22 October Thursday

അമേരിക്കയുടെ സാമന്തരാജ്യമാകണോ - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Thursday Oct 15, 2020

ക്വാഡ്‌ എന്നറിയപ്പെടുന്ന ചതുർരാഷ്ട്രസഖ്യത്തിലെ വിദേശമന്ത്രിമാരുടെ യോഗം ഈ മാസം ആറിന്‌ ടോക്യോയിൽ നടന്നു. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ്‌ ഈ സഖ്യം. ഇന്തോ–- പസഫിക്‌ മേഖലയിലെ സുരക്ഷയ്‌ക്കുവേണ്ടിയാണ്‌ ഇതെന്ന്‌‌  അമേരിക്ക അവകാശപ്പെടുമ്പോഴും ചൈനയെയാണ്‌ ലക്ഷ്യമിടുന്നത്‌. ‘ഇന്ത്യ ഒരു സൈനിക സഖ്യസംവിധാനത്തിലും പങ്കാളിയാകില്ലെന്ന്’‌ സെപ്‌തംബറിൽ വിദേശമന്ത്രി എസ്‌ ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ക്വാഡുമായി മുന്നോട്ടുപോകുന്നതിലൂടെ വിദേശമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌.

ചൈനയുമായി അതിർത്തി‌ സംഘർഷം നിലനിൽക്കുന്നതിനാലാണ്‌ ഇന്ത്യ തിരക്കിട്ട്‌ ക്വാഡിന്റെ ഭാഗമായതെന്നാണ്‌ സർക്കാരിനെ അനുകൂലിക്കുന്ന വക്താക്കൾ പറയുന്നത്‌. ചൈനയുടെ അതിർത്തി വിപുലീകരണ ശ്രമത്തിനെ ചെറുക്കാൻ അമേരിക്കൻ സുരക്ഷാസഖ്യത്തിൽ ചേരാൻ ഇന്ത്യ നിർബന്ധിതമായി എന്നാണ്‌ ഈ വിഭാഗം മുന്നോട്ടുവയ്‌ക്കുന്ന വാദം. എന്നാൽ, ഇത്‌ യഥാർഥ വസ്‌തുതയല്ല. ലഡാക്ക്‌ അതിർത്തിയിൽ സംഘർഷം ഉടലെടുക്കുന്നതിന്‌ വളരെമുമ്പുതന്നെ ചതുർരാഷ്ട്രസഖ്യത്തിൽ പൂർണ പങ്കാളിയാകാമെന്ന്‌ ഇന്ത്യ ഉറപ്പുനൽകിയിരുന്നു. 2015 ജനുവരിയിൽ പ്രസിഡന്റ്‌ ഒബാമയുടെ ഡൽഹി സന്ദർശനവേളയിലെ സംയുക്തപ്രസ്‌താവനയിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. ‘‘ഏഷ്യ–-പസഫിക്കിനും ഇന്ത്യൻ സമുദ്രമേഖലയ്‌ക്കും വേണ്ടിയുള്ള തന്ത്രപരമായ സംയുക്ത കാഴ്‌ചപ്പാട്‌’’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒബാമയും പുറത്തിറക്കിയ സംയുക്തപ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നത്‌. ‘ഈ മേഖലയിലെയും പ്രത്യേകിച്ച്‌ തെക്കൻ ചൈനാ കടലിലെയും നാവിക സുരക്ഷയും സ്വതന്ത്രമായ നാവിക സഞ്ചാരവും ഉറപ്പുവരുത്തുമെന്നും’ പ്രസ്‌താവന എടുത്തുപറഞ്ഞിരുന്നു.


