25 April Thursday

രാമായണത്തിന്റെ ബഹുസ്വരജീവിതം

സുനില്‍ പി ഇളയിടംUpdated: Wednesday Aug 30, 2017

രാമായണത്തിന്റെ അനേകതയെയും ആഭ്യന്തര വൈവിധ്യങ്ങളെയും കുറിച്ച് വളരെയേറെ ആലോചിച്ച ഒരാളായിരുന്നു പ്രമുഖ സാഹിത്യചിന്തകനായ എ കെ രാമാനുജന്‍. തന്റെ പ്രസിദ്ധമായ ‘'മുന്നൂറ് രാമായണങ്ങള്‍' എന്ന പ്രബന്ധത്തില്‍ അധ്യാത്മരാമായണത്തിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വനവാസത്തിനായി പുറപ്പെടുന്ന രാമനോടൊപ്പം സീതയും വനത്തിലേക്ക് പുറപ്പെടുന്നു. വനജീവിതത്തിന്റെ പ്രയാസങ്ങള്‍ പറഞ്ഞുകൊണ്ട് രാമന്‍ അത് തടയാന്‍ ശ്രമിക്കുന്നു. അപ്പോള്‍ സീത രാമനോട് ചോദിക്കുന്ന ചോദ്യമാണ് രാമാനുജന്‍ പ്രത്യേകമായി സൂചിപ്പിക്കുന്നത്. അധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ അതാവിഷ്കരിക്കുന്നത് ഇങ്ങനെയാണ്:  

രാമായണങ്ങള്‍ പലതും കവിവര-
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?”

പലപല രാമായണങ്ങള്‍ ഞാന്‍ കവികള്‍ പാടിക്കേട്ടിട്ടുണ്ട്. അതിലെവിടെയെങ്കിലും സീതയോടൊപ്പമല്ലാതെ രാമന്‍ വനവാസത്തിന് പോയിട്ടുണ്ടോ’എന്നാണ് സീത ചോദിക്കുന്നത്. സീതയുടെ ആ ചോദ്യം, മധ്യകാലമെത്തുമ്പോഴേക്കും ഇന്ത്യയിലുണ്ടായ രാമായണപാഠങ്ങളുടെ പെരുപ്പത്തെ സൂചിപ്പിക്കുന്ന ഒന്നാണെന്ന് രാമാനുജന്‍ പറയുന്നു. ഒരു രാമായണത്തിന്റെ പല വ്യാഖ്യാനങ്ങളും പാഠഭേദങ്ങളുമായല്ല അവയെ കാണേണ്ടത്; മറിച്ച് ഒരു കഥാവസ്തുവിന്റെ അനന്തമായ ആവിഷ്കാരപ്രകാരങ്ങള്‍ എന്ന നിലയിലാണ്. കഥ ഒന്നായിരിക്കുമ്പോഴും ഓരോ ആവിഷ്കാരവും ഓരോന്നാണ്. അവയുടെ ധര്‍മവും അര്‍ഥവും അനുഭവവും ഓരോ തരമാണ്.

രാമായണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ഒരു നാടോടിക്കഥ, രാമായണപാഠത്തിന്റെ ഈ പെരുപ്പത്തെ പരോക്ഷമായി സംഗ്രഹിക്കുന്നുണ്ട്. യുദ്ധത്തിനുശേഷം ഹനുമാന്‍ ഒരു മലമുകളിലിരുന്ന് അതിവിപുലമായ ഒരു ഗ്രന്ഥമെഴുതിയെന്നും അതിനുശേഷം അത് ചീന്തിയെറിഞ്ഞു എന്നുമാണ് ആ നാടോടി ഐതിഹ്യം പറയുന്നത്. അതില്‍നിന്ന് ലഭിച്ച ഒരു ചെറിയ ഭാഗമാണത്രേ രാമായണം. സമാനമായ മറ്റൊരു കഥ മഹാഭാരതത്തെക്കുറിച്ചുമുണ്ട്. വ്യാസന്‍ 60 ലക്ഷം ശ്ളോകമുള്ള മഹാഗ്രന്ഥമാണ് ചമച്ചതെന്നും അതില്‍ മുപ്പതുലക്ഷം ദേവന്മാര്‍ക്കും 15 ലക്ഷം ഗന്ധര്‍വന്മാര്‍ക്കും 14 ലക്ഷം രാക്ഷസ/യക്ഷ വൃന്ദത്തിനും അവസാനത്തെ ഒരു ലക്ഷം മനുഷ്യര്‍ക്കും നീക്കിവച്ചു എന്നുമാണ് അത് പറയുന്നത്. രാമായണ, മഹാഭാരത പാഠങ്ങളുടെ അനന്തമായ പെരുപ്പത്തെയും വ്യാപനത്തെയും പ്രതീകരൂപേണ സംഗ്രഹിക്കുകയാണ് ഈ കഥകള്‍ ചെയ്യുന്നത് എന്നു പറയാം. പാഠഭേദങ്ങള്‍ എത്ര വലുതായാലും അവയെയെല്ലാം ഉള്‍ക്കൊള്ളാന്‍പോന്ന ഒരു ആദിമ രാമായണ/മഹാഭാരത പാഠത്തെ ഈ കഥകള്‍ സങ്കല്‍പ്പിക്കുന്നു.

