18 June Friday

വ്യക്തിയുടെ സ്വകാര്യതയും സാമൂഹ്യതാൽപ്പര്യവും: പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Tuesday Apr 28, 2020

ഏതൊരു പ്രശ്നത്തെയും പ്രതിഭാസത്തെയും വിലയിരുത്തുന്നത് സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ഒരു പ്രശ്നത്തെ അതുമാത്രമായും സാഹചര്യങ്ങൾ ഉൾപ്പെടെ മറ്റൊന്നുമായും ബന്ധമില്ലാതെയും വിലയിരുത്തുന്ന കേവലമായ വിശകലനരീതി അശാസ്ത്രീയവും അബദ്ധവുമാണെന്നത്‌ ലോകം അംഗീകരിച്ചിട്ടുള്ള യാഥാർഥ്യമാണ്. കോവിഡ്  വിവരങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുസംബന്ധിച്ച പ്രശ്നത്തിലും വ്യക്തിയുടെ സ്വകാര്യതയും സമൂഹത്തിന്റെ താൽപ്പര്യവും തമ്മിലുള്ള വൈരുധ്യം പ്രധാന വിഷയമാണ്.

എന്നാൽ, ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ വിവാദങ്ങളിൽ ഇത്തരം മൗലികപ്രശ്നങ്ങൾ ഉയർന്നില്ലെന്നതും പ്രസക്തം. കേരളത്തിൽ എൺപതുലക്ഷം ആളുകൾക്ക് കോവിഡ് ബാധിക്കാമെന്നും എട്ടുലക്ഷംപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും അതിൽ എൺപതിനായിരം പേർക്ക് വെന്റിലേറ്റർ ആവശ്യമായി വരുമെന്ന ഘട്ടത്തിൽ അതിനെ നേരിടാൻ മനുഷ്യസാധ്യമായ എല്ലാഇടപെടലുകളും നടത്തിയ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി ആത്മവിശ്വാസം തകർത്ത് കോവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്താനുള്ള വ്യാമോഹമായിരുന്നു വിവാദത്തിനുപുറകിൽ എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായിട്ടുണ്ട്.

സ്‌പ്രിങ്ക്‌ളർ വിവാദത്തിന്റെ സന്ദർഭത്തിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ലോകത്തിലെ ഒരു ഐടി സ്ഥാപനവും തങ്ങളുടെ കൈയിൽ ഇതുപോലെയോ ഇതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ഒരു സംവിധാനം വിവരവിശകലനത്തിനായി ഉണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല എന്നതാണ്. അതിനർഥം അങ്ങനെയൊന്ന്‌ വികസിപ്പിച്ചെടുക്കാൻ കഴിയില്ലെന്നതല്ല, ഇപ്പോൾ ഉപയോഗിക്കാവുന്ന അവസ്ഥയിൽ ലഭ്യമല്ലെന്നുമാത്രമാണ്. ഇങ്ങനെയാരു സേവന സോഫ്‌റ്റ്‌‌വെയർ ആവശ്യമായ ഘട്ടത്തിൽ വിപണിയിൽ ലഭ്യമായതിനെ ആശ്രയിക്കുകയും പിന്നീട് സ്വന്തമോ സ്വതന്ത്രമോ ആയ ഒരു സംവിധാനം വികസിപ്പിക്കുകയുമാണ് ശരിയായ കാഴ്ചപ്പാട്. സോഫ്‌റ്റ്‌‌വെയറുകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോഴെല്ലാം റിച്ചാർഡ് സ്റ്റാൾമാൻ സാധാരണ ഉപയോഗിക്കുന്ന ഉദാഹരണങ്ങളിലൊന്ന് റെഡിമെയ്ഡ് ഷർട്ടുകളാണ്. നിങ്ങൾ വാങ്ങുന്ന ഷർട്ട് നിങ്ങളുടെ അളവുകൾക്ക് അനുസരിച്ച് അഴിച്ചു തുന്നാൻപോലും അവകാശമില്ലാത്തതാകുന്നതുപോലെയാണ് ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകൾ എന്ന് അദ്ദേഹം പറയാറുണ്ട്. എന്നാൽ, ഇവിടെ ഷർട്ട് ഇട്ടേ മതിയാകൂ എന്ന അനിവാര്യമായ സാഹചര്യം വന്നിരിക്കുന്നു. തുണി വാങ്ങി തയ്യൽക്കാരനെ കണ്ടെത്തി അളവെടുത്ത് തയ്‌ക്കുന്നതിനുള്ള സമയമില്ല. അപ്പോൾ പിന്നെ ചില കുറവുകളുണ്ടെങ്കിലും വിപണിയിൽ അപ്പോൾ ലഭ്യമായ ഷർട്ട് വാങ്ങി ഉപയോഗിക്കൽമാത്രമാണ് കരണീയം. എന്നാൽ, അതോടൊപ്പം തയ്യൽക്കാരനെ കണ്ടെത്തി തുണിയും വാങ്ങി കുറെക്കൂടി ചേരുന്ന ഷർട്ട് പിന്നീട് തയ്‌ച്ചെടുക്കുകയുംചെയ്യാം.

