18 June Tuesday

മോഡി സർക്കാരിന്റെ കശ‌്മീർനയം പരാജയം

ജോസി ജോസഫ്‌Updated: Saturday Feb 16, 2019

ജമ്മു കശ‌്മീരിലെ പുൽവാമയിൽ വ്യാഴാഴ‌്ചയുണ്ടായ ഭീകരാക്രമണം നരേന്ദ്ര മോഡി സർക്കാരിന്റെ കശ‌്മീർ നയം പരാജയപ്പെട്ടുവെന്ന‌് വിളിച്ച‌് പറയുന്നു. കശ‌്മീരിൽ ഇങ്ങനെയൊരു ആക്രമണം ഒരു ഭീകരവാദ ഗ്രൂപ്പും ഇതുവരെ നടത്തിയിട്ടുണ്ടാകില്ല. 2000ലും 2016ലും മറ്റും വാഹനം ഉപയോഗിച്ചുള്ള ഭീകരാക്രമണം നടന്നിരുന്നുവെങ്കിലും അതിന‌് ഇത്രയും വ്യാപ‌്തിയുണ്ടായിട്ടില്ല‌. കശ‌്മീരിലെ തീവ്രവാദം എത്രമാത്രം വളർന്നുവെന്നതിന്റെ സൂചനകൂടിയാണ‌് പുൽവാമ ആക്രമണം.

ഇതിന‌് പ്രധാന കാരണം മോഡി സർക്കാരിന്റെ ആക്രമണോത്സുകമായ കശ‌്മീർനയമാണ‌്. ഇത്രയും കാലം നാം ആവർത്തിച്ച‌് കേട്ടുകൊണ്ടിരുന്നത‌് ഹിദായിൻ ആക്രമണത്തെക്കുറിച്ചാണ‌്. പാകിസ്ഥാനിൽനിന്ന‌് ആയുധങ്ങളുമായി  നുഴഞ്ഞ‌ു കയറിയ തീവ്രവാദികൾ സുരക്ഷാക്യാമ്പുകളിലും മറ്റും നടത്തുന്ന ആക്രമണത്തെയാണ‌് ഹിദായിൻ ആക്രമണങ്ങൾ എന്ന‌് വിശേഷിപ്പിക്കാറുള്ളത‌്. അതിൽനിന്ന‌് വ്യത്യസ‌്തമായി ഐഎസും മറ്റും നടത്തുന്ന രീതിയിൽ വാഹനത്തിൽ സ‌്ഫോടകവസ‌്തുക്കൾ നിറച്ച‌് ചാവേറാക്രമണം നടത്തുന്ന രീതിയാണ‌് പുൽവാമയിൽ അവലംബിച്ചിട്ടുള്ളത‌്. ഇത‌് എങ്ങനെ സംഭവിച്ചുവെന്നത‌് ആത്മപരിശോധനയ‌്ക്ക‌് വിധേയമാക്കാൻ ഇന്ത്യയിലെ സുരക്ഷാവിഭാഗം തയ്യാറാകണം.

തീവ്രവാദം ശക്തിപ്പെട്ടു
ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലംതൊട്ട‌് കശ‌്മീരിലെ തീവ്രവാദത്തിന‌് രൂക്ഷത കുറഞ്ഞിരുന്നു. 2013ൽ അത‌് ഏറ്റവും താഴെ നിലയിലെത്തി. പുൽവാമ ആക്രമണം നടത്തിയ ജെയ‌്ഷെ മുഹമ്മദിന‌് അന്ന‌് അരഡസൻ തീവ്രവാദികൾപോലും ഉണ്ടായിരുന്നില്ല. അവരാണ‌് അഞ്ചുവർഷത്തിന‌ുശേഷം ഇത്രയും വലിയ ആക്രമണം നടത്തിയത‌്. കശ‌്മീർ തീവ്രവാദത്തിന്റെ മുഖഛായ മാറിവരുന്നതിന്റെ തെളിവാണിത‌്. കേന്ദ്രത്തിൽ മാറിമാറി വന്ന സർക്കാരുകൾ, അത‌് ദേവഗൗഡയായാലും മൻമോഹൻസിങ്ങായാലും കശ‌്മീർ പ്രശ‌്നം ഒരു ദേശീയ സമവായത്തിലൂടെ കൈകാര്യം ചെയ്യാനാണ‌് ശ്രമിച്ചിരുന്നത‌്.

