29 November Tuesday

നഷ്ടമായത് കരുതലും സ്നേഹവും - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


ജനകീയ രാഷ്ട്രീയത്തെ പുതിയ കാലത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ട് കൂട്ടിയിണക്കി പ്രവർത്തിച്ചെന്നത് കോടിയേരി സഖാവിന്റെ സവിശേഷത തന്നെയായിരുന്നു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സ്പന്ദനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സംഘടനാപ്രവർത്തനത്തെ രൂപപ്പെടുത്തുന്നതിനും നേതൃത്വപരമായ പങ്ക് സഖാവ് വഹിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിക്കുകയെന്ന അസാധ്യമെന്ന് കരുതിയ രാഷ്ട്രീയദൗത്യം പൂർത്തീകരിച്ചുകൊണ്ടാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.

കമ്യൂണിസ്റ്റ് പാർടിക്ക് തുടർച്ചയായി ഭരണം ലഭിച്ച സ്ഥലങ്ങളിലെ അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഒരു പുതിയ നയം ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ടെന്ന വ്യക്തമായ സമീപനത്തിന്റെ ഫലമായിരുന്നു സംസ്ഥാന സർക്കാരും വർത്തമാനകാല കടമകളുമെന്ന സമീപനരേഖ. പാർടി പ്രവർത്തനവും സർക്കാരിന്റെ സമീപനവും വിലയിരുത്തിക്കൊണ്ട് മുന്നോട്ടുവച്ച ആ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ പ്രവർത്തിക്കും എന്നതാണ് സഖാവിന്റെ അനുസ്മരണങ്ങളിൽ ഏറ്റെടുക്കാനുള്ള ദൗത്യം. നമുക്ക് മുമ്പിൽ വെട്ടിത്തുറന്നു തന്ന ഈ പാതയിലൂടെ മുന്നോട്ട് നീങ്ങാനുള്ള കരുത്തുകൂടിയാണ് സഖാവിന്റെ ഓർമകൾ.

രാഷ്ട്രീയപ്രവർത്തനമെന്നത് എല്ലാത്തിന്റെയും സമന്വയമാണെന്ന സമീപനം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയ ജീവിതമായിരുന്നു സഖാവിന്റേത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സൂക്ഷ്മതയോടെ കേൾക്കുകയും അവ പ്രാവർത്തികമാക്കുന്നതിനുള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും ചെയ്യുകയെന്നത് സഖാവിന്റെ സവിശേഷതയായിരുന്നു. കേരളത്തിലെ പാർടിയുടെ പ്രവർത്തകരെ ഇത്രയേറെ അടുത്തറിയുകയും അവരുടെ ശക്തിദൗർബല്യങ്ങളെ മനസ്സിലാക്കി ഇടപെടുകയും ചെയ്യുന്നതിൽ പി കൃഷ്ണപിള്ളയുടെ പാരമ്പര്യമായിരുന്നു സഖാവിന് കൈമുതലായുണ്ടായിരുന്നത്.

സഖാവ് കോടിയേരി എനിക്ക് ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. എന്റെ ജീവിതത്തെതന്നെ രൂപപ്പെടുത്തുന്നതിൽ മാർഗനിർദേശം നൽകിയ വഴികാട്ടികൂടിയായിരുന്നു. ഓരോ പ്രശ്നവും ഉയർന്നുവരുമ്പോഴും അവയിലെല്ലാം ശരിയായ രീതിയിൽ മനസ്സിലാക്കി ഇടപെട്ട് പിതൃസഹജമായ സ്നേഹം നൽകി ചേർത്തുപിടിച്ച രക്ഷാകർത്താവ് കൂടിയായിരുന്നു. 

വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലംതൊട്ടാണ് സഖാവുമായി അടുത്തിടപെടാനുള്ള അവസരമുണ്ടായത്. അന്നുതുടങ്ങിയ ചേർത്തുനിർത്തലും കരുതലും സഖാവിന്റെ ജീവിതാന്ത്യംവരെ ഉണ്ടായിരുന്നു. രാഷ്ട്രീയം ജീവിതത്തിന്റെ പൂർണത കൂടിയാണെന്നും അതിലുള്ള ഇടപെടൽ സമസ്ത മേഖലയുടെയും സമന്വയമാണെന്നും ഓർമപ്പെടുത്തുന്നതായിരുന്നു ആ ഇടപെടലുകൾ. ജീവിതത്തെ ശരിയായ ദിശയിലേക്ക് മനസ്സിലാക്കി ഇടപെടുന്നതിൽ വഴികാട്ടിയായും ശക്തിസ്രോതസ്സായും സഖാവുണ്ടായിരുന്നു.

എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി നാല് വർഷം പ്രവർത്തിച്ചശേഷം വിദ്യാർഥിപ്രവർത്തനരംഗത്തുനിന്ന് വിടവാങ്ങുന്നത് കോട്ടയം സമ്മേളനത്തിലായിരുന്നു. സമ്മേളനം അവസാനിച്ചശേഷം എന്നെ അടുത്തുവിളിച്ച് സ്നേഹപൂർവം കുറേ കാര്യങ്ങൾ സംസാരിച്ചു. നല്ല ആത്മവിശ്വാസം ആ വാക്കുകൾ എനിക്ക് നൽകി. നാട്ടിലുറച്ച് നിൽക്കാമെന്ന കരുതലോടെ പോകരുതെന്നും തിരുവനന്തപുരത്തേക്ക് തിരിച്ചുവരേണ്ടിവരുമെന്നും ഓർമപ്പെടുത്തിയാണ് ആ സംഭാഷണം അവസാനിച്ചത്.

എ കെ ജി സെന്ററിലെ 15 വർഷം നീണ്ട പ്രവർത്തനത്തിനിടയിൽ നടന്ന തുടർച്ചയായ ഇടപെടലുകൾ രാഷ്ട്രീയ ധാരണകളുടെയും സമർപ്പിതമായ ജീവിതത്തിന്റെയും രൂപപ്പെടൽ കൂടിയായിരുന്നു. അത്തരമൊരു രൂപപ്പെടുത്തലിനു പിന്നിൽ സഖാവിന്റെകൂടി സ്നേഹത്തിനും ഇടപെടലിനും പ്രധാന പങ്കുണ്ട്. ഈ അനുഭവം എന്റേത് മാത്രമായിരിക്കില്ല, കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവർക്കെല്ലാം പ്രത്യേകിച്ചും ഈ അനുഭവമുണ്ടാകും. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ വിവിധ ചുമതലകൾ ഏൽപ്പിക്കുമ്പോഴും അവയെല്ലാം നല്ലനിലയിൽ കൊണ്ടുപോകുന്നതിന് സഖാവിന്റെ അനുഭവങ്ങൾ ഓരോ ഘട്ടത്തിലും പകർന്നുനൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതല ഏൽപ്പിച്ചപ്പോൾ ഭരണരംഗത്തെ സഖാവിന്റെ അനുഭവങ്ങൾ പകർന്നുനൽകി ദിശാബോധം നൽകുന്നതിന് ഏറെ സഹായകമായി വർത്തിച്ചു. ഇത് ആ പ്രവർത്തനത്തിൽ ഏറെ ആത്മവിശ്വാസം നൽകുകയും ചെയ്തു.

ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റ ഘട്ടത്തിലും ഇതേതരത്തിലുള്ള മാർഗനിർദേശങ്ങൾ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തന്നിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമായി മാറ്റേണ്ടതുസംബന്ധിച്ച ഉത്തരവാദിത്വമാണ് നിർവഹിക്കേണ്ടതെന്നും അതിലെ പ്രവർത്തകരെ ഒരു ടീം എന്ന നിലയിൽ വളർത്തിയെടുക്കേണ്ട നിലയിൽ ഇടപെടേണ്ട കാര്യവും ഓർമിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദേശാഭിമാനിയുടെ നവീകരണത്തിനായി ഒരു രേഖതന്നെ തയ്യാറാക്കുന്നതിന് പ്രചോദനമായത് ഈ നിർദേശങ്ങളായിരുന്നു. അത് പ്രാവർത്തികമാക്കുന്നതിന് കരുത്തായി നിൽക്കേണ്ടിയിരുന്ന സഖാവാണ് നമ്മെ വിട്ടുപിരിഞ്ഞത്.

