13 May Thursday

തീവ്രഹിന്ദുത്വ കാലത്തെ 
രാജാരവിവർമ - ഡോ. പി പി അജയകുമാർ എഴുതുന്നു

ഡോ. പി പി അജയകുമാർUpdated: Thursday Apr 29, 2021

ഇന്ത്യയിലെ ആദ്യത്തെ പൊതുഇട ചിത്രകാരനായി പരിഗണിച്ചുവരുന്നത് രാജാ രവിവർമയെയാണ്. രവിവർമയ്‌ക്കു മുമ്പും ശേഷവും പൊതു ഇടങ്ങളെ തങ്ങളുടെ കലാസൃഷ്ടികൾകൊണ്ട് സമ്പന്നമാക്കിയ കലാകാരൻമാർ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും കലയെ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയ മറ്റൊരു കലാകാരൻ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. താൻ വരയ്ക്കുന്ന ചിത്രങ്ങൾ ജനങ്ങൾ കാണണം എന്ന നിർബന്ധം രവിവർമയ്‌ക്ക്‌ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ ഒരു ചിത്രശാല തുടങ്ങാൻ നിരവധി തവണ അദ്ദേഹം രാജാവിനെ സമീപിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ അതു സഫലമായില്ല. 1892ൽ ബറോഡ രാജാവായ മഹാരാജ സയോജി റാവ് മൂന്നാമന്റെ കൊട്ടാരത്തിൽ സ്ഥാപിക്കാനായി വരച്ച പതിനാല്‌ ചിത്രം ആദ്യം തിരുവനന്തപുരത്തും പിന്നീട് രണ്ടുമാസം ബോംബെയിലും അതിനുശേഷം ബറോഡയിലും പൊതു പ്രദർശനം നടത്തിയതിനുശേഷമാണ് രാജാവിന് സമർപ്പിച്ചത് എന്നതിൽനിന്നുതന്നെ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഇരിക്കേണ്ടതല്ല, പൊതു ജനങ്ങളിലേക്ക് എത്തിക്കേണ്ടതാണ് കല എന്ന രവിവർമയുടെ ഉറച്ച വിശ്വാസം വ്യക്തമാണ്. രവിവർമയുടെ വിശ്വാസം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു ജനങ്ങളിൽനിന്ന് ലഭിച്ച പ്രതികരണം. തങ്ങൾ ഇന്നേവരെ ദർശിച്ചിട്ടില്ലാത്തതും എന്നാൽ നൂറ്റാണ്ടുകളായി ആരാധിച്ചു പോരുന്നതുമായ ദൈവിക ബിംബങ്ങൾക്കും തങ്ങൾക്കു പരിചിതമായ പുരാണ കഥാപാത്രങ്ങൾക്കും മുന്നിൽ കൈകൂപ്പി നിൽക്കുകയും സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുന്ന കാഴ്ച രവിവർമ നിർന്നിമേഷനായി നോക്കിയിരുന്നിരിക്കണം.

