29 May Monday

പുളിമാനയുടെ ഓർമകൾക്ക്‌ 75

ബാബു കെ പന്മനUpdated: Wednesday Feb 22, 2023

മൂന്നു പതിറ്റാണ്ടിന്റെ ഹ്രസ്വ ജീവിതത്തിനിടയിൽ നൈസർഗികമായ കലാസാഹിത്യ സംഭാവനകളിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ ഇടം നേടിയ പുളിമാന പരമേശ്വരൻ പിള്ളയുടെ 75–-ാമത് ചരമവാർഷികദിനമാണിന്ന്. കൊല്ലം ജില്ലയിലെ ചവറ പുളിമാന വീട്ടിൽ കൊറ്റാടിയിൽ ശങ്കരപ്പിള്ളയുടെയും കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി 1915ൽ ജനിച്ച പരമേശ്വരൻ പിള്ള 1948 ഫെബ്രുവരി 22ന് 33–-ാമത്തെ വയസ്സിൽ ക്ഷയരോഗബാധിതനായി മരണത്തിന് കീഴടങ്ങുമ്പോൾ എഴുത്തിന്റെ ലോകത്ത് തന്റേതായ കാൽപ്പാടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.

കവി, ഗായകൻ, അഭിനേതാവ്, കഥാകാരൻ, നാടകകൃത്ത്, വിമർശകൻ എന്നീ നിലകളിൽ ശോഭിച്ച അദ്ദേഹം ഒരൊറ്റ രചനയിലൂടെ മലയാള നാടക ചരിത്രത്തിൽ തന്റെ നിലയുറപ്പിച്ചു. 1944ൽ പുറത്തുവന്ന "സമത്വവാദി' എന്ന നാടകം മലയാള നാടക ചരിത്രത്തിൽ ഇന്നും വിസ്മയം സൃഷ്ടിച്ച് നിലകൊള്ളുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു സമത്വാധിഷ്ഠിത ആദർശലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. പാശ്ചാത്യ സാഹിത്യ ദർശനങ്ങളിലൊന്നായ ഭാവാത്മക പ്രസ്ഥാനത്തിന്റെ വരവ് വിളിച്ചോതിയ കലാസൃഷ്ടിയായിരുന്നു സമത്വവാദിയെന്ന് കേസരി ബാലകൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.ജാതി- ജന്മി നാടുവാഴിത്തത്തിന്റെ കരാളതകളിൽനിന്ന്‌ കുതറിമാറാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ജനതയ്ക്കും അവർക്ക് ഊർജം പകർന്നുകൊണ്ടിരുന്ന പുരോഗമന സാഹിത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ആവേശമുളവാക്കാൻ പോരുന്നതായിരുന്നു സമത്വവാദിയുടെ രംഗപ്രവേശം.

നടനവൈഭവം കൈമുതലായിരുന്ന പരമേശ്വരൻ കഥാപാത്രങ്ങളെ മിഴിവോടും തന്മയത്വത്തോടും അരങ്ങിലവതരിപ്പിച്ചു. മഴവില്ല്, കാമുകി എന്നീ സമാഹാരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ചെറുകഥകൾ എഴുതി. കഥാരചനയിലും തന്റേതായ ഇടമുറപ്പിച്ച പരമേശ്വരൻ പിള്ള ജീവിതയാഥാർഥ്യങ്ങളെ വികാരഭരിതമായി തന്റെ കഥകളിൽ വിന്യസിച്ചു. പുളിമാനയുടെ കഥകളെക്കുറിച്ച് പ്രൊഫസർ എൻ കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്: "അപ്രഗത്ഭനായ ഒരു കലാകാരന്റെ കൈയിൽ ഈ കഥകളിൽ പലതും അതിവൈകാരികത്വമെന്ന ദുർഗുണത്തിന് നിദർശനങ്ങളാകുമെന്നിരിക്കെ, പുളിമാന ആ പടുകുഴിയുടെ വക്കിൽ ചെന്നുനിന്ന് പല അഭ്യാസങ്ങളും കാണിച്ച് നമ്മെ അമ്പരപ്പിക്കുന്നതല്ലാതെ അതിലേക്ക് ഒരിക്കലും വഴുതിപ്പോകുന്നില്ല'.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പുളിമാനയുടെ സമകാലികരായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ, കുറുപ്പ് നാഗവള്ളി, പ്രൊഫസർ കൃഷ്ണപിള്ള, എസ് ഗുപ്തൻ നായർ, ടി എൻ ഗോപിനാഥൻ നായർ എന്നിവർ. അദ്ദേഹത്തിന്റെ ഉറ്റ മിത്രമായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള, പുളിമാനയുടെ  സാഹിത്യരചനകളെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയ കത്തുകളെക്കുറിച്ച് ചവറ കെ എസ് പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ഒ എൻ വി കുറുപ്പും ഈ പ്രതിഭയെ വിശേഷിപ്പിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top