30 May Saturday

പുതിയ അപചയങ്ങ‌ളിലേക്ക‌് കുതിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ

റഷീദ ഭഗത‌്Updated: Wednesday Mar 13, 2019

വാർത്താ ചാനലുകളിൽ നിന്നുയരുന്ന യുദ്ധത്തിനായുള്ള അലയൊലികൾ അപചയങ്ങളിലേക്കുള്ള ഇലക‌്ട്രോണിക‌് മാധ്യമങ്ങളുടെ പുതിയ ആഴങ്ങൾ വെളിവാക്കുന്നത‌ാണ‌്. പുൽവാമയിലെ ഭീകരാക്രമണത്തിന‌ുശേഷം ഇന്ത്യൻ മാധ്യമങ്ങ‌ളിലെ പ്രത്യേകിച്ച‌് ടിവി ചാനലുകളുടെ പുതിയ അപചയങ്ങളാണ‌് വെളിവായിരിക്കുന്ന‌ത‌്. 40 സിആർപിഎഫ‌് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന‌ു പിന്നാലെ, പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന അലർച്ചയുമായി ടിവി അവതാരകർ എത്തി. മണിക്കൂറുകൾ പിന്നിടുന്നതോടെ അലർച്ചയുടെ ഡെസിബലും  ഉയർന്നു. സ്വാഭാവികമായി മറ്റു ചാനലുകളിലെ അവതാരകരും കൂടുതൽ ശബ്ദത്തിൽ അതിൽ മത്സരിച്ചു.  

 

ന്യൂസ്‌ റൂമിലെ ആക്രോശങ്ങൾ
വാർത്താ ചാനലുകളിൽനിന്ന‌് ലഭിക്കുന്ന വാർത്തകളും വിശ്വാസ്യതയുള്ള അവലോകനങ്ങളും  കുറവായതിനാൽ അവ കാണുന്നത‌് ഞാൻ അവസാനിപ്പിച്ചിരുന്നു. പക്ഷേ, പുൽവാമ ഭീകരാക്രമണത്തിനുശേഷം വാർത്ത വികസിക്കുന്നത‌് ‌എങ്ങോട്ടേക്കെന്ന‌്  അറിയാനായിരുന്നു ടിവി വാർത്ത കാണാനിരുന്നത‌്. ഇന്ത്യൻ സൈന്യം പെട്ടെന്നൊരു ആക്രമണം നയിച്ചെന്ന വാർത്തയും പരന്നു. ഇന്ത്യൻ  വ്യോമസേനാ പൈലറ്റ‌് അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ‌് 16 തകർത്തതും  തകർന്ന മിഗ‌് 21 ബൈസൺ യുദ്ധവിമാനത്തിൽനിന്ന‌് രക്ഷപ്പെട്ട്‌ പാക‌് മേഖലയിലെത്തിയ വാർത്തയും പുറത്തെത്തി. പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോയിൽനിന്ന‌് അഭിനന്ദൻ തന്നെ തടഞ്ഞ പാക്‌ അധികൃതർക്ക്‌ സംയമനത്തോടെയും ധീരതയോടെയും മാന്യതയോടെയും നൽകുന്ന മറുപടിയും നാം മതിപ്പോടെയാണ‌് കണ്ടത‌്. 

രാജ്യം ഒന്നടങ്കം അഭിനന്ദന്റെ തിരിച്ചുവരവിനായി പ്രാർഥനയിൽ മുഴുകിയപ്പോൾ നമ്മുടെ ടിവി യോദ്ധാക്കൾ കൂടുതൽ യുദ്ധസജ്ജരാകുകയായിരുന്നു. സമാധാന സന്ദേശത്തിന്റെ ഭാഗമായി അഭിനന്ദനെ തിരിച്ചയക്കുമെന്ന‌് പാക‌് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചതിന‌ുമുമ്പ‌് നമ്മുടെയൊരു പ്രധാന ചാനലിലെ അവതാരകൻ അലറി

‘‘ ബ്ലഡി ഇമ്രാൻ ഖാൻ, മര്യാദയ‌്ക്ക‌് മാപ്പുപറഞ്ഞ‌് ഞങ്ങളുടെ പൈലറ്റിനെ തിരിച്ചയക്കുന്നതാണ‌് നിങ്ങൾക്ക‌് നല്ലത‌്.’’

ഇലക‌്ട്രോണിക‌് മാധ്യമങ്ങളുടെ യുദ്ധതൽപ്പരത വല്ലാതെ ഉയർന്നപ്പോൾ,  ഇത‌ുമൂലം പാകിസ്ഥാൻ  മറിച്ചൊരു തീരുമാനമെടുക്കുമോ എന്നുപോലും പലരും സംശയിച്ചു. ഈ ഘട്ടത്തിലാണ‌് ആനന്ദ‌് മഹീന്ദ്ര പ്രതികരിച്ചത‌്. പാകിസ്ഥാന‌് സമ്മർദം നൽകിയാണ‌് അഭിനന്ദനെ വിട്ടയക്കുന്നത‌് എന്നുള്ള റിപ്പബ്ലിക്  ടിവിയുടെ ട്വീറ്റിന‌് മറുപടിയായി മഹീന്ദ്ര ഇങ്ങനെ ട്വീറ്റ‌് ചെയ‌്തു‌.

