15 July Wednesday

മതേതരജനാധിപത്യത്തെ സംരക്ഷിക്കാൻ സാംസ്‌കാരിക മുന്നണി

അശോകൻ ചരുവിൽUpdated: Monday Jan 13, 2020

"നൂറു ശതമാനം ഞാനൊരാര്യ‐ -
ക്കൂറും കുടുമയുമുള്ള ഹിന്ദു.
മാപ്പിളേ നീയെന്നലവിയെങ്കിൽ -
തോളിൽ കയ്യിട്ടേ നടന്നു കൂടൂ.
കാതുകുത്താതെ നടന്നുകൊള്ളൂ.
നമ്മൾക്ക് മുമ്പോട്ടു മുമ്പോട്ടുപോയ്
നന്മയോ തിന്മയോ നേടാമൊപ്പം.
കേരളത്തിന്റെ വിളർപ്പു മാറ്റി -
ച്ചേരട്ടെ വർണശബളിതകൾ.
കൂറും പൊരുത്തവുമൊത്ത നമ്മൾ
തോളിൽ കയ്യിട്ടേ നടന്നു കൂടൂ."
(ഇസ്ലാമിലെ വൻമല‐ - ഇടശ്ശേരി)
അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തിൽ എം ടി വാസുദേവൻ നായർ തന്റെ പ്രിയപ്പെട്ട കവിയുടെ ഈ വരികൾ ഉദ്ധരിക്കുകയുണ്ടായി. എന്തുകൊണ്ട് ഈ വരികൾ ഇപ്പോൾ എന്ന് അൽപ്പമെങ്കിലും ചിന്തിക്കുന്ന ഒരാളോടും പറയേണ്ട കാര്യമില്ല.
പുരോഗമന കലാസാഹിത്യസംഘത്തിന്റെ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം 2020 ജനുവരി 14, 15, 16 തീയതികളിൽ ഇടശ്ശേരിയുടേയും ഉറൂബിന്റെയും ഇമ്പിച്ചിബാവയുടെയും കാൽപ്പാടുകൾ പതിഞ്ഞ പൊന്നാനിയിൽ നടക്കുകയാണ്. പൊന്നാനിക്കളരിയുടെ മതേതരസംസ്കാരവും അവിടത്തെ ജനതയും സമ്മേളനത്തെ തങ്ങളുടെ ആവിഷ്കാരവും ഉത്സവവുമായി ഏറ്റെടുത്തിരിക്കുന്നു. സ്വാഗതസംഘം രൂപീകരിച്ചതുമുതൽ സെമിനാറുകളും കലാവതരണങ്ങളുംകൊണ്ട് സായാഹ്നങ്ങൾ സമ്പുഷ്ടമാണ്. സാഹിത്യ കലാവിഭവങ്ങൾ മാത്രമല്ല, അവിടത്തെ അമ്മമാരും ഉമ്മമാരും വന്ന് അവരുടെ വീടുകളിൽ ഉണ്ടാക്കിയ സംസ്കാരത്തനിമയാർന്ന പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിക്കുകയും വിളമ്പുകയും ചെയ്യുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും മറ്റ് സാംസ്കാരിക പ്രവർത്തകരും സമ്മേളിക്കുന്ന ഇനിയുള്ള മൂന്നു ദിനരാത്രം കേരളത്തിന്റെ ജനാധിപത്യ പ്രക്രിയക്ക് വലിയ ഊർജവും നവോന്മേഷവും പകരും എന്നതിൽ സംശയമില്ല.

ഇടശ്ശേരിയുടെ അപ്പുറവും ഇപ്പുറവുമായി നിൽക്കുന്ന മഹാകാവ്യശൃംഗങ്ങളെ അവലംബമാക്കിക്കൊണ്ട് വെല്ലുവിളിക്കപ്പെടുന്ന മതേതരമൂല്യങ്ങളെ നവോത്ഥാനം ചെയ്യുക എന്ന ജോലിയായിരിക്കും ഇനിയുള്ള നാളുകളിൽ കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്ക് ചെയ്യേണ്ടി വരിക. കാരണം മതേതരത്വവും ബഹുസ്വരതയും ഇന്ത്യ എന്ന ഈ വലിയ ഉപഭൂഖണ്ഡത്തിന് ആശയപരമായ ശ്രേഷ്ഠത മാത്രമല്ല നൽകുന്നത്; ഒരു രാഷ്ട്രം എന്ന നിലയ്‌ക്കുള്ള അതിന്റെ ഏകോപനത്തിനും നിലനിൽപ്പിനുമുള്ള ജീവവായു കൂടിയാണ്.

