03 June Wednesday

രാഹുൽ ഗാന്ധിയുടെ വയനാടൻ സെൽഫി

ഡോ. ജെ പ്രഭാഷ്Updated: Friday Apr 5, 2019


അഖിലേന്ത്യാ കോൺഗ്രസ് പാർടി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചത് കേരളത്തിലും ദേശീയതലത്തിലും വലിയ ചർച്ച ആയിരിക്കുകയാണല്ലോ. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അവഗണിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യൻ ജനങ്ങളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായാണ് തന്റെ ഈ തീരുമാനത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ അടിസ്ഥാനപരമായൊരു പിശകുണ്ടെന്ന് തുടക്കത്തിൽത്തന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. നരേന്ദ്ര മോഡിയും അദ്ദേഹം നയിക്കുന്ന സർക്കാരും ദക്ഷിണേന്ത്യക്കാരോട് മാത്രമല്ല, രാജ്യത്തെ സകല പ്രദേശങ്ങളിലെ ജനങ്ങളോടും അവഗണന പുലർത്തുന്നവരാണ്. ഇതൊരു പുതിയ കാര്യവുമല്ല. കോർപറേറ്റ് ലോകത്തിനോടുമാത്രമാണ് അവരുടെ കൂറ്.

ഇനി ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചാൽത്തന്നെ ഒരു സുപ്രധാന ചോദ്യം ഇവിടെ ഉയരുന്നു. മത്സരിക്കാൻ കേരളത്തിനുപകരം മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം ഉദാഹരണത്തിന് കർണാടകം‐എന്തുകൊണ്ട് അദ്ദേഹം തെരഞ്ഞെടുത്തില്ല ? കേരളവുമായി താരതമ്യംചെയ്യുമ്പോൾ കർണാടകത്തിലാണല്ലോ കൂടുതൽ ലോക്സഭാമണ്ഡലങ്ങൾ ഉള്ളതും കോൺഗ്രസും ബിജെപിയുംതമ്മിൽ നേർക്കുനേർ രാഷ്ട്രീയ പോരാട്ടം നടക്കുന്നതും. മാത്രമല്ല, കോൺഗ്രസ് കേരളത്തേക്കാൾ കർണാടകത്തിൽ മെച്ചപ്പെട്ട അവസ്ഥയിൽ ആയതുകൊണ്ടുതന്നെ അദ്ദേഹം അവിടെ മത്സരിക്കുന്നത് പാർടി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തരമൊരു നിലപാട് എടുക്കാതിരിക്കുകവഴി അദ്ദേഹം നൽകുന്ന സന്ദേശം മറ്റൊന്നാണ്. കോൺഗ്രസിന്റെ മുഖ്യശത്രു വർഗീയ ഫാസിസ്റ്റ് ശക്തികളല്ല, പിന്നെയോ ജനാധിപത്യ മതനിരപേക്ഷശക്തികളാണ്. ശത്രു ബിജെപിയല്ല, ഇടതുപക്ഷമാണെന്ന് സാരം.

മുതലാളിത്ത പ്രീണനം
ഇടതുപക്ഷത്തിനോടുള്ള ഈ ശത്രുതയുടെ പ്രധാന കാരണം നവലിബറൽ നയങ്ങളോടുള്ള അതിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്ന് ഇവിടെ നാം തിരിച്ചറിയണം. ഒന്നാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അതിന്റെ മുതലാളിത്ത ആഗോളവൽക്കരണ നയങ്ങളെ ഒട്ടൊക്കെ ചെറുത്ത് തോൽപ്പിക്കാൻ അന്ന് ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു എന്നകാര്യം ഓർക്കുക. കോൺഗ്രസിനെയും ബിജെപിയെയും മൂലധനശക്തികളെയും ഒരുപോലെ വിറളിപിടിപ്പിക്കുന്നതാണ് സാമ്പത്തിക‐സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനുള്ള ഇടതുപക്ഷത്തിന്റെ ഇത്തരം നീക്കങ്ങൾ. അതുകൊണ്ട് തന്നെ, 2004 ആവർത്തിക്കാതിരിക്കേണ്ടത് ഇക്കൂട്ടർക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ട് നിലനിൽക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ ഭരണത്തിൽ വരരുത് എന്ന് വ്യങ്ഗ്യാർഥം.

തന്മൂലം ഇടതുപക്ഷത്തെ ദുർബലപ്പെടുത്തേണ്ടത് കോൺഗ്രസിനും ബിജെപിക്കും എന്നപോലെ ഇന്ത്യൻ മുതലാളിത്തത്തിനും ആവശ്യമാണ്. ഹിറ്റ്ലർ ഭരണത്തിന്റെ ആരംഭകാലത്ത് ജർമൻ മുതലാളിത്തവർഗം അവിടത്തെ ജനങ്ങൾക്ക് നൽകിയ ഉപദേശം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ‘ആദ്യം നമുക്ക് ഹിറ്റ്ലറുടെ പിന്നിൽ അണിനിരന്നുകൊണ്ട് ഇടതുപക്ഷത്തെ പരാജയപ്പെടുത്താം, ശേഷം അദ്ദേഹത്തെയും ഒഴിവാക്കാം’ .  ഇതുതന്നെയാണ് ഇന്ത്യൻ മുതലാളിത്തത്തിന്റെ ചിന്തയും. ബിജെപി അധികാരത്തിലെത്തിയില്ലെങ്കിൽ അവരുടെ ബദൽ പദ്ധതി ഇടതുപക്ഷ പിന്തുണയില്ലാത്ത കോൺഗ്രസ് സർക്കാരാണ്. രാഹുൽ ഗാന്ധിയുടെ വയനാടൻ സ്ഥാനാർഥിത്വത്തിന് പിന്നിലുള്ള ഒരു സുപ്രധാന കാരണം ഇതാണ്. അദ്ദേഹം ഉദ്ദേശിക്കുന്നത് ഒരുവെടിക്ക് രണ്ട് പക്ഷികളെയാണ്. മുതലാളിത്തത്തെ പ്രീണിപ്പിക്കുകയുംചെയ്യാം ഇടതുപക്ഷത്തെ, കഴിയുമെങ്കിൽ, ബലഹീനമാക്കുകയുമാകാം. അവസാനം പറഞ്ഞത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നത് മറ്റൊരുകാര്യം.

