20 May Friday

അശാന്തി പടരുന്ന ശാന്തിനികേതൻ

വി ജയിൻUpdated: Thursday Dec 23, 2021

സർവകലാശാല എന്ന വാക്കിന് പൂർണമായ അർഥം നൽകിയ സ്ഥാപനമായിരുന്നു വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ 1921 ഡിസംബർ 23 ന്‌  സ്ഥാപിച്ച വിശ്വഭാരതി. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ഈ സർവകലാശാലയ്‌ക്ക് നൂറ്  വയസ്സ്‌ തികഞ്ഞിരിക്കുന്നു. ടാഗോറിന്റെ സ്വപ്നങ്ങളെ തകർത്ത് വിശ്വഭാരതിയിൽ  ഭയത്തിന്റെ അന്തരീഷം സൃഷ്ടിച്ചിരിക്കുന്നതാണ് ശതാബ്ദിക്കാല വർത്തമാനം.  ചോദ്യങ്ങൾ ഉയർത്താൻ ഭയപ്പെടുന്ന ക്യാമ്പസ് ആയി വിശ്വഭാരതി മാറിയിരിക്കുന്നു. പുതിയ ആശയങ്ങളെ പേടിക്കുന്ന അധികൃതർ ഫാസിസ്റ്റുവാഴ്‌ച നടപ്പാക്കാൻ ശ്രമിക്കുന്നു.

ദേശീയതയ്‌ക്ക് അതീതമായി വിശ്വമാനവികതയെയാണ് ടാഗോർ ഉയർത്തിപ്പിടിച്ചിരുന്നത്. താരതമ്യേന മെച്ചപ്പെട്ട, സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കവും സ്വാതന്ത്ര്യബോധവുമുള്ള  ദേശീയത നിലനിന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ നാല് ദശകത്തിൽപ്പോലും ദേശീയത എന്ന സങ്കൽപ്പത്തെ എതിർത്ത ആളാണ് ടാഗോർ. സ്വതന്ത്ര ചിന്തയെയും വിശ്വസാഹോദര്യത്തെയും അദ്ദേഹം കാംക്ഷിച്ചു. പരമ്പരാഗത വിദ്യാഭ്യാസരീതികളോട് എന്നും വിപ്രതിപത്തി  പുലർത്തിയ അദ്ദേഹം യുക്തിബോധം, സ്വതന്ത്രചിന്ത, അന്വേഷണബുദ്ധി,  ലോക സംസ്‌കാരങ്ങളുമായുള്ള വിനിമയം എന്നിവ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് വിശ്വഭാരതി. നൊബേൽ  സമ്മാന  ജേതാവ് അമർത്യ സെൻ അടക്കം നിരവധി പ്രതിഭാശാലികളെ  സൃഷ്ടിച്ച ഈ മഹാസ്ഥാപനം ശതാബ്ദിവർഷത്തിൽ കടുത്ത അസന്തുഷ്ടി നിറഞ്ഞയിടമായി മാറിയിരിക്കുന്നു. സർവകലാശാലകളെ തങ്ങളുടെ ഹിതമനുസരിച്ച്  ഏകശിലാരൂപത്തിൽ വാർത്തെടുക്കാനുള്ള ചിലരുടെ  അജൻഡയാണ് വിശ്വഭാരതിയെ ഇരുട്ടിലാഴ്‌ത്തിയിരിക്കുന്നത്. മൂന്ന് വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ വലിയ വിദ്യാർഥിപ്രക്ഷോഭം അവിടെ നടന്നു. ഒടുവിൽ കൊൽക്കത്ത ഹൈക്കോടതി,  പുറത്താക്കിയ നടപടി റദ്ദാക്കി. 2020  ജനുവരി മുതൽ 150  അധ്യാപകർക്ക് കാരണംകാണിക്കൽ  നോട്ടീസ് നൽകിയിരിക്കുന്നു. രണ്ട്‌ വകുപ്പ് മേധാവികളടക്കം 11  ഫാക്കൽറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. അധികാരികളുടെ തെറ്റുകൾക്കെതിരെ ശബ്‌ദിച്ചാൽ ശിക്ഷ ഉറപ്പാണ്.