എത്ര രാമായണങ്ങളുണ്ട്? രാമകഥയുടെ ലോകസഞ്ചാരംമുഴുവന്‍ പരിശോധിച്ച്, കഥയായും കവിതയായും നൃത്തരൂപങ്ങളായും ചിത്രപാഠങ്ങളായും നാടകമായും പാവകളിയായും നിഴല്‍വൃത്തങ്ങളായുമെല്ലാമുള്ള അതിന്റെ അവതാരഭേദങ്ങള്‍ മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തിയ ജെസ്യൂട്ട് പാതിരിയായ ഫാദര്‍ കാമില്‍ബുല്‍ക്കെ മുന്നൂറ് രാമായണങ്ങള്‍ എന്ന കണക്കിലെത്തുന്നുണ്ട്. പ്രമുഖ ചരിത്രകാരനായ എം ജി എസ് നാരായണന്‍ അഭിപ്രായപ്പെടുന്നത് അതൊരു ചുരുങ്ങിയ കണക്കാണ് എന്നാണ്. അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, കശ്മീരി, മറാഠി, മലയാളം, ഒഡിയ, പ്രാകൃതം, സംസ്കൃതം, സന്താളി, തമിഴ്, തെലുഗു, ബാലി, ഗ്രീസ്, ചൈനീസ്, കമ്പോഡിയന്‍, ജാവനീസ്, കോട്ടനീസ്, ലാവോഷ്യന്‍, മലേഷ്യന്‍, സിംഹളീസ്, തായ്, തിബറ്റന്‍ എന്നിങ്ങനെ ദക്ഷിണേഷ്യന്‍- പൂര്‍വ ദക്ഷിണേഷ്യന്‍ ഭാഷകളിലെല്ലാം രാമായണകഥകളും ആവിഷ്കാരങ്ങളുമുണ്ട്. ഇന്ത്യക്കു പുറത്ത് ബര്‍മ, ടിബറ്റ്, ചൈന, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രാമായണകഥ അവിടത്തെ ജനസംസ്കാരത്തിന്റെ ഭാഗമായി പടര്‍ന്നിട്ടുണ്ട്. ഇവ ഒരേയൊരു പാഠത്തിന്റെ ഭിന്നരൂപങ്ങളായല്ല. ഒരു കഥാതന്തുവിനെ അത്യന്തഭിന്നങ്ങളായ പാഠങ്ങളായി പകരുന്ന ആവിഷ്കാരങ്ങളാണവ. ഈ ആവിഷ്കാരങ്ങളുടെ പരമ്പരയിലെ അതിപ്രധാനമായ ഇന്ത്യന്‍പാഠമാണ് വാല്മീകിരാമായണം എന്നേ പറയാനാകൂ. അതിനപ്പുറം ലോകമെമ്പാടുമുണ്ടായ രാമായണപാഠപരമ്പരയുടെ ആദിമൂലം വാല്മീകിരാമായണമല്ല. അങ്ങനെയൊരു പ്രാരംഭസ്ഥാനത്തെ സങ്കല്‍പ്പിക്കണമെങ്കില്‍ രാമന്‍, സീത, ലക്ഷ്മണന്‍, രാവണന്‍ എന്നിവരുള്‍പ്പെടുന്ന രാമകഥയെയാണ് നമുക്ക് രാമായണപരമ്പരയുടെ മൂലമായി സങ്കല്‍പ്പിക്കാനാവുക. രാമകഥയില്‍നിന്നാണ് രാമായണപാഠങ്ങള്‍. മറിച്ചല്ല.

