18 February Tuesday

ജത്‌മലാനി; വിവാദങ്ങളുടെ തോഴൻ

ഡോ. സെബാസ്റ്റിയന്‍ പോള്‍Updated: Monday Sep 9, 2019

ഭരണഘടനാനിയമത്തിൽ നാനി പാൽക്കിവാല ആരായിരുന്നുവോ അതായിരുന്നു ക്രിമിനൽ നിയമത്തിൽ രാം ജത്‌മലാനി. ഭരണഘടനയ്ക്കൊപ്പം ദൈർഘ്യമുള്ള അഭിഭാഷകവൃത്തിയിൽ അദ്ദേഹം ഒരു ലെജൻഡായി മാറി. ഏറ്റവുമുയർന്ന ഫീസ് വാങ്ങുന്ന അഭിഭാഷകൻ എന്നത് വ്യക്തിത്വത്തിന്റെ പൊലിമയ്ക്ക്‌ കാരണമാകുമെങ്കിൽ അതുമായിരുന്നു ജത്‌മലാനി. വിഷയം പ്രിയപ്പെട്ടതെങ്കിൽ ഫീസ് വാങ്ങാതെയും കേസ് നടത്തിയിരുന്ന ആളായിരുന്നു പാൽക്കിവാല. പ്രിവി പഴ്സ് നിർത്തലാക്കിയതിനെതിരെയുള്ള കേസിൽ രാജകുടുംബാംഗങ്ങൾക്കുവേണ്ടി അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചത് ഫീസ്‌ വാങ്ങാതെയായിരുന്നു. 

അപ്രകാരം ആത്മസംതൃപ്തിക്കുവേണ്ടി കേസ് നടത്തിയിരുന്ന ആളായിരുന്നില്ല ജത്‌മലാനി. 1959ലെ പ്രസിദ്ധമായ നാനാവതി കേസ് മുതൽ ഇന്ദിര‐രാജീവ് വധക്കേസുകൾ, ജെസീക്ക ലാൽ വധക്കേസ്, ലാലു പ്രസാദിന്റെയും ജയലളിതയുടെയും അഴിമതിക്കേസുകൾവരെ ലക്ഷണമൊത്ത ക്രിമിനൽ കേസുകളിൽ സമൂഹത്തിന്‌ അനഭിമതരായ പ്രതികൾക്കുവേണ്ടി ഹാജരാകാൻ വൈമുഖ്യം കാണിച്ചിട്ടില്ലാത്തയാളാണ്  ജത്‌മലാനി. ഹാജി മസ്താന്റെ അഭിഭാഷകനായിരുന്ന ജത്‌മലാനി ഒരുകാലത്ത് കള്ളക്കടത്തുകാരുടെ അഭിഭാഷകനായി അറിയപ്പെട്ടു. ഹർഷദ് മേത്തയുടെയും കേതൻ പരേഖിന്റെയും അഭിഭാഷകനാകാനും അദ്ദേഹത്തിനു മടിയുണ്ടായില്ല.

2 ജി സ്പെക്ട്രം കേസിൽ അദ്ദേഹം കനിമൊഴിക്കുവേണ്ടി ഹാജരായി. എല്ലാം അദ്ദേഹം തൊഴിലിന്റെ ഭാഗമായി കണ്ടു. ഓരോ കേസും അദ്ദേഹത്തിന്റെ യശസ്സ്‌ ഉയരുന്നതിനു കാരണമായി. ഒപ്പം ക്രിമിനൽ നിയമത്തിൽ പുതിയ പാഠങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. പാഠങ്ങൾ എന്നതിനേക്കാൾ തന്ത്രങ്ങൾ എന്നു പറയുന്നതാകും കൂടുതൽ ശരി.അടിയന്തരാവസ്ഥയുടെ വിമർശകനായിരുന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്ന ജത്‌മലാനി. അന്ന് വാറന്റുമായി പിടിക്കാനെത്തിയ മുംബൈ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ സാഹസികനെന്ന നിലയ്ക്കാണ് ജത്‌മലാനിയെ ഞാൻ ആദ്യം അറിയുന്നത്. പാലക്കാട്ടുനിന്ന് മുങ്ങിയ ജത്‌മലാനി പൊങ്ങിയത് ക്യാനഡയിലായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ വിദേശങ്ങളിൽ നല്ലനിലയിൽ പ്രചാരവേല നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ജത്‌മലാനി 1977ലെ തെരഞ്ഞെടുപ്പിൽ മുംബൈയിൽ അന്നത്തെ നിയമ മന്ത്രി എച്ച് ആർ ഗോഖലെയെ പരാജയപ്പെടുത്തി രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തി.

ഇരുപത് വർഷത്തിനുശേഷം വാജ്പേയിയുടെ മന്ത്രിസഭയിൽ അദ്ദേഹം നിയമ മന്ത്രിയായപ്പോൾ ആർക്കും അത്ഭുതമുണ്ടായില്ല. രണ്ടുവട്ടം അദ്ദേഹം മന്ത്രിയായി. പക്ഷേ, അവസരം വന്നപ്പോൾ അദ്ദേഹം വാജ്പേയിയെ ചവിട്ടി. 2004ൽ ലഖ്‌നൗവിൽ വാജ്പേയിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദൾ ടിക്കറ്റിൽ രാജ്യസഭാംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നവരെ അവസരവാദിയെന്നു വിളിക്കാമെങ്കിൽ ആ വിശേഷണവും അദ്ദേഹത്തിനു ചേരുന്നതായി.രാഷ്ട്രീയത്തിലെ ഗതിവിഗതികളേക്കാൾ ജത്‌മലാനിയെ ശ്രദ്ധേയനാക്കിയത് ക്രിമിനൽ കോടതികളിലെ മിന്നുന്ന പ്രകടനമായിരുന്നു. ക്രോസ് വിസ്താരത്തിന് അദ്ദേഹം ലക്ഷണമൊത്ത മാതൃകയായി. ന്യായാധിപന്മാർ അദ്ദേഹത്തെ അധ്യാപകനായി കണ്ടു. കേരള ഹൈക്കോടതിയിൽ കേസ് നടത്താൻ ഹെലികോപ്റ്ററിലെത്തി വാർത്തയുണ്ടാക്കിയ ആളാണ് ജത്‌മലാനി. പൊലിമയിലും പൊങ്ങച്ചത്തിലും ചിലപ്പോൾ ന്യായാധിപന്മാരും ആകൃഷ്ടരാകും. അതിനപ്പുറം ഇത്തരം ചില വ്യക്തികളെയും കോടതികളിൽ നമുക്കാവശ്യമുണ്ട്. സൂപ്പർ സ്റ്റാറുകളുടെ സ്ഥാനം വെള്ളിത്തിരയിൽ മാത്രമല്ല. കറുത്ത അങ്കിയിട്ട് തടിച്ച പുസ്തകങ്ങളുമായി കോടതികളിലും അവരെത്തും. അതിലൊരാളായിരുന്നു ജത്‌മലാനി.


പ്രധാന വാർത്തകൾ
 Top