എന്നാൽ, റെഡിമെയ്ഡ് ഷർട്ട് വാങ്ങിയതുസംബന്ധിച്ച് ആരെങ്കിലും ചിലർ ഉയർത്തിക്കൊണ്ടുവരുന്ന തർക്കം ഇനി ഷർട്ടേ പാടില്ലെന്ന അബദ്ധചിന്ത സമൂഹത്തിലേക്ക് പകരാൻ പാടില്ല. വിവരശേഖരണവും വിശകലനവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവചനവും ഇല്ലാതെ അസാധാരണമായ സാഹചര്യത്തെ നേരിടാൻ മനുഷ്യർക്ക് കഴിയില്ല. അതിന് ഇതിനുമുമ്പ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കേണ്ടിവരും. യഥാർഥത്തിൽ പല രാജ്യങ്ങൾക്കും ലോക്ക്‌ഡൗൺ ഈ വഴികൾ കണ്ടെത്തുന്നതിനു ലഭിക്കുന്ന സമയംകൂടിയാണ്. ലോക്ക്‌ഡൗണിലും ഇന്ത്യയിൽ മരണനിരക്കും രോഗനിരക്കും കൂടുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്‌ സവിശേഷപ്രാധാന്യമുണ്ട്. ഒരാൾക്ക് രോഗമുണ്ടെന്ന വിവരം ലഭിക്കുമ്പോൾത്തന്നെ ഏതുതലത്തിലുള്ള ചികിത്സ ആവശ്യമാണെന്ന് നിർണയിക്കുന്നതു തുടങ്ങി ഏത്‌ ആശുപത്രിയിലാണ് കിടക്കയുള്ളതെന്നും അങ്ങോട്ട് ഏറ്റവും പെട്ടെന്ന് എത്തിക്കുന്ന ആംബുലൻസ് എവിടെയാണുള്ളതെന്നും ഒരൊറ്റ ക്ലിക്കിൽ അറിയാൻ കഴിയുന്ന വേഗതയാണ് ഈ മഹാമാരിയുടെ കാലം ആവശ്യപ്പെടുന്നത്.  എവിടെയാണ് ഐസിയുവിൽ കിടക്കയുള്ളതെന്നും വെന്റിലേറ്റർ ഉള്ളതെന്നും അറിയാൻ ഒരു രോഗിയെയും കൊണ്ട് ആശുപത്രിയിൽനിന്ന്‌ ആശുപത്രിയിലേക്ക് ഓടേണ്ടിവരരുത്. ഒരാളിൽനിന്ന്‌ ആയിരങ്ങളിലേക്ക് പകരാൻ ഇടയുള്ള മഹാമാരിയുടെ വ്യാപനത്തെ തടയുന്നതിനും വിവരവിശകലനം അനിവാര്യമായ മുന്നുപാധിയാണ്.

ഈ വിവരങ്ങൾ എത്രമാത്രം സ്വകാര്യമാണ്? ഇന്ത്യൻ ഭരണഘടന സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ, പിന്നീട് സുപ്രീംകോടതി പല വിധിന്യായങ്ങളിലൂടെ ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യഭാഗമാണ് സ്വകാര്യത എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഏറ്റവും മൂർത്തമായ പ്രഖ്യാപനമാണ് പുട്ടുസ്വാമി കേസിൽ സുപ്രീംകോടതി നടത്തിയത്. എന്നാൽ, ഈ കേസിലും സ്വകാര്യതയെ നിർവചിക്കാൻ കോടതി തയ്യാറായില്ല. സ്വകാര്യതയെന്നത് കേവലമായ മൗലികാവകാശമല്ലെന്നും പറഞ്ഞുവച്ചു. അതിനുശേഷം ഈ വിധിയുടെകൂടി പിൻബലത്തിൽ 2019ൽ റിതേഷ് സിങ്‌ കേസിൽ പൊതുതാൽപ്പര്യത്തിനുവിധേയമാണ് സ്വകാര്യത എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരാളുടെ ശബ്ദം പരിശോധിക്കുന്നത് സ്വകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആവശ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണെന്ന് കോടതി വ്യക്തമാക്കി. പുട്ടുസ്വാമി കേസിനുമുമ്പ് ഭർത്താവിന്റെ രക്തപരിശോധനാഫലം ഭാര്യക്ക് നൽകാമോ എന്ന കേസിൽ എച്ച്ഐവി പോസിറ്റീവാണോ അല്ലയോ എന്ന വിവരം ഭർത്താവിന്റെ സ്വകാര്യതയല്ലെന്നും ഭാര്യയുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വിധിക്കുകയുണ്ടായി.