 

ജപ്പാൻ പ്രധാനമന്ത്രി ഷിൻഷെ അബെ മുൻകൈയെടുത്ത്‌ 2007ൽ തന്നെ ക്വാഡ്‌ രൂപീകരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ചൈന എതിർപ്പ്‌ പ്രകടിപ്പിച്ചതിനാൽ ഈ ശ്രമം ഫലം കണ്ടില്ല. ഓസ്‌ട്രേലിയയിൽ അധികാരത്തിൽ വന്ന പുതിയ സർക്കാരും മൻമോഹൻസിങ്‌ സർക്കാരും നിലപാടിൽനിന്ന്‌ പിന്നോട്ടുപോയി. 2017 നവംബറിൽ മനിലയിൽ നടന്ന ‘ആസിയൻ’ ഉച്ചക്കോടിക്കിടെയാണ്‌ ക്വാഡ്‌ എന്ന ആശയത്തിന്‌ വീണ്ടും ജീവൻവച്ചത്‌. ഉച്ചക്കോടിക്കിടെ നാല്‌ രാജ്യങ്ങളിലെയും വിദേശമന്ത്രിമാർ പ്രത്യേക യോഗം ചേർന്ന്‌ സഖ്യത്തിനായി തീരുമാനിച്ചു. ഈ സമയം നാല്‌ രാജ്യത്തിലും വലതുപക്ഷ സർക്കാരുകളായിരുന്നു. ചൈനയുമായി ഏറ്റമുട്ടൽനയം സ്വീകരിക്കാൻ ഇവർക്ക്‌ മടിയുണ്ടായിരുന്നില്ല. തുടർന്ന്‌ നടന്ന യോഗത്തിൽ വിദേശമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയാണ്‌ പങ്കെടുത്തത്‌. അമേരിക്കൻ സമ്മർദത്തിന്‌ വഴങ്ങി ക്വാഡ്‌ യോഗം മന്ത്രിതലത്തിലേക്ക്‌ മാറ്റി. 2019 സെപ്‌തംബറിൽ ന്യൂയോർക്കിൽ നാല്‌ രാജ്യങ്ങളിലെയും മന്ത്രിമാർ യോഗം ചേർന്നു.

‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ– -പസഫിക്‌’ എന്ന അമേരിക്കയുടെ ചർച്ചകളാണ്‌ ക്വാഡ്‌ രൂപീകരിക്കാനുള്ള അടിസ്ഥാനം. വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയവയ്‌ക്കുപുറമെ തന്ത്രപരമായ മേഖലകളിലും ചൈനയുമായുള്ള ട്രംപ്‌ ഭരണകൂടത്തിന്റെ ഏറ്റുമുട്ടലാണ്‌ ഇപ്പോൾ ക്വാഡിനെ നയിക്കുന്നത്‌. സെപ്‌തംബർ 25ന്‌ നടന്ന വിദേശമന്ത്രാലയ ഉദ്യോഗസ്ഥ യോഗത്തിലെ ചർച്ചകളിൽനിന്ന്‌ ഇത്‌ വ്യക്തമാണ്‌. 5ജി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വിശ്വസനീയ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റി ചർച്ച നടന്നു. 5ജി കയറ്റുമതിയിൽനിന്ന്‌ ചൈനീസ്‌ കമ്പനിയായ ‘വാവയ്‌’യെ തടസ്സപ്പെടുത്തുക എന്ന അമേരിക്കൻ അജൻഡയാണ്‌ വ്യക്തമാകുന്നത്‌. ഏഷ്യ–- പസഫിക്‌ മേഖലയിൽ സുരക്ഷാസഖ്യത്തിൽ ഇന്ത്യയെ സമ്പൂർണ പങ്കാളിയാക്കുക എന്ന ട്രംപ്‌ ഭരണകൂടത്തിന്റെ ലക്ഷ്യമാണ്‌ സാക്ഷാൽക്കരിക്കുന്നത്‌. യുഎസ്‌–- പസഫിക്‌ കമാൻഡിന്റെ പേര്‌ യുഎസ്‌ ഇന്തോ–-പസഫിക്‌ കമാൻഡ്‌ എന്നാക്കി മാറ്റുന്ന ചടങ്ങിലേക്ക്‌ ഇന്ത്യ ഉയർന്ന സൈനിക ഉദ്യോഗസ്ഥനെ അയച്ചിരുന്നു.

