20 February Wednesday

ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന രാമായണവായന...ഡോ. കെ എൻ പണിക്കർ എഴുതുന്നു

ഡോ. കെ എൻ പണിക്കർUpdated: Wednesday Jul 18, 2018


ഡോ. കെ എൻ  പണിക്കർ

ഡോ. കെ എൻ പണിക്കർ

രാമായണപാരായണത്തെക്കുറിച്ചുള്ള അടുത്തകാല പരാമർശങ്ങൾ ചർച്ചയ‌്ക്ക് വിധേയമാകേണ്ട പ്രധാനപ്പെട്ട പ്രശ്‌നം ഉന്നയിക്കുന്നു. അത് പാരമ്പര്യത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നതാണ്. എത്രതന്നെ ആധുനികവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിലും പാരമ്പര്യ ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്ത രീതിയിലാണെങ്കിലും നിലനിൽക്കാതിരിക്കില്ല. ആധുനികതയുടെ സ്വരൂപത്തിൽ പാരമ്പര്യത്തിന്റെ ഏതെങ്കിലും അംശങ്ങൾ പ്രത്യക്ഷപ്പെടുന്നതായി കാണാം. മറിച്ച് പാരമ്പര്യത്തെ ആധുനികത സ്വാധീനിക്കുന്നതായും കാണാം.

പാരമ്പര്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുമ്പോൾ രണ്ട് ചോദ്യം പ്രധാനപ്പെട്ടവയാണ്. എന്താണ് പാരമ്പര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? രണ്ടാമതായി പാരമ്പര്യം രൂപംകൊള്ളുന്നതിന്റെ നാൾവഴി എന്താണ്? സമകാലീന ചരിത്രത്തിന്റെ സ്വഭാവം ഈ രണ്ട് വശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ബന്ധം സങ്കീർണമാണെന്നും അത് സാമ്പത്തിക സാമൂഹ്യ ധൈഷണിക  പരിവർത്തനങ്ങളുമായി ചേർന്നുകിടക്കുന്നുവെന്നും എടുത്തുപറയേണ്ടതില്ല. സാമൂഹ്യ പരിവർത്തനങ്ങൾ പാരമ്പര്യത്തെ സൃഷ്ടിക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്നു. അത്തരമൊരു പ്രക്രിയയിലൂടെ വളർന്നുവന്നതാണ് ഇന്ത്യയുടെ, കേരളത്തിലെ പാരമ്പര്യം. ആ പാരമ്പര്യത്തിന് സ്വാഭാവികമായും മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനം സ്വാഭാവികമാണ്. മനുഷ്യജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ ഒന്നാണല്ലോ മതവിശ്വാസവും മതാനുഷ്ഠാനങ്ങളും. സാമൂഹ്യമായ ആവശ്യങ്ങൾക്കനുസരിച്ച് നിർധാരണം ചെയ്യപ്പെടുന്നവയാണ് മതാനുഷ്ഠാനങ്ങൾ. അതായത്, എല്ലാ സമൂഹങ്ങളിലും മതാനുഷ്ഠാനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും തമ്മിൽ അനിഷേധ്യമായ കൊള്ളകൊടുക്കലുകൾ എല്ലാക്കാലത്തും സംഭവിക്കാറുണ്ട്. അതായത്, സമൂഹത്തെയും മത ആശയങ്ങളെയും അനുഷ്ഠാനങ്ങളെയും തികച്ചും വേർതിരിച്ച് നിർത്തിക്കൂടാ എന്ന അടിസ്ഥാനപരമായ ആശയം നിരാകരിക്കുക വയ്യ എന്നർഥം.

ഈ പശ്ചാത്തലത്തിലാണ് രാമായണവും അതുപോലുള്ള മറ്റ് സാമൂഹ്യമതഗ്രന്ഥങ്ങളുടെ പാരായണം പരിഗണിക്കപ്പെടേണ്ടത‌്. പുരാണങ്ങളും തത്തുല്യമായ മറ്റ് കൃതികളും പാരായണവിധേയമാക്കണമോ എന്നതിനെക്കുറിച്ച് അഭിപ്രായഭിന്നത ഉണ്ടാകാനിടയില്ല. അവയെല്ലാം നമ്മുടെ ധൈഷണിക പാരമ്പര്യത്തിന്റെ അനിഷേധ്യമായ ഭാഗമാണ്. അവയിൽ പലതും രൂപപ്പെടുന്നത് മതസംഹിതകളുടെ ഭാഗമായാണെങ്കിലും അവയുടെ സാമൂഹ്യസ്വഭാവം അന്യവൽക്കരിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് അവയുടെ സാമൂഹ്യ പ്രസക്തി മാറിക്കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിലും നിലനിന്നുപോകുന്നത്. കേരളത്തിലെ പല സാമൂഹ്യകേന്ദ്രങ്ങളിലും രാമായണവായന ഒരു നിത്യ ജീവിതാനുഷ്ഠാനമായിരുന്നു എന്നത് ഇതിന്റെ ഒരുദാഹരണമാണ്. രാമായണവായന അഥവാ പാരായണം ഒരു പ്രത്യേക ദിവസത്തിലോ പ്രത്യേക മാസത്തിലോമാത്രം നടന്നിരുന്ന ഒരു പ്രതിഭാസമായിരുന്നില്ല. അതിൽനിന്നു വ്യത്യസ്തമായ ഒരു സ്വഭാവം രാമായണവായനയ്ക്ക് കൽപ്പിച്ചുകൊടുക്കുന്നത് ഒരു രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്.

