24 November Tuesday

പ്രതിരോധം കമ്യൂണിസ്റ്റ്‌ ആശയങ്ങളിലൂടെ - പ്രൊഫ. കെ വി തോമസ് എഴുതുന്നു

പ്രൊഫ. കെ വി തോമസ് (മുൻ കേന്ദ്രമന്ത്രി )Updated: Wednesday Oct 7, 2020


പാവപ്പെട്ടവരുടെ പാപ്പ എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ പേരുകാരനായ അസിസിയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ പുറപ്പെടുവിച്ച "എല്ലാവരും സഹോദരർ' എന്ന ചാക്രികലേഖനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

ലോകത്ത് വലിയ പുരോഗമനവും വികസനവും കൊണ്ടുവരുന്നു എന്ന് മുതലാളിത്ത ചിന്താഗതിക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും  ലോകസമ്പത്തിന്റെ ഏറിയ പങ്കും ഏതാനും രാജ്യങ്ങളിലും വ്യക്തികളിലുംമാത്രം ഒതുങ്ങിക്കിടക്കുകയാണ്. ലോകവ്യാപകമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.  എന്നാൽ, വികസനത്തിന്റെ ഫോർമുല ക്യാപിറ്റലിസമാണ് എന്നവകാശപ്പെടുന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനനിയന്ത്രണ നടപടികളും രോഗപ്രതിരോധ പ്രവർത്തനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡ്‌ പടർന്ന ദരിദ്രരാജ്യങ്ങൾ നിസ്സഹായരായി നിൽക്കെ, കുത്തക മുതലാളിത്ത രാജ്യങ്ങളിലെ ദരിദ്രർക്കാകട്ടെ സമ്പത്തില്ലാത്തതിന്റെ പേരിൽ ചികിത്സ അപ്രാപ്യവുമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ്  മാർപാപ്പായുടെ  ചാക്രികലേഖനം പ്രസക്തമാകുന്നത്.  ലോകത്തിലുണ്ടാകുന്ന പുരോഗതിയും വികസനവും എല്ലാവരിലും എത്തേണ്ടതുണ്ട്‌.  കോവിഡ്‌ വ്യാപനത്തെ നേരിടാനും പ്രതിസന്ധി പരിഹരിക്കാനും ലോകസമൂഹം ഒന്നിച്ചു പോരാടണം. 


 

കോവിഡിന്റെ വ്യാപനത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തിനിൽക്കുന്ന ഇന്ത്യയിൽ മരണനിരക്കും പട്ടിണിയും വർധിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ ഏറ്റെടുക്കുന്ന പ്രതിരോധനടപടികൾ ഒന്നൊന്നായി പരാജയപ്പെടുകയുമാണ്. കഴിഞ്ഞ അഞ്ചുമാസമായി പല ഘട്ടങ്ങളിലായി നടപ്പാക്കിയ പൂട്ടിയിടൽ തൊഴിൽനഷ്ടവും ദാരിദ്ര്യവും വർധിപ്പിച്ചു എന്നു മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ശോഷിപ്പിക്കുകയും ചെയ്തു.  രണ്ടുമാസം രാജ്യം പൂർണമായി അടച്ച്‌ ചെണ്ടകൊട്ടിയും വിളക്കു കത്തിച്ചും കൊറോണയെ പിടിച്ചുകെട്ടുമെന്ന് വീമ്പിളക്കിയവർ ഇനി ജൂലൈയിൽ വരുമെന്നു പറയുന്ന വാക്സിനുവേണ്ടി കാത്തിരിക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.  അയൽ രാജ്യങ്ങളുമായുള്ള ശത്രുതമൂലം ചെലവഴിക്കപ്പെടേണ്ടിവരുന്നത്  കോടികളാണ്.ഇത് ഇന്ത്യയിലെമാത്രം സ്ഥിതിയല്ല. ലോകത്തെല്ലായിടത്തും വിധ്വംസകപ്രവർത്തനങ്ങളും യുദ്ധസാഹചര്യങ്ങളും അനുദിനം വർധിച്ചുവരികയാണ്.

ഈ ദുർഘടസാഹചര്യത്തിൽ  ലോക സാമ്പത്തികമേഖലയുടെ തകർച്ചപോലും പരിഗണിക്കാതെ അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങൾ ആയുധക്കച്ചവടങ്ങൾക്ക്‌ കോപ്പുകൂട്ടുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായുള്ള മഹാത്മാഗാന്ധിയുടെ ആയുധരഹിത -അഹിംസാ പോരാട്ടം മാർപാപ്പയുടെ ഈ ചാക്രികലേഖനത്തിന്റെ വെളിച്ചത്തിൽ കൂടുതൽ പ്രഭാപൂരിതമാകുന്നുണ്ട്.

