11 April Sunday

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ മൃത്യുചുംബനം

എ എം ഷിനാസ്‌Updated: Wednesday Mar 3, 2021

ഈയിടെ കേരളത്തിൽ കടലിലിറങ്ങി തന്റെ നീന്തൽ പാടവവും തുടർന്ന് തമിഴ്നാട്ടിലെ ഒരു സ്കൂളിൽ ഒറ്റക്കൈ കൊണ്ടുപോലും ‘പുഷ്പംപോലെ’ പുഷ് അപ് എടുത്ത് തന്റെ ഫിറ്റ്നസും പ്രകടിപ്പിച്ച രാഹുൽഗാന്ധി, ഒന്നു രണ്ട് കാര്യങ്ങളിൽ നിർവ്യാജമായ അഭിനന്ദനം അർഹിക്കുന്നു. ഒന്ന്, രാജ്യത്തെ യുവജനങ്ങൾക്കിടയിൽ വ്യായാമത്തിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യം തന്റെ അമ്പതാം വയസ്സിൽ സ്വപ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു. രണ്ട്, മുൻകാലത്ത് സ്വാസ്ഥ്യത്തിനും വിശ്രമത്തിനുമായി ഇടയ്ക്കിടെ വിദേശത്തേക്ക് ഊളിയിടുകയും ഏതാനും മാസം തീർത്തും അപ്രത്യക്ഷനാകുകയും ചെയ്യാറുണ്ടായിരുന്ന കോൺഗ്രസ് നേതാവ്, ഇപ്പോൾ വിദ്യാർഥികളോടൊപ്പം ചുവടുവച്ചും പുഷ് അപ് എടുത്തും തൊഴിലാളികളോടൊപ്പം കടലിൽ നീന്തിയുമൊക്കെയാണെങ്കിലും ‘വെള്ളത്തിൽ മത്സ്യമെന്നപോലെ’ ജനങ്ങൾക്കിടയിൽ താനുണ്ടെന്ന പ്രതീതിയുളവാക്കാനുള്ള തീവ്രയത്ന പരിപാടിയിൽ മുഴുകിയിരിക്കുന്നു എന്നതത്രെ.
ഇന്ത്യയെ ചൂഴ്‌ന്നുനിൽക്കുന്ന ഹിന്ദുത്വ വർഗീയ–-വിഭജന രാഷ്ട്രീയത്തെ നേരിടാൻ ഈ നീന്തൽ നൈപുണ്യവും പുഷ് അപ്പ് സാമർഥ്യവും വിദ്യാർഥികളോടൊപ്പമുള്ള ചുവടുവയ്‌പും ഒട്ടും പര്യാപ്തമാകില്ല. അതിന് രാഷ്ട്രീയമായും ബൗദ്ധികമായും വേറെ ചില കാതലായ ഫിറ്റ്നസുകളാണ് വേണ്ടത്. ഹിന്ദുത്വമെന്ന ആധുനികവും പ്രതിലോമപരവും ഇതരമതദ്വേഷത്തിലധിഷ്ഠിതവുമായ ഫാസിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ നേർക്കുനേർ എതിരിടുന്നതിന് കോൺഗ്രസ് പാർടി രാഷ്ട്രീയ പ്രത്യയശാസ്ത്ര തലങ്ങളിൽ വമ്പിച്ച ഒരു ചുവടുമാറ്റം നടത്തിയേ മതിയാകൂ.

