23 January Wednesday

രാഹുലിന്റെ പൂണൂൽ രാഷ്‌ട്രീയം

പി വി തോമസ്Updated: Tuesday Feb 13, 2018


പ്രമുഖ വലതുപക്ഷ രാഷ്ട്രീയനിരീക്ഷകനും ബിജെപിയുടെ രാജ്യസഭാ അംഗവുമായ (രാഷ്ട്രപതിയുടെ നോമിനേഷനിലൂടെ) സ്വപൻദാസ് ഗുപ്തയുടെ അഭിപ്രായത്തിൽ, ഇന്ത്യ ഇന്ന് ഹിന്ദുരാഷ്ട്രീയത്തിലേക്ക് ചായുകയാണ്. അദ്ദേഹം ബുദ്ധിപൂർവം ഹിന്ദുത്വ എന്ന വാക്ക് ഉപയോഗിച്ചില്ല. നിർഭാഗ്യവശാൽ ഇത് ഒരുപരിധിവരെ ശരിയാണ്. ഇന്ത്യക്ക് ഇന്ന് ഒരു ഹിന്ദുരാഷ്ട്രീയ ചരിവുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പുപ്രചാരണവും അതിനോടനുബന്ധിച്ച് അദ്ദേഹം നടത്തിയ ക്ഷേത്രദർശന പരമ്പരയുമാണ് ദാസ്ഗുപ്തയെ ഇങ്ങനെ ഒരു വിലയിരുത്തലിന് പ്രധാനമായും പ്രേരിപ്പിച്ചത്. രാഹുലിന്റെ ഭക്തിമാർഗം താൽക്കാലികമായി ചില പ്രാപ്തി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർടിക്കും നൽകിയിട്ടുണ്ടായിരിക്കാം. പക്ഷേ, എന്താണ് ഇതുപോലുള്ള ഭക്തിരാഷ്ട്രീയത്തിന്റെ ദൂരവ്യാപക വരുംവരായ്കകൾ? ദുരന്തം? ആലോചിക്കണം.
പരസ്പരം മത്സരിച്ചുള്ള ഹിന്ദുമതപ്രീണന രാഷ്ട്രീയമാണ് ചില മതനിരപേക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപാർടികൾ നടത്തുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും കാര്യം അധികം പരാമർശിക്കേണ്ട കാര്യമില്ല. കാരണം തീവ്രഹിന്ദുത്വമാണ് അതിന്റെ മുഖമുദ്ര. അത് സ്വപ്രഖ്യാപിതവുമാണ്. വചനത്താലും കർമത്താലും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നതുമാണ്. ബിജെപിയിൽനിന്നും മറ്റ് സംഘപരിവാർ സംഘടനകളിൽനിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്?

പക്ഷേ, കോൺഗ്രസിന്റെ കാര്യം എന്താണ്? മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ കാര്യം എന്താണ്? മതം വ്യക്തിയുടെ സ്വകാര്യപരമായ ഒരു വിഷയമാണ്. അത് രാഷ്ട്രീയമായ കാര്യലാഭങ്ങൾക്കായി ദുരുപയോഗപ്പെടുത്താനുള്ള വ്യാജ കച്ചവടച്ചരക്ക് അല്ല. രാഷ്ട്രീയക്കമ്പോളത്തിൽ വിറ്റഴിക്കാനുള്ള വ്യാജനാണയവും അല്ല.

രാഹുൽഗാന്ധി ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുപ്പതിലേറെ തെരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുത്തുവെന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏകദേശം 36 യോഗങ്ങളിലും. രാഹുൽഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പുപ്രചാരണവേളയിൽ 26 ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂജയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഇക്കാര്യത്തിൽ മോഡിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കടത്തിവെട്ടിയത്രേ! ക്ഷേത്രദർശനങ്ങൾമാത്രമല്ല രാഹുലിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മൃദുഹിന്ദുത്വപ്രകടനത്തിന്റെ വിളംബരം. സോമനാഥ് ക്ഷേത്രം സന്ദർശിച്ചപ്പോൾ (നവംബർ 29) ക്ഷേത്രരജിസ്റ്ററിൽ അഹിന്ദു എന്ന് എഴുതിയതായി വിവാദമുണ്ടായി. എന്നാൽ, കോൺഗ്രസ് ഇതിനെ ഖണ്ഡിച്ചു. ക്ഷേത്രരജിസ്റ്റർ ആരോ തിരുത്തിയതാണെന്നും രാഹുൽ പൂണൂൽധാരിയായ ഒരു ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും ഡൽഹിയിൽനിന്ന് വിശദീകരണമുണ്ടായി.