കാർഷികമേഖലയ്ക്ക് പ്രാധാന്യം കൊടുത്ത് രാജ്യം  മുന്നേറണമെന്ന ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളും അവഗണിക്കപ്പെട്ടു. രാജ്യം സ്വതന്ത്രമായ സന്ദർഭത്തിൽ ഇന്ത്യയിലെ 37 കോടി ജനങ്ങൾക്ക്‌ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. എന്നാൽ, 72 വർഷത്തിനിപ്പുറം ഭക്ഷ്യോൽപ്പാദനത്തിൽ നാം ലോകത്തിനു മാതൃകയായത് നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. 


 

മോഡി സർക്കാർ അധികാരമേറ്റതിനുശേഷം മുതലാളിത്ത വ്യവസ്ഥിതിക്കും സ്വകാര്യവൽക്കരണത്തിനും ആക്കംകൂടി. പൊതുമേഖലാ ഉടമസ്ഥതയിലുണ്ടായിരുന്ന ബിപിസിഎൽ, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലേറെയും കോവിഡ്‌കാലത്തെ അശാസ്ത്രീയ നിയന്ത്രണങ്ങൾക്കു മറവിൽ  കുത്തകകൾക്ക് വിറ്റ് സമ്പൂർണ മുതലാളിത്തത്തിന്‌ രാജ്യത്തെയും ജനങ്ങളെയും പൂർണമായും അടിയറ വച്ചുകഴിഞ്ഞു. കാർഷികമേഖലയിൽ ആര്, എന്ത്, എപ്പോൾ ഉൽപ്പാദിപ്പിക്കണമെന്ന്‌ തീരുമാനിക്കുന്നതും അംബാനി- അദാനിമാരാണ്. ഫെഡറലിസത്തിന്റെ ഭാഗമായ പ്ലാനിങ്‌ കമീഷൻ തച്ചുടച്ച് നിതി ആയോഗിന്‌ രൂപംനൽകി.

ചോര ചിന്തി നേടിയെടുത്ത തൊഴിലവകാശങ്ങൾ തൊഴിലാളികൾക്കന്യമായിത്തീർന്നു. തൊണ്ണൂറ് ശതമാനം  തൊഴിൽസ്ഥാപനങ്ങളിലും പുതിയ തൊഴിലാളിവിരുദ്ധ നിയമങ്ങൾ നടപ്പായിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ മാധ്യമങ്ങൾ മിക്കവയും സർക്കാർ കടിഞ്ഞാണിനകത്തായി. മനുഷ്യസാഹോദര്യത്തെക്കാളേറെ ധനം ആർജിക്കുക എന്ന മുതലാളിത്ത കാഴ്ചപ്പാട് കോവിഡ്കാലത്ത് ശക്തിയാർജിച്ചതിന്റെ  പ്രതിരോധമാണ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ചിന്താസരണിയിലധിഷ്ഠിതമായ "ഏവരും സഹോദരർ' എന്ന ചാക്രികലേഖനം. ഞാൻ വളരുന്നതിനൊപ്പം മനുഷ്യസമൂഹം ഒന്നാകെ വളരണം എന്ന കാഴ്ചപ്പാടാണ് മാർപാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ വെളിവാക്കുന്നത്.  മഹാമാരിയിൽ കമ്പോള മുതലാളിത്തം പരാജയപ്പെട്ടു എന്ന്‌ വ്യക്തമാക്കുന്നതാണ്  ഈ ലേഖനം.

ദരിദ്രരോടും പാപികളോടും ഒപ്പം ജീവിച്ച ക്രിസ്തുസന്ദേശത്തിന്റെ സ്പന്ദനങ്ങളും ഈ ചാക്രികലേഖനം ലോകത്തെമ്പാടും അനുഭവവേദ്യമാക്കുന്നുണ്ട്. അംബരചുംബികളായ ദേവാലയങ്ങളിലും മണി മന്ദിരങ്ങളിലുമല്ല തന്നെ തെരയേണ്ടത് എന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ദരിദ്രനോടുള്ള പക്ഷംചേരൽ കൂടിയാണ് മാർപാപ്പ മുന്നോട്ടുവയ്ക്കുന്നത്.

"ഞാൻ വിശക്കുന്നവനായിരുന്നു.... നീ എനിക്കു ഭക്ഷിപ്പാൻ തന്നുവോ...''
""ഞാൻ നഗ്നനായിരുന്നു.... രോഗിയായിരുന്നു.... കാരാഗൃഹവാസിയായിരുന്നു...

ആധുനിക കാലത്തെ ഏറ്റവും പ്രസക്തമായ "ഞാൻ അഭയാർഥിയായിരുന്നു' എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ‘‘ഫ്രത്തേത്തി തൂത്തി’’ അഥവാ എല്ലാവരും സഹോദരർ എന്ന ചാക്രികലേഖനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top