മതനിരപേക്ഷതയെ അക്ഷരാർഥത്തിൽ പരിരംഭണം ചെയ്യുന്നതും കോൺഗ്രസ് അമിതാവേശത്തിൽ തുടങ്ങിവച്ചതും പിന്നീട് ബിജെപി ഉന്മാദത്തോളമെത്തുന്ന ഭ്രമത്തോടെ ഉഗ്രമാക്കുകയും ചെയ്ത/ചെയ്യുന്ന നവലിബറൽ നയങ്ങൾ ജനസാമാന്യത്തിനേൽപ്പിച്ച ആഘാതത്തെ ആത്മാർഥമായി അഭിസംബോധന ചെയ്യുന്നതുമാകണം അത്തരമൊരു ചുവടുമാറ്റത്തിന്റെ നിർണായകസന്ധി. അതിന് മുതിരുന്നതിനു പകരം ആത്മഹത്യാപരമായ മൃദുഹിന്ദുത്വമെന്ന മൃത്യുചുംബനത്തിൽ കോൺഗ്രസ് വ്യാജനിർവൃതിയടയാൻ തുടങ്ങിയിട്ട് മൂന്ന് വ്യാഴവട്ടമെങ്കിലുമായി.
1986ൽ രാജീവ്ഗാന്ധി സർക്കാർ ബാബ്റി മസ്ജിദിന്റെ പൂട്ട് ഹിന്ദുത്വക്കാർക്ക് പൂജ നടത്താൻ തുറന്നുകൊടുത്തതുമുതൽ സ്പഷ്ടമായി ആരംഭിച്ച ഈ ഹിന്ദുത്വ പ്രീണനം, എൽ കെ അദ്വാനി സോമനാഥക്ഷേത്രത്തിൽനിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്ര എന്ന ‘രക്തയാത്ര’യിലും ബാബ്റി മസ്ജിദ് പട്ടാപ്പകൽ രണോൽസുകരായ കർസേവകർ തകർക്കുന്നതിലുമാണ് കലാശിച്ചത്. ഈ വിധ്വംസക വർഗീയ രാഷ്ട്രീയത്തിന് ഇന്ധനം പകർന്നു നൽകിയത് കോൺഗ്രസാണ്.

1998ൽ സോണിയ ഗാന്ധി അലഹബാദിലെ കുംഭമേളയിൽ സംബന്ധിച്ച് ഗംഗയിൽ മുങ്ങിക്കുളിച്ചതും ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ സോമനാഥക്ഷേത്രമുൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ താനൊരു ബ്രാഹ്മണനും വിശ്വാസിയുമാണെന്ന് അനുയായികളെ അണിനിരത്തി കോറസ് തീർത്തുകൊണ്ട് രാഹുൽ നടത്തിയ ക്ഷേത്രകേന്ദ്രീകൃത യാത്രകളും തുടർന്ന് മധ്യപ്രദേശിലും കർണാടകത്തിലും മറ്റിടങ്ങളിലും ഈവക ക്ഷേത്രദർശന പ്രദർശനങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ആവർത്തിച്ചതും വിസ്താരഭയം കാരണം ചുരുക്കുന്നു. ഇത്തരുണത്തിൽ ഓർമ വരുന്നത് അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലി പറഞ്ഞതാണ്: “ഒറിജിനൽ ‘ഹിന്ദുത്വ’ ജനങ്ങൾക്ക് മുന്നിലുള്ളപ്പോൾ ഹിന്ദുത്വയുടെ ക്ലോൺ അവർക്ക് ആവശ്യം വരുമോ?”

