05 October Thursday

പുല്‍വാമയിലും ''പ്രകൃതി നിയമമോ'?

ഡോ:കെ ടി ജലീല്‍Updated: Wednesday Apr 19, 2023

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ട് മാസം മുമ്പ് അഥവാ 2019 ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ 40 ജവാന്‍മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാര്‍ത്ത കേട്ട് രാജ്യം ഞെട്ടിത്തരിച്ചു. ഒരുപാട് സംശങ്ങള്‍ അന്ന് തന്നെ പ്രസ്തുത ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ആരും പക്ഷെ, ഒന്നും മിണ്ടുകയോ പറയുകയോ ചെയ്തില്ല.

എന്തെങ്കിലും പറഞ്ഞാല്‍ രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെടുമോ എന്ന് ഭയന്ന് മുഖ്യധാരാ പാര്‍ട്ടികളും അവയുടെ നേതാക്കളും മൗനികളായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മാത്രം ആര്‍ജ്ജവത്തോടെ സംശയങ്ങള്‍ പങ്കുവെച്ചു. അതാണിപ്പോള്‍ സത്യമാണെന്ന് തെളിയുന്നത്?

രാജ്യത്തുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും വര്‍ഗീയ കലാപങ്ങളും നടന്നത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിന്റെ വിളിപ്പാടകലെ വെച്ചായതില്‍ യു.പി മന്ത്രിമാരുടെ ഭാഷയിലെ വല്ല 'പ്രകൃതിയുടെ നിയമവും'പ്രവര്‍ത്തിച്ചിട്ടുണ്ടാകുമോ?

അതീവ സുരക്ഷിത മേഖലയിലേക്ക് അത്യന്തം മാരകമായ സ്‌ഫോടക വസ്തുക്കളുമായി ഒരു ഭീകരവാദിക് വണ്ടി ഓടിച്ച് വന്ന് സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാന്‍ എങ്ങിനെ സാധിച്ചു? റോഡ് മാര്‍ഗ്ഗമുള്ള പട്ടാളക്കാരുടെ ഒന്നിച്ചുള്ള യാത്രയിലെ അപകടം മണത്ത സൈനിക മേധാവികള്‍ വിമാനം വഴി പട്ടാളക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്തേ പ്രതിരോധ മന്ത്രാലയം അത് നിരസിച്ചത്?

ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലിന് ശേഷം എത്ര ദിനരാത്രങ്ങള്‍ പിന്നിട്ടു! പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഔദ്യോഗികമായി അതിനോട് പ്രതികരിക്കാത്തത് എന്താണ്?

മുന്‍ കരസേന മേധാവി ജനറല്‍ റിട്ടയേഡ് ശങ്കര്‍റോയ് ചൗധരി പുല്‍വാമയിലെ ദുരന്തം സര്‍ക്കാര്‍ അനാസ്ഥ മൂലമാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലും ഇതിനുത്തരവാദികളാണെന്നും അദ്ദേഹം 'The Telegraph' ന് നല്‍കിയ അഭിമുഖത്തില്‍ മറയില്ലാതെ വെളിപ്പെടുത്തി. അതീവ ഗൗരവമേറിയ ഈ പ്രസ്താവനയോടും ഈ നിമിഷം വരെ ബന്ധപ്പെട്ടവരാരും കേട്ടതായി നടിക്കാത്തത് എന്ത് കൊണ്ടാകും?

മരിച്ച വീര ജവാന്‍മാരില്‍ രാജസ്ഥാന്‍, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, ആസ്സാം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഒഡീഷ്യ, ബീഹാര്‍, കേരള, മധ്യപ്രദേശ്, കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെല്ലാമുള്ള പട്ടാളക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ എന്തെങ്കിലും ''അസ്വാഭാവികത' ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? പ്രധാനപ്പെട്ട ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ധീര രക്തസാക്ഷിത്വം വരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ രാജ്യവ്യാപകമായി പുല്‍വാമയുടെ കണ്ണുനീര്‍ പടര്‍ന്നു. ആ കണ്ണീരിന്റെ ബലത്തില്‍ വോട്ട് നേടി വിജയിച്ചവരുടെ നാക്ക് ഇറങ്ങിപ്പോയോ?

നിശബ്ദത കുറ്റകരമാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഉത്തമ പൗരന്‍മാര്‍ എന്ന നിലയില്‍ ഭരണകര്‍ത്താക്കളോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കണം. അതാണ് ജനാധിപത്യത്തിന്റെ സ്പിരിറ്റ്. ചോദ്യങ്ങള്‍ അവസാനിക്കുന്നേടത്ത് ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പ് നിലക്കും.

2024 ല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. മോദിക്ക് ഹാട്രിക് തികക്കാന്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കറിയാം? ഭാരതീയരേ, ജാഗരൂകരാവുക. യാത്രക്ക് വിമാനം നിഷേധിച്ച് നാല്‍പത് ജവാന്‍മാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ചവര്‍ക്ക് നമ്മളൊക്കെ വെറും 'പുഴുക്കള്‍'? പുഴുക്കള്‍ മാത്രം!

യു.പിയില്‍ നിന്നുള്ള മുന്‍ എം.പിയും പല കേസുകളിലും കുറ്റാരോപിതനുമായ അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് കസ്റ്റഡിയില്‍ നടുറോട്ടിലിട്ട് ജയ് ശ്രീറാം വിളിച്ച് വെടിവെച്ച് കൊന്നിട്ടും പുല്‍വാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണ്ണറുടെയും മുന്‍ കരസേനാ മേധാവിയുടെയും വെളിപ്പെടുത്തലുകള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചിട്ടും മുസ്ലിംലീഗ് എന്താണ് 'വാ' തുറക്കാത്തത്? എല്ലാവരും വിദേശത്ത് കറക്കത്തിലായത് കൊണ്ടാണോ? അതോ റംസാന്റെ അവസാന നാളുകളില്‍ നേതാക്കളെല്ലാം ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകിയതിനാലാണോ? ലീഗിലെ പ്രമുഖ നേതാക്കളുടെ എഫ്.ബി എക്കൗണ്ടുകള്‍ നോക്കി.

അവരൊക്കെ മറ്റേതോ 'ഗ്രഹ'ത്തിലാണ് ജീവിക്കുന്നത് എന്നാണ് തോന്നിയത്. ഇത്രമാത്രം 'ഭയപ്പാട്' എന്തിനാണ് മുസ്ലിംലീഗിന്? ആരുടെയെങ്കിലും മടിയില്‍ വല്ല 'കനവു'മുണ്ടോ? അതല്ല പെരുന്നാള്‍ കഴിഞ്ഞ് ഒരു കോഴി ബിരിയാണിയൊക്കെ കഴിച്ച് അഭിപ്രായം പറയാം എന്ന് കരുതി കാത്തിരിക്കുകയാണോ? സേട്ടു സാഹിബിന്റെയും ബനാത്ത് വാലാ സാഹിബിന്റെയും വിടവ് ലീഗ് നേതൃത്വത്തില്‍ ഇനിയും നികന്നിട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണ് ലീഗ് നേതൃത്വത്തിന്റെ കുറ്റകരമായ ഈ നിസ്സംഗത!


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top