 

തന്റെ യുക്‌തിബോധത്തെയും ചോദ്യം ചെയ്യാനുള്ള കഴിവിനെയും വളർത്തിയത് ശാന്തിനികേതനിലെ വിശ്വഭാരതിയാണെന്ന് ഡോ. അമർത്യ സെൻ തന്റെ ‘ഹോം ഇൻ ദ വേൾഡ് ’എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 1933ൽ അമർത്യ സെൻ ജനിച്ചത് ശാന്തിനികേതനിൽ ആയിരുന്നു. അമർത്യ സെന്നിന്റെ അമ്മയുടെ അച്ഛൻ ക്ഷിതിമോഹൻ  സെൻ ടാഗോറിന്റെ ഉറ്റമിത്രമായിരുന്നു. വലിയ സംസ്‌കൃത പണ്ഡിതനായിരുന്ന ക്ഷിതിമോഹൻ ടാഗോറിന്റെ നിർബന്ധം കാരണമാണ് വിശ്വഭാരതിയിൽ അധ്യാപകനായത്. അമർത്യ ശാന്തിനികേതൻ സ്‌കൂളിൽ വിദ്യാഭ്യാസം നടത്തി. അവിടത്തെ അനൗപചാരിക അന്തരീക്ഷമാണ് അദ്ദേഹത്തെ ആകർഷിച്ചത്. ക്ഷിതിമോഹൻ പിന്നീട് വിശ്വഭാരതിയുടെ വൈസ്-ചാൻസലർ ആയി. കുട്ടിക്കാലത്ത് വിശ്വഭാരതിയിലെ ഒരു ചടങ്ങിന് അമർത്യയെ അമ്മ കൊണ്ടുപോയി. ചടങ്ങ് തുടങ്ങിയാൽ പിന്നെ ആരും മിണ്ടാൻ പാടില്ലെന്ന് അമ്മ നിഷ്‌കർഷിച്ചിരുന്ന. അമർത്യ മിണ്ടാതിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ടാഗോർ സംസാരിക്കാൻ തുടങ്ങി. അതുകണ്ട്, അയാളെന്തിനാ സംസാരിക്കുന്നതെന്ന് അമർത്യ ഉറക്കെ ചോദിച്ചു. അമ്മ വായ പൊത്തിപ്പിടിച്ചുവെങ്കിലും ടാഗോർ ആ ചോദ്യം കേൾക്കുകതന്നെ ചെയ്തു. ടാഗോർ ഒന്നും മിണ്ടിയില്ല. ഇക്കാര്യം അമർത്യ തന്റെ ഹോം ഇൻ ദ വേൾഡ് എന്ന പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്.  ഇപ്പോൾ അതേ ക്യാമ്പസിൽ, ആരും ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലാത്ത  അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.

ഇപ്പോൾ ചോദ്യം ചെയ്യുന്നവർക്ക് അധികൃതർ വിലങ്ങിടുകയാണ്. മതിലുകളില്ലാത്ത ക്യാമ്പസ് ആയിരുന്നു വിശ്വഭാരതി.  1128.89  ഏക്കർ വിസ്‌തൃതിയുള്ള ക്യാമ്പസിലുള്ളവർ സമീപത്തുള്ള തദ്ദേശീയ ജനവിഭാഗങ്ങളുമായി നല്ല അടുപ്പം പുലർത്തിയിരുന്നു.  ആ അടുപ്പം ഇല്ലാതാക്കാൻ വലിയ മതിലും കമ്പിവേലികളും നിർമിച്ചു. വിദ്യാർഥികളും അധ്യാപകരും സമീപത്തെ ബാവുൽ ഗായകർ അടക്കമുള്ള കലാകാരന്മാരും   വഴിവാണിഭക്കാരും നാട്ടുകാരുമൊക്കെ സന്തോഷത്തോടെ പങ്കെടുത്തിരുന്ന "പൗഷ്‌  മേള' നിർത്തിവച്ചിരുന്നു.  പ്രകൃതിയോടിണങ്ങി ജീവിച്ചു പഠിക്കുക എന്നതായിരുന്നു ടാഗോറിന്റെ സ്വപ്നം. കിന്റർഗാർട്ടൻമുതൽ ഗവേഷണ തലംവരെ പഠിക്കാനുള്ള അവിടത്തെ സൗകര്യം ഉപയോഗപ്പെടുത്തിയ നിരവധി വിദ്യാർഥികളുണ്ട്. സ്വതന്ത്രവും സർഗാത്മകവുമായ  ആ പഠനാന്തരീഷം വിശ്വഭാരതിക്ക് നഷ്ടമായിരിക്കുന്നു.