2016ൽ അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ലോജിസ്റ്റിക്സ്‌ ‌കരാർ സൈനികസഖ്യത്തിന്റെ തുടക്കമായിരുന്നു. ലോജിസ്റ്റിക്സ്‌ എക്‌സ്‌ചേഞ്ച്‌ മൊമ്മോറാണ്ടം ഓഫ്‌ എഗ്രിമെന്റ്‌ (എൽഇഎംഒഎ) എന്ന പേരിലുള്ള ഈ കരാർ ഇരുരാജ്യങ്ങളിലെയും സേനകൾക്ക്‌ അടിസ്ഥാനസൗകര്യങ്ങൾ പരസ്‌പരം ഉപയോഗിക്കാൻ അനുമതി നൽകുന്നു.  ജൂണിൽ ഓസ്‌ട്രേലിയയുമായി ലോജിസ്റ്റിക്സ്‌‌ സപ്പോർട്ട്‌ കരാറിൽ ഒപ്പിട്ടു. സെപ്‌തംബർ ഒമ്പതിന്‌ ഇന്ത്യയും ജപ്പാനും പരസ്‌പര സൈനിക സഹകരണത്തിനും വിതരണശൃംഖലയ്‌ക്കും സേവനത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു. ഇത്തരം കരാറിൽ ഏർപ്പെട്ടതിനുശേഷമാണ്‌ ഇന്ത്യ ഒരു സൈനിക സഖ്യത്തിന്റെയും ഭാഗമാകില്ലെന്ന്‌ പറയുന്നത്‌. ഇതിലൂടെ‌ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണ് മോഡി സർക്കാർ.

2020 ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യ സന്ദർശനവേളയിൽ സംയുക്ത പ്രസ്‌താവനയിലും ചതുർരാഷ്ട്രസഖ്യം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്‌തതായി എടുത്തുപറഞ്ഞിരുന്നു. ക്വാഡിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്‌ ‘നാറ്റോ’ക്കു സമാനമായ ‘ഏഷ്യൻ നാറ്റോ’ആണെന്ന്‌ അമേരിക്കൻ വിദേശ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീവൻ ബീഗൻ വ്യക്തമാക്കിയിട്ടുണ്ട്‌. ആഗസ്‌ത്‌ 31ന്‌ നടന്ന യുഎസ്‌–-ഇന്ത്യ തന്ത്രപരമായ പങ്കാളിത്ത ഫോറത്തിന്റെ യോഗത്തിലാണ്‌ ഇക്കാര്യം ബീഗൻ തുറന്നുപറഞ്ഞത്‌. ‘നാറ്റോ, യൂറോപ്യൻ യൂണിയൻ മാതൃകയിലുള്ള സഖ്യം ഇവിടെയില്ല. ഈ മേഖലയിലെ രാജ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്‌ക്കുന്ന ആശയം ഉൾക്കൊണ്ട്‌‌ അതേ സമീപനത്തോടെ ഒപ്പംനിന്നാൽമാത്രമേ പസഫിക്‌ നാറ്റോ നിലവിൽ വരികയുള്ളൂവെന്നും ബീഗൻ പറഞ്ഞു. ക്വാഡ്‌ മന്ത്രിതല സമ്മേളനം ന്യൂഡൽഹിയിൽ ചേരുമെന്നും ബീഗനാണ്‌ ഈ യോഗത്തിനുശേഷം അറിയിച്ചത്‌. ഇക്കാര്യം മോഡി സർക്കാർ അതുവരെ രഹസ്യമാക്കി.


 

എന്നാൽ, യോഗം പിന്നീട്‌ ടോക്യോയിലേക്ക്‌ മാറ്റി. ടോക്യോയിലെ യോഗം ഉദ്‌ഘാടനം ചെയ്‌ത അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക്‌ പോംപിയോ പറഞ്ഞത്‌ ‘‘ക്വാഡിലെ പങ്കാളികൾ എന്ന നിലയിൽ പൗരന്മാരുടെ സംരക്ഷണത്തിനും ചൈനീസ്‌‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ (സിസിപി) ചൂഷണത്തിൽനിന്നും അഴിമതി, ഭീഷണി എന്നിവയിൽനിന്നും സഖ്യത്തിലെ പങ്കാളികൾക്ക്‌ സംരക്ഷണം നൽകാനും ഒന്നിച്ചുനീങ്ങും’’ എന്നാണ്‌. ഇന്ത്യൻ സമുദ്രമേഖലയിലും സമീപ സമുദ്രമേഖലയിലും നാവിക ഇടപെടലിന്‌ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഏറ്റവും നല്ല സംവിധാനമാണ്‌ ക്വാഡ്‌ എന്നാണ്‌ ഇന്ത്യൻ ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത്‌ സെപ്‌തംബർ മൂന്നിന്‌ തുറന്ന്‌ പ്രഖ്യാപിച്ചത്‌.

