28 January Saturday

തമിഴകത്തും ഗവർണറുടെ ഇടങ്കോലിടൽ

ഇ എൻ അജയകുമാർUpdated: Friday Dec 9, 2022

‘ഗവർണർ വൈറസ്‌’ കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും എതിർപ്പും ചിരിയും പടർത്തുകയാണ്‌. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ നേരാംവണ്ണം ഭരിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ്‌.  ഭാഷ, സംസ്‌കാരം, സാഹിത്യം എന്നിവയിലൂടെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നാണ്‌ ബിജെപി നോക്കുന്നത്‌. അതിനായി അവർ ഗവർണറെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. തമിഴ്‌നാട്‌ ഗവർണർ ആർ എൻ രവി സമാന്തര സർക്കാർ നടത്തുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ കഴിഞ്ഞദിവസം പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

കവികൾ, സാഹിത്യപ്രതിഭകൾ, സിനിമാ പ്രവർത്തകർ, മറ്റു രംഗങ്ങളിൽ കഴിവുതെളിയിച്ചവർ എന്നിവരെ  രാജ്‌ഭവനിൽ വിളിച്ചുകൂട്ടിയാണ്‌ ഗവർണർ ‘ബിജെപി പ്രവർത്തന’ത്തിന്‌ ആക്കംകൂട്ടാൻ നോക്കിയത്‌. ഡിഎംകെ, സിപിഐ എം  അടക്കമുള്ള രാഷ്‌ട്രീയ പാർടികൾ ഗവർണറുടെ നടപടിക്കെതിരെ രംഗത്തുവന്നു. കേരളത്തിലേതുപോലെ, തമിഴ്‌നാട്ടിലും ജനോപകാരപ്രദമായ നിരവധി ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണ്‌. 

ഏറ്റവും പ്രധാനപ്പെട്ട ബിൽ ഓൺലൈൻ ചൂതാട്ടത്തിനെതിരെ കൊണ്ടുവന്നതാണ്‌. ഓൺലൈൻ ചൂതാട്ടത്തിന്റെ ഇരകളായി 34 പേരാണ്‌ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തത്‌. ഇതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന്‌ ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യമുയർന്നു. ഇത്‌ അനുസരിച്ചാണ്‌  സർക്കാർ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ കൊണ്ടുവന്നത്‌. ബിൽ ഗവർണർക്ക്‌ അയച്ചു. എന്നാൽ, ഇതേവരെ ഒപ്പിട്ടിട്ടില്ല. അതിനു കാരണമായി പറയുന്നത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അണ്ണാമലൈയുടെ  പ്രസ്‌താവനയാണ്‌. ആ പ്രസ്‌താവന ആരെയും ചിരിപ്പിക്കും. ‘ചൂതാട്ടം മഹാഭാരതകാലംമുതൽ ഹിന്ദുമതത്തിന്റെ ഭാഗമാണ്‌. ഓൺലൈൻ ചൂതാട്ടങ്ങൾ ക്രോഡീകരിക്കുക മാത്രമേ ചെയ്യാവൂ. നിരോധിക്കുന്നത്‌ ഗൂഢാലോചനയാണ്‌. ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. അത്‌ അനുവദിക്കാനാവില്ല’ എന്നായിരുന്നു.

ഇത്‌ കേട്ടപാതി കേൾക്കാത്ത പാതി ഗവർണർ ബിൽ പിടിച്ചുവച്ചു. തമിഴ്‌നാട്‌ ഫിഷറീസ്‌, വെറ്ററിനറി സർവകലാശാലകളിൽ സർക്കാർ പരിശോധന നടത്താൻ അധികാരം നൽകുന്ന നിയമനിർമാണം, സഹകരണസംഘങ്ങളുടെ ഭരണകാലാവധി മൂന്നുവർഷമായി കുറയ്‌ക്കാനുള്ള ബില്ലിലും ഇതേവരെ ഒപ്പിട്ടിട്ടില്ല.  സംസ്ഥാനത്തെ സർവകലാശാലകളിൽ ചാൻസലർ സ്ഥാനം വഹിക്കുന്ന ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ്‌  മദ്രാസ്‌ സർവകലാശാല, ഡോ. അംബേദ്‌കർ സർവകലാശാല എന്നിവിടങ്ങളിൽ  വൈസ്‌ ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന്‌ അധികാരം നൽകുന്ന നിയമം, സിദ്ധ സർവകലാശാല തുടങ്ങാനുള്ള നിയമം, മധുര, കോയമ്പത്തൂർ,  തിരുപ്പൂർ, ഹോസൂർ നഗരവികസന നിയമം,  ആംഗ്ലോ‐ ഇന്ത്യൻ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്‌ അവസാനിപ്പിക്കാനുള്ള നിയമം –-അടക്കം  23 ബില്ലുകളാണ്‌ ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിട്ടുള്ളത്‌.