നേരത്തേ പറഞ്ഞ ചുവടുമാറ്റത്തിന് ഒരുപക്ഷേ, രാഹുൽഗാന്ധിയെ പ്രാപ്തമാക്കിയേക്കാവുന്ന ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റ വാസസ്ഥലത്തെ ലൈബ്രറിയിൽത്തന്നെ ഉണ്ടാകും. അവ സാക്ഷാൽ നെഹ്റുവിന്റേതും നെഹ്റുവിനെക്കുറിച്ച് എസ് ഗോപാൽ ഉൾപ്പെടെയുള്ളവർ എഴുതിയ ജീവചരിത്രങ്ങളും വർഗീയതയെക്കുറിച്ച് നെഹ്റുവിന്റെ വീക്ഷണം അദ്ദേഹത്തിന്റെ പ്രസ്താവങ്ങളിലൂടെ അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങളുമാണ്. നെഹ്റുവിന്റെ ‘സ്പീച്ചസ്’ (5 വാള്യം), ‘ലെറ്റേഴ്സ് റ്റു ചീഫ് മിനിസ്റ്റേഴ്സ്’ (5 വാള്യം), ‘സെലക്റ്റഡ് വർക്സ് ഓഫ് ജവാഹർലാൽ നെഹ്റു’ (15 വാള്യം), എസ് ഗോപാലിന്റെ ‘ജവാഹർലാൽ നെഹ്റു: എ ബയോഗ്രഫി’ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. നെഹ്റുവിന്റെ വർഗീയതാവിരുദ്ധ കാഴ്ചക്കടലിലൂടെ ‘ബാക്ക് സ്ട്രോക്കും’ ‘സൈഡ് സ്ട്രോക്കും’ ‘ബട്ടർഫ്ളൈ സ്ട്രോക്കു’മൊന്നും ചെയ്തില്ലെങ്കിലും സാധാരണ നീന്തൽ രീതിയായ ‘ഫ്രീസ്റ്റൈൽ’ രാഹുൽ നടത്തിയാൽത്തന്നെ ധാരാളം. ഇത്രയ്ക്കധികം വായിക്കാൻ പറ്റുന്നില്ലെങ്കിൽ നെഹ്റുവിന്റെ ‘സ്പീച്ചസി’ന്റെ ആദ്യ മൂന്ന് വാള്യത്തിൽത്തന്നെയുണ്ട് രാഹുലിന് ഇപ്പോൾ അത്യന്താപേക്ഷിതമായ അറിവുകൾ. അപ്പോൾ ഹിന്ദുത്വമെന്ന പേരിൽ വ്യവഹരിക്കപ്പെടുന്നതും ഭൂരിപക്ഷ മതത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നതുമായ ഹിന്ദുത്വ വർഗീയതയെക്കുറിച്ചും ഇന്ത്യയിലെ ന്യൂനപക്ഷ മതങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഇതര മതവർഗീയതകളെപ്പറ്റിയും രാഹുലിന് മിക്കവാറും പിടികിട്ടുകയും വർഗീയ സ്വരൂപങ്ങളെ, അത് ഏത് മതവിഭാഗത്തിന്റെ മേൽവിലാസം കൊണ്ടുനടക്കുന്നതാണെങ്കിലും, രാഷ്ട്രീയമായും ധൈഷണികമായും നേരിട്ട് എതിരിടാനുള്ള ഫിറ്റ്നസും മെയ്‌‌വഴക്കവും ആർജിക്കുകയും ചെയ്യും.