ഇവിടെ രാഹുൽഗാന്ധി ബ്രാഹ്മണനാണോ അതോ പകുതി പാഴ്സിയും പകുതി കത്തോലിക്കനുമാണോ എന്നതല്ല പ്രശ്നം. അദ്ദേഹം  എവിടെയാണ്, എന്നാണ് ഉപനയനം നടത്തിയത് എന്ന ചോദ്യവും ഉയർന്നേക്കാം. അതും അപ്രസക്തമായി കണക്കാക്കാം. കോൺഗ്രസ് വക്താവ് സുർജേവാല ഉദ്ദേശിച്ചത്, രാഹുലിന്റേത് പ്രതിരൂപാത്മകമായ ഉപനയനമായിരുന്നുവെന്നോ മറ്റോ ആണോ? എന്തായാലും സംഭവം രസകരംതന്നെ.

അമ്പലദർശനം മൃദുഹിന്ദുത്വം അല്ലെന്നാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രാഹുലിനെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞത്. ഇത് ശരിയല്ല. കാരണം, രാഹുലിന്റെ സ്വകാര്യതയാണ് അദ്ദേഹത്തിന്റെ പൂണൂലും ശിവഭക്തിയും ബ്രാഹ്മണ്യത്വവുമെന്ന് സമ്മതിക്കുന്നതോടൊപ്പം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനാണെന്നും അദ്ദേഹമാണ് ഈ മതാധിഷ്ഠിത സ്വത്വരാഷ്ട്രീയം കളിക്കുന്നതെന്നും എന്ന ചോദ്യം ഉയരുന്നത്. അതും ഒരു തെരഞ്ഞെടുപ്പ് ജയിക്കാനായി! ഇവിടെയാണ് ബിജെപിയും കോൺഗ്രസും മോഡി‐ അമിത് ഷായും രാഹുലും തമ്മിൽ വ്യത്യാസം ഇല്ലാതാകുന്നത്. അതിനോടാണ് യോജിക്കാൻ സാധിക്കാത്തത്. എവിടെ പോയി കോൺഗ്രസിന്റെ മതേതര പൈതൃകവും തത്വശാസ്ത്രവും? അത് ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനായി ചൂതാട്ടത്തിൽ അടിയറവയ്ക്കാനുള്ളതാണോ?

ഉദാഹരണമായി, രാഹുലിന്റെ സോമനാഥ ക്ഷേത്രസന്ദർശനം. ഒരു വ്യക്തി എന്ന നിലയിൽ അതിൽ ഒരു തെറ്റുമില്ല. ഭക്തർക്ക് സന്ദർശിക്കാനും ആരാധിക്കാനുമുള്ള ഇടങ്ങളാണ് ആരാധനാലയങ്ങളും ശ്രീകോവിലുകളും. ഇതേക്ഷേത്രത്തിന്റെ പുനർനിർമാണത്തെയാണ് മുൻ പ്രധാനമന്ത്രിയും ഒരു നിരീശ്വരവാദിയും രാഹുലിന്റെ മുതുമുത്തച്ഛനുമായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു എതിർത്തത്. ഇവിടെനിന്നുമാണ് വിഭാഗീയ രാഷ്ട്രീയത്തിന്റെ കൊടിയടയാളമായ ലാൽ കിഷൻ അദ്വാനിയുടെ അയോധ്യ രഥയാത്ര ആരംഭിച്ചത്. അതാണ് ബാബ്റി മസ്ജിദിന്റെ ഭേദനത്തിൽ കലാശിച്ചത്. സോമനാഥ് ക്ഷേത്രവും ബാബ്റി മസ്ജിദും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടു പ്രധാന നാഴികക്കല്ലുകളാണ്. സോമനാഥ് ക്ഷേത്രം ഇന്നും ഭക്തർക്ക് പുണ്യമായ ആരാധനാലയമാണ്. രാഹുലിനും. പക്ഷേ, ബാബ്റി മസ്ജിദ് ഇന്നില്ല. രാഹുലിന്റെ പാർടി ഇന്ത്യ ഭരിക്കുമ്പോൾ അത് ഇടിച്ചുതകർത്തു. അതിന്റെ രാഷ്ട്രീയത്തിലേക്ക് ഇവിടെ കടക്കുന്നില്ല.