‘‘സാധാരണ ഇന്ത്യൻ മാധ്യമങ്ങളുടെ രീതികളെക്കുറിച്ച‌് ഞാൻ പ്രതികരിക്കാറില്ല‌. പക്ഷേ, ഇപ്പോൾ നമ്മുടെ പ്രധാന ലക്ഷ്യം നമ്മുടെ സൈനികനെ സുരക്ഷിതമായി മാതൃരാജ്യത്ത‌് എത്തിക്കുക എന്നതാണ‌്. വിജയ കാഹളം മുഴക്കി അത‌് അപകടത്തിലാക്കരുത‌്. അർണബ‌്, നാം നിയന്ത്രണം പാലിക്കണം'’.

ചെന്നായ‌്ക്കളോട‌് പോയി പറയൂ എന്നാകും നമ്മുടെ മാധ്യമങ്ങൾ ഇതിന‌ു മറുപടി പറയുക‌. പാകിസ്ഥാനെ ഭൂഗോളത്തിൽനിന്ന‌് തുടച്ചുനീക്കുക, കഷണങ്ങളാക്കി ചിതറിക്കുക തുടങ്ങിയ ആഹ്വാനങ്ങൾ നിർബാധം തുടർന്നു. സ്ഥിതി ശാന്തമാക്കാൻ പലവട്ടം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട‌് സംസ‌ാരിക്കാൻ ശ്രമിച്ചതായി ഇമ്രാൻ ഖാൻ ആവർത്തിച്ചു. എന്നാൽ, പാകി‌സ്ഥാൻ ചർച്ചയ‌്ക്കായി യാചിക്കുകയായിരുന്നുവെന്നാണ‌് നമ്മുടെ പല വാർത്താ അവതാരകരും ആക്രോശിച്ചത‌്‌.

ശത്രുവിന‌് മരണം
വാർത്തയ‌്ക്കും അഭിപ്രായങ്ങൾക്കുമിടയിലുള്ള എല്ലാ പത്രപ്രവർത്തന മര്യാദകളും കാറ്റിൽ പറത്തി ഏറ്റവും ഉയർന്ന ശബ്ദത്തിൽ ആര‌് "ദേശീയവാദി’ ആകുമെന്ന മത്സരമാണ‌് ചാനലുകൾക്കിടയിൽ നടന്നത‌്‌. ഇമ്രാൻ ഖാന്റെ "രാജ്യതന്ത്രം നിറഞ്ഞ നീക്കം’ സ്വാഗതം ചെയ‌്തവരെയും കശ‌്മീർ പ്രശ‌്നം ചർച്ച ചെയ‌്ത‌് പരിഹരിക്കുകയാണ‌് വേണ്ടതെന്ന‌് പറഞ്ഞവരെയും ഒറ്റുകാർ, പാക‌്സ‌്നേഹി എന്നിങ്ങനെയുള്ള പേര‌ുവിളിച്ച‌് അപഹസിച്ചു.

വാർത്താമുറികളിൽനിന്ന‌് യുദ്ധത്തിനായുള്ള  കാഹളം ഉയർന്നപ്പോൾ ഈ സന്ദർഭത്തിൽ മാധ്യമപ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായ പ്രിതീഷ‌് നന്ദി ട്വീറ്റ‌് ചെയ‌്തു‌. 

‘‘നമ്മുടെ ധീരരായ സൈന്യമോ അതോ കപട ദേശീയത കാണിക്കാനായി അലറിപ്പൊളിക്കുന്ന ടിവി മാധ്യമപ്രവർത്തകരോ, ആരാണ‌് പാകിസ്ഥാനോട‌് യുദ്ധം ചെയ്യുന്നത‌് എന്നതിൽ എനിക്ക‌് സംശയമുണ്ട‌്.’’

യുദ്ധം കൊതിക്കുന്നവർ കേൾക്കേണ്ട വാക്കുകളാണ‌് ബുദ‌്ഗാമിൽ വ്യോമസേനാ ഹെലികോപ‌്റ്റർ തകർന്നു മരിച്ച ആറു വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളായ സ‌്ക്വാഡ്രൺ ലീഡർ  നിനദ‌് മന്ദാവ‌്ഗനെയുടെ ഭാര്യ വിജേത മന്ദാവ‌്ഗനെയുടെ വാക്കുകൾ.

സവിശേഷമായ ശാന്തതയോടെയായിരുന്നു കീബോർഡ‌് പോരാളികൾക്കായുള്ള വിജേതയുടെ വാക്കുകൾ.

‘‘ഫെയ‌്സ‌്ബുക്കിലും സമൂഹമാധ്യമങ്ങ‌ളിലും യുദ്ധം നയിക്കുന്നവർ അത‌് അവസാനിപ്പിക്കണം. അതിൽനിന്ന‌് ഒന്നും കിട്ടില്ല. നിങ്ങൾക്ക‌് അത്രയധികം ഉത്സാഹമുണ്ടെങ്കിൽ സൈന്യത്തിൽ ചേരൂ. അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളോട‌് അതിന‌് ആവശ്യപ്പെടൂ. നമുക്ക‌് യുദ്ധം ആവശ്യമില്ല. യുദ്ധത്തിലൂടെയുണ്ടാകുന്ന നാശത്തെക്കുറിച്ച‌് നിങ്ങൾക്ക‌് യാതൊരു ധാരണയുമില്ല. ഇരുവശങ്ങളിൽനിന്നും ഇനിയൊരു യുദ്ധം  ഉണ്ടാവരുത‌്‌.’’

(കടപ്പാട്‌ ‐ ബിസ്‌നസ്‌ലൈൻ)


പ്രധാന വാർത്തകൾ
 Top