23 May Thursday

എലിപ്പനി: തയ്യാറെടുപ്പ്‌ ഗുണം ചെയ്‌തു.... ബി ഇക്ബാൽ എഴുതുന്നു

ഡോ. ബി ഇക്ബാൽUpdated: Wednesday Sep 5, 2018

 പ്രളയത്തെതുടർന്ന് സാധാരണഗതിയിൽ മലിനജലത്തിലൂടെ വ്യാപിക്കുന്ന വയറിളക്കം, കോളറ, ടൈഫോയ്ഡ്‌, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വലിയതോതിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്‌. എന്നാൽ, ദുരിതാശ്വാസക്യാമ്പുകളിൽനിന്നോ വീടുകളിൽനിന്നോ ഇത്തരം പകർച്ചവ്യാധികൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഇതൊരു വലിയ നേട്ടം തന്നെയാണ‌്. ശുദ്ധജലം ക്യാമ്പുകളിൽ എത്തിക്കുകയും അസൗകര്യങ്ങൾക്കിടയിലും ശൗചാലയങ്ങൾ ഫലവത്തായി സജ്ജമാക്കുകയും ‌ചെയ്തതുകൊണ്ടാണ‌് ക്യാമ്പുകളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതിരുന്നത്‌. അല്ലായിരുന്നെങ്കിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും ഏറെ ബുദ്ധിമുട്ടിയേനെ. മാത്രമല്ല, പ്രളയബാധിത പ്രദേശങ്ങളിൽ പല ആശുപത്രികളും വെള്ളത്തിൽ മുങ്ങിപ്പോയതുകൊണ്ട്‌ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നില്ല. ഇതെല്ലാം മുന്നിൽക്കണ്ട്‌ പ്രാഥമിക ചികിത്സയ‌്ക്കുള്ള എല്ലാ സൗകര്യവും ക്യാമ്പുകളിൽ ആരോഗ്യവകുപ്പ്‌ സംഘടിപ്പിച്ചിരുന്നു. വീടും കിണറുകളും ക്ലോറിനേറ്റ്‌ ചെയ്യാനും വെള്ളം തിളപ്പിച്ച്‌ കുടിക്കാനുമുള്ള സന്ദേശങ്ങൾ വീടുകളിലെത്തിക്കുന്നതിൽ ആരോഗ്യവകുപ്പ്‌ വിജയിക്കുകയും ജനങ്ങളത്‌ നടപ്പാക്കുകയും ചെയ്തതുകൊണ്ടാണ‌് വീടുകളിൽ പകർച്ചവ്യാധി വ്യാപിക്കാതിരുന്നത്‌‌.

പ്രളയത്തിന്റെ പുനരധിവാസ ഘട്ടത്തിൽ മലിനജലവുമായി ജനങ്ങൾക്ക്‌ കൂടുതൽ ബന്ധമുണ്ടാകാനും എലിപ്പനി പരക്കാനും സാധ്യതയുണ്ടെന്നു മനസ്സിലാക്കി പ്രതിരോധ സന്ദേശങ്ങളും ഡോക്സിസൈക്ലിനും ദുരിതബാധിത പ്രദേശങ്ങളിലെല്ലാം ആരോഗ്യവകുപ്പ്‌ കാലേക്കൂട്ടി എത്തിച്ചിരുന്നു. ക്യാമ്പുകളിൽനിന്ന‌് ആളുകളെ വീടുകളിലെത്തിക്കുന്നതിൽ ജീവൻപണയംവച്ച്‌ രക്ഷാപ്രവർത്തനം നടത്തിവന്നിരുന്ന മനുഷ്യസ്നേഹികൾക്ക്‌ എലിപ്പനി പ്രതിരോധനത്തിനുള്ള ബൂട്ടും ഗ്ലൗസും ധരിക്കുന്നതിനോ ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കുന്നതിലോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടവർ എലിപ്പനി ബാധിച്ച്‌ ജീവത്യാഗം ചെയ്യേണ്ടിവന്നത്‌ അവരുടെ നിസ്വാർഥ സേവനത്തിന്റെ ഫലമായിട്ടായിരുന്നു. വീട്ടിൽ തിരികെയെത്തി നാശനഷ്ടങ്ങൾ കണ്ട്‌ ആകുലരായവരിൽ പലർക്കും എലിപ്പനി പ്രതിരോധത്തിൽ മനസ്സുവയ‌്ക്കാൻ കഴിയാതെ പോയതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. അങ്ങനെയുള്ള ചിലരെയും രോഗം ബാധിച്ചു‌.

ആരോഗ്യവകുപ്പ്‌ പ്രതിരോധമരുന്ന് ആവശ്യാനുസരണം എല്ലാ പ്രദേശങ്ങളിലും എത്തിച്ചിട്ടുണ്ട്‌.  168 ആശുപത്രികൾ പ്രളയത്തിൽ തകർന്നെങ്കിലും 285 താൽക്കാലിക ആശുപത്രികൾ ആരംഭിച്ച്‌ തടസ്സംകൂടാതെ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. എലിപ്പനി ചികിത്സയ‌്ക്കാവശ്യമായ പെനുസിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്‌. രോഗം ഗുരുതരമാകുന്നവരെ ചികിത്സിക്കാനാവശ്യമായ ഐസിയു സംവിധാനം മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും സുസജ്ജമാക്കിയിട്ടുണ്ട്‌. ‌ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റ്‌ പ്രൊഫഷണൽ സംഘടനകളുമായി ബന്ധപ്പെട്ട്‌ സ്വകാര്യ ആശുപത്രികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുമുണ്ട്‌.

വീടുകളിൽ തിരിച്ചെത്തുന്നവർ നേരിട്ട മറ്റൊരു ഭീഷണി വിഷപ്പാമ്പുകളുടെ സാന്നിധ്യമായിരുന്നു. പാമ്പുകടിയേൽക്കുന്നവർക്ക്‌ നൽകേണ്ട ഫസ്റ്റ്‌ എയ്ഡ്‌ പ്രചരിപ്പിച്ചതിനു പുറമെ ചികിത്സയ‌്ക്കാവശ്യമായ ആന്റി സ്നേക‌് വെനം അവശ്യാനുസരണം ലഭ്യമാക്കിയിരുന്നു. പ്രളയബാധിതപ്രദേശത്ത്‌ ചിലരെ പാമ്പുകടിച്ചെങ്കിലും തക്ക ചികിത്സ നൽകിയതിനാൽ ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ല‌. ‌ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന എലിപ്പനി രോഗബാധയിലും മരണത്തിലും അമിതമായി ആശങ്കപ്പെടേണ്ടതില്ല. എന്നാൽ, കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. അടുത്ത മൂന്നാഴ്ചത്തേക്ക്‌ അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ്‌ നൽകിയിട്ടുണ്ട്. 

സർക്കാരിന്റെ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നവർ എലിപ്പനിബാധ ഒരവസരമാക്കി ആരോഗ്യവകുപ്പിൽ അടിസ്ഥാനരഹിതമായി കുറ്റമാരോപിച്ച്‌ ജനങ്ങളിൽ സംഭ്രാന്തി പരത്തുകയല്ല വേണ്ടത്‌. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ്‌ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കുകയാണു വേണ്ടത്‌.

(സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാണ് ലേഖകന്‍)
 


പ്രധാന വാർത്തകൾ
 Top