്ക് നഷ്ടമുണ്ടാകുമ്പോൾ  അടച്ചുപൂട്ടുന്നതിലൂടെ നേരിടേണ്ടി വരുന്ന സാമ്പത്തികപരമായ ശിക്ഷയുമാണ്  കമ്പോള നിയമമെന്ന് പറയുന്നത്. അതനുസരിച്ച് പ്രവർത്തനം നടത്താൻ കഴിയുമ്പോഴാണ് കമ്പോളകാര്യക്ഷമത രൂപം കൊള്ളുന്നത്. അതനുസരിച്ച് അത്തരം മ്യൂച്വൽ ഫണ്ടുകളെ കമ്പോളത്തിന്റെ സ്വാഭാവിക നിയമമനുസരിച്ച് പ്രവർത്തനം അവസാനിപ്പിക്കാനാണ് അനുവദിക്കേണ്ടത്.

എന്നാലതിനു പകരം എന്തിനാണ് റിസർവ്വ് ബാങ്കിപ്പോൾ രക്ഷാദൗത്യവുമായി കടന്നു വന്നിരിക്കുന്നത്? കമ്പോള കാര്യക്ഷമത ആവശ്യമില്ലെന്നാണോ? വലിയ ഡെക്കറേഷനൊന്നുമില്ലാതെ പറഞ്ഞാൽ ഇതിനെയാണ് വഴിവിട്ട് കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടിയെന്ന് പറയുന്നത്. സാധാരണ നികുതിദായകന്റെ പണമെടുത്ത് വമ്പൻ കോർപ്പറേറ്റുകൾക്ക് അനാവശ്യ ധനസഹായം നൽകുകയാണ് ഇതുവഴി ചെയ്യുന്നത്.

കമ്പോള നിയമങ്ങൾക്കപ്പുറമുള്ള രക്ഷാകവാടങ്ങൾ


റിസർവ് ബാങ്ക് "ജനൽ"  തുറന്ന് നൽകുന്ന  (സ്പെഷ്യൽ ലിക്വിഡിറ്റി വിൻഡോ) ഇത്തരം രക്ഷാ മാർഗ്ഗങ്ങൾ കമ്പോള ശക്തികൾ മുന്നോട്ടുവയ്ക്കുന്ന കമ്പോള നിയമങ്ങൾക്ക് എതിരാണ്.  അത് അവസാനിപ്പിക്കുകയും പിൻവലിക്കുകയുമാണ് വേണ്ടത്. അടച്ചിരിപ്പിനെ തുടർന്ന്  കടപ്പത്രങ്ങളുടെ തിരിച്ചടവ് താൽക്കാലികമായി മുടങ്ങുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം മ്യൂച്വൽ ഫണ്ടുകളെ സഹായിക്കലല്ല മറിച്ച്  കടപ്പത്രങ്ങൾ പുറപ്പെടുവിച്ചിരിക്കുന്ന കമ്പനികൾക്ക് തിരിച്ചടവിന് അനുയോജ്യമായ കാലാവധി അനുവദിക്കുകയോ അല്ലെങ്കിൽ അതിന് മാത്രമാവശ്യമുള്ള ധനസഹായം ബാങ്കുകൾ മുഖേന നൽകുകയോയാണ് ചെയ്യേണ്ടത്. അതാണല്ലോ ഈ രാജ്യത്തെ വ്യക്തികൾക്കും, സാധാരണക്കാർക്കും, കർഷകർക്കുമൊക്കെ നൽകിയിരിക്കുന്നത്. അതിനപ്പുറമുള്ള  സവിശേഷ സഹായം കോർപ്പറേറ്റുകൾക്ക് അനുവദിക്കേണ്ട എന്ത് കമ്പോള ന്യായമാണ് പറയാൻ കഴിയുക?