1951ൽ കേന്ദ്ര സർവകലാശാല പദവി ലഭിച്ച വിശ്വഭാരതി ഏറെക്കാലം ഉന്നതനിലവാരം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോൾ സങ്കുചിത താൽപ്പര്യക്കാരുടെയും സർവകലാശാലകളെ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നവരുടെയും പ്രത്യേക അജൻഡ നടപ്പാക്കുന്നതുമൂലം നിലവാരം അനുദിനം താഴേക്കാണ്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ റാങ്കിങ് ഫ്രെയിംവർക്കിന്റെ  റാങ്കിങ് പ്രകാരം വിശ്വഭാരതിയുടെ റാങ്കിങ് 50ൽനിന്ന് 64ലേക്ക് താണിരിക്കുന്നു.  296  കോഴ്‌സിലായി 11,428 വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിൽ 828  അധ്യാപകരും 1800  അനധ്യാപക ജീവനക്കാരുമുണ്ട്. 8.54 ലക്ഷം അച്ചടിച്ച പുസ്‌തകവും ഒരു ലക്ഷത്തിലേറെ ഇ- –-ബുക്കുമുള്ള സമ്പന്നമായ ലൈബ്രറിയാണ് വിശ്വഭാരതിക്കുള്ളത്. ഇതെല്ലാമുണ്ടെങ്കിലും പഠനത്തിന്റെ അന്തരീക്ഷത്തിനുപകരം ഭയത്തിന്റെ അന്തരീക്ഷം വിശ്വഭാരതിയിൽ നിറഞ്ഞിരിക്കുന്നുവെന്നതാണ് ശതാബ്‌ദി വർഷത്തിൽ രാജ്യത്തെ അക്കാദമിക് രംഗത്തുള്ളവരെയാകെ ആശങ്കപ്പെടുത്തുന്നത്.

സർവകലാശാലകളെ ആശയങ്ങളുടെ വിളനിലങ്ങളെന്ന  നിലയിൽനിന്ന് ആശയങ്ങളുടെ ശ്മശാനങ്ങളായി മാറ്റാനുള്ള വിശാല കാര്യപരിപാടിയുടെ ഭാഗം തന്നെയാണ് വിശ്വഭാരതിയിലും നടക്കുന്നത്. ജെഎൻയുവിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും  അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്‌.  ജെഎൻയു അടക്കമുള്ള ഇടങ്ങളിലേക്ക് എത്തുന്നതിനും മുമ്പ് വിദേശ വിദ്യാർഥികൾ വിശ്വഭാരതിയിൽ എത്തിയിരുന്നു. ഒരുപക്ഷേ, പുരാതന നളന്ദ, തക്ഷശില സർവകലാശാലകൾക്കുശേഷം ലോകമാകെ അറിയപ്പെട്ട ഇന്ത്യൻ സർവകലാശാലയായിരുന്നു വിശ്വഭാരതി. അതിന്റെ പാരമ്പര്യങ്ങളെ പൂർണമായി നിഷേധിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് വളരെ തെറ്റായ സന്ദേശങ്ങളാണ് ലോകത്തിന് നൽകുന്നത്. ശതാബ്ദിയുടെ ആഘോഷങ്ങൾക്കപ്പുറം ആ ആശങ്കകളാണ് ഉയർന്നുനിൽക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top