എന്തിനാണ് രാഹുൽഗാന്ധി ഈവക മൃദുഹിന്ദുത്വം കളിക്കുന്നത്? ഈവക തെരഞ്ഞെടുപ്പുകാല ചെപ്പടിവിദ്യകളും ആൾമാറാട്ടവും മതേതരരാഷ്ട്രീയത്തിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. ഈവക തകിടംമറിച്ചിലുകൾ കോൺഗ്രസിൽ മുമ്പും ഉണ്ടായിട്ടുണ്ട്. നെഹ്റുവിന്റെ കാലത്ത് കോൺഗ്രസിന്റെ മതേതര രാഷ്ട്രീയം പൊതുവെ ശുദ്ധമായിരുന്നു. അതിനെയാണ് അന്നത്തെ ജനസംഘവും ആർഎസ്എസും കപടമതേതരത്വമെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇത് രാഷ്ട്രീയ ആയുധമായി മാറാൻ തുടങ്ങി. രാജീവ്ഗാന്ധിയുടെ ഭരണത്തിൽ ഒട്ടേറെ ചാഞ്ചാട്ടമുണ്ടായി. അതിന്റെ ഫലമായാണ് ഷബാനാ കേസും സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസിന്റെ നിരോധനവും അയോധ്യയിൽ രാമമന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് അനുമതി നൽകിയതും മറ്റും സംഭവിച്ചത്. ഒരുവശത്ത് ന്യൂനപക്ഷപ്രീണനം. മറുവശത്ത് മൃദുഹിന്ദുത്വം.

രാഹുൽഗാന്ധിയുടെ ക്ഷേത്രസന്ദർശനവും നെറ്റിയിൽ ചാർത്തുന്ന കളഭക്കുറിയും മറ്റും രാഷ്ട്രീയമായും മതപരമായും വെറും കാപട്യമാണ്. അത് ദൂരവ്യാപകമായി ഇന്ത്യയുടെയും കോൺഗ്രസിന്റെയും മതേതരസങ്കൽപ്പത്തെ ഹനിക്കും. അദ്ദേഹം ഇതുപോലുള്ള കാപട്യത്തിലൂടെ മതപരമായി ഒന്നും നേടുന്നില്ല. എന്നാൽ, രാഷ്ട്രീയമായി കോൺഗ്രസിന്റെ അടിസ്ഥാനപ്രമാണങ്ങളെ ക്ഷയിപ്പിക്കുകയാണ്. അദ്ദേഹം പശുസംരക്ഷകരെയും അതുപോലുള്ള ധാർമികഗുണ്ടകളെയും ശക്തിപ്പെടുത്തുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ഇതുപോലുള്ള അഴിഞ്ഞാട്ടത്തെ കോൺഗ്രസും രാഹുലും നേരിടേണ്ടത് ആദർശാധിഷ്ഠിതമായ മതേതരപ്രമാണങ്ങളിലൂടെയാണ്. അല്ലാതെ ബിജെപിയുടെയും സംഘപരിവാറിന്റെയും ഉപസംഘടനയായിട്ടല്ല. രാജസ്ഥാനിലെ മൂന്ന് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ അതിദാരുണമായി തോൽപ്പിച്ചത് മൃദുഹിന്ദുത്വത്തിലൂടെയല്ല. മൃദുഹിന്ദുത്വം എന്ന അവസരവാദപരമായ രാഷ്ട്രീയ അടവുതന്ത്രം വ്യാജമാണ്. അത് കോൺഗ്രസിനെത്തന്നെ തോൽപ്പിക്കുകയേയുള്ളൂ. കാരണം, അത് ആത്മവഞ്ചനാപരമാണ്. ഇന്ത്യയുടെ ഹിന്ദുചായ്വ് എന്ന് വലതുപക്ഷരാഷ്ട്രീയ അനുഭാവികളും നിരീക്ഷകരും വിശേഷിപ്പിക്കുന്ന പ്രതിഭാസത്തെയാണ് പ്രതിപക്ഷത്തിൽനിന്ന് രാഹുൽഗാന്ധിയും പ്രതിനിധാനംചെയ്യുന്നത് എന്നതാണ് ദുഃഖകരമായ സത്യം. ഇത് നിരുത്തരവാദപരമായ അനുരഞ്ജനമാണ്. ഹ്രസ്വദൃഷ്ടിയുടെ ഫലമാണ്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ കീഴടക്കാൻ രാഹുലിന്റെ മൃദുഹിന്ദുത്വത്തിന് സാധിക്കുമോ? കോൺഗ്രസ് സ്വീകരിക്കേണ്ടത് ജാതി‐ വർഗ‐ സാമ്പത്തിക വിവേചനത്തിന് എതിരെയുള്ള, അതീതമായ ഒരു രാഷ്ട്രീയനയമാണ്. ക്ഷേത്രം ചുറ്റലല്ല, എല്ലാ ആരാധനാലയങ്ങളും അതിൽപ്പെടും. അതിനെ തെരഞ്ഞെടുപ്പുലാഭത്തിനായി രാഷ്ട്രീയവൽക്കരിക്കരുത്. ഗുജറാത്തിലും ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിലും സ്വന്തം നിയോജകമണ്ഡലമായ റായ്ബറേലിയിൽ മകരസംക്രാന്തി പൂജയിലൂടെയും രാഹുൽഗാന്ധി നടത്തിയത് അതാണ്.