മാത്രമല്ല കോർപ്പറേറ്റ് മേഖല പുതിയതായി നേരിടുന്ന പ്രതിസന്ധിയൊന്നുമല്ല ഇതെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറേ നാളുകളായി  രാജ്യം സാമ്പത്തിക മാന്ദ്യത്തിൽപെട്ട്  പ്രതിസന്ധി നേരിടുകയാണ്. 2012-13 കാലത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വളർച്ചനിരക്കാണ്  (4.7%) കഴിഞ്ഞ ഒക്ടോബർ-ഡിസംബർമാസ കാലയളവിൽ സംഭവിച്ചിരിക്കുന്നത്. വ്യാവസായിക മേഖലയുടെ വളർച്ച കഴിഞ്ഞ കുറച്ചു നാളുകളായി പരിതാപകരമായ രീതിയിൽ കുറയുകയാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഊർജ്ജ മേഖല, അടിസ്ഥാന സൗകര്യ വികസനം/ റിയൽ എസ്റ്റേറ്റ് മേഖല എന്നിവയിലെ കമ്പനികൾ കുറച്ചു നാളുകളായി വലിയ രീതിയിലുളള സാമ്പത്തിക പ്രശ്നങ്ങളെ നേരിടുകയായിരുന്നു. രാജ്യത്തെ ബാങ്കുകളൊന്നും തന്നെ ഇവയ്ക്കൊക്കെ വായ്പ നൽകാൻ തയ്യാറാകാതെ മാറി നിൽക്കുകയായിരുന്നു.  അവിടേയ്ക്കാണ് ഫ്ലാങ്ക്ളിൻ ടെമ്പിൾടണിനേപ്പാലുള്ള മ്യൂച്വൽ ഫണ്ടുകൾ അമിത പലിശ മോഹവുമായി അപകട സാധ്യത മറന്നുകൊണ്ട് കൈയ്യയച്ച് കടപ്പത്രങ്ങൾ വാങ്ങിക്കൂടി വായ്പ നൽകിയത്. യഥാർത്ഥത്തിൽ ഇപ്പോഴത്തെ ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം സമ്പദ്‌വ്യവസ്ഥ, കോവിഡ് മഹാമാരിക്ക്  മുമ്പുതന്നെ നേരിട്ടുകൊണ്ടിരുന്ന സാമ്പത്തിക മാന്ദ്യമാണ്.  നോട്ടുനിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് ഈ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. അത് കാണാതിരിക്കാനാവില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം വ്യക്തികളോ ചെറുകിട സംരംഭകരോ കർഷകരോ ചെറുകിട വ്യവസായങ്ങൾ നടത്തുന്നവരോ  നേരിടുന്ന യാതൊരു പ്രതിസന്ധിയെയും ഈ രീതിയിൽ ഏറ്റെടുക്കാൻ റിസർവ്വ് ബാങ്കോ കേന്ദ്രസർക്കാരോ തയ്യാറല്ലെന്ന കാര്യമാണ്. എന്നാൽ വമ്പൻ കോർപറേറ്റുകളുടെ കാര്യം വരുമ്പോൾ  രാജ്യം എത്രവലിയ പ്രതിസന്ധിയിലാണെങ്കിൽ പോലും  അവർക്ക് രക്ഷാകവാടം   തുറന്നുകൊടുക്കാൻ  ഏതറ്റംവരെയും മുന്നോട്ടുപോകുമെന്ന റിസർവ്വ് ബാങ്കിന്റെ നിലപാടുകൾ പുറമേയ്ക്ക് മേനിനടിച്ച് പറയുന്ന കമ്പോള സാമ്പത്തിക  ശാസ്ത്രത്തിന്റ കാര്യക്ഷമതാ വാദങ്ങൾക്ക് നിരക്കുന്നതല്ലെങ്കിലും  കോർപ്പറേറ്റുകളുടെ ചൂഷണപരമായ പ്രവർത്തന സിദ്ധാന്തങ്ങൾക്ക് തികച്ചും യോജിക്കുന്നതാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര‌ വിഭാഗം അധ്യാപകനാണ്).


പ്രധാന വാർത്തകൾ
 Top