20 November Wednesday

രാഹുല്‍ നോക്കേണ്ടത് കണ്ണാടിയിലേക്കാണ‌്

കെ രാജേന്ദ്രന്‍Updated: Tuesday Jun 4, 2019


കോൺഗ്രസിന് ഇപ്പോൾ നേതൃത്വമില്ല. വീട്ടിൽ കയറുന്നതിന‌് രാഹുൽ ഗാന്ധി മറ്റ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഒരു മാസം ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് പിണങ്ങിനിൽക്കുന്ന രാഹുൽ വക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി വിളിച്ചുചേർത്ത പ്രവർത്തക സമിതിയോഗത്തിൽ രാഹുൽ പൊട്ടിത്തെറിച്ചു. മക്കൾ രാഷ്ട്രീയത്തേയും റഫേൽ അ‍ഴിമതി ഉൾപ്പെടെ താൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ മറ്റ് നേതാക്കൾ ഏറ്റെടുക്കാതിരുന്നതിനേയും രാഹുൽ പ‍ഴിച്ചു. കമൽനാഥിന്റെ മകനും ചിദംബരത്തിന്റെ മകനും ജയിച്ചപ്പോൾ രാജീവ്ഗാന്ധിയുടെ മകൻ അമേഠിയിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. ഇതിന് ഉത്തരവാദി രാഹുൽ അല്ലാതെ മറ്റാരാണ്? എസ്‌പി–- -ബിഎസ‌്‌പി മഹാസഖ്യത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ രാഹുലിന‌് കെട്ടിവച്ച കാശ് നഷ്ടപ്പെടുമായിരുന്നു.1977ൽ ഇന്ദിര ഗാന്ധിക്ക് റായ്ബറേലിയിൽ ഉണ്ടായതിനേക്കാൾ കനത്ത പരാജയം. പാർടി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ധീരനായി മുന്നിൽനിന്ന് നയിക്കേണ്ട രാഹുൽ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് മാളത്തിൽ ഓടിയൊളിക്കുന്നതാണ് ഏറ്റവും  പരിതാപകരമായ കാ‍ഴ‌്ച.

വീണത് സ്വയം കു‍ഴിച്ച കു‍ഴിയിൽ
വർഗീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കലാപങ്ങളും സാമുദായിക ധ്രുവീകരണവും ഉണ്ടാക്കിയാൽ മതി. എന്നാൽ, മതേതരപാർടികൾക്ക് ദൗത്യം ബുദ്ധിമുട്ടേറിയതാണ്. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടും ബദൽനയങ്ങൾ ഉയർത്തിപ്പിടിച്ചും ജനപിന്തുണ ആർജിക്കണം. എന്നാൽ, ഇതൊന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്ന‌് ഉണ്ടായില്ല. സഹോദരി പ്രിയങ്ക ഗാന്ധിയിലൂടെ നെഹ്റു കുടുംബ പാരമ്പര്യം വോട്ടർമാരിലെത്തിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്.

അമേഠിയിൽ രാഹുലിന്റെ നാമനിർദശപത്രിക സമർപ്പണചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്കയെത്തിയത് മകൻ റായ്ഹാൻ വാധ്രയോടൊപ്പമായിരുന്നു. രാഹുലിന് ചുറ്റുമുള്ള ഉപജാപകസംഘം നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയായി യുവരാജകുമാരനെ വാ‍ഴ‌്ത്തി. പ്രിയങ്കയാകട്ടെ ഗംഗായാത്രയിലൂടെ ബിജെപിയെ തോൽപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ബിജെപിയുടെ ഹിന്ദുത്വക്കെതിരായ മറുമരുന്നായിരുന്നു പ്രിയങ്കയുടെ ഗംഗായാത്ര.