ഭരണാധികാരികളുടെ, രാഷ്ട്രീയക്കാരുടെ, ആരാധനാലയ സന്ദർശനങ്ങളെ വ്യക്തിപരമാക്കാനും പൊതുഖജനാവിൽനിന്നും പാർടിസ്വത്തിൽനിന്നും അതിന് ധനസഹായം നിരോധിക്കുന്നതുമായ ഒരു സ്വകാര്യ അംഗ ബിൽ വർഷങ്ങൾക്കുമുമ്പ് ഇടതുപക്ഷ അംഗമായിരുന്ന അശോക്മിത്ര രാജ്യസഭയിൽ അവതരിപ്പിച്ചതാണ്. പക്ഷേ, ഫലംകണ്ടില്ല. അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ തിരുപ്പതിദർശനവും അതിന്റെ സന്നാഹങ്ങളും അത് ഉയർത്തിയ കോളിളക്കവുമായിരുന്നു മിത്രയുടെ പ്രകോപനം. എന്തിന് ഇവർ പൊതുഖജനാവിന്റെ ധൂർത്തിൽ ദേവപൂജ നടത്തണം? അത് നൽകുന്ന സന്ദേശം എന്താണ്? തെരഞ്ഞെടുപ്പുപ്രചാരണവേളകളിൽ എന്തിന് രാഷ്ട്രീയനേതാക്കൾ ആരാധനാലയങ്ങൾ സന്ദർശിച്ച് ഭക്തി വിളംബരംചെയ്യണം.

പടിഞ്ഞാറൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയും ഈ മൃദുഹിന്ദുത്വ സമീപനത്തിലാണ്. മമത മകരസംക്രാന്തിക്കുമുന്നോടിയായി ഡിസംബർ 26ന് ഒരുമണിക്കൂറാണ് കാനിൽ മുനിയുടെ ആശ്രമത്തിൽ ചെലവഴിച്ചത്. മകരസംക്രാന്തിയിൽ ലക്ഷങ്ങളാണ് ഗംഗയുടെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമത്തിൽ ഒത്തുചേരുന്നത്. മാത്രവുമല്ല, മമത മൂന്ന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനാണ്‐ താരാപീഠ്, താരകേശ്വർ, കാളീഘട്ട്‐ ഭരണസമിതികൾ രൂപീകരിച്ചിരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മമത ഒരു പ്രധാനമന്ത്രി അഭ്യുദയകാംക്ഷിയാണ്. ബിജെപി ബംഗാളിൽ വളരുന്ന ഒരു രാഷ്ട്രീയകക്ഷിയുമാണ്. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനാണ് മമതയുടെ പരിപാടി; രാഹുലിനെപ്പോലെതന്നെ. ഓർമിക്കുക, 8000 ഹിന്ദുമത പുരോഹിതരെയാണ് ജനുവരിയിൽ തൃണമൂൽ കോൺഗ്രസ് ആദരിച്ച് ബഹുമാനിച്ചത്‐ ബീർഭൂമിൽ.

രാഹുലിന്റെയും മമതയുടെയും മറ്റുള്ളവരുടെയും പരസ്പരം മത്സരിച്ചുള്ള മൃദുഹിന്ദുത്വം, മതേതര ഇന്ത്യയെ എവിടെ കൊണ്ടെത്തിക്കുമെന്നതാണ് ഇവിടത്തെ ചോദ്യം

(ഡൽഹിയിൽ ഫ്രീലാൻസ് പത്രപ്രവർത്തകനാണ് ലേഖകൻ)
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top