1951–-52 ലെ ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ നെഹ്റുവായിരുന്നു കോൺഗ്രസിന്റെ പ്രചാരണനായകൻ. വർഗീയതയായിരുന്നു ആ തെരഞ്ഞെടുപ്പിൽ നെഹ്റു ഉയർത്തിയ കേന്ദ്രപ്രശ്നം. പഞ്ചാബിലെ ലുധിയാനയിൽനിന്ന് 1951 സെപ്തംബർ 30നാണ് നെഹ്റു പ്രചാരണം തുടങ്ങുന്നത്. പ്രഥമ യോഗത്തിൽത്തന്നെ വർഗീയതയ്ക്കെതിരെ പൂർണശക്തിയെടുത്തുള്ള പോരാട്ടം കൂടിയേ തീരൂ എന്ന് നെഹ്റു തറപ്പിച്ചു പറഞ്ഞു. അതേ പരിപാടിയിൽത്തന്നെ കുടില വർഗീയശക്തികൾ അധികാരത്തിൽ വന്നാൽ ഇന്ത്യയെ പിളർക്കുമെന്നും നശിപ്പിക്കുമെന്നും പറഞ്ഞ നെഹ്റു, ഇന്ത്യക്കാർ മനസ്സിന്റെ വാതായനങ്ങൾ തുറന്നിടണമെന്നും ലോകത്തിന്റെ എല്ലാ ദിക്കിൽനിന്നുമുള്ള ഊർജസ്വലമായ ആശയങ്ങളുടെ ഇളംകാറ്റിനെ കടത്തിവിടണമെന്നും ആഹ്വാനം ചെയ്തു. ലുധിയാനയിലെ പ്രസംഗം കഴിഞ്ഞ്‌ ഡൽഹിയിലെത്തിയ നെഹ്റു 1951 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ 95 മിനിറ്റ്‌ നീണ്ട പ്രസംഗത്തിൽ ‘നമ്മുടെ എല്ലാ ശക്തിയുമുപയോഗിച്ച് മുഖ്യശത്രുക്കളായ വർഗീയശക്തികളെ കീഴടക്കണ’മെന്നു പറയുകയും മുഴക്കമുള്ള ഒരു പ്രഖ്യാപനം നടത്തുകയും ചെയ്തു: ‘മതത്തിന്റെ പേരിൽ ആരെങ്കിലും മറ്റൊരാളെ അടിച്ചുവീഴ്ത്താൻ കൈ ഉയർത്തിയാൽ സർക്കാരിന്റെ തലവനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയിൽ പുറത്തുനിന്നും അവസാനശ്വാസംവരെ ഞാൻ പൊരുതും.’ ശ്യാമപ്രസാദ് മുഖർജിയുടെ സ്വദേശമായ ബംഗാളിൽ നടത്തിയ പ്രസംഗത്തിൽ ‘ജനസംഘം ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും അവിഹിത സന്തതി’യാണെന്ന് നെഹ്റു തുറന്നടിച്ചു.
രാഷ്ട്രീയ ഹ്രസ്വദൃഷ്ടിയോടെ ക്ഷേത്രസന്ദർശനം പതിവാക്കിയ രാഹുലും കൂട്ടരും മനസ്സിൽ പതിപ്പിച്ചുവയ്‌ക്കേണ്ട നെഹ്റുവിന്റെ ഒരു കത്തുണ്ട്. നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായ രാജേന്ദ്രപ്രസാദിന് എഴുതിയത്. 1951ൽ പുതുതായി പുനരുദ്ധാരണം ചെയ്ത ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാപന ചടങ്ങിൽ മഹിതാതിഥിയായി രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞ നെഹ്റു വിഹ്വലനായി. അപ്പോൾ പ്രസിഡന്റിന് നെഹ്റു ഇങ്ങനെ എഴുതി: ‘സോമനാഥക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ താങ്കൾ അധ്യക്ഷത വഹിക്കാതിരിക്കുന്നതാണ് അഭികാമ്യം. താങ്കളുടെ സാന്നിധ്യത്തിന് പലമട്ടിലുള്ള വിവക്ഷകളുണ്ട്.’ (രാജേന്ദ്ര പ്രസാദ് നെഹ്റുവിന്റെ ഉപദേശം വകവയ്‌ക്കാതെ ചടങ്ങിൽ പങ്കെടുത്തു) മതത്തിന് പൊതുജീവിതത്തിലുള്ള സ്ഥാനത്തെപ്പറ്റി അക്കാലത്തേ നെഹ്റുവും പ്രബല സഹപ്രവർത്തകരും വിരുദ്ധധ്രുവങ്ങളിലായിരുന്നു.

രാഹുലിന് ശാരീരിക ദൃഢതയും പേശീപ്പെരുപ്പവും മാത്രം പോരാ. നെഹ്റുവിന്റെ കാലത്തേക്കാൾ ഭീതിദവും വിപൽക്കരവുമായ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പരിതാവസ്ഥയിൽ കോൺഗ്രസ് അനുവർത്തിക്കുന്ന മൃദുഹിന്ദുത്വ വിക്രസുകൾ ആ പാർടിയുടെ മരണമുത്തമാണെന്ന് തിരിച്ചറിയാൻ രാഷ്ട്രീയ സ്ഥൈര്യവും ബൗദ്ധിക ദൃഢതയും ചരിത്രബോധവും വേണം; ഏറ്റവും കുറഞ്ഞത് കോൺഗ്രസ് പാർടിയുടെയും അതിനുള്ളിൽ നടന്ന ആശയസംഘർഷങ്ങളുടെയും ചരിത്രത്തെപ്പറ്റിയെങ്കിലും ഒരു സാമാന്യധാരണ ഉണ്ടാകണം.
(ഫോൺ : 9645 555 610)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top