08 July Wednesday

സങ്കടക്കുന്നായി പുത്തുമല

പി ഒ ഷീജ Updated: Saturday Aug 24, 2019


മഹാദുരന്തത്തിന്റെ മുറിവ്‌ പേറി ചില മരങ്ങൾ. വിജനമായ ബസ്‌ കാത്തിരിപ്പ്‌  കേന്ദ്രം. താമസക്കാരുടെ മടങ്ങിവരവ്‌ അസാധ്യമെന്ന്‌ വിളിച്ചുപറയുന്ന എസ്‌റ്റേറ്റ്‌ പാടികൾ. മൂകസാക്ഷികളായി വെള്ളരിമലയും ചെമ്പ്രമലയും. ചെളിയിൽ മുങ്ങി തലയറ്റംമാത്രം  പുറത്തുകാണുന്ന വീട്‌. പുത്തുമല, പച്ചക്കാട്‌ പ്രദേശങ്ങളെ നക്കിത്തുടച്ച പ്രളയം അവശേഷിപ്പിക്കുന്നത്‌ ഇത്രമാത്രം. മലവെള്ളം നക്കിത്തുടച്ച ജനപഥങ്ങളിൽ അവശേഷിക്കുന്നത്‌ ഓർമകളുടെ മൺകൂനകൾ.

പഴയ പുത്തുമലയെ അതേപോലെ പുനർനിർമിച്ച്‌ സ്‌മാരകമാക്കി മാറ്റാനാണ്‌ മേപ്പാടി പഞ്ചായത്ത്‌ ഭരണസമിതി തീരുമാനം. കെട്ടിടങ്ങൾ നിർമിക്കാൻ സാധിക്കില്ല. അതിനാൽ ജനകീയ സമിതിയുടെ സഹായത്തോടെ മുളങ്കാടുകളും പുന്തോട്ടങ്ങളും വച്ചുപിടിപ്പിക്കും. പഴയ ഗ്രാമത്തിന്റെ ചിത്രങ്ങളും ദുരന്തത്തിൽപ്പെട്ടവരുടെ  ഫോട്ടോകളും വിവരണങ്ങൾ സഹിതം ആലേഖനം ചെയ്യും.  ദുരന്തത്തിൽ എല്ലാം നഷ്‌ടമായവരെ പുനരധിവസിപ്പിക്കാനും  പ്രത്യേക പാക്കേജ്‌ തയ്യാറാക്കിയിട്ടുണ്ട്‌.  ഈ പ്രദേശങ്ങളുടെ അധികം അകലെയല്ലാതെ പത്തേക്കർ ഭൂമി വാങ്ങിയാണ്‌ പുധരധിവസിപ്പിക്കുന്നത്‌. കാലം മായ്‌ക്കാത്ത  മുറിവുകളെ ഒത്തൊരുമയുടെ ഔഷധം പുരട്ടി മായ്‌ക്കുമെന്ന ദൃഡനിശ്ചയമാണ്‌ ഇന്ന്‌ പുത്തുമലക്കാരെ മുന്നോട്ടുനയിക്കുന്നത്‌.

ഇതായിരുന്നു ആ ഗ്രാമം
പൂത്തുനിൽക്കുന്ന മലനിരകളാൽ സമ്പന്നമായ മനോഹരമായ കൊച്ചു ഗ്രാമം. പച്ചപുതച്ച താഴ്‌വാരങ്ങളെ വെള്ളിക്കൊലുസണിയിച്ച്‌  നീരുറവകൾ. മനോഹരമായ  പെയിന്റിങ്‌പോലെ  വൻ മലകളെ ചുംബിച്ച്‌ കടന്നുപോകുന്ന  മേഘക്കീറുകൾ. തേയിലത്തോട്ടങ്ങൾക്കിടയിൽ  കൊളോണിയൽ സംസ്‌കാരം ബാക്കിവച്ച വിക്‌ടോറിയൻ കെട്ടിടങ്ങളും തൊഴിലാളി ലയങ്ങളും. അവയ്‌ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ്‌ പോകുന്ന പാതകൾ. തേയിലച്ചപ്പ്‌ നുള്ളിക്കിട്ടിയ സമ്പാദ്യങ്ങളത്രയും എണ്ണിപ്പെറുക്കി  തൊഴിലാളികളും കർഷകരും ഉണ്ടാക്കിയ കൊച്ച്‌ വീടുകൾ. ഹാരിസൺ മലയാളം പ്ലാന്റേഷൻ  സെന്റിനൽ റോക്ക്‌ എസ്‌റ്റേറ്റിന്റെ ഭാഗമായ തേയിലത്തോട്ടങ്ങൾ. സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്‌ പോകുന്നതും സുന്ദരമായ ഈ വഴിയിലൂടെതന്നെ. പ്രകൃതിഭംഗി അനുഗ്രഹിച്ച  പുത്തുമല ‘മിനി ഊട്ടി’യെന്നും അറിയപ്പെട്ടു. എസ്‌റ്റേറ്റ്‌ ജോലിക്കാരായ തമിഴരും മലയാളികളും കുടിയേറ്റ കർഷകരും പള്ളിയും അമ്പലവും എല്ലാംചേർന്ന സംസ്‌കൃതിയുടെ കൂടിച്ചേരൽ ഈ നാടിനെ സമ്പന്നമാക്കി. ഇനി എല്ലാം പഴങ്കഥ. കണ്ണടച്ച്‌ തുറക്കുംമുമ്പ്‌ മലമുകളിൽനിന്ന്‌ ആർത്തലച്ചെത്തിയ മഹാപ്രവാഹത്തിൽ ഈ നാടും ഇവിടത്തെ മനുഷ്യരും  ഓർമയായി.