ഇതിന്റെപിന്നിൽ മറ്റൊരു ലക്ഷ്യവും ഒളിഞ്ഞിരിക്കുന്നു‐ നവലിബറൽ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന ബദൽ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുക. തൊണ്ണൂറുകളുടെ ആരംഭത്തിൽ ജർമനിയിൽ നടന്നൊരു സംഭവം ഓർമവരുന്നു. അക്കാലത്ത് ജർമനി സന്ദർശിച്ച ഗോർബച്ചെവിന് സ്വന്തം വീട് സന്ദർശിക്കാൻ അനുമതി നിഷേധിച്ച യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രതിപുരുഷനായിരുന്ന വില്ലി ബ്രാന്റിന്റെ തീരുമാനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇതിന് ബ്രാന്റിന്റെ ന്യായീകരണം ഇതായിരുന്നു. ‘സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് വഴിവച്ചതിലൂടെ ഗോർബച്ചെവ് ഇല്ലാതാക്കിയത് മുതലാളിത്തത്തിനെതിരെ നിലനിന്നൊരു ബദൽ രാഷ്ട്രീയത്തെയാണ്. മുതലാളിത്തത്തിന്റെ മർദനസ്വഭാവത്തെ, അല്പമായാണെങ്കിലും, ക്ഷീണിപ്പിക്കാൻ കഴിഞ്ഞൊരു ബദൽരാഷ്ട്രീയ ഭാവനയെയാണ്. അങ്ങനൊരാളെ സ്വന്തം സ്വീകരണമുറിയിൽ വിളിച്ചിരുത്തി സൽക്കരിക്കാനുള്ള ഔന്നിത്യവും ബാധ്യതയും എനിക്കില്ല.

മതനിരപേക്ഷ സംസ്കാരത്തിൽനിന്ന് തെന്നിമാറി
വില്ലി ബ്രാന്റ് പറഞ്ഞതുപോലെ, മുതലാളിത്ത ആഗോളവൽക്കരണത്തിനെതിരെയുള്ള രാഷ്ട്രീയനീക്കം വരുന്നത് ഇടതുപക്ഷത്തുനിന്നാണ്. അതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതും അണിനിരത്തുന്നതും അവരാണ്. ഇതിൽനിന്നാണ് ഫാസിസത്തിനെതിരെയുള്ള എതിർപ്പ് രൂപപ്പെടുന്നതെന്ന വസ്തുതയും ഇവിടെ നാം ഓർക്കേണ്ടതുണ്ട്. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. അതുകൊണ്ടാണ് മാർക്ക്സ് ഹൊഖൈമർ പറഞ്ഞത്, മുതലാളിത്തത്തെ എതിർക്കാത്തവർ ഫാസിസത്തെക്കുറിച്ച് മിണ്ടരുതെന്ന്.

എന്നാൽ, മുതലാളിത്തത്തെ എതിർക്കാതെ ഫാസിസത്തെ ‘എതിർക്കുന്നതാണ്’ കോൺഗ്രസിന്റെ ഏർപ്പാട്. ജവാഹർലാൽ നെഹ്റുവിന്റെ തിരോധാനത്തോടെ, മധ്യപാതയിൽനിന്ന് വ്യതിചലിച്ചു തുടങ്ങിയ പാർടി ഒടുവിൽ എത്തിനിൽക്കുന്നത് മുതലാളിത്തത്തിന്റെ രാജവീഥിയിലാണ്. തൊണ്ണൂറുകളിൽ ആരംഭിച്ച സാമ്പത്തിക ആഗോളവൽക്കരണനയങ്ങളുടെ കർതൃത്വവും അതിന് അവകാശപ്പെട്ടതാണല്ലോ ? മാത്രമല്ല, ഏതാണ്ട് ഇതേ കാലയളവിലാണ് നെഹ്റുവിയൻ മതനിരപേക്ഷസംസ്കാരത്തിൽനിന്ന് തെന്നിമാറി മൃദു ഹിന്ദുത്വത്തിലേക്ക് കോൺഗ്രസ് പോയതും. ഇപ്പോൾ അതിന്റെ തീവ്രത കുറച്ച് കൂടിയിട്ടുമുണ്ട്. ഇതാണ് ഇടതുപക്ഷത്തിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്ന വസ്തുത. ഇതോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലതുപക്ഷവൽക്കരണം പൂർണമാകും. നവലിബറൽ സാമ്പത്തികനയങ്ങളും മൃദു / തീവ്ര ഹിന്ദുത്വവുമാകും അതിന്റെ ചേരുവകൾ. ഈ വിപത്തിനെയാണ് ഈ തെരഞ്ഞെടുപ്പിൽ നാം തടയേണ്ടത്. നാം പോകേണ്ടത് നരേന്ദ്ര മോഡിയിൽനിന്ന് മൻമോഹൻ സിങ്ങിലേക്കല്ല. കുറഞ്ഞപക്ഷം, നെഹ്റുവിയൻ സോഷ്യലിസത്തിലേക്കെങ്കിലുമാകണം ആ യാത്ര.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top