രവിവർമയുടെ ജനകീയ അംഗീകാരത്തിന് പിറകിൽ പല കാരണങ്ങൾ ഉണ്ടെന്നു കാണാം. അതിൽ ഒന്ന് ഇന്ത്യക്കാരുടെ മനസ്സിൽ ലബ്ധ പ്രതിഷ്ഠ നേടിയ പുരാണ കഥാപാത്രങ്ങളെയും ദൈവരൂപങ്ങളെയും പാരമ്പര്യ രചനാരീതി വിട്ട് യഥാർഥ മനുഷ്യരുടെ രൂപത്തിൽ പുനഃസൃഷ്ടിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ രവിവർമയുടെ യഥാർഥ ശൈലി ജനങ്ങൾ സർവാത്മനാ സ്വീകരിച്ചു. മറ്റൊന്ന് ഏകമാനമായ ഇന്ത്യൻ പാരമ്പര്യ ചിത്രരചനാ ശൈലിയിൽനിന്ന്‌ വ്യത്യസ്തമായി ദ്വിമാനമായതും യാഥാർഥ്യവുമായി ഏറെ അടുത്തു നിൽക്കുന്നതുമായ യൂറോപ്യൻ ശൈലി പരീക്ഷിക്കാനായി എന്നതാണ്. എണ്ണച്ചായ ചിത്രകാരന്മാർ വളരെ അപൂർവമായ കാലത്ത്‌ ഇന്ത്യൻ സാഹചര്യത്തിൽ പുതുമയാർന്ന അത്തരം ശൈലികൾ പരീക്ഷിക്കാനായി എന്നതും രവിവർമയ്ക്ക്‌ അനുകൂല ഘടകമായിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകം താൻ മുൻകൈയെടുത്തു സ്ഥാപിച്ച ‘രവിവർമ ഫൈൻ ആർട്സ് ലിത്തോഗ്രാഫിക് പ്രസി’ ലൂടെ തന്റെ ചിത്രങ്ങളുടെ പകർപ്പുകൾ അച്ചടിച്ച്‌ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കി എന്നുള്ളതാണ്. ഒരു മണിക്കൂറിൽ 800 പ്രിന്റ്‌ വരെ എടുക്കാൻ കഴിയുന്ന അത്യാധുനിക പ്രസ് ആയിരുന്നു രവിവർമയുടേത്. ജർമനിയിൽനിന്ന്‌ ഇറക്കുമതി ചെയ്ത ഈ പ്രസിന്റെ ജോലികൾ എല്ലാം നിയന്ത്രിച്ചിരുന്നത് ജർമൻകാരനായ പ്രിന്റർ ഫ്രീസ് സ്ളേച്ചർ ആയിരുന്നു.


 

1906 ഒക്ടോബർ നാലിന്‌ പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപത്രം രവിവർമയെ ഇങ്ങനെ അനുസ്മരിച്ചു, “അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യക്കാരിൽ അനിതര സാധാരണമായ സ്വാധീനം ചെലുത്തി. അദ്ദേഹം രൂപം കൊടുത്ത പുരാണ കഥാപാത്രങ്ങൾക്ക് അസാധാരണ പ്രചാരണം ലഭിച്ചുകൊണ്ടിരുന്നു. അടുത്തകാലത്തൊന്നും അതിനു മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല.” എന്നാൽ, രാജാ രവിവർമയ്‌ക്കെതിരായ നിശിത വിമർശങ്ങളും അക്കാലത്ത്‌ അരങ്ങേറി. പ്രത്യേകിച്ചും അന്നത്തെ ഹിന്ദു ദേശീയവാദികളുടെ ഭാഗത്തുനിന്നാണ് അത്തരം വിമർശങ്ങളുടെ തുടക്കം. അത്മീയാചാര്യനും കവിയുമായ അരബിന്ദോ രവിവർമയെക്കുറിച്ചു നടത്തിയ വിലയിരുത്തൽ ശ്രദ്ധേയമാണ്. അക്കാലത്തെ ഹിന്ദു ദേശീയവാദികളുടെ പൊതു വീക്ഷണമാണ് ആ വിലയിരുത്തലിൽ നിഴലിക്കുന്നത്‌.

