11 December Wednesday

ശിഷ്യവാത്സല്യത്തിന്റെ നൈരന്തര്യം

പ്രൊഫ. പെരിയ വേങ്ങയിൽ കൃഷ്‌ണൻ നായർUpdated: Friday Oct 18, 2024

 

ഞാൻ സാനുമാഷിന്റെ ശിഷ്യനായിരുന്നു, ഇപ്പോഴും ആണ്‌‐ പ്രണതശിഷ്യൻ. എന്റെ ജീവിതത്തിലെ വലിയൊരഭിമാനമാണത്‌. മാഷിന്റെ റേഞ്ച്‌ വളരെ വലുതാണ്‌. സാഹിത്യം, ഫിലോസഫി, സയൻസ്‌, രാഷ്‌ട്രീയം, മനഃശാസ്‌ത്രം‐ എല്ലാം മാഷിന്റെ ഇഷ്‌ടവിഷയങ്ങളാണ്‌. മാഷിന്റെ ഓർമശക്തി അത്ഭുതാവഹമാണ്‌, സ്‌നേഹം അതിരറ്റതാണ്‌.


സാനുമാഷിന്റെ തൊണ്ണൂറ്റിയെട്ടാം ജൻമദിനമാണ്‌  ഒക്ടോബർ 27. തൊണ്ണൂറ്റിയെട്ടാം വയസ്സിലും അപൂർവ സിദ്ധികളോടെ ജീവിച്ച മറ്റൊരു മനുഷ്യസ്‌നേഹി, വിശ്വമാനവൻ ഓർമയിൽ വരുന്നു‐ ബർട്രന്റ്‌ റസ്സൽ. ‘സ്‌നേഹത്താൽ പ്രചോദിതവും ജ്ഞാനത്താൽ

ബർട്രന്റ്‌ റസ്സൽ

ബർട്രന്റ്‌ റസ്സൽ

നിയന്ത്രിതവുമായ ജീവിതമാണ്‌ നല്ല ജീവിതം’ എന്ന്‌ സിദ്ധാന്തിക്കുകയും, അത്‌ നിത്യജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്‌ത ലോകം കണ്ട ഏറ്റവും മികച്ച ധിഷണാശാലി.

മാഷിന്റെ ഭാഷയിൽ ‘മാനവരാശിയുമായി രക്തബന്ധം പുലർത്തിയ ദാർശനികനാ’ണ്‌ റസ്സൽ. സാനുമാഷിന്‌ ഏറെ ഇഷ്‌ടമുള്ള വ്യക്തിയും ചിന്തകനുമാണ്‌ റസ്സൽ. അദ്ദേഹത്തിന്റെ അത്ഭുതകരമായ ബുദ്ധിശക്തിയും അനിയന്ത്രിതമായ അന്വേഷണ ത്വരയും ഊർജസ്വലമായ ചിന്തയും മനുഷ്യസ്‌നേഹവും കർമശേഷിയും മാഷിനെ ഏറെ സ്വാധീനിച്ചിരുന്നു. ഏറ്റവുമൊടുവിൽ തൊണ്ണൂറ്റിയേഴാം വയസ്സിൽ മാഷ്‌ എഴുതിയ പുസ്‌തകം റസ്സലിനെക്കുറിച്ചാണ്‌.

വലിയ ലെൻസ്‌ ഉപയോഗിച്ച്‌ പ്രായത്തിന്റെ ക്ലേശങ്ങൾ സഹിച്ച്‌ റസ്സലിന്റെ ആത്മകഥ മൂന്ന്‌ വാല്യങ്ങളും വീണ്ടും വായിച്ച്‌ ആ പുസ്‌തകം എഴുതിത്തീർക്കുകയും പ്രസിദ്ധീകരിക്കാൻ ഗ്രന്ഥശാലാ സംഘത്തെ ഏൽപ്പിക്കുകയും ചെയ്‌തു.