ഹിന്ദുമതത്തെ ഹിന്ദുത്വമാക്കിമാറ്റിയതുപോലെ രാമായണപാരായണത്തെ രാമായണമാസമാക്കി ആഘോഷിക്കുന്നത് ഒരു വർഗീയതന്ത്രമാണ‌്. രാമകഥ സമൂഹത്തിന്റെ പൊതു സ്വത്തായിരുന്നു ഇന്ത്യയിൽ എന്നത് ചൂണ്ടിക്കാണിക്കേണ്ടതായിട്ടില്ല. വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും അടുത്തകാലംവരെ ശ്രീരാമന്റെ പേരിലാണ് ജനങ്ങൾ അന്യോന്യം അഭിസംബോധന ചെയ്തിരുന്നത്. മതവിശ്വാസത്തിന്റെ പേരിൽ ഇന്ന് ശ്രീരാമനെ ഉന്നതകുലജാതരായ ഹിന്ദുക്കൾ സ്വാംശീകരിച്ചരിക്കുന്നു. ഇത്തരമൊരു പ്രക്രിയയാണ് ഇപ്പോൾ രാമായണവായനയ‌്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രിയ ശക്തിപ്പെടുകയാണെങ്കിൽ രാമായണത്തിന്റെ വാൽമീകി രാമായണമാണെങ്കിലുംഅധ്യാത്മരാമായണമാണെങ്കിലും അതിന്റെ സാഹിത്യ ധാർമിക ഗുണങ്ങൾ പരിത്യജിക്കപ്പെട്ടിരിക്കും. അതുകൊണ്ട് രാമായണവായനയെ സങ്കുചിതമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. രാമകഥയും രാമായണങ്ങളും ഇന്ത്യൻ ജനതയുടെയും കേരള ജനതയുടെയും പൊതുസ്വത്താണ്. മലയാളത്തിൽ ഒരു മാപ്പിളരാമായണം രചിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം മറന്നുകൂടാ.

രാമായണ പാരായണത്തെക്കുറിച്ചുള്ള വിവാദം ആകസ്മികമല്ല. ഇതിനു പിന്നിൽ ദീർഘകാല ആസൂത്രണത്തിന്റെ ചരിത്രമുണ്ട്. ആ ചരിത്രം ഹിന്ദുസമൂഹത്തെ സൃഷ്ടിക്കുക എന്നതും അതിന് ഒരു രാഷ്ട്രീയസ്വഭാവം പ്രദാനം ചെയ്യുക എന്നതുമാണ്. 19‐ാം നൂറ്റാണ്ടിൽ ശക്തിയാർജിച്ച ഹിന്ദുവൽക്കരണത്തിന്റെ ഭാഗമാണിത്. ഏകശിലാ രൂപമുള്ള ഒരു ഹിന്ദു ആശയസംഹിത സംജാതമാക്കിയാൽമാത്രമേ ഹിന്ദു രാഷ്ട്രീയ സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. അത്തരമൊരു പരിശ്രമത്തിൽ ഭൂതകാല ധൈഷണിക പാരമ്പര്യത്തിന് ഒരു വലിയ പങ്കുണ്ട്. രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ ആരംഭംമുതൽ അതിനാവശ്യമായ ഉപാധികൾ തേടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ശക്തമായ ഒരു കണ്ണിയാണ് രാമായണവായനയെ ഹിന്ദുത്വവാദത്തിന്റെ അജൻഡയുടെ ഭാഗമാക്കി ഒരു പുതിയ സ്വഭാവത്തിൽ രൂപപ്പെടുത്താനുള്ള ശ്രമം.

ഈ സന്ദർഭത്തിൽ മതേതരവാദികൾ നേരിടുന്ന പ്രധാനപ്പെട്ട ചോദ്യം ഇന്ത്യയുടെ ഭൂതകാല സ്രോതസ്സുകളെ വർഗീയവൽക്കരിക്കപ്പെടാൻ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെ നേരിടാമെന്നാണ്. തീർച്ചയായും ഹിന്ദുത്വവാദികളുടെ പാത അനുവദിച്ചുകൊണ്ടായിക്കൂടാ. ജനസാമാന്യത്തിന്റെ സാംസ്‌കാരികജീവിതത്തെ നിഷേധിച്ചുകൊണ്ടുമാകരുത്. അതിനാവശ്യമായ ആദ്യത്തെ ശ്രമം ഇന്ത്യയുടെ സാംസ്‌കാരിക ഉറവിടങ്ങളെ മതാധിഷ്ഠിതംമാത്രമായ വ്യാഖ്യാനങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നതാണ്. ഇന്ത്യൻ പാരമ്പര്യത്തിനും ശ്രാവണബ്രാഹ‌്മണ അല്ലെങ്കിൽ പൊതുവിൽ ഹൈന്ദവ എന്നു പറയുന്ന സ്വഭാവവും ഇസ്ലാമിക പാരമ്പര്യവും ക്രിസ്ത്യൻ സ്വാധീനവും ദളിത് സാംസ്‌കാരികരൂപങ്ങളും എല്ലാം ഉണ്ടല്ലോ. അതായത്, ഇന്ത്യൻ ഭൂതകാലത്തിന്റെ ബഹുസ്വരത അടിവരയിട്ട് പറയേണ്ട ആവശ്യം ഏറ്റവും അധികം ഉയർന്നുവന്നിട്ടുള്ള കാലഘട്ടമാണിത്. രാമായണംവായനയെ സംബന്ധിച്ച‌് ഉയർന്നുവന്നിട്ടുള്ള സംവാദം സാംസ്‌കാരിക പൊതുസ്വരതയുടെ പ്രാധാന്യത്തെ മുമ്പോട്ടുവയ‌്ക്കാനുള്ള അവസരമായി ഉപയോഗിക്കാൻ കഴിയേണ്ടതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top