09 December Friday

പൊൻപന്ത്‌ - ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

ചെളി പുരട്ടാൻ സംഘടിതശ്രമങ്ങൾ ഒരുപാട്‌ ഉണ്ടായിട്ടും വജ്രത്തിളക്കത്തോടെ പറന്നുയരുന്ന പൊൻപന്തിന്റെ കഥയാണ് ഖത്തർ ലോക കപ്പ് ഫുട്ബോളിന്‌ പറയാനുള്ളത്‌. ഖത്തറിനൊപ്പം 22–-ാമത് ലോകകപ്പ് ഫുട്ബാൾ സംഘടിപ്പിക്കാൻ രംഗത്തുണ്ടായിരുന്നത് 1994ലെ ആതിഥേയരായ അമേരിക്കൻ ഐക്യനാടുകളും 2022ലെ സംയുക്ത ആതിഥേയരായ ദക്ഷിണ കൊറിയയും ജപ്പാനും ഓസ്‌ട്രേലിയയും. അവസാന റൗണ്ടിൽ എത്തിയത് ഖത്തറും അമേരിക്കയും. രണ്ടുവർഷത്തിലേറെ നടന്ന പ്രചാരണങ്ങൾക്കും സ്വാധീനയാത്രകൾക്കുംശേഷം  2010 ഡിസംബർ ഒന്നിന്, ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ഒരു വനിതയുടെ ശബ്ദം മുഴങ്ങി.

രാജ്യത്തിന്റെ പ്രഥമവനിത ശൈഖ മോസ ബിൻത് നാസർ ഒരു ചോദ്യത്തോടെയാണ്‌ പ്രസംഗം ആരംഭിച്ചത്. ‘ചരിത്രമുറങ്ങുന്ന മധ്യപൗരസ്ത്യ ദേശത്തേക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാണ് വിരുന്നുവരിക. 1930ൽ ലാറ്റിനമേരിക്കയെയും 1994ൽ വടക്കേ അമേരിക്കയെയും 2002ൽ ഏഷ്യയെയും 2010ൽ ആഫ്രിക്കയെയും ഫിഫ ആദരിച്ചത് അവർക്കൊക്കെ  ലോകകപ്പ്‌ വേദി സമ്മാനിച്ചായിരുന്നു. കാൽപ്പന്തുകളിയുടെ ഈ പരമോന്നത അത്ഭുതം ലഭിക്കുകയാണെങ്കിൽ ലോകത്തിന്റെ എളിയ ആതിഥേയരായി ഞങ്ങളതൊരു ചരിത്ര വിസ്മയമായിട്ട്‌ അവതരിപ്പിക്കും’.

അതൊരു സാമാന്യ അവതരണപ്രസംഗത്തിലെ അതിശയോക്തിയെന്നേ  കേട്ടവർ കരുതിയുള്ളൂ. എന്നാൽ, പിറ്റേന്ന്‌ 2010 ഡിസംബർ രണ്ടിന്‌ ഫിഫ പ്രസിഡന്റ് സെപ്പ്ബ്ലാറ്ററുടെ ആകസ്മിക പ്രഖ്യാപനം‘ദ വിന്നർ ഈസ് ഖത്തർ’.

വേദിക്കായുള്ള മത്സരത്തിൽ പിന്തള്ളപ്പെടുന്ന രാജ്യങ്ങൾ വിജയികളെ അഭിനന്ദിക്കുകയും മത്സരസംഘാടനത്തിന്‌ പിന്തുണ അറിയിക്കുകയുമാണ് പതിവ്. എന്നാൽ, അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ ശക്തികൾ ഒന്നടങ്കം ഈ തീരുമാനത്തിനെതിരെ അണിനിരന്നു. ബ്ലാറ്ററുടെ പ്രഖ്യാപനംവന്ന്‌ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമേരിക്കൻ സോക്കർ മാഗസിനിൽ ഒരു ഹാസ്യ കവിത പ്രത്യക്ഷപ്പെട്ടു. അമേരിക്കക്കാർക്ക്‌ എത്രമാത്രം വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ഉണ്ടായിരുന്നെന്ന്‌ കവിതയിലെ വരികൾ പറഞ്ഞുതരും.