“ഇന്ത്യൻ സംസ്കാരത്തെയും അഭിരുചിയെയും തരംതാഴ്‌ത്തിയ മഹാൻ” എന്നാണ് അരബിന്ദോ രവിവർമയെക്കുറിച്ചു പറഞ്ഞത്. അനന്ദ കുമാര സ്വാമി 1907ൽ മോഡേൺ റെവ്യുവിൽ എഴുതിയ ഒരു ലേഖനത്തിൽ സമാനമായ പരാമർശം കാണാം. “ഇന്ത്യൻ സാഹിത്യത്തെക്കുറിച്ച്‌ ഉപരിപ്ലവമായ അറിവും ഇന്ത്യൻ ജീവിതത്തെക്കുറിച്ച്‌ ഏകദേശ ധാരണയും ഉള്ള ഏതു യൂറോപ്യൻ ചിത്രകലാ വിദ്യാർഥിക്കും വരയ്‌ക്കാവുന്ന തരം ചിത്രങ്ങളാണ് രവിവർമയുടെതായിട്ടുള്ളത്. ഗൗരവമേറിയ പുരാണ സന്ദർഭങ്ങളെ അമാന്യമായി ചിത്രീകരിച്ചതിൽപ്പരം അപമാനകരമായി മറ്റൊന്നുമില്ല” എന്ന്‌ അദ്ദേഹം എഴുതുമ്പോൾ സങ്കുചിത ദേശീയവാദികളുടെ വീക്ഷണമാണ് മറനീക്കി പുറത്തുവരുന്നത്. ഈ രണ്ടു അഭിപ്രായപ്രകടനവും രവിവർമയ്‌ക്കെതിരായി ഫയൽ ചെയ്യപ്പെട്ട ഒരു കേസുമായി ചേർത്ത് വായിക്കേണ്ടതാണ്‌. രവിവർമ ചിത്രങ്ങളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും ഭാരതീയ പാരമ്പര്യത്തിന് വിരുദ്ധമായ നഗ്നതയുടെ അതിപ്രസരം അവയിലുണ്ടെന്നും അതിനാൽ അവയുടെ പ്രദർശനവും വിൽപ്പനയും നിരോധിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, കലാകാരന്റെ അവിഷ്കാര സ്വാതന്ത്ര്യത്തിന്‌ അനുകൂലമായി ജഡ്ജി വിധി പ്രസ്താവിച്ചതിനാൽ രവിവർമ ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടു.

മേൽപ്പറഞ്ഞ വസ്തുതകളെല്ലാം വിരൽചൂണ്ടുന്നത്‌ രണ്ടു കാര്യത്തിലേക്കാണ്‌, രവിവർമയുടെ കല ഇന്ത്യൻ പാരമ്പര്യത്തിന്‌ ചേർന്നതല്ല. കല സാധാരണ ജനങ്ങൾക്ക്‌ ആസ്വദിക്കാൻ ഉള്ളതല്ല. അറിഞ്ഞോ അറിയാതെയോ രവിവർമ നിഷേധിച്ചത് വരേണ്യ ഹിന്ദു പാരമ്പര്യത്തെയായിരുന്നു. യൂറോപ്യൻ ചിത്രരചനാശൈലി സ്വായത്തമാക്കി ഇന്ത്യൻ പുരാണങ്ങളിലെ സന്ദർഭങ്ങളെ ചിത്രീകരിച്ച രവിവർമ ഏറ്റവും കൂടുതൽ വിമർശം കേൾക്കേണ്ടിവന്നത് സങ്കുചിത ഹിന്ദു ദേശീയവാദികളിൽ നിന്നായിരുന്നു. എന്നാൽ, ചിത്രമെഴുത്തിൽ പാരമ്പര്യ നിരാസം നടത്തുമ്പോഴും വ്യക്തി ജീവിതത്തിൽ തികഞ്ഞ പാരമ്പര്യവാദിയായി അദ്ദേഹം നിലകൊണ്ടു എന്നതും ഒരു വസ്തുതയാണ്. കടൽ കടന്നുള്ള യാത്രകൾ അദ്ദേഹം ഒഴിവാക്കാനുള്ള കാരണം ജാതിഭ്രഷ്ടു പേടിച്ചിട്ടാണെന്ന്‌ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വിദേശങ്ങളിൽ പ്രദർശനത്തിന്‌ ചിത്രങ്ങൾ അയക്കുമ്പോഴും ഒരിക്കൽപ്പോലും അവിടം സന്ദർശിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് വസ്തുതയാണ്.