എച്ച്ഐവിയേക്കാൾ എത്രമാത്രം ദുരന്തം പടർത്താനുള്ള ഇടയുള്ള ഒരു മഹാമാരിയാണ് കോവിഡ്. കോവിഡിന്റെ വ്യാപന നിരക്ക് എത്രയും വിപുലമാകാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഒരാളെ ബാധിച്ച കോവിഡ് അവരുടെമാത്രം രോഗമല്ലാതാകുകയും ഏതൊരാളുടെയും രോഗസാധ്യതയാകുകയും ചെയ്യുന്നു. ഒരാൾ മാസ്ക് ധരിക്കുന്നത് അയാളുടെമാത്രം ആവശ്യമല്ലാതായിത്തീരുകയും അത് അവർ സഞ്ചരിക്കുന്ന വഴിയിലുള്ള മുഴുവൻ മനുഷ്യരുടെയും ആവശ്യമായി മാറുകയും ചെയ്യുന്നു. കോവിഡ് ബാധിക്കുന്ന ഒരാൾ പോയ വഴികൾ അയാളുടെമാത്രം സ്വകാര്യമല്ലാതാകുകയും അത് നാടിനെ ആകെ ബാധിക്കാനിടയുള്ള മഹാമാരിയുടെ വഴിയായി മാറുകയും ചെയ്യുന്നു. ഫലത്തിൽ അയാളുടെ വിവരങ്ങളുടെ സ്വകാര്യതയുടെ അവകാശം അങ്ങനെയല്ലാതാകേണ്ടത് അയാളുടെയും മറ്റു മനുഷ്യരുടെയും ജീവൻ രക്ഷപ്പെടുത്തുന്നതിനുള്ള മുന്നുപാധിയാണ്. ഈ ഘട്ടത്തിൽ അയാളുടെ സമ്മതത്തോടെമാത്രമേ സർക്കാർ ഈ വിവരങ്ങൾ ശേഖരിക്കുകയോ വിശകലനം നടത്തുകയോ ചെയ്യാവൂ എന്ന് വാദിക്കുന്നത് എത്രമാത്രം അസംബന്ധമാണ്.

സിപിഐ എം വിവരങ്ങളുടെ സ്വകാര്യതയ്‌ക്കുവേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ അർഥം വിവരങ്ങൾ സാമൂഹ്യമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻപാടില്ല എന്ന അർഥത്തിലല്ല. ആധാറിന്റെ കാര്യത്തിലെ പാർടി സമീപനവും ഇതേനിലപാടിൽത്തന്നെയാണ്. എന്നാൽ, വിവരങ്ങളുടെ വാണിജ്യമോ ഇതരമോ ആയ ഉപയോഗം അനുവദിക്കാൻ പാടില്ല. സാധാരണഗതിയിൽ സ്വകാര്യത സംരക്ഷിക്കുകയും വേണം. നിയമത്തിന്റെ പിൻബലമില്ലാതെ ആധാർ നടപ്പാക്കാൻ ശ്രമിച്ച കോൺഗ്രസും രാജ്യസഭയിൽ പാസാകില്ലെന്ന ധാരണയിൽ ധനബില്ലാക്കി മാറ്റി ലോക്‌സഭയിൽ പാസാക്കിയെടുത്ത ബിജെപിയും ഇപ്പോൾ സിപിഐ എമ്മിന്റെ നയത്തെ പിന്തുണയ്‌ക്കുന്നത് നല്ലതുതന്നെ!

