23 April Tuesday

പുതിയ കാലം പുതിയ നിർമാണം

ജി സുധാകരൻ (പൊതുമരാമത്ത്‌ മന്ത്രി)Updated: Thursday Sep 13, 2018


നവ കേരള സൃഷ്ടിക്കായി ധീരമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാരിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പൊതുമരാമത്തുവകുപ്പിൽ കഴിഞ്ഞ രണ്ടരവർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്തുവകുപ്പിലെ അഴിമതിക്കഥകൾ കേട്ട് മൂക്കത്ത് വിരൽവച്ചിരുന്ന ജനങ്ങൾ ഇന്ന് വ്യക്തമായ വികസന കാഴ്ചപ്പാടോടെ സുതാര്യവും അഴിമതിരഹിതവുമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഈ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

പുതിയ കാലം പുതിയ നിർമാണം എന്ന മുദ്രാവാക്യം കൈക്കൊണ്ട് മുന്നോട്ടുപോകുന്ന ഈ വകുപ്പ് കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ വിപ്ലകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. അഴിമതിക്കാർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും പുതിയ സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്തുകയും ചെയ്തുകൊണ്ട് പൊതുമരാമത്തുവകുപ്പിന്റെ പ്രതിച്ഛായ മാറ്റി വകുപ്പിനെ കൈപിടിച്ചുയർത്താൻ ഈകാലയളവിൽ കഴിഞ്ഞു. ശബരിമല തീർഥാടനകാലത്ത് കഴിഞ്ഞ രണ്ടു വർഷവും റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതും കേരളത്തിന്റെ ആകെ ശ്രദ്ധപിടിച്ചുപറ്റുന്ന നിലയിൽ ഏനാത്ത് പാലത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതും വകുപ്പിന്റെ ഈ കാലയളവിലെ മാറ്റങ്ങളുടെ സൂചകമായി ചൂണ്ടിക്കാണിക്കാൻ കഴിയും.

പരമ്പരാഗത നിർമാണരീതികളിൽനിന്ന‌് വ്യതിചലിച്ച് പ്രകൃതി സൗഹൃദവും നവീന സാങ്കേതികവിദ്യാ പ്രയോഗവും ഉൾപ്പെടുത്തിയുള്ള നിർമാണരീതികൾ നടപ്പാക്കിയതുമൂലം ചുരുങ്ങിയ കാലയളവിൽത്തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാനായി. ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽമാത്രം ഉപയോഗിച്ച് പോന്നിരുന്ന കോൾഡ് ഇൻസൈറ്റ് റീസൈക്ലിങ‌് സാങ്കേതികവിദ്യ ജർമൻ നിർമിത യന്ത്രങ്ങളുടെ സഹായത്തോടെ ആലപ്പുഴ ജില്ലയിലെ പുറക്കാട് പാതിരപ്പള്ളി റോഡിന്റെ നിർമാണത്തിന് ഉപയോഗിച്ചതും അമ്പലപ്പുഴ തിരുവല്ല പാതയുടെ നിർമാണത്തിന് കയർ ജിയോടെക‌്സ‌്റ്റൈലും നാച്ചുറൽ റബർ മിക്‌സ് ബിറ്റുമിനും ഉപയോഗിച്ച് മാതൃകാ റോഡായി നിർമിച്ചതും ഈ രംഗത്തെ പുതിയ കാൽവയ്പുകളാണ‌്.

  ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള മാരായമുട്ടം പാലിയോട് റോഡ് നിർമാണത്തിൽ വിജയകരമായി പരീക്ഷിച്ചതും ഈ കാലയളവിലാണ്. ജർമൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പത്തനംതിട്ട ജില്ലയിലെ ആനയടിപഴകുളം കൂടൽ പാതയിൽ അഞ്ചുകിലോമീറ്റർ ദൂരം ആന്ധ്രപ്രദേശ് ആസ്ഥാനമായ വിശ്വാസ് മുദ്രക്കമ്പനിയുടെ സഹായത്തോടെ കോൾഡ് റീസൈക്ലിങ‌് പ്രീ സ്‌പ്രെഡ് സിമന്റ് സ്റ്റെബിലൈസ്ഡ് റോഡായി നിർമിച്ചതും റോഡ് നിർമാണരംഗത്തെ പുത്തൻ സാങ്കേതികവിദ്യാ പ്രയോഗത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്.

കേരളത്തിലെ നിർമാണസങ്കല്പങ്ങളെ ആകെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് കെട്ടിടവിഭാഗം കഴിഞ്ഞ കാലയളവിൽ നടത്തിയിട്ടുള്ളത്. പൈതൃക തനിമ ചോരാതെ തിരുവനന്തപുരത്ത് നിർമിച്ച പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം, പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണികഴിപ്പിച്ച ഹൈക്കോടതിയുടെ ഓഡിറ്റോറിയം എന്നിവ പൊതുമരാത്തുവകുപ്പിന്റെ കർമശേഷിയുടെ ഉത്തമ ഉദാഹരണങ്ങളാണ്. നിർമാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും നിർമാണങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനും എറണാകുളത്തും കോഴിക്കോട്ടും ആരംഭിച്ച റീജ്യണൽ ഡിസൈൻ & ക്വാളിറ്റി കൺട്രോൾ ലാബുകൾ ഈ രംഗത്തെ പുത്തൻ ചുവടുവയ്പാണ്. 

കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി മെയിന്റനൻസിനായി ഒരു പ്രത്യേക വിഭാഗവും അതിനായി ഒരു ചീഫ് എൻജിനിയറെയും ജീവനക്കാരെയും നിയോഗിച്ചതും പാലങ്ങളുടെ ഡിസൈനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചീഫ് എൻജിനിയറെ നിയമിച്ചതും ഈ രംഗത്തെ ഒരു പുതിയ ചുവടുവയ്പാണ്. പൊതുമരാമത്തുവകുപ്പ് എൻജിനിയർമാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനുംവേണ്ടി ആരംഭിച്ച എൻജിനിയേഴ്‌സ് കോൺഗ്രസ് ഇന്ത്യയിലെതന്നെ ആദ്യത്തെ സംരംഭമാണ്. മൂന്നാം എൻജിനിയേഴ്‌സ് കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല എൻജിനിയറിങ‌് എക്‌സിബിഷൻ കേരളത്തിലെ എൻജിനിയറിങ‌് കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എൻജിനിയർമാർക്കും പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന് സഹായകരമായി.

പൊതുമരാമത്തുവകുപ്പിൽ പ്രൈസ് സോഫ്റ്റ് വെയർ ഫലപ്രദമായി ഏർപ്പെടുത്തുന്നതും ഇ ടെൻഡർ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പൊതുമരാത്ത് പ്രവൃത്തികൾ പരിശോധിക്കുന്നതിന് ജനപ്രതിനിധികളെയും സാങ്കേതികവിദഗ‌്ധരെയും ഉൾപ്പെടുത്തി സോഷ്യൽ ഓഡിറ്റിങ‌് സമിതികൾ രൂപീകരിച്ചതും ഈ രംഗത്ത് അഴിമതി കുറയ്ക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ നേരിട്ട് അറിയിക്കുന്നത് എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ച പൊതുമരാമത്തുമന്ത്രി പങ്കെടുക്കുന്ന ഫോൺ ഇൻ പ്രോഗ്രാമിന് വലിയ സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, എല്ലാ ദിവസവും ജനങ്ങളുടെ പരാതി സ്വീകരിക്കാൻ ആരംഭിച്ചിട്ടുള്ള പരാതിപരിഹാര സെല്ലും ജനങ്ങളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്.

കാസർകോട‌് ജില്ലയിലെ നന്ദാരപ്പടവുമുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാലവരെ 13 ജില്ലയിൽ ആവശ്യമായ കണക്ടിവിറ്റി റോഡുകൾ നിർമിക്കുകയും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും ചെയ്തത് 3500 കോടി രൂപ ചെലവഴിച്ച് മലയോരഹൈവേയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ്.

  ദേശീയപാതയുടെ ഭാഗമായ വൈറ്റില ഫ്‌ളൈ ഓവറിന് കിഫ്ബി മുഖാന്തരം ലഭിച്ച 78.36 കോടി രൂപയുടെ പ്രവൃത്തിയും കുണ്ടന്നൂർ ഫ്‌ളൈ ഓവറിന് ലഭിച്ച 74.45 കോടി രൂപയുടെ പ്രവൃത്തിയും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള ഭാഗത്ത് തലശേരി മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ് എന്നിവ ടെൻഡർ അംഗീകരിച്ച് കരാർ ഒപ്പുവച്ചു.

കാസർകോട‌് ജില്ലയിലെ തലപ്പാടിചെങ്ങള, ചെങ്ങള കാലിക്കടവ് എന്നിവയുടെ ടെൻഡർ പൂർത്തീകരിച്ചു. തൃശൂർ, എറണാകുളം ഒഴികെ ബാക്കി ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 എ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. ദേശീയപാതയിലെ നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതും നേട്ടങ്ങളുടെ പട്ടികയിൽ എടുത്തുപറയാൻ കഴിയുന്നവയാണ്. 

രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളത്തിലെ 140 മണ്ഡലത്തെയും ഒരുപോലെ കണ്ടുകൊണ്ടുള്ള വികസനനയമാണ് വകുപ്പ് സ്വീകരിക്കുന്നത്. മൂന്നാംവർഷത്തിലേക്ക‌് കടക്കുമ്പോൾ കേരളത്തിന്റെ അടിസ്ഥാന വികസനരംഗത്തിന് ആക്കംകൂട്ടുന്നതിന്റെ ഭാഗമായി ഒരുലക്ഷം കോടി രൂപയുടെ നിർമാണ പ്രവർത്തനമാണ് പൊതുമരാമത്തുവകുപ്പ് നടത്തിയിട്ടുള്ളത്.

കേരള ജനതയുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന വികസനകാഴ്ചപ്പാടോടെ മുന്നോട്ട് കുതിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രയാണത്തിന് ശക്തമായ പിന്തുണയാണ് പൊതുമരാമത്ത് വകുപ്പ് ഈ കാലയളവിൽ നൽകിയിട്ടുള്ളത്.


പ്രധാന വാർത്തകൾ
 Top