തമിഴ്‌ഭാഷയെ വികലമായി ചിത്രീകരിക്കാൻ  ഗവർണർ ആർ എൻ രവി ശ്രമിക്കുന്നതിനെതിരെയും സമസ്‌ഥാനത്ത്‌ വലിയ പ്രതിഷേധമുണ്ട്‌.  ഭാഷയെ ആക്ഷേപിക്കാനും അപമാനിക്കാനും  ഈ ഗവർണർക്ക്‌ എന്തവകാശമെന്ന്‌ മധുര എംപി സു വെങ്കിടേശൻ ചോദിക്കുന്നു. തമിഴ്‌നാട്ടിൽ താമര വിരിയുമോ എന്ന ചോദ്യത്തിന്‌ നടൻ സിമ്പു (ചിലമ്പരശൻ) ഒരു മാധ്യമത്തിനു നൽകിയ മറുപടിയും വൈറലായി. ‘താമര സാധാരണ വെള്ളത്തിലാണ്‌ വിരിയുന്നത്‌, തമിഴ്‌നാട്ടിൽ താമര വിരിയണമെങ്കിൽ സംസ്ഥാനത്തൊട്ടാകെ വെള്ളം നിറയ്‌ക്കണം’ എന്നായിരുന്നു സിമ്പു പറഞ്ഞത്‌.

അണ്ണാമലൈ എന്ന മുൻ ഐപിഎസ്‌ ഓഫീസറാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌. ഇദ്ദേഹം പറയുന്നതെല്ലാം തമിഴ്‌നാട്ടിലെ ജനങ്ങൾ ട്രോളി കൊല്ലുകയാണ്‌. അടുത്തിടെ ബിജെപി ന്യൂനപക്ഷവിഭാഗം സംസ്ഥാന വനിതാ നേതാവും ഒബിസി വിഭാഗം സംസ്ഥാന നേതാവും തമ്മിലുള്ള അശ്ലീല സംഭാഷണവും ലക്ഷക്കണക്കിന്‌ ആളുകളിലേക്കാണ്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്‌. കാഞ്ചീപുരം സ്വദേശിയായ വനിതാ നേതാവ്‌ ബിജെപിയുടെ സംസ്ഥാന ഓഫീസായ കമലാലയം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കൈയിലാണെന്ന്‌ ആരോപിച്ചുള്ള വീഡിയോ പുറത്തിറക്കി.

തമിഴ്‌നാട്ടിൽ താമര വിരിയിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്‌ ബിജെപി. എന്നാൽ ഒന്നും  ക്ലച്ച്‌ പിടിക്കുന്നില്ല. സംഗീത സംവിധായകൻ ഇളയരാജയെ പോലുള്ള ചിലരെ പത്മശ്രീ കൊടുത്ത്‌ പാട്ടിലാക്കാൻ കഴിഞ്ഞതൊഴിച്ചാൽ സാഹിത്യ‐ സാംസ്‌കാരിക‐ സിനിമാ ലോകത്തെ ആരെയും  സ്വാധീനിക്കാനായില്ല.

ബിജെപി ആദ്യം പെരിയാറിനെ സ്വന്തമാക്കാൻ ശ്രമിച്ചു. അതിൽ പരാജയപ്പെട്ടതോടെ പെരിയാർ പ്രതിമയെ അപമാനിച്ച്‌ മത‐ ജാതി സംഘർഷമുണ്ടാക്കാൻ പദ്ധതിയിട്ടു. എല്ലാം തമിഴ്‌നാട്ടിലെ ജനങ്ങൾ പരാജയപ്പെടുത്തി. തുടർന്ന്‌ പ്രധാനമന്ത്രിയെക്കൊണ്ട്‌ തിരുക്കുറൾ ശ്ലോകങ്ങൾ പറയിപ്പിച്ചു. എന്നാലതും അബദ്ധങ്ങളായി. ജനം കൈവിട്ട ഒരു പാർടി സംസ്ഥാനത്ത്‌ വേരൂന്നാൻ അവസാനത്തെ ആശ്രയമായി ഗവർണറെ ആശ്രയിക്കുകയാണ്‌. അതും ദ്രാവിഡമണ്ണിൽ നടക്കില്ലെന്ന്‌ തമിഴകം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഗവർണറെ തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐഎഡിഎംകെ ഒഴികെ മുഴുവൻ പാർടികളും രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകി. 

ദളിത്‌ സംഘടനകളെ കൈയിലെടുത്ത്‌ വർഗീയ സംഘർഷമുണ്ടാക്കി നേട്ടം കൊയ്യാനുള്ള പദ്ധതിയുടെ ഭാഗമായി ദളിത്‌ നേതാക്കളെ അമിത്‌ ഷാ, പ്രധാനമന്ത്രി മോദി എന്നിവരുടെ അടുക്കലെത്തിക്കലും തുടരുന്നു. എന്നാൽ, ഒരുതരത്തിലുള്ള വർഗീയ സംഘർഷത്തിനും  ഇടംലഭിക്കില്ലെന്ന്‌ ബിജെപി‐ സംഘപരിവാർ ശക്തികൾക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌ തമിഴകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top