കശ‌്മീർ ജനതയെ പ്രകോപിക്കാതെ സൈനികമായ ഇടപെടൽ കുറച്ചുള്ള ഒരു നയമായിരുന്നു അത‌്. എന്നാൽ, മോഡി അധികാരത്തിൽ വന്നതോടെ ഈ നയം മാറി. തീവ്രവാദത്തോട‌് അവസാനയുദ്ധം എന്ന മട്ടിൽ, രണോത്സുകമായ ഒരു നയം സ്വീകരിച്ചപ്പോൾ അതിനുള്ള പ്രതികരണം എന്ന രീതിയിൽ തീവ്രവാദവും ശക്തിപ്പെട്ടു. നേരത്തെ പാകിസ്ഥാനിൽനിന്നും അഫ‌്ഗാനിസ്ഥാനിൽനിന്നും നുഴഞ്ഞ‌ുകയറുന്ന തീവ്രവാദികളാണ‌് പ്രശ‌്നം സൃഷ്ടിച്ചതെങ്കിൽ, ഇപ്പോൾ ആക്രമണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത‌് പ്രാദേശിക തീവ്രവാദികൾതന്നെയാണ‌്. ആക്രമണത്തെ തള്ളിപ്പറഞ്ഞ കശ‌്മീർ ജനത‌ ഇപ്പോൾ അത‌് ഇഷ്ടപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത‌്. ഈ മാറ്റത്തിന‌് പിന്നിൽ മോഡി സർക്കാരിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് അജിത‌് ഡോവലിന്റെയും നയങ്ങളും സമീപനങ്ങളുമാണ‌്. കശ‌്മീരിൽ തീവ്രവാദം തലപൊക്കിയ 1987ന‌് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ‌് പുൽവാമയിലേത‌്. അത‌് നടത്തിയത‌് പുൽവാമ സ്വദേശിയായ യുവാവാണ‌്. സൈനികമായ പരിഹാരമല്ല, രാഷ്ട്രീയവും സാമൂഹ്യവുമായ പരിഹാരമാണ‌് വേണ്ടതെന്ന‌് ഇത‌് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

പുൽവാമയിലെ ഭീകരാക്രമണം ഒരു പൊട്ടിത്തെറിയുടെ തുടക്കമായി കാണാം. അതിന്റെ പ്രത്യാഘാതം കശ‌്മീരിൽമാത്രം ഒതുങ്ങി നിൽക്കില്ല. രാജ്യം തെരഞ്ഞെടുപ്പിലേക്ക‌് നീങ്ങുകയാണ‌്. ദേശീയവികാരം സർക്കാരിന‌് കണക്കിലെടുക്കേണ്ടിവരും. പാകിസ്ഥാൻ സുരക്ഷാ സംവിധാനങ്ങൾ ഇത‌് ഒരു അവസരമാക്കി ഇന്ത്യയെ നോവിക്കാനും ശ്രമിക്കും. അതിർത്തിയിൽ ഒരു പരിമിതമായ സംഘർഷത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. മറ്റെല്ലാ രാഷ്ട്രീയ പ്രശ‌്നങ്ങളിൽനിന്ന‌് ശ്രദ്ധമാറ്റാൻ മോഡിക്കും ഇത‌് സഹായകമാകും. പ്രാദേശികമായ സന്തുലിതാവസ്ഥയെയും ഇത‌് ബാധിക്കും. ചൈന എന്ത‌് സമീപനം സ്വീകരിക്കുമെന്നത‌് പ്രധാനമാണ‌്. മസൂദ‌് അസ‌്ഹറും ചൈനയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കും. കശ‌്മീരിൽ പുതിയ തീവ്രവാദ പ്രസ്ഥാനങ്ങൾ മുളപൊട്ടുന്നതിനും ഇത‌് സഹായകമാകും.

 

ഗുരുതരമായ സുരക്ഷാപാളിച്ച
കശ‌്മീർ താഴ‌്‌വരയിൽ ഇത്രയും വലിയ ആക്രമണം നടന്നത‌് ഗുരുതരമായ സുരക്ഷാപാളിച്ചയിലേക്കാണ‌് വിരൽചൂണ്ടുന്നത‌്. പട്ടാളവും സിആർപിഎഫും ബിഎസ‌്എഫും ചേർന്ന‌് കശ‌്മീർ താഴ‌്‌വരയിൽ ഒരു സുരക്ഷാകോട്ട തീർത്തിരിക്കുകയാണ‌്. 350 കിലോഗ്രാം സ‌്ഫോടക വസ‌്തുക്കൾ നിറച്ച ഒരു വാഹനം താഴ‌്‌വരയിലേക്ക‌് കടന്നുവെന്ന‌ത‌് സുരക്ഷാപാളിച്ചയാണ‌്. കശ‌്മീർ അറിയുന്നവർക്കറിയാം സൈനിക വാഹനങ്ങളുടെ വ്യൂഹം കടന്നുപോകുമ്പോൾ ആ വഴിമുഴുവൻ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാകും. പ്രധാനപാതയിലേക്ക‌് കയറുന്ന ചെറുപാതകൾപോലും ശക്തമായ നിരീക്ഷണവലയത്തിലായിരിക്കും. ഛത്തീസ‌്ഗഢിലും മറ്റുമുള്ള ഒരു മാവോയിസ്റ്റ‌് മേഖലയിലെ സ്ഥിതിയല്ല കശ‌്മീരിലേത‌്, കശ‌്മീർ താഴ‌്‌വര ഒരു പട്ടാളകോട്ടയാണ‌്. വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഉണ്ടാകുമെന്ന‌് രഹസ്യന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പുമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ചാവേറാക്രമണം നടന്നുവെന്നത‌് സുരക്ഷാ വീഴ‌്ചയല്ലാതെ മറ്റെന്താണ‌്. ഇതിന‌് ഉത്തരവാദികളായ ഉദ്യോഗസ്ഥരെങ്കിലും ശിക്ഷിക്കപ്പെടുമെന്ന‌് ഉറപ്പ‌് വരുത്തണം. ഇത്തരക്കാരെ വെറുതെ വിടുന്ന പതിവ‌് രീതി ഉപേക്ഷിക്കണം.

(ദ ഹിന്ദുവിന്റെ മുൻ ദേശീയ സുരക്ഷാ എഡിറ്ററാണ‌് ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top