പുതിയ തലമുറയിലെ ഓരോ സഖാവിന്റെയും ശക്തിദൗർബല്യങ്ങൾ കോടിയേരി സഖാവ്‌ ഹൃദിസ്ഥമാക്കിയിരുന്നു. ശക്തികളെ കൂടുതൽ തേച്ചുമിനുക്കി വളർത്തിയെടുക്കാൻ പാകമായ ചുമതലകൾ നൽകുന്നതിനും പോരായ്മകളെ തിരുത്തുന്നതിനും ഇടപെട്ട സ്നേഹസ്തംഭം കൂടിയായിരുന്നു

ദേശാഭിമാനിയുടെ 80–-ാം വാർഷികം വരുന്നുണ്ടെന്നും അത് നല്ല നിലയിൽ ആചരിക്കണമെന്നുമുള്ള സഖാവിന്റെ നിർദേശംകൂടിയാണ് വിപുലമായ ആഘോഷ പരിപാടിയിലേക്ക് കടക്കുന്നതിന് പ്രചോദനമായി തീർന്നത്. അവസാനകാലത്തും കാണുമ്പോഴെല്ലാം അക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ദേശാഭിമാനി വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്. ഈ മുന്നേറ്റത്തിനു പിന്നിൽ സഖാവിന്റെ ശക്തമായ ഇടപെടൽ കൂടിയുണ്ട്.  പുതിയ തലമുറയിലെ ഓരോ സഖാവിന്റെയും ശക്തിദൗർബല്യങ്ങൾ കോടിയേരി സഖാവ്‌ ഹൃദിസ്ഥമാക്കിയിരുന്നു. ശക്തികളെ കൂടുതൽ തേച്ചുമിനുക്കി വളർത്തിയെടുക്കാൻ പാകമായ ചുമതലകൾ നൽകുന്നതിനും പോരായ്മകളെ തിരുത്തുന്നതിനും ഇടപെട്ട സ്നേഹസ്തംഭം കൂടിയായിരുന്നു. പ്രശ്നങ്ങളെ ധീരമായി നേരിടുകയും എതിരാളികളുടെ എല്ലാവിധ ആക്രമണങ്ങളെയും കരുത്തോടെ നേരിടുമ്പോഴും സഖാക്കളെ സ്നേഹപൂർവം ചേർത്തുപിടച്ച സ്നേഹമരംകൂടിയായിരുന്നു കോടിയേരി സഖാവ്. അത് നഷ്ടമായത് എനിക്ക് മാത്രമല്ല, പാർടി സഖാക്കൾക്ക് മാത്രമല്ല, കേരളത്തിന്റെ വിവിധ മേഖലകളിലെ നിരവധി പേർക്കാണ്. ആ സാന്നിധ്യത്തിന്റെ കരുത്താണ് എതിർ പ്രചാരവേലകൾ വേട്ടയാടുമ്പോഴും ജനമനസ്സുകളിൽ നേതാവായി കോടിയേരി സഖാവിനെ ഉയർത്തിനിർത്തിയത്.

സ്നേഹവും കരുതലും എന്നും പകർന്നുനൽകിയ സഖാവിന്റെ അസാന്നിധ്യം വല്ലാത്ത ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പഠിപ്പിച്ച പാഠങ്ങൾ, നൽകിയ നിർദേശങ്ങൾ അവ ഭാവിയിലെ വിളക്കുമാടമായി ഉള്ളിലുണ്ട്. അവയിലൂടെ സഖാവ് എന്നും ഞങ്ങളെപ്പോലുള്ള സഖാക്കളിലൂടെ തലമുറകളിലേക്ക് സഞ്ചരിക്കുമെന്ന് തീർച്ചയായും ഉറപ്പിക്കാം. അതാണ് ഞങ്ങളെപ്പോലുള്ള സഖാക്കൾക്ക് ഈ അവസരത്തിൽ ഏറ്റെടുക്കാനുള്ള പ്രതിജ്ഞ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top