ഇന്ത്യക്കു പുറത്തെന്നപോലെ ഇന്ത്യയിലും രാമായണം അനന്തഭേദങ്ങളോടെയാണ് നിലനില്‍ക്കുന്നത്. വ്യത്യസ്ത മതങ്ങളും ഭാഷകളും പ്രാദേശിക സമൂഹങ്ങളും ആദിവാസി ഗോത്രങ്ങളുമെല്ലാം താന്താങ്ങളുടെ രാമായണപാഠങ്ങള്‍ക്ക് ജന്മം നല്‍കി. തമ്മില്‍ത്തമ്മില്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ഈ പാഠപ്പരപ്പാണ് ഇന്ത്യയിലെ രാമായണജീവിതത്തിന്റെ അടിസ്ഥാനം. ഏകാത്മകവും അഖണ്ഡവുമായ ഒരു രാമായണപാഠം ഇന്ത്യയിലും നിലനില്‍ക്കുന്നില്ല.

പരസ്പരഭിന്നങ്ങളായ ആറേഴ് പടവുകളായെങ്കിലും പടര്‍ന്നുപരന്ന ഒന്നാണ് രാമായണപാരമ്പര്യം. ഉത്തര‘ഭാരതത്തിലെ നാടോടിജീവിതത്തില്‍ പിറവിയെടുത്ത രാമകഥയാണ് അതിന്റെ പ്രാഥമിക സ്ഥാനം. ഇന്ത്യയിലെ ആദിവാസി-നാടോടി പാരമ്പര്യങ്ങളില്‍ നൂറുകണക്കിനു പ്രാദേശിക നാടോടി രാമായണങ്ങളായി അവ നിലനില്‍ക്കുന്നു; വയനാടന്‍ രാമായണവും മാപ്പിളരാമായണവുംപോലെ. പലകാലങ്ങളില്‍ പലപല ഊന്നലുകളോടെ പിറവിയെടുക്കുന്ന പാഠങ്ങള്‍. ഈ രാമകഥയ്ക്ക് സംസ്കൃതത്തില്‍ കൈവന്ന കാവ്യരൂപാത്മകമായ ആവിഷ്കാരങ്ങളാണ് മറ്റൊരു പടവ്. വാല്മീകിരാമായണം, വസിഷ്ഠരാമായണം, അഗസ്ത്യരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം, അധ്യാത്മരാമായണം, സംവൃതരാമായണം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങള്‍. ഭാസന്റെ നാടകങ്ങള്‍, കാളിദാസന്റെ രഘുവംശം, ഭവഭൂതിയുടെ ഉത്തരരാമചരിതം തുടങ്ങിയ രചനകളെയും രാമായണത്തിന്റെ ഈ സംസ്കൃതപാരമ്പര്യത്തിന്റെ ഭാഗമായി കാണാം. ഇതിലേറ്റവും ബലിഷ്ഠവും പ്രബലവുമായ പാഠമാണ് വാല്മീകിരാമായണത്തിന്റേത്. അതും പക്ഷേ, സുനിശ്ചിതമായ ഒരു ഏകപാഠമായി നമുക്ക് ലഭ്യമല്ല എന്നതും ഓര്‍മിക്കണം. ഗൌഡീയം, ദാക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങനെ വിഭിന്ന പാഠങ്ങളായാണ് വാല്മീകിരാമായണം നിലനില്‍ക്കുന്നത്. അവ തമ്മില്‍ ശ്ളോകസംഖ്യയിലും ശ്ളോകങ്ങളുടെ ഉള്ളടക്കത്തിലും കാര്യമായ അന്തരവുമുണ്ട്.