എം കെ സാനു - ഫോട്ടോ: എം എ ശിവപ്രസാദ്‌

എം കെ സാനു - ഫോട്ടോ: എം എ ശിവപ്രസാദ്‌

ഏതാണ്ട്‌ അതിനോടൊപ്പമാണ്‌ കുമാരനാശാന്റെ ഏറെ വിവാദത്തിന്‌ വിധേയമായ ദുരവസ്ഥയെക്കുറിച്ച്‌ ഒരു പുത്തൻ പഠനമെഴുതി ദേശാഭിമാനി വാരികയെ ഏൽപ്പിച്ചതും.

അതെ, ആ ജീവിതം ഇപ്പോഴും കർമനിരതമാണ്‌. തന്നിലേക്ക്‌ ഒതുങ്ങാൻ അദ്ദേഹത്തിന്‌ വയ്യ. ശാരീരിക ക്ലേശങ്ങൾ ചില്ലറയല്ല. കണ്ണും ചെവിയും ഒട്ടും സഹകരിക്കുന്നില്ല. തലകറക്കം വിടാതെയുണ്ട്‌. ഭാര്യയുടെ മരണശേഷം ഒരുതരം ഡിപ്രഷൻ അനുഭവിക്കുന്നു. ഇപ്പോഴും ആൾക്കാർ മാഷിന്‌ ഒട്ടും സ്വൈര്യം കൊടുക്കുന്നില്ല. അവർക്ക്‌ ആവശ്യങ്ങൾ പലതാണല്ലോ.

കഴിയുന്നതും അതെല്ലാം ചെയ്‌തുകൊടുക്കാൻ മാഷ്‌ പരമാവധി ശ്രമിക്കുന്നുണ്ട്. മിക്കവാറും എല്ലാ ദിവസവും പൊതുപരിപാടികളുണ്ട്‌. പുസ്‌തക പ്രകാശനം, അവാർഡ്‌ ദാനം, അനുസ്‌മരണ പ്രഭാഷണങ്ങൾ, യോഗങ്ങളുടെ ഉദ്‌ഘാടനം, അധ്യക്ഷ പ്രസംഗം അങ്ങനെയങ്ങനെ. എന്തിന്‌, ശിഷ്യൻമാരുടെ മക്കൾക്കും പൗത്രൻമാർക്കും മാഷ്‌ പ്രസംഗം എഴുതിക്കൊടുക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. ഒന്നോർത്താൽ മാഷിന്‌ അതൊക്കെ നല്ല ഇഷ്‌ടവുമാണ്‌.

ഞാൻ സാനു മാഷിന്റെ ശിഷ്യനായിരുന്നു, ഇപ്പോഴും ആണ്‌‐ പ്രണതശിഷ്യൻ. എന്റെ ജീവിതത്തിലെ വലിയൊരഭിമാനമാണത്‌. മാഷിന്റെ റേഞ്ച്‌ വളരെ വലുതാണ്‌. സാഹിത്യം, ഫിലോസഫി, സയൻസ്‌, രാഷ്‌ട്രീയം, മനഃശാസ്‌ത്രം‐ എല്ലാം മാഷിന്റെ ഇഷ്‌ടവിഷയങ്ങളാണ്‌.

മാഷിന്റെ ഓർമശക്തി അത്ഭുതാവഹമാണ്‌, സ്‌നേഹം അതിരറ്റതാണ്‌. നമുക്ക്‌ മാഷിനോട്‌ പരാതി പറയാം, വിമർശിക്കാം, അഭിപ്രായങ്ങളോട്‌ വിയോജിക്കാം, മാഷിന്റെ എതിർചേരിയിലും നിൽക്കാം.

എം കെ സാനുവും ലേഖകനും

എം കെ സാനുവും ലേഖകനും

ചിരസ്ഥായിയായ സ്‌നേഹത്തെ അതൊന്നും ബാധിക്കില്ല.