രാഹുലിന്റെ അപക്വതയും  രാഷ്ട്രീയ പരിജ്ഞാനമില്ലായ‌്മയും  എങ്ങനെയാണ് ബിജെപിക്ക് അനുഗ്രഹമായി മാറിയതെന്ന് അറിയണമെങ്കിൽയുപിയിലെ തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാൽ മതി. മീററ്റ് മണ്ഡലത്തിലെ വോട്ടിങ‌് നില നോക്കാം. ബിജെപി സ്ഥാനാർഥി രാജേന്ദ്ര അഗർവാൾ ബിഎസ്‌പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 4729 വോട്ടിനാണ്. ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഹരേന്ദ്ര അഗർവാൾ നേടിയത് 34,479 വോട്ട‌്. ജയിക്കാൻ പോയിട്ട്, കെട്ടിവച്ച കാശ് പോലും കിട്ടിയില്ലെങ്കിലും ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കുക എന്ന ദൗത്യം  കോൺഗ്രസ് ഭംഗിയായി നിറവേറ്റി. 

മഹാരാഷ്ട്രയിൽ 48 ലോക‌്സഭാ സീറ്റാണ‌് ഉള്ളത‌്. ഷോലാപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെയെ ബിജെപി സ്ഥാനാർഥി ജയ് സിദേശ്വർ ശിവാചാരി മഹാസ്വാമിജി തോൽപ്പിച്ചത് 1,58,078 വോട്ടിനായിരുന്നു. ഈ മണ്ഡലത്തിൽ വഞ്ചിത‌് ബഹുജൻ അഗഡി (വിബിഎ) സ്ഥാനാർഥി പ്രകാശ് അംബേദ്കർ നേടിയത് 1,69,523 വോട്ട‌്. മറ്റൊരു മണ്ഡലമായ നന്ദേദിൽ കോൺഗ്രസ് നേതാവ് അശോക് ചവാനെ ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത് 40,010 വോട്ടിന‌്. ഇവിടെ വിബിഎ സ്ഥാനാർഥി നേടിയത് 1,66,196 വോട്ട‌്. മതേതര പാർടികൾക്കിടയിലെ ഭിന്നിപ്പ് ഒ‍ഴിവാക്കാൻ വിബിഎ പരമാവധി ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് തയ്യാറായില്ല. മതേതരപാർടികൾ തമ്മിലുള്ള മത്സരംമൂലം മഹാരാഷ്ട്രയിൽ ബിജെപി–- -ശിവസേന സഖ്യം ജയിച്ചത് 12 സീറ്റിലാണ്.

എൻഡിഎയിലോ യുപിഎയിലോ ഉൾപ്പെടാത്ത ചെറുതും വലുതുമായ പാർടികൾ ചേർന്ന് മഹാരാഷ്ട്രയിൽ നേടിയത് 16.13 ശതമാനം വോട്ടാണ്. ഇവരെ ഒപ്പം നിർത്താൻ യുപിഎയ്ക്ക‌് സാധിച്ചിരുന്നെങ്കിൽ‌ ദേശീയ ചിത്രംതന്നെ മറ്റൊന്നാകുമായിരുന്നു.ബിജെപി വൻമുന്നേറ്റം  ഉണ്ടാക്കിയ ഒഡിഷയിലും തെലങ്കാനയിലും ബിജെപിയുടെ വിജയം കോൺഗ്രസ് സഹായത്തോടെയായിരുന്നു. ഒഡിഷയിൽ ഏഴ‌് സീറ്റിൽ മൂന്നാം സ്ഥാനത്തുപോയ കോൺഗ്രസ് ഈ സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ വോട്ടുകൾ പിടിച്ചു.

