16 September Monday

അമേരിക്കയുടെ ലോകനായകത്വത്തിനേറ്റ പ്രഹരം

ടി എം ജോർജ്Updated: Wednesday May 8, 2019


ലോക രാഷ്ട്രീയരംഗത്ത് അമേരിക്കയുടെ നായകത്വത്തിനെതിരെ ഉയർന്ന ചടുലമായ രാഷ്ട്രീയ നീക്കമാണ് പുടിൻ‐കിം ഉച്ചകോടി. ഹാനോയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് അന്നും തമ്മിൽ നടന്ന രണ്ടാംവട്ട ചർച്ച കൊറിയൻ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് ലോകത്തെ സമാധാനകാംക്ഷികൾ പ്രതീക്ഷയോടെ കാതോർത്തതാണ്. എന്നാൽ, എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ഉച്ചകോടി വേദിയിൽനിന്നും പ്രകോപിതനായി ഇറങ്ങിപ്പോക്കു നടത്തി ഉച്ചകോടി പരാജയപ്പെടുത്തുകയാണ് ട്രംപ് ചെയ്തത്. അതിനെ തുടർന്നാണ് കിം‐പുടിൻ കൂടിക്കാഴ്ചയും ട്രംപിന് ശക്തമായ താക്കീതുനൽകിക്കൊണ്ടുള്ള പുടിന്റെ വാർത്താസമ്മേളനവും നടന്നത്.

“ബലപ്രയോഗത്തിലൂടെയല്ല അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ചു മാത്രമേ കൊറിയയുടെ ആണവ നിരായുധീകരണം സാധ്യമാകൂ. ഉത്തരകൊറിയയുടെ സുരക്ഷയും പരമാധികാരവും സംബന്ധിച്ച് യുഎസ് നൽകുന്ന ഉറപ്പുകൊണ്ടു മാത്രം ആണവപ്രശ്നത്തിന് പരിഹാരമുണ്ടാവുകയില്ല. ഒരു രാജ്യം മാത്രമല്ല ഉറപ്പുനൽകേണ്ടത് കൊറിയയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയ ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവർകൂടി യുഎസിന്റെ ഉറപ്പ് അംഗീകരിക്കേണ്ടതുണ്ട്. സുരക്ഷ സംബന്ധിച്ച ഉറപ്പുമാത്രമാണ് ഉത്തരകൊറിയ ആവശ്യപ്പെടുന്നത്. അവരുടെ പരമാധികാരം മാനിക്കുന്ന ഉറപ്പാണ് വേണ്ടത്.’’ പുടിന്റെ ഈ പ്രസ്താവന ഉത്തര കൊറിയയുമായുള്ള ആണവപ്രശ്നത്തിൽ ട്രംപ് സ്വീകരിച്ച ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരവും അമേരിക്കയുടെ ലോകാധിപത്യത്തിനെതിരെയുള്ള ശക്തമായ താക്കീതുമാണ്.

യുഎസ് ഉപരോധത്തെ റഷ്യയുടെ പിന്തുണയോടെ നേരിടാനാണ് കിമ്മിന്റെ നീക്കം. നീണ്ട എട്ടു വർഷത്തിനുള്ളിൽ ആദ്യമായാണ് ഉത്തരകൊറിയയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന റഷ്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങളെ ഒഴിവാക്കിനിർത്തിയുള്ള അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിച്ച അമേരിക്കയുടെ വങ്കത്തരത്തിനു ലഭിച്ച പ്രഹരമാണ് കിമ്മിന്റെ നിലപാടും പുടിന്റെ പ്രസ്താവനയും.

ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കിയാൽ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന കിമ്മിന്റെ പ്രഖ്യാപനം, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പൊരുതിനിൽക്കുന്ന രാഷ്ട്രങ്ങൾ എത്രത്തോളം ഭീതിയിലാണെന്നുള്ളത് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ്. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ  അംഗീകരിക്കാതെ  തീവ്രവലതുപക്ഷ നേതാവ് യുവാൻ ഗൈഡോയെ  രാഷ്ട്രത്തലവനായി പ്രഖ്യാപിക്കുന്ന അമേരിക്കയുടെ ജനാധിപത്യമര്യാദ സമീപകാലത്ത് നമ്മൾ കണ്ടെതാണ്.

ദക്ഷിണ കൊറിയയിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന ഒളിംപിക്സാണ് ഉത്തര–ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്മാർ പരസ്പരം കണ്ടുമുട്ടുന്നതിനും സമാധാനപരമായ സഹവർത്തിത്വത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നതിനും അവസരമായത്. സംയുക്ത പതാകയ്ക്കു കീഴിൽ ഇരു കൊറിയൻ നേതാക്കളും ഒളിംപിക്സ് പരേഡിൽ അണിനിരന്നത് അമ്പരപ്പോടെയാണ് അമേരിക്ക കണ്ടത്.