‘ആഗോള ഇന്ധനശേഖരത്തിന്റെ കൊച്ചു തമ്പുരാക്കന്മാരുടെ കൂടാരത്തിലേക്കൊരു സ്വാഗതം. മനുഷ്യാവകാശങ്ങൾക്കും മാനവികതയ്‌ക്കും പന്തീരാണ്ടു പഴക്കമുള്ള പ്രാപ്പിടിയന്മാരുടെ നാട്ടിലേക്ക് നിങ്ങൾക്കൊരു സ്വാഗതം! ഭയവും വിഹ്വലതയും ആത്മാവിന്റെ അടിത്തട്ടിൽ കരുതിനടക്കേണ്ട, സ്വവർഗരതിയെ മഴവിൽ വർണത്തെ അരിഞ്ഞെറിയുന്ന അറബി മണ്ണിലേക്ക് സ്വാഗതം... നിങ്ങൾക്ക് സ്വാഗതം... കാൽപ്പന്തിന് സ്വാഗതം. കുടിയേറ്റക്കാർക്ക് കഷ്ടപ്പാടും കടവും മരണവും കൊണ്ടുവരുന്ന പുണ്യഭൂമിയിലേക്കൊരു സ്വാഗതം...’


 

ആരോപണ പെരുമഴ
കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികംപേരെ ഉൾക്കൊള്ളും. അവരുടെ മതാധിഷ്ഠിത രാഷ്ട്രീയ, സാംസ്‌കാരിക സംവിധാനം ലോകകപ്പിലെ സങ്കരസംസ്‌കാരം എങ്ങനെ സഹിക്കും. കേവലം രണ്ടു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഒന്നര മില്യൺ അതിഥികളെ എങ്ങനെ സ്വീകരിക്കാനാകും. അങ്ങനെ എണ്ണിയാൽ തീരാത്തത്ര സംശയങ്ങൾ അവർ ഉയർത്തി. അമേരിക്കൻ ഐക്യനാടിന്റെയും പങ്കാളിത്തത്തിൽ പങ്കില്ലാത്ത ജർമനിയുടെയും നേതൃത്വം നിയമനടപടികളും സ്വീകരിച്ചു.

ഇതൊന്നും പോരാഞ്ഞ് അയൽക്കാരും സ്വന്തക്കാരുംവരെ ഒളിഞ്ഞും തെളിഞ്ഞും ഖത്തറിനെതിരെ രംഗത്തുവന്നു. അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നു എന്നാരോപിച്ച്  സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത്, യുഎഇ രാജ്യങ്ങൾ 2017 മുതൽ 2021 ജനുവരിവരെ ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തി. എത്ര വലിയ രാജ്യമായാലും പിടിച്ചുനിൽക്കാനാകാത്ത പ്രതിസന്ധികൾ. അപ്പോഴൊന്നും ഒരു കഴഞ്ചുപോലും കുലുങ്ങാതെ, കായിക സംസ്‌കാരത്തിന് ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്ന ആ കൊച്ചു രാജ്യം ചരിത്രനിയോഗം ഏറ്റെടുത്ത് മുന്നോട്ടുനീങ്ങി.

എതിരാളികളുടെ ആദ്യ ആരോപണമായ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത തീർക്കാൻ രാജ്യം മുഴുവൻ നിർമാണ ഭൂമിയാക്കി മാറ്റി. അപ്പോഴാണ് അമേരിക്കക്കാർക്കൊപ്പം ചേർന്ന് ആംനസ്‌റ്റി ഇന്റർനാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നത്. നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നില്ലെന്നും തൊഴിലാളികൾ മരിച്ചു വീഴുന്നുവെന്നും  പുതിയ ആരോപണമുയർന്നു. അതിലൊന്നും വാസ്തവമില്ലെന്നും പെരുപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകൾ നിരത്തി ഖത്തർ ആരോപണങ്ങളെ പൊളിച്ചടുക്കി. കൂടുതൽ സൗകര്യംനൽകി യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തനങ്ങൾ  മുന്നോട്ടുനീങ്ങി.