ഇന്ത്യയിലെ പ്രാദേശികഭാഷകളില്‍ പിറവിയെടുത്ത രാമായണങ്ങളാണ് അടുത്ത പടവിലേത്. വാസ്തവത്തില്‍ ഇന്ത്യന്‍ജനത രാമായണമായി കൊണ്ടുനടക്കുന്നത് ഈ പ്രാദേശികപാഠങ്ങള്‍ ജന്മം നല്‍കിയ രാമകഥയെയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ കാലത്ത് രാമനെ ഗുണസമ്പൂര്‍ണനായ അവതാരപുരുഷനായി സങ്കല്‍പ്പിച്ച രാമായണപാഠങ്ങള്‍. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടും തുളസീദാസിന്റെ രാമചരിതമാനസവുംപോലെ. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും രാമായണത്തിന് ഇത്തരം തദ്ദേശീയ ആവിഷ്കാരങ്ങളുണ്ട്. കശ്മീരിലെ രാമാവതാരചരിതം, മറാത്തിയിലെ ഭാവാര്‍ത്ഥരാമായണം, അസമിലെ കഥാരാമായണം, ആന്ധ്രയിലെ ശ്രീരംഗനാഥരാമായണം, കന്നടയിലെ കുമുദേന്ദുരാമായണം, തമിഴിലെ കമ്പരാമായണം എന്നിങ്ങനെ. ബുദ്ധമതപാരമ്പര്യത്തിലെ ദശരഥജാതകം (പാലി), ജൈനപാരമ്പര്യത്തിലെ പൌമചര്യം (പ്രാകൃതം) എന്നിവയും ഈ പാഠപാരമ്പര്യത്തില്‍ ഉള്‍പ്പെടുത്താവുന്ന രചനകളാണ്. ഇവ പകര്‍ന്ന സംസ്കാരമാണ് ഇന്ത്യയില്‍ പ്രബലമായ രാമായണപാരമ്പര്യത്തിന്റെ അടിത്തറ. അത് ഏകരൂപമായ ഒന്നല്ല.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യാ ഭൂഖണ്ഡത്തിന്റെ വിവിധ മേഖലകളിലേക്കുമുള്ള വ്യാപനംവഴി രാമകഥയ്ക്ക് കൈവന്ന പാഠാന്തരങ്ങളാണ് രാമായണജീവിതത്തിന്റെ മറ്റൊരു പടവ്. തിബറ്റും ബര്‍മയുംമുതല്‍ ഇന്തോനേഷ്യയും വരെയുള്ള വിപുലപ്രദേശങ്ങളില്‍ ഇങ്ങനെ രാമായണം പരന്നു. അതതു പ്രദേശങ്ങളിലെ രാഷ്ട്രീയവും സാംസ്കാരികവുമായ താല്‍പ്പര്യങ്ങളുമായി ആഴത്തില്‍ കൂടിക്കലര്‍ന്നും ചിലയിടത്ത് അത് യുദ്ധഗാഥയായി. ചിലയിടത്ത് നൃത്തനാടകങ്ങളായി. ഇനിയുമൊരിടത്ത് പ്രണയകഥയായി. രാമായണത്തിന്റെ ചരിത്രജീവിതത്തിലെ മറ്റെല്ലാ പടവുകളിലുമെന്നതുപോലെ ഇവിടെയും അതിന് ഏകരൂപമായ ഒരു ജീവിതം ഒരിക്കലും കൈവന്നില്ല.

രാമകഥയ്ക്കും രാമായണത്തിനും സാഹിത്യപരമല്ലാത്ത പ്രബല ജീവിതവുമുണ്ട്. മധ്യകാല ഇന്ത്യയിലെ ചിത്ര-ശില്‍പ്പ പാരമ്പര്യങ്ങള്‍, നൃത്തരൂപങ്ങള്‍, നാടകങ്ങള്‍, പാവകളി, നിഴല്‍നാടകം എന്നിങ്ങനെ എണ്ണമറ്റ ആഖ്യാനങ്ങളും ആവിഷ്കാരങ്ങളും ഈ താവഴിയില്‍ രാമായണത്തിന് കൈവന്നിട്ടുണ്ട്. ഇന്ത്യക്കു പുറത്തുള്ള രാമായണജീവിതം മുഖ്യമായും ഈ പാരമ്പര്യത്തിനുള്ളിലാണെന്നു പറയാം. സാഹിത്യപരം എന്നതിനേക്കാള്‍ എത്രയോ പ്രബലമായ ജീവിതമാണ് രാമായണത്തിന്റെ ഏഷ്യന്‍ ജീവിതത്തില്‍ ഈ ആവിഷ്കാരപാരമ്പര്യത്തിനുള്ളത്. അത് മതപരമായ അതിര്‍വരമ്പുകളെയൊന്നും മാനിക്കുന്നില്ല. തായ്ലന്‍ഡിലെ ബുദ്ധമതക്ഷേത്രങ്ങളില്‍ ഏറെയും ചിത്രീകരിക്കപ്പെടുന്നത് രാമകഥാസന്ദര്‍ഭങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ മുസ്ളിംരാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ ജീവിതസംസ്കാരത്തില്‍ രാമായണം അതിപ്രബലമായി ഇപ്പോഴും വേരുപിടിച്ചുനില്‍ക്കുന്നു.