തെലങ്കാനയിൽ ബിജെപിക്ക് ലഭിച്ച നാല‌് സീറ്റിലും സംഭവിച്ചത് ഇതുതന്നെ. 25 സീറ്റുള്ള ആന്ധ്രയിൽ സ്ഥിതി വ്യത്യസ‌്തമായിരുന്നു. ബിജെപിക്ക് ഇവിടെ സീറ്റൊന്നും ലഭിച്ചില്ല. ഉമ്മൻചാണ്ടിയുടെ ചുമതലയിലുള്ള  ആന്ധ്ര കോൺഗ്രസിന് ലഭിച്ചത് വെറും 1.29 ശതമാനം വോട്ട്. ഇവിടെ കുറച്ചുകൂടി ശക്തിപ്പെട്ടിരുന്നെങ്കിൽ പല സീറ്റുകളിലും കോൺഗ്രസ് ബിജെപിയെ ജയിപ്പിക്കുമായിരുന്നു.

ഡൽഹി, ഹരിയാന-, പഞ്ചാബ് മേഖലയുടെ പ്രത്യേകത എഎപിയുടെയും ബിഎസ്‌പിയുടെയും ശക്തമായ സാന്നിധ്യമാണ്. മതേതര പാർടികൾ ഐക്യത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ബിജെപിയെ നിഷ്പ്രഭമാക്കാമായിരുന്നു. ഡൽഹിയിൽ കോൺഗ്രസ്, -എഎപി സഖ്യചർച്ചകൾ പരാജയപ്പെട്ടതോടെ വലിയൊരു വിഭാഗം ജനങ്ങൾ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തിയില്ല.

ബിജെപി തൂത്തുവാരിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ‌്തമല്ല. മധ്യപ്രദേശിലെ മൊരാന  മണ്ഡലമെടുക്കാം. ബിജെപി സ്ഥാനാർഥി നരേന്ദ്ര സിങ‌് തോമർ  കോൺഗ്രസിലെ രാംനിവാസ് റാവത്തിനെ  തോൽപ്പിച്ചത്  113341 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. മണ്ഡലത്തിൽ ബിഎസ്‌പി സ്ഥാനാർഥി  കർതാർ സിങ‌് ഭടാന നേടിയതാകട്ടെ 1,29,380 വോട്ട‌്. മതേതര പാർടികൾ യോജിച്ച് മത്സരിച്ചിരുന്നങ്കിൽ  മൊരാന മാത്രമല്ല നിരവധി മണ്ഡലങ്ങ‌ളിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, തമിഴ‌്നാട്ടിൽ വൻവിജയം നേടിയതുപോലുള്ള മതേതരസഖ്യം ദേശീയതലത്തിൽ പരീക്ഷിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നെഹ്റു കുടുംബത്തിന്റെ ഖ്യാതിയിൽ വൻവിജയം  നേടാനാകുമെന്ന വിശ്വസ‌്തരുടെ  സ‌്തുതിവാചകങ്ങൾ മാത്രമാണ് രാഹുൽ മുഖവിലയ‌്ക്കെടുത്തത‌്.