ഇരു കൊറിയകളും തമ്മിലുള്ള യോജിപ്പ്  കൊറിയൻ ജനങ്ങളുടെ ഒന്നാകെയുള്ള അഭിലാഷമാണ്. 2018 ജൂണിൽ നടന്ന സിംഗപ്പൂർ ഉച്ചകോടി കൊറിയൻ ഉപദ്വീപിൽ സമാധാനം കൈവരിക്കാൻ ഉത്തര–ദക്ഷിണ കൊറിയൻ സർക്കാരുകൾ നടത്തിയ കൂട്ടായ ശ്രമഫലമാണ്

ഇരു കൊറിയകളും തമ്മിലുള്ള യോജിപ്പ്  കൊറിയൻ ജനങ്ങളുടെ ഒന്നാകെയുള്ള അഭിലാഷമാണ്. 2018 ജൂണിൽ നടന്ന സിംഗപ്പൂർ ഉച്ചകോടി കൊറിയൻ ഉപദ്വീപിൽ സമാധാനം കൈവരിക്കാൻ ഉത്തര–ദക്ഷിണ കൊറിയൻ സർക്കാരുകൾ നടത്തിയ കൂട്ടായ ശ്രമഫലമാണ്. ആ ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തര കൊറിയ തങ്ങളുടെ ആണവ നിലയങ്ങൾ പൊളിച്ചുനീക്കുകയും ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. അതോടൊപ്പം ഉത്തര കൊറിയക്കെതിരായ സാമ്പത്തിക  ഉപരോധങ്ങൾ  അവസാനിപ്പിക്കാൻ ഉച്ചകോടിയിൽ എടുത്ത തീരുമാനം നടപ്പാക്കാൻ അമേരിക്ക കൂട്ടാക്കിയില്ല. 2019 ഫെബ്രുവരിയിൽ ഹാനോയിൽ  നടന്ന ഉച്ചകോടിയിൽ കിം സിംഗപ്പൂർ ഉച്ചകോടിയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിക്കുകയും തീരുമാനങ്ങളുടെ ഭാഗമായി അമേരിക്ക ഉപരോധത്തിൽ ഇളവുവരുത്താൻ അനുവദിക്കാത്ത കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

എന്നാൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ കൊണ്ട് കർക്കശമായ പുതിയ കുറെ വ്യവസ്ഥകൾ നിർദേശിച്ചിട്ട് സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽനിന്നും ട്രംപ് ഒഴിഞ്ഞുമാറുകയണ് ചെയ്തത്. ഈ നിലപാടിനോടുള്ള അതൃപ്തി കിം പ്രകടിപ്പിച്ചതാണ് ട്രംപിന് സുഖിക്കാതെ വന്നത്. ഉഭയകക്ഷി ചർച്ചകളിലെ ആതിഥ്യമര്യാദകൾ പോലും പാലിക്കാൻ കൂട്ടാക്കാതെയാണ് ഹവാനയിലെ ഉച്ചകോടിയിൽനിന്നും ട്രംപ് ഇറങ്ങിപ്പോയത്. വാസ്തവത്തിൽ ഹാനോയി ഉച്ചകോടി അമേരിക്ക ബോധപൂർവം പരാജയപ്പെടുത്തിയതാണ്. ഉച്ചകോടി വിജയിച്ചാൽ ഇരുകൊറിയകളും തമ്മിൽ അടുപ്പമുണ്ടാകുന്നത് പൂർവേഷ്യയിൽ അമേരിക്കയുടെ ഇടപെടലിന്റെ സാധ്യത ഇല്ലാതാക്കും. ബർലിൻ മതിൽ പൊളിച്ച് ഇരു ജർമനിയും ഒന്നായതിന്റെ അനുഭവം അമേരിക്കയുടെ മുന്നിലുണ്ട്. സാമ്രാജ്യത്വം എപ്പോഴും ആഗ്രഹിക്കുന്നത് സമാധാനമല്ല സംഘർഷമാണ്.     

മറ്റ് ലോക രാഷ്ട്രങ്ങളുടെമേൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളിലും ഉപരോധങ്ങളിലും ലോക രാഷ്ട്രങ്ങളുടെ ഇടയിൽ കടുത്ത നീരസമുണ്ട്. വെനസ്വേലയിൽ സൈനികമായി ഇടപെടുമെന്നുള്ള ട്രംപിന്റെ ഭീഷണിക്ക് ‘ഏത് ഇടപെടലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്’ റഷ്യ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.  സിറിയയിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെതായി അമേരിക്ക അംഗീകരിച്ചുകൊണ്ട് ഈ വർഷം ഏപ്രിൽ ആദ്യം ഇസ്രയേൽ പ്രസിഡന്റ് നെതന്യാഹുവിനോടൊത്ത് ട്രംപ് നടത്തിയ വൈറ്റ് ഹൗസ് പ്രഖ്യാപനവും അതേതുടർന്ന് ഗാസ അതിർത്തിയിലെ ഏറ്റുമുട്ടലും പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത്തരമൊരു ലോക സാഹചര്യത്തിൽ സ്വയം സുരക്ഷയ്ക്കുവേണ്ടിയുള്ള രാഷ്ട്രങ്ങളുടെ ചെറുത്തുനിൽപിന്റെ ഭാഗമാണ് പുടിൻ‐ കിം ഉച്ചകോടി.
 


പ്രധാന വാർത്തകൾ
 Top