ആധുനിക ഇന്ത്യയിലെ രാമായണജീവിതം പരസ്പരവിരുദ്ധമായ ധാരകളോട് ബന്ധപ്പെട്ടതാണ്. ഗാന്ധിജിയുടെയും ഹിന്ദുത്വത്തിന്റെയും വഴികള്‍. കരുണയുടെയും അഹിംസയുടെയും ആദര്‍ശത്തിന്റെയും അവതാരമായിരുന്നു ഗാന്ധിജിക്ക് രാമന്‍. മര്യാദപുരുഷോത്തമന്‍ എന്ന് ഗാന്ധിജി രാമനെ വിഭാവനം ചെയ്തത് അതുകൊണ്ടാണ്. ഗാന്ധിജിയുടെ രാമരാജ്യകല്‍പ്പനയുടെ ആധാരവും മറ്റൊന്നല്ല. ഈ രാമസങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് ക്ഷാത്രവീര്യത്തിന്റെയും ബ്രാഹ്മണധര്‍മത്തിന്റെയും നായകനായ മറ്റൊരു രാമനെ ഹിന്ദുത്വം ഉയര്‍ത്തിക്കൊണ്ടുവന്നു. 1970കളില്‍ അമര്‍ചിത്രകഥകള്‍ വഴിയും രാമാനുജസാഗറിന്റെ ടെലിവിഷന്‍ പരമ്പരവഴിയും ഉറപ്പിക്കപ്പെട്ട രാമസങ്കല്‍പ്പം ഇത്തരമൊന്നാണ്. ആക്രമണോത്സുകതയുടെയും മതവര്‍ഗീയതയുടെയും ഊര്‍ജകേന്ദ്രമാക്കി രാമസങ്കല്‍പ്പത്തെ ഉപയോഗപ്പെടുത്താനുള്ള ഹിന്ദുത്വശ്രമങ്ങള്‍ക്ക് കൈവന്ന ഏറ്റവും വലിയ പിന്തുണയായിരുന്നു അത്.

രാമായണത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങളിലൊന്നില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ് ചിന്തകനായ രാംമനോഹര്‍ലോഹ്യ രണ്ട് രാമായണപാരമ്പര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വാല്മീകിയുടെ പാരമ്പര്യവും വസിഷ്ഠന്റെ പാരമ്പര്യവും. കരുണയുടെ വഴിയായിരുന്നു വാല്മീകിയുടേത്. വസിഷ്ഠന്റേത് ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും യജ്ഞ-യാഗങ്ങളുടെയും. വാല്മീകിയുടെ പാരമ്പര്യത്തെ ആധുനിക ഇന്ത്യയില്‍ പുനഃസ്ഥാപിക്കാനായിരുന്നു ഗാന്ധിജിയുടെ ശ്രമം. വസിഷ്ഠപാരമ്പര്യത്തിന്റെ സംസ്ഥാപനമാണ് ഹിന്ദുത്വത്തിന്റെ അന്തിമലക്ഷ്യം. ബ്രാഹ്മണികമായ ഈ വസിഷ്ഠപാരമ്പര്യത്തിനു മുകളില്‍, രുദിതാനുസാരിയായ കവിയുടെ, കരുണയുടെ, പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് രാമായണത്തിന്റെമാത്രം പ്രശ്നമല്ല. ഇന്ത്യ എന്ന ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റെയും തുടര്‍ച്ചയുടെയും പ്രശ്നമാണ്

പ്രധാന വാർത്തകൾ
 Top