തുടക്കം കനത്ത മഴ
നിർത്താതെ പെയ്‌ത കനത്ത  മഴയിൽനിന്നാണ്‌ ദുരന്തങ്ങളുടെ തുടക്കം. അത്‌  അസാധാരണ മഴയായിരുന്നു. കഴിഞ്ഞ വർഷം  നാടിനെ പ്രളയംവിഴുങ്ങിയ അതേ വാർഷിക ദിനത്തിൽത്തന്നെയാണ്‌ തുള്ളിക്കൊരു കുടംചൊരിഞ്ഞ്‌ പ്രകൃതി സംഹാര താണ്ഡവമാടിയത്‌. ആഗസ്‌ത്‌ ഏഴിന്‌  ബുധനാഴ്‌ച അർധരാത്രിയോടെ പുത്തുമലയ്‌ക്ക്‌ രണ്ട്‌ കിലോമീറ്റർ അകലെ പച്ചക്കാട്ടിൽ ഉരുൾപൊട്ടലുണ്ടായി. ശശീന്ദ്രൻ, ലീലാമണി എന്നിവരുടെ വീടുകൾ തകർന്നു. വ്യാഴാഴ്‌ചയും നിലയ്‌ക്കാതെ മഴ പെയ്‌തപ്പോൾത്തന്നെ ഭീതി പരന്നു.  ആപത്‌ സൂചന തിരിച്ചറിഞ്ഞ  പഞ്ചായത്ത്‌ െമന്പർ ചന്ദ്രന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച കാലത്തുമുതൽ  നാട്ടുകാരുടെ സഹായത്തോടെ പുത്തുമല പച്ചക്കാട്‌ പ്രദേശത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. പുത്തുമല സ്‌കൂളിലേക്കായിരുന്നു ആളുകളെ മാറ്റിയത്‌. വൈകിട്ട്‌  അഞ്ചോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്‌.  മഹാസ്‌ഫോടനത്തോടെ  പച്ചക്കാട്‌ മല പൊട്ടിയൊഴുകി. ആർത്തലച്ചെത്തിയ മഹാപ്രളയം പുത്തുമലയെ പൂർണമായും വിഴുങ്ങി. പാറക്കൂട്ടങ്ങളും വൻ മരങ്ങളും മണ്ണും  ചെളിയും കെട്ടിടാവശിഷ്‌ടങ്ങളും ഒന്നിച്ചൊഴുകി നാടിനെ ഒന്നാകെ നക്കിത്തുടച്ചു. മൂന്ന്‌ കിലോമീറ്റർ ദൂരത്തിൽ 50 മീറ്ററോളം വീതിയിൽ കുതിച്ചെത്തിയ പ്രളയജലം സംഹാരതാണ്ഡവമാടി. പ്രദേശത്ത്‌ അവശേഷിച്ചവരിൽ 17 പേരാണ്‌ പ്രളയത്തിൽ മുങ്ങിയത്‌. കണ്ണടച്ച്‌ തുറക്കുംമുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ചിലർ എങ്ങനെയൊ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ്‌ ഓടിയെത്തിയവർ മണ്ണിൽ പൂണ്ടുകിടന്ന മറ്റ്‌ ചിലരെ രക്ഷപ്പെടുത്തി.

രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വീണ്‌ പലർക്കും പരിക്കേറ്റു. 85 വീടുകളിൽ  55 വീട്‌ പൂർണമായും തകർന്നു. പച്ചക്കാടിനും പുത്തുമലയ്‌ക്കും അതിരിലുള്ള  മുസ്ലിംപള്ളി, അതിന്‌ ഏതാണ്ട്‌ 200 മീറ്റർ താഴെയുള്ള   എച്ച്‌എംഎൽ എസ്‌റ്റേറ്റ്‌ പാടി, അതിന്‌ തൊട്ടടുത്ത അമ്പലം, 30 മീറ്റർ അകലെയുള്ള രണ്ട്‌ വലിയ ക്വാർട്ടേഴ്‌സ്‌,  സമീപത്തെ കാന്റീൻ, പോസ്‌റ്റ്‌ ഓഫീസ്‌, പാലം, മിനി സ്‌റ്റോർ, വളസ്‌റ്റോർ, പമ്പ്‌ ഹൗസ്‌... കണ്ണടച്ച്‌ തുറക്കുംമുമ്പ്‌ എല്ലാം മണ്ണിനടിയിലായി. ഇതിനിടെ  നാട്ടുകാരെ മാറ്റിപ്പാർപ്പിച്ച സ്‌കൂൾ കുന്നിന്റെ മറുഭാഗത്തും ഉരുൾ പൊട്ടി. ഇവിടേക്ക്‌ മാറ്റിയവരെ  സമീപത്തെ ഫോറസ്‌റ്റ്‌ സ്റ്റേഷനിലേക്ക്‌ മാറ്റി.  കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ചേർന്ന്‌ പുത്തുമലഗ്രാമം പുറംലോകത്തുനിന്ന്‌ പൂർണമായും ഒറ്റപ്പെട്ടു. വൈദ്യുതിബന്ധവും ‌ വിച്ഛേദിച്ചക്കപ്പെട്ടതോടെ എങ്ങും  കൂരിരുട്ട്‌മാത്രം.  ആരെയൊക്കെ കാണാതായി ആരൊക്കെ രക്ഷപ്പെട്ടു എന്നറിയാതെ ബന്ധുക്കൾ ഉഴറി.  ഫോറസ്റ്റ്‌ സ്‌റ്റേഷന്റെ ഇരുട്ടുമുറിയിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ വിറങ്ങലിച്ച്‌ ഒരു കൂട്ടം മനുഷ്യർ.  

ആദ്യ ദിനം കണ്ടെടുത്തത്‌ എട്ട്‌ മൃതദേഹം
കനത്ത മഴ. കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിൽ, ചെളിയും മണ്ണും മരങ്ങളും പാറക്കൂട്ടങ്ങളും കെട്ടിടാവശിഷ്‌ടങ്ങളും. പ്രദേശത്ത്‌ അപടകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നത്‌ അതീവ ദുഷ്‌കരമായിരുന്നു. വെള്ളച്ചാലിന്‌ കുറുകെ കയർകെട്ടിയാണ്‌ ആദ്യ ദിനം തെരച്ചിൽ നടത്തിയത്‌. ഫയർഫോഴ്‌സ്‌, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.  കനത്ത മഴ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കി.  എട്ട്‌ മൃതദേഹമാണ്‌ ആദ്യ ദിവസം കണ്ടെത്തിയത്‌. കാന്റീൻ, എസ്‌റ്റേറ്റ്‌ പാടി എന്നിവയ്‌ക്ക്‌ സമീപത്തായാണ്‌ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.

ദുരന്തത്തിന്റെ ആഘാതം കുറച്ചത്‌ മുൻകൂട്ടിയുള്ള ഇടപെടൽ
ബുധനാഴ്‌ച  അർധരാത്രി പച്ചക്കാട്ട്‌ ഉരുൾപൊട്ടി രണ്ട്‌ വീട്‌ തകർന്നിരുന്നു. വ്യാഴാഴ്‌ച പുലർച്ചെമുതൽ നിലയ്‌ക്കാത്ത  മഴ പെയ്‌തതതോടെ അപകടഭീഷണി മുന്നിൽക്കണ്ട്‌ പ്രദേശവാസികളെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റി. ഇവരെ താമസിപ്പിച്ച  പുത്തുമല സ്‌കൂൾ കുന്നിന്റെ മറുവശത്തും ഉരുൾപൊട്ടി. ഇതോടെ വീണ്ടും ഫോറസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാറ്റുകയായിരുന്നു. പുത്തുമല, പച്ചക്കാട്‌ മേഖലകളിലായി 85 ഓളം വീടുകളുണ്ട്‌. 300 ഓളം പേരാണ്‌ ഈ ഗ്രാമത്തിലുള്ളത്‌. ആപത്ത്‌ മുൻകൂട്ടിക്കണ്ട്‌ ആളുകളെ മാറ്റിയതാണ്‌ വൻ ദുരന്തം ഒഴിവായത്‌.