ചൈനയെ നേരിടാനുള്ള തന്ത്രപരമായ അമേരിക്കയുടെ നീക്കമാണ്‌ ക്വാഡ്‌. ഈ സഖ്യത്തിൽ പങ്കാളിയായതുകൊണ്ട്‌ ഇന്ത്യക്ക്‌ ഒന്നും നേടാൻ കഴിയില്ല. തെക്കൻ ചൈനാ കടൽ ഇന്ത്യയുടെ സുപ്രധാന താൽപ്പര്യവുമായി ബന്ധപ്പെടുന്നില്ല. തെക്കൻ ചൈനാ കടലിൽ അമേരിക്കയും ജപ്പാനുമായി ചേർന്ന്‌ ഇന്ത്യ സംയുക്ത നാവികാഭ്യാസം നടത്തുന്നത്‌ എന്തിനാണ്‌? ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ക്വാഡ്‌ പങ്കാളികളാരും വാഗ്‌ദാനം ചെയ്‌തതുപോലെ ഇന്ത്യയെ സൈനികമായി പിന്തുണയ്‌ക്കാൻ പോകുന്നില്ല. തെക്കൻ ചൈനാ കടലിലെ തർക്കം നേരിട്ട്‌ ബാധിക്കുന്ന രാജ്യങ്ങളോ പ്രധാന മേഖലാ സഹകരണസഖ്യമായ ആസിയനോ അമേരിക്ക സ്‌പോൺസർ ചെയ്യുന്ന ക്വാഡിൽ ചേരാൻ തയ്യാറായിട്ടില്ല. ചൈനാ വിരുദ്ധമായ ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കുന്നില്ല. ആ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ തിരിച്ചറിഞ്ഞാണിത്‌. മേഖലയിലെ പ്രധാന രാജ്യവും തെക്കൻ ചൈനാ കടലിലെ തർക്കത്തിൽ നേരിട്ട്‌ പങ്കാളിയുമായ ഇന്തോനേഷ്യപോലും ക്വാഡിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്‌. ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സ്ഥിതി മോശമാകുകയും ചൈനയ്‌ക്കെതിരെ യുദ്ധാന്തരീഷം നിലനിൽക്കുകയും ചെയ്യുമ്പോഴാണ്‌ മോഡി സർക്കാർ അമേരിക്കയ്‌ക്കു മുന്നിൽ കീഴടങ്ങുന്നത്‌.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്‌ക്കെതിരെ അമേരിക്ക–- ഇന്ത്യ കൂട്ടുകെട്ട്‌ തന്ത്രപരമായ നിലയിലേക്ക്‌ നീങ്ങിയതുമാണ്‌ കഴിഞ്ഞ ആറുമാസത്തിനിടയിൽ അതിർത്തിയിൽ സ്ഥിതി മോശമാക്കിയത്‌. ചൈനയുമായി നേരിട്ടുള്ള ചർച്ചകളിലൂടെ അതിർത്തി സംഘർഷം പരിഹരിക്കുകയാണ്‌ വേണ്ടത്‌. ഇതാണ്‌ ഇന്ത്യയുടെ താൽപ്പര്യത്തിന്‌ ഗുണം ചെയ്യുക. അമേരിക്കയുമായോ അതിന്റെ നിയന്ത്രണത്തിലുള്ള സംഖ്യങ്ങളുമായി ചേർന്നോ‌ ചൈനാ വിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കാനാകില്ല. അമേരിക്കയുടെ സാമന്തരാജ്യമായി നിൽക്കുകയല്ല വേണ്ടത്‌. നിലവിലെ പ്രശ്‌നങ്ങൾ നേരിടാനും പരിഹരിക്കാനാവശ്യമായ വിഭവങ്ങളും കഴിവും ശക്തിയും ഇന്ത്യക്കുണ്ട്‌. അത്‌ വിനിയോഗിക്കാൻ മോഡി സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top