മിക്ക സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും വിമർശനത്തോട്‌ അലർജിയാണെന്ന്‌ പത്തുവർഷത്തെ അക്കാദമിക്കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. സാനുമാഷ്‌ ശിഷ്യലോകത്തിന്‌ പ്രിയങ്കരനായ അധ്യാപകനാകുന്നത്‌ മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ദീപ്‌തമായ സങ്കൽപ്പം മനസ്സിൽ ആലേഖനം ചെയ്യുന്നതുകൊണ്ടു തന്നെയാണ്‌ എന്ന നിരീക്ഷണം അർഥദീപ്‌തമാണ്‌. ഒരു ബുദ്ധനും ഒരു ക്രിസ്‌തുവും ഒരു ഷ്വൈറ്റസറും ഒരു ഗുരുവും മാഷിൽ ഉപഗുപ്‌തമാണ്‌.

വിദ്യാർഥികളുടെ ആത്മാഭിമാനത്തെ മാനിച്ച്‌ അവരുടെ ശ്രദ്ധ അറിവിന്റെയും ആശയങ്ങളുടെയും ചക്രവാളങ്ങളിലേക്ക്‌ തിരിക്കുന്ന ക്ലാസുകളായിരുന്നു മാഷിന്റേത്‌. ലോക ഗുരുക്കൻമാരെ, ക്ലാസിക്കുകളെ, മഹത്തായ ആശയങ്ങളെ, ആദർശങ്ങളെ മാഷ്‌ വിദ്യാർഥികളായ ഞങ്ങൾക്ക്‌ പരിചയപ്പെടുത്തി. ആശയങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയുടെ അക്ഷയനിധിയാണ്‌ ആ ബുദ്ധി.‌

ഉയർന്ന മൂല്യബോധവും ദാർശനികമായ ഒരു അന്തർധാരയും സാനുമാഷിന്റെ എല്ലാ പ്രവൃത്തികളിലും ഉണ്ടായിരിക്കും. പാഠ്യപദ്ധതികളുടെ അതിരുകളിൽ ഒരിക്കലും മാഷ്‌ ഒതുങ്ങിനിന്നില്ല. ജ്ഞാനമേഖലകൾ അനന്തമാണെന്ന്‌ മാഷ്‌ പഠിപ്പിച്ചു. ക്ലാസുകളിലും പ്രഭാഷണങ്ങളിലും ആശയങ്ങളിൽ ഊന്നിനിന്ന്‌ ആർജവത്തോടെ, വ്യക്തതയോടെ സംസാരിക്കുകയാണ്‌ മാഷിന്റെ പ്രകൃതം. സ്വാതന്ത്ര്യം, സ്‌നേഹം, മനുഷ്യവിമോചനം, ജീവിതശുദ്ധി എന്നിവയാണ്‌ മാഷ്‌ വിലമതിക്കുന്ന മൂല്യങ്ങൾ.

ഹെർമൻ ഹെസ്സേ, ബെർതോൾട്‌ ബ്രെഹ്‌ത്‌, ഫ്രാൻസ്‌ കാഫ്‌ക, ആൽബേർ കാമു, സാമുവൽ ബക്കറ്റ്‌, അയൊണെസ്‌കോ, കാറൽ ചാപ്പക്ക്‌, ആൾഡസ്‌ ഹക്‌സ്‌ലി തുടങ്ങിയ വിശ്വപ്രതിഭകളെ എനിക്ക്‌ പരിചയപ്പെടുത്തിയത്‌ സാനുമാഷാണ്‌.

 ലീലാവതി ടീച്ചർ

ലീലാവതി ടീച്ചർ

അവരുടെ കൃതികൾ വായിക്കാൻ മാഷ്‌ തന്നു. മഹാഗുരുക്കൻമാർ പ്രസരിപ്പിച്ച അറിവിന്റെയും സ്‌നേഹത്തിന്റെയും അന്വേഷണത്വരയുടെയും പ്രഭാവലയത്തിലാണ്‌ ഞാൻ മഹാരാജാസിൽ പഠിച്ചത്‌. നാല്‌ പേരുകൾ പ്രത്യേകം സ്‌മരണയിലുണ്ട്‌: ഗുപ്‌തൻ നായർ സാർ, ലീലാവതി ടീച്ചർ, സാനു മാഷ്‌, പ്രൊഫ. ലക്ഷ്‌മിക്കുട്ടിയമ്മ.