രവിവർമ ഫൈൻ ആർട്സ് ലിത്തോഗ്രാഫിക് പ്രസ് ഇന്ത്യൻ കലാചരിത്രത്തിൽ എന്നപോലെ പ്രിന്റിങ് ചരിത്രത്തിലും ഒരു നഴികക്കല്ലാണ്. കേവലം ഒരു വ്യവസായ സംരംഭം എന്ന നിലയിലല്ല, അതിലുപരി ചിത്രകലയുടെ പോഷണവും ജനകീയവൽക്കരണവുമാണ് രവിവർമ ലക്ഷ്യമാക്കിയത്‌

പാരീസിലും ലണ്ടനിലും പോയി ഡാവിഞ്ചിയുടെയും മൈക്കൽ ആഞ്ചലോയുടെയും രചനകൾ നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ക്ലാസിക് പെയിന്റിങ്ങുകളുടെ പ്രിന്റുകൾ കണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു.
രവിവർമ ഫൈൻ ആർട്സ് ലിത്തോഗ്രാഫിക് പ്രസ് ഇന്ത്യൻ കലാചരിത്രത്തിൽ എന്നപോലെ പ്രിന്റിങ് ചരിത്രത്തിലും ഒരു നഴികക്കല്ലാണ്. കേവലം ഒരു വ്യവസായ സംരംഭം എന്ന നിലയിലല്ല, അതിലുപരി ചിത്രകലയുടെ പോഷണവും ജനകീയവൽക്കരണവുമാണ് രവിവർമ ലക്ഷ്യമാക്കിയത്‌. അതുകൊണ്ടുതന്നെ തന്റെ ബിസിനസ് പാർട്‌ണർ ആയ ഗോവർധൻ ദാസ് പിൻമാറിയപ്പോൾ അദ്ദേഹത്തിന്റെ ഷെയർ കൊടുത്ത്‌ അതു ഒറ്റയ്ക്ക്‌ നടത്തുകയും പിന്നീട് ചെറിയ തുകയ്ക്ക്‌ പ്രസ് പ്രിന്റർ ഫ്രീസ് സ്ളേച്ചറിന്‌ വിൽക്കുകയും ചെയ്തു. ശ്രദ്ധിച്ചിരുന്നെങ്കിൽ വലിയ ലാഭം ഉണ്ടാക്കാമായിരുന്ന ഒരു ബിസിനസ് നഷ്ടത്തിൽ കൈയൊഴിയേണ്ടിവന്നത് കലയെ കച്ചവടത്തിനുമുകളിൽ പ്രതിഷ്ഠിച്ചതുകൊണ്ടാണ് എന്നതിൽ സംശയമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിൽ ബോംബെയിൽ പടർന്നുപിടിച്ച പ്ലേഗ് രവിവർമയുടെ പ്രസിനെയും ബാധിച്ചു. ബോംബെ നഗരമധ്യത്തിൽ കല്ബദെവിൽ സ്ഥിതി ചെയ്തിരുന്ന പ്രസ് ഘടകപറിലേക്കും പിന്നീട് ലൊനവാലയിലേക്കും മാറ്റിസ്ഥാപിച്ചു. രവിവർമയുടെ സഹോദരൻ ശ്രീ രാജ രാജ വർമയുടെ ഡയറിക്കുറിപ്പുകളിൽ പ്ലേഗ് കാലത്തെ അനുഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്‌. തീവണ്ടികളിൽ ഡോക്ടർമാർ പരിശോധന നടത്തുന്നതും മനുഷ്യർ തിങ്ങിനിറഞ്ഞു നിന്നിരുന്ന ബോംബെ തെരുവുകൾ വിജനമായതും അദ്ദേഹം വിവരിക്കുന്നുണ്ട്‌. രവിവർമയെ പ്രതിസന്ധിയിലാക്കി ഗോവർധൻ ദാസ് പിരിഞ്ഞുപോകുന്നതും പ്രസ് മാറ്റി സ്ഥാപിക്കേണ്ടിവരുന്നതും പ്ലേഗിന്റെ വ്യാപനം കാരണമാണെന്നു കാണാം. ഒരു മഹാമാരിക്കാലത്തിലൂടെ ലോകം കടന്നുപോകുമ്പോൾ രവിവർമയെ അദ്ദേഹത്തിന്റെ നൂറ്റിഎഴുപത്തി മൂന്നാം ജന്മദിനത്തിൽ വീണ്ടും ഓർക്കാം.

(കേരള സർവകലാശാല പ്രൊ വൈസ് ചാൻസലറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top