ന്യൂനപക്ഷനിലപാടിലെ ഇരട്ടത്താപ്പ്
അമേഠിയിൽ പരാജയം മണത്ത രാഹുൽ മുസ്ലിംലീഗിന്റെ  കരുത്തുകണ്ടാണ് വയനാട്ടിലെത്തിയത്.ഇതേ രാഹുൽ അധ്യക്ഷനായ പാർടിയുടെ ന്യൂനപക്ഷസ‌്നേഹം അറിയണമെങ്കിൽ അസമിലെ കരിംഗഞ്ച് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാൽമതി. മണ്ഡലത്തിലെ 55 ശതമാനം സമ്മതിദായകർ മുസ്ലിങ്ങളാണ്.  എഐയുഡിഎഫ് ആണ് ഇവിടത്തെ പ്രധാന പാർടി. എന്നാൽ, ഇവിടെ ബിജെപി സ്ഥാനാർഥി ക്രിപാനാഥ് മല്ല എഐയുഡിഎഫിലെ രാധേശ്വാം ബിശ്വാസിനെ 37,427 വോട്ടിന‌് പരാജയപ്പെടുത്തി. ജയിക്കില്ലെന്നറിഞ്ഞിട്ടും കോൺഗ്രസ് നിർത്തിയ സ്വരൂപ് ദാസ് പിടിച്ചത് 1.20,452 വോട്ട‌്. ചരിത്രത്തിലാദ്യമായി കരിംഗഞ്ചിൽ ബിജെപി ജയിച്ചു. അസം ജനസംഖ്യയിലെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. ഇവർക്കിടയിൽ നിർണായക സ്വാധീനമുള്ള പാർടിയാണ് എഐയുഡിഎഫ്. ഇത്തവണ തനിച്ച് മത്സരിച്ച എഐയുഡിഎഫ് 7.8 ശതമാനം വോട്ട് പിടിച്ചിരുന്നു. സഖ്യമുണ്ടാക്കാൻ താൽപ്പര്യം  പ്രകടിപ്പിച്ച് പിറകെ നടന്ന എഐയുഡിഎഫ് നേതാക്കളെ കോൺഗ്രസ് നേതാക്കൾ ആട്ടിയകറ്റുകയായിരുന്നു. എഐയുഡിഎഫുമായി അടുത്താൽ ഹിന്ദുവോട്ടർമാർ അകലുമോ എന്നതായിരുന്നു  കോൺഗ്രസിന്റെ ആശങ്ക. എഐയുഡിഎഫുമായി തന്ത്രപരമായ നീക്കുപോക്ക് നടത്തിയിരുന്നെങ്കിൽ  കോൺഗ്രസിന് അസം തൂത്തുവാരാമായിരുന്നു. എന്നാൽ, തൂത്തുവാരൽ നടത്തിയത് ബിജെപി ആയിരുന്നു; 9 സീറ്റ‌്.രാജ്യത്ത് ന്യൂനപക്ഷങ്ങൾ നിർണായക ശക്തികളായ 18 സീറ്റിലാണ് ഇത്തവണ ബിജെപി ജയിച്ചത്. കോൺഗ്രസിന്റെ  അവസരവാദ നയങ്ങൾമൂലംന്യൂനപക്ഷവോട്ടുകളിൽ ഉണ്ടായ ഭിന്നിപ്പാണ് ഇതിന് പ്രധാന കാരണം

രാജ്യത്ത് കോൺഗ്രസ് ഇല്ലാതായാലും കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കണം എന്ന ലക്ഷ്യത്തോടെ രാഹുലിനെ വയനാട്ടിലേയ‌്ക്ക‌് അയച്ചത‌് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായിരുന്നു.  ഇപ്പോൾ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടികൾ ഉയർത്തിക്കാട്ടി ഇടതുപക്ഷം ഉന്മൂലനം  ചെയ്യപ്പെട്ടെന്നാണ് ഇവരുടെ പ്രചാരണം. ഈ രണ്ട് സംസ്ഥാനത്തുംസ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഇത്തരം തിരിച്ചടികൾ ആദ്യത്തേതുമല്ല.1989ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ സമാനമായ തിരിച്ചടി ഇടതുപക്ഷം നേരിട്ടിരുന്നു. ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് സന്തോഷ് മൊഹൻദേവ് സിപിഐ എമ്മിലെ മണി‌ക‌് സർക്കാറിനെ പരാജയപ്പെടുത്തിയത് 1,66,155 വോട്ടിനായിരുന്നു. പിന്നീട്‌ വളരെ പെട്ടെന്നാണ് ഇടതുപക്ഷം തിരിച്ചുവന്നത്. അടിയന്തരാവസ്ഥകാലത്തെ കൂട്ടക്കൊലകളിൽനിന്ന് ഉയർത്തെണീറ്റ പാരമ്പര്യമാണ് ബംഗാളിലെ സിപിഐ എമ്മിനും ഉളളത്. രാഹുൽ ഗാന്ധിയെപ്പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ മാളത്തിലൊളിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top