അപകടത്തിൽപ്പെട്ടത്‌ സുരക്ഷിത കേന്ദ്രം വിട്ട്‌ മടങ്ങിയവർ
സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയിട്ടും ചെറിയ ആവശ്യങ്ങൾക്കായി പാടികളിലും വീടുകളിലും തിരിച്ചെത്തിയവരാണ്‌ അപകടത്തിൽപ്പെട്ടത്‌. ഗ്യാസ്‌ ഓഫ്‌ ചെയ്യാൻ, ആടിന്‌ തീറ്റ കൊടുക്കാൻ. പാസ്‌പോർട്ടെടുക്കാൻ  തുടങ്ങിയ ആവശ്യങ്ങൾക്ക്‌ വീട്ടിലേക്ക്‌ മടങ്ങിയവരെയാണ്‌ പ്രളയം കൊണ്ടുപോയത്‌.  കൺമുമ്പിൽവച്ച്‌  നിമിഷനേരംകൊണ്ട്‌ ഉറ്റവർ  ജലഗോളങ്ങളായി മറഞ്ഞതിന്റെ  നടുക്കുന്ന വേദനകളിലാണവർ.

രക്ഷാപ്രവർത്തനത്തിന്‌ നാടൊന്നാകെ
ദുരന്തം നടന്ന ഉടൻതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട്‌ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.  എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, മെമ്പർ,  സബ്‌കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ,  വനം ഉദ്യോഗസ്ഥർ, ഫയർഫോഴ്‌സ്‌, ഡോക്‌ടർമാർ, നാട്ടുകാർ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും മുൻകൈയെടുത്തു.

തെരച്ചിലും ദുഷ്‌കരം
ആദ്യ ദിനം എട്ടും, രണ്ടാം നാളും മൂന്നാം നാളും ഓരോ മൃതദേഹങ്ങൾ വീതവുമാണ്‌ കണ്ടെടുത്തത്‌. എന്നാൽ, പിന്നീട്‌ നടന്ന തെരച്ചിൽ വിഫലമായിരുന്നു. എല്ലുകൾ മണത്തറിയാൻ കഴിയുന്ന സ്‌നിഫർ ഡോഗ്‌, ഹൈദരാബാദിൽ നിന്നെത്തിച്ച ജിയോ പെനിട്രേഷൻ റഡാർ എന്നിവയുടെ സഹായത്തോടെ  തെരച്ചിൽ നടത്താനും ശ്രമം നടന്നു. എന്നാൽ, മണ്ണും ചെളിയും മരങ്ങളും വെള്ളക്കെട്ടുമെല്ലാം കാരണം ഇത്‌ പാഴായി. മൃതദേഹങ്ങളുടെ സ്ഥാനം തിരിച്ചറിയാൻ ശേഷിയുള്ള വിദഗ്‌ധൻ പ്രകാശ്‌ വരച്ച മാപ്പ്‌ പ്രകാരം സ്ഥാനം നിർണയിച്ചും തെരച്ചിൽ നടത്തി.

ദുരന്തം നടന്നതിന്റെ പത്താം നാളാണ്‌ പുത്തുമലയിൽനിന്ന്‌ ആറ്‌ കിലോമീറ്റർ അകലെ സൂചിപ്പാറയ്‌ക്ക്‌ സമീപം ഏലവയലിൽ ഒരു മൃതദേഹം കണ്ടെത്തിയത്‌.  രണ്ട്‌ കുടുംബങ്ങൾ അവകാശവാദം ഉന്നയിച്ചതോടെ  മൃതദേഹം ഡിഎൻഎ പരിശോധനക്ക്‌ അയച്ചിരിക്കുകയാണ്‌. ഇതിന്‌ സമീപംതന്നെ പിറ്റേദിവസം ഒരു സ്‌ത്രീയുടെ  മൃതദേഹംകൂടി കണ്ടെത്തി. ഇതും ഡിഎൻഎ പരിശോധനക്ക്‌ അയച്ചിരിക്കുകയാണ്‌. സൂചിപ്പാറ പുഴ വഴി മൃതദേഹം നിലമ്പൂർവരെ എത്തിയിരിക്കാമെന്ന നിഗമനത്തിൽ ആ വഴിക്കാണ്‌ ഇപ്പോൾ പരിശോധന നടത്തുന്നത്‌. ദുർഘടമായ കുന്നുകളും പാറക്കെട്ടുകളും താണ്ടിയാണ്‌ തെരച്ചിൽ.


പ്രധാന വാർത്തകൾ
 Top