മഹാരാജാസ് കോളേജ്

മഹാരാജാസ് കോളേജ്

മഹാരാജാസിൽ ഞാൻ ഭാഷാസാഹിത്യ മണ്ഡലം സെക്രട്ടറിയായിരുന്നു. ആ കാലത്ത്‌ നിരവധി പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിച്ചതിന്‌ സാനുമാഷിന്റെ നിരുപാധികമായ പിന്തുണയും സഹകരണവുമുണ്ടായിരുന്നു.

നളിനിയെക്കുറിച്ചുള്ള നിത്യചൈതന്യയതിയുടെ ക്ലാസും സി എൻ ശ്രീകണ്‌ഠൻ നായരുടെ സാകേതം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി വായനയും വി കെ കൃഷ്‌ണമേനോന്റെയും പനമ്പള്ളിയുടെയും മുണ്ടശ്ശേരിയുടെയും മറ്റും പ്രഭാഷണങ്ങളും ഓർമയിൽ വരുന്നു. ഭാഷാസാഹിത്യ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ‘ആധുനിക നാടകത്തിലെ പുത്തൻ പ്രവണതകൾ’ എന്ന വിഷയത്തെക്കുറിച്ച്‌ സാനുമാഷ്‌ നടത്തിയ പ്രഭാഷണം പ്രോജ്വലമായിരുന്നു.

എം കെ സാനു

എം കെ സാനു

മാഷ്‌ നല്ല ഒതുക്കത്തോടെ രണ്ട്‌ മണിക്കൂറോളം ഭംഗിയായി സംസാരിച്ചു. മനുഷ്യമനസ്സിന്റെ ധ്രുവസീമകളെ ഉള്ളടക്കിയ ആ മഹാപ്രതിഭകളുടെ കൃതികൾ വാങ്ങിയും സംഘടിപ്പിച്ചും വായിക്കുന്നതിൽ മുഴുകിയവരായിരുന്നു ശിഷ്യഗണങ്ങളായ ടി കെ രാമചന്ദ്രൻ, എ വി ശങ്കരനാരായണൻ നന്പൂതിരി, എൻ എസ്‌ മാധവൻ, ഈ ലേഖകൻ തുടങ്ങിയവർ.

ഓർമകൾ പൂത്തുലയുന്നു. അക്കാലത്താണ്‌ മാഷ്‌ നവോത്ഥാന സമിതിക്ക്‌ രൂപം നൽകിയത്‌. അതിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. കൊച്ചിൻ യൂണിവേഴ്‌സിറ്റി നിയമ പ്രൊഫസറായിരുന്ന ഡോ. എ ടി മർക്കോസ്‌, ഫ്രഞ്ച്‌ കവിയായ ബോദ്‌ലയറുടെയും തുർഗനേവിന്റെയും കവിതകൾ പരിഭാഷപ്പെടുത്തി വായിച്ചതും, പിൽക്കാലത്ത്‌ കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ പ്രസന്നൻ ‘അശ്ലീല സാഹിത്യവും നിയമങ്ങളും’ എന്ന ഗവേഷക പ്രബന്ധം അവതരിപ്പിച്ചതും നവോത്ഥാന സമിതി യോഗങ്ങളിലായിരുന്നു.

സാഹിത്യത്തിലെ പുതിയ സെൻസിബിലിറ്റികളെ ആവാഹിച്ചെടുക്കുന്ന പ്രകൃതം ജൻമനാ സാനുമാഷിന്‌ ഉള്ളതാണ്‌. കേരള കവിതയുടെ  പ്രകാശനവും കാവ്യനാടകത്തെക്കുറിച്ചുള്ള ചർച്ചകളും സ്‌മരണീയമാണ്‌. ആലപ്പുഴ എസ്‌ ഡി കോളേജിൽ മാഷ്‌ കോളേജ്‌ യൂണിയൻ ചെയർമാനായിരുന്ന കാലം മുതൽ സംഘാടന സ്വഭാവമുണ്ട്‌. ഒ എൻ വി, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, ടി ആർ, കടമ്മനിട്ട, എം എം ബഷീർ, തോമസ്‌ മാത്യു, ജി ശങ്കരപ്പിള്ള തുടങ്ങിയവരെല്ലാം അതിൽ സജീവമായി.