ദേശീയ പ്രസ്ഥാനത്തെയും അതുയർത്തിയ മൂല്യങ്ങളെയും നിരന്തരം വെല്ലുവിളിച്ചുനിന്ന മതരാഷ്ട്രവാദികൾ അധികാരത്തിൽ എത്തിയിരിക്കുന്നു എന്നത് ഇന്ത്യയിലെ രാഷ്ട്രീയപ്രശ്നങ്ങളെ മാത്രമല്ല ബാധിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയുന്നു. അത് ഇന്ത്യയുടേത് എന്ന നിലയിൽ നാം അഭിമാനിച്ചിരുന്ന സകലതിന്റെയും നിരാസമാണ്. ആയിരക്കണക്കിന് കൊല്ലത്തെ പാരമ്പര്യമുള്ള ഒരു വർണശബള സംസ്കാരത്തിന്മേലുള്ള കടന്നാക്രമണമാണ്. ലോകത്തിന്നു മുമ്പാകെയുള്ള ഇന്ത്യ എന്ന ഖ്യാതിക്ക് ഏൽക്കുന്ന മങ്ങലാണ്. ഇതര മതസ്ഥരോടും, ഫലത്തിൽ ഇതര മനുഷ്യരോടുമുള്ള വെറുപ്പും പകയും മനുഷ്യബന്ധങ്ങളെയും കുടുംബജീവിതത്തെയും അടിസ്ഥാന ജീവിതവികാരമായ പ്രണയത്തെയും പ്രാകൃതമാക്കുന്നു. നമ്മുടെ വീടുകളെ അവിടത്തെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ലാത്ത ഇടമാക്കുന്നു. സമൂഹത്തെ അത് ആൾക്കൂട്ടമാക്കുന്നു. അതിൽനിന്ന്‌ വേർപെടുത്തി മനുഷ്യനെ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച് അരാഷ്ട്രീയ ജഡമാക്കുന്നു.

വിഭജനം എന്നത് എല്ലാ കാലത്തും ഭരണവർഗത്തിന് അതിന്റെ നിലനിൽപ്പിനുള്ള മുഖ്യ അവലംബമാണ്. കോർപറേറ്റ് മൂലധനത്തിന്റെ ദൗത്യസേനയായി മാറി ഇന്ത്യയിലെ സംഘപരിവാർഭരണം കണ്ണിൽച്ചോരയില്ലാതെയാണ് അവരുടെ നയങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. വലിയ മട്ടിലുള്ള സാമ്പത്തികക്കുഴപ്പത്തിൽ രാജ്യം ചെന്നുപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ബംഗാളിനെ ഓർമിപ്പിക്കുന്ന കൊടും ക്ഷാമത്തിലേക്കാണോ ഇന്ത്യ പോകുന്നത് എന്ന സംശയം ഉയർന്നിരിക്കുന്നു. നിയമനിർമാണത്തിലൂടെയും അല്ലാതെയും നടത്തുന്ന വിഭജനം ജനങ്ങളുടെ ചെറുത്തുനിൽപ്പുകളിൽനിന്ന് രക്ഷപ്പെടാൻ ഭരണാധികാരികളെ ഒരുപക്ഷേ സഹായിക്കുമായിരിക്കും. പക്ഷേ, ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മതത്തിന്റെ പേരിൽ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ; അതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി പ്രവചനാതീതമാണ്.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്നതാണ് ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം. സാമ്രാജ്യത്വത്തോട് മാത്രമല്ല, മുപ്പതുകളിലെ ഫാസിസത്തോടും പൊരുതിനിന്നതിന്റെ അനുഭവം അതിനുണ്ട്. അതിന്റെ തുടർച്ചയായി പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന് ഈ കാലം നിർണായകമാണ്. വലിയ ഉത്തരവാദിത്തമാണ് സംഘത്തിന് ഏറ്റെടുക്കാനുള്ളത്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വിവിധ ആശയഗതിക്കാരായ ചിന്തിക്കുന്ന മുഴുവൻ കേരളീയരും സംഘത്തെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സംഘത്തിന്‌ നേരെയുണ്ടാകുന്ന വിമർശനങ്ങളിൽപ്പോലും ഈ പ്രതീക്ഷയാണ് പ്രേരകശക്തിയായി നിൽക്കുന്നത്.

കേരളത്തിലെ ഏറ്റവും വലുതും കർമനിരതവുമായ സാംസ്കാരിക സംഘടനയാണ് കലാ സാഹിത്യ സംഘം. ഇന്ത്യയിൽതന്നെ ഇത്രയും വിപുലമായ നിരന്തരം പ്രവർത്തിക്കുന്ന മറ്റൊരു അനൗദ്യോഗിക സാംസ്കാരിക സംഘടന ഉണ്ടാകാനിടയില്ല. ജനാധിപത്യത്തിലും മതേതരത്വത്തിലും ആത്മാർഥമായി വിശ്വസിക്കുന്ന മുഴുവൻ സാംസ്കാരിക പ്രവർത്തകരെയും ഉൾക്കൊള്ളാൻ സന്നദ്ധമായ വിശാലമായ സംവാദവേദിയാണത്. പക്ഷേ, നമ്മുടെ രാജ്യം ഇന്ന്‌ നേരിടുന്ന പ്രതിസന്ധികൾ; പ്രത്യേകിച്ചും അതുയർത്തുന്ന സാംസ്കാരിക വെല്ലുവിളികളെ പ്രതിരോധിക്കാൻ സംഘത്തിന് ഒറ്റയ്‌ക്കു കഴിയും എന്ന വിചാരം ഞങ്ങൾക്കില്ല. അങ്ങനെ ഒറ്റപ്പെട്ട പ്രവർത്തനങ്ങളിൽ താൽപ്പര്യവുമില്ല. സംവദിക്കാനും കൂട്ടുചേരാനും തയ്യാറുള്ള മുഴുവൻ പ്രതിഭകളുമായും മറ്റ് സംഘങ്ങളുമായും ഐക്യപ്പെട്ടുകൊണ്ട് കൂടുതൽ വലിയ സാംസ്കാരിക മുന്നണിയായി മുന്നോട്ടുപോകാനാണ് സംഘം ആഗ്രഹിക്കുന്നത്.

സംഗീതംകൊണ്ടും സൗന്ദര്യംകൊണ്ടും രുചിഭേദംകൊണ്ടും സമ്പന്നമായ നിളാനദീതീരം പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കൂട്ടും സ്നേഹവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

(പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top