അപ്പോഴേക്കും സെപ്പ് ബ്ലാറ്റർ ഫിഫാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ഒപ്പം ഖത്തറുകാരനായ ഏഷ്യൻ കോൺഫെഡറേഷൻ പ്രസിഡന്റ് ബിൻ ഹമാം ആജീവനാന്തം ഫിഫയിൽനിന്നും ഫുട്ബോൾ രംഗത്തുനിന്നും  ഒഴിവാക്കപ്പെടുകയും ചെയ്തു. പുതിയ ഫിഫാ പ്രസിഡന്റ് ഇൻഫന്റിനോയുടെ കൗതുകകരമായൊരു പ്രഖ്യാപനം വീണ്ടും ആശങ്കയുണ്ടാക്കി. മത്സരങ്ങളുടെ ഇപ്പോഴത്തെ ഘടന മാറ്റി 48 ടീമുകളെ ഉൾപ്പെടുത്തി ഫുട്‌ബോൾ ലോകകപ്പ് നടത്തും. വേദികൾ ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നിവയുമായി പങ്കിടണം. ഖത്തർ ലോകകപ്പ് മധ്യ പൗരസ്ത്യൻ ലോകകപ്പാകുന്ന അവസ്ഥ.
അതുകൊണ്ടും കുലുങ്ങാതെ ഖത്തർ ശാന്തരായി മുന്നോട്ടുപോയി.  ഇൻഫന്റിനോ തന്നെ പിന്നീട് തീരുമാനം മാറ്റിയതായി അറിയിച്ചു. ടീം വിപുലീകരണം അടുത്ത ക്യാനഡ–- -മെക്‌സിക്കോ–-- അമേരിക്ക ലോക കപ്പിലേക്കു മാറ്റി.


 

ഖത്തറിന്റെ 
ഉയിർപ്പ്‌
ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഖത്തറിന്റെ ഉയിർത്തെഴുന്നേൽപ്പാണ് പിന്നീട് ലോകം കണ്ടത്. നിശ്ചയദാർഢ്യവും പ്രതിബദ്ധതയും വിശ്വാസവും മുന്നോട്ടു നയിച്ചു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴകും സാങ്കേതികത്തികവും സൗകര്യങ്ങളുമുള്ള എട്ട് വൻകിട സ്‌റ്റേഡിയങ്ങൾ പണിതുയർത്തി. ഒപ്പം മികവാർന്ന കളി നഗരങ്ങളും.

പാർപ്പിട പ്രശ്‌നത്തിന്റെ പേരിൽ കണ്ണുരുട്ടിയവരുടെ കണ്ണുതള്ളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ വൻ നഗരംതന്നെ (ലുസെയ്‌ൽ) പണിതീർത്തു. താമസത്തിന്‌ നൂറുകണക്കിന് പഞ്ചനക്ഷത്ര ഹോട്ടൽ, അപ്പാർട്ട്‌മെന്റുകൾ,  ഹോം സ്റ്റേ സൗകര്യങ്ങൾ, ഡെസർട്ട് ക്യാമ്പുകൾ, അത്യാഡംബര ക്രൂയിസ് കപ്പലുകൾ എന്നിവയൊരുക്കി.
പുതിയ മെട്രോയും വൈദ്യുതവാഹനങ്ങളുമടക്കം പുതിയ ഗതാഗതശൃംഖല സൃഷ്ടിച്ചു. ഒരു മിനിറ്റുപോലും യാത്ര വൈകാതിരിക്കാനുള്ള സംവിധാനവും ഒരുക്കി. കളിക്കളങ്ങൾക്ക് സമീപവും  നഗരാതിർത്തികളിലും നിരവധി പാർക്കിങ്  ഇടങ്ങൾ. കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളിനഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു.

അങ്ങനെ അസൂയാലുക്കളായ സകല പ്രതിയോഗികളുടെയും ആരോപണങ്ങളെ സഹിഷ്ണുതയോടെ നേരിട്ട് ഖത്തർ ഒരു വിസ്മയ ലോകമായി മാറി.  ലോകം ഒഴുകിയെത്തുന്നത് ഖത്തറിലേക്കല്ല, ഖത്തരികളുടെ ഹൃദയത്തിലേക്കായിരിക്കും. ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ആഡംബരവും സൗകര്യങ്ങളും സ്‌നേഹവും പരിചരണവുമാകും കാത്തിരിക്കുന്നത്. മത്സരങ്ങൾ അവസാനിക്കുമ്പോൾ ഖത്തരികളുടെ ഹൃദയവുമായിട്ടാകും ലോകം മടങ്ങുക.

(കായിക–-യുവജനവകുപ്പ്‌ മുൻ ഡയറക്ടറും 
കളിയെഴുത്തുകാരനുമാണ്‌ ലേഖകൻ. ഖത്തർ 
ലോകകപ്പിനെക്കുറിച്ചുള്ള രണ്ട്‌ പുസ്‌തകത്തിന്റെ രചയിതാവാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top