ജി ശങ്കരപ്പിള്ളയുടെ ബന്ദി എന്ന നാടകം ജി കുമാരവർമ സംവിധാനം ചെയ്‌ത്‌ അന്ന്‌ അരങ്ങിൽ അവതരിപ്പിച്ചു. പിന്നൊരിക്കൽ ഭഗവദജ്ജുകം എന്ന നാടകം അവതരിപ്പിച്ചു. പിൽക്കാലത്ത്‌  പ്രശസ്‌തരായ ഭരത്‌ ഗോപിയും മുരളിയും നെടുമുടി വേണുവും തൻമയത്വത്തോടെ അഭിനയിച്ചത്‌ സ്‌മരണീയം. മഹാരാജാസിലെ ശിഷ്യർ എപ്പോഴും മാഷിന്റെ കൂട്ടിനുണ്ടാകും.

എം കെ സാനു ചെറുപ്പകാലത്ത്‌

എം കെ സാനു ചെറുപ്പകാലത്ത്‌

കോളേജിലും സമൂഹത്തിലും സ്വൽപ്പം ഭ്രാന്തുള്ളവർ, ആർത്തൻമാർ, ആലംബഹീനർ‐ മാഷിനെ തേടിയെത്തുന്ന നിരവധി സംഭവങ്ങൾക്ക്‌ ഞാൻ സാക്ഷിയാണ്‌. സാനുമാഷെ ഏറ്റവും ഇഷ്‌ടപ്പെടുന്നവർ ഭിന്നശേഷിക്കാരായ കുട്ടികളും ശാരീരിക പീഡകൾ അനുഭവിക്കുന്ന വയോധികരുമാണ്‌.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധയൂന്നുന്ന ‘മിത്രം’, ‘ആശാകേന്ദ്രം’, ‘കാൻസർ സർവീസ്‌ സൊസൈറ്റി’ എന്നിവയുടെയെല്ലാം പ്രഭവകേന്ദ്രവും പ്രചോദകനും സാനുമാഷായിരുന്നു; രക്ഷിതാവും.

സാന്പത്തിക വിഷമതകൾ മാഷിന്‌ എന്നുമുണ്ടായിരുന്നു. എന്നാൽ സ്‌നേഹിതരുടെ കാര്യത്തിൽ മാഷ്‌ സന്പന്നനായിരുന്നു. അവരിൽ പലരും പ്രത്യേക ജനുസ്സിൽ പെട്ടവരുമാണ്‌. സി ജെ തോമസ്‌, ബഷീർ, എം ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, പി കെ ബാലകൃഷ്‌ണൻ, ഉദയഭാനു, ജി ശങ്കരപ്പിള്ള, എം വി ദേവൻ, സി എൻ ശ്രീകണ്‌ഠൻ നായർ, കാവാലം... പേരുകൾ നീളുന്നു.

മാഷ്‌ ഏറെ സന്പന്നൻ ശിഷ്യഗണങ്ങളെക്കൊണ്ടാണ്‌. അവരുമായുള്ള ബന്ധം സാനുമാഷ്‌ തുടർച്ചയായി പുലർത്തും. വേർപെട്ടവരെ കുറിച്ചാണ്‌ മാഷുടെ ദുഃഖം. ഒരു ദുഃഖോപാസന മാഷിനുണ്ട്‌. മാറിയ മൂല്യങ്ങളെക്കുറിച്ചും മാഷിന്‌ ആശങ്കയുണ്ട്‌.

മിക്ക ദിവസങ്ങളിലും ഫോണിൽ സംസാരിക്കുന്ന എന്നോട്‌ മാഷ്‌ കഴിഞ്ഞ ദിവസം പറഞ്ഞത്‌, ഒരു നാടകത്തിലെ സംഭാഷണമാണ് - ‘‘I don't understand the world anymore."

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top