ഏതുവിവരവും സ്വകാര്യമല്ലാതാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നു കൂടി കാണണം. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ഒരാൾ ഏതെങ്കിലും നഗരത്തിൽചെന്നിട്ട് വിമാന ടിക്കറ്റിന്റെ വിവരമറിയാൻ ഗൂഗിളിൽ സെർച്ചു ചെയ്യുമ്പോൾ നിൽക്കുന്ന സ്ഥലം ടിക്കറ്റ് നൽകുന്ന ആപ്പുകൾക്ക് ആരാണ് ചോർത്തിക്കൊടുത്തത്? സ്മാർട്ട്‌ഫോണുകളിലെ ഹെൽത്ത് ആപ്പുകൾ ഉപയോഗിക്കുന്നവർ അവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ പോകേണ്ട ആശുപത്രികളുടെ പരസ്യങ്ങൾ വരുന്നത് എങ്ങനെയെന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങൾ എല്ലാ മിനിറ്റിലും അറിയാതെ ചോദിക്കുന്നവർ വിവരചോർച്ച എന്ന് പറഞ്ഞ് ഉൽക്കണ്ഠപ്പെടുകയും ചെയ്യും. എല്ലാവർക്കും സ്വകാര്യനയമുണ്ട്. അതിലാണ് താനും സമ്മതിക്കുന്നുവെന്ന് ടിക്ക് ചെയ്ത് കൊടുക്കുന്നത്. അതെല്ലാം അവർക്ക് എങ്ങനെയും നമ്മുടെ വിവരങ്ങൾ ഉപയോഗിക്കാനുള്ള അവകാശം നൽകലാണ്. കൊട്ടിഘോഷിക്കുന്ന കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പിലെ പ്രൈവറ്റ് പോളിസിയിൽ ഏതുമാറ്റവും പിന്നീട് വരുത്താനുള്ള അവകാശവുംകൂടി അവർക്ക് നൽകണം!

കംപ്യൂട്ടറുകളുടെ ഉപയോഗത്തിന്റെ മുന്നോടിയായി ഓപ്പറേറ്റിങ് സോഫ്‌റ്റ്‌‌വെയറുകൾമുതൽ ആപ്ലിക്കേഷനുകൾവരെ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും എത്ര അന്തരാഷ്ട്രകരാറുകളിലാണ് യഥാർഥത്തിൽ ഓരോ വ്യക്തിയും ഏർപ്പെടുന്നത്. ഐ എഗ്രീ എന്നതിൽ ടിക്ക് ചെയ്യുന്നതോടെ അവരുമായി ഓരോവ്യക്തിയും കരാറിലാണ് ഏർപ്പെടുന്നത്. അന്താരാഷ്ട്രകരാർ എന്നുപറഞ്ഞ് ബഹളം കൂട്ടുന്നവർതന്നെ എത്ര കരാറുകളിൽ ഒപ്പിട്ടവരാണെന്ന് ആലോചിക്കുന്നത് കൗതുകകരമാണ്. ന്യൂയോർക്കിലേക്ക് ഓടാൻ കഴിയുമോയെന്ന് കോടതി ചോദിക്കുന്നതും ഇത്തരം കരാറിൽ ഒപ്പിട്ട് സൂം സംവിധാനം വഴിയാണ്. അതിൽ തർക്കമുണ്ടായാൽ കലിഫോർണിയയിലെ കോടതിയെയൊ അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷനെയോ സമീപിക്കേണ്ടിവരുമെന്നതാണ് യാഥാർഥ്യം. കരാറിൽ ഒപ്പിട്ട കക്ഷികളുടെ തർക്കത്തിന്റെ കോടതിയുടെ അധികാരപരിധി മറ്റുള്ളവർക്ക് ബാധകമല്ലെന്ന പ്രാഥമികധാരണയും പലരും മറന്നതായി നടിച്ചു. എന്നിട്ട് ന്യൂയോർക്കിലേക്ക് ഓടേണ്ടിവരുമെന്ന് പ്രചരിപ്പിച്ചവർ കേരളത്തിലെ ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും കോടതി അത് കേൾക്കുകയും ചെയ്തു. എന്നിട്ടും പലർക്കും ഇനിയും ജൂറിസ്‌ഡിക്‌ഷൻ പിടികിട്ടിയില്ലത്രേ.

ഇത്തരം സന്ദർഭത്തിൽ, വിവരങ്ങളുടെ സ്വകാര്യത സംരക്ഷിച്ച് അവയെ സാമൂഹ്യമായ താൽപ്പര്യത്തിന്‌ ഉപയോഗിക്കുകയാണ് വേണ്ടത്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മനുഷ്യന്റെ ജീവൻ നഷ്ടമാകും. വാതിൽ തുറന്നില്ലെങ്കിൽ ശ്വാസംമുട്ടി മരിച്ചുപോകുമെന്ന ഘട്ടത്തിൽ ഈച്ചയും കൊതുകും കയറാനിടയുണ്ടെങ്കിലും അവ തുറന്നിടുക തന്നെയാണ് കരണീയം. വ്യക്തിയുടെ സ്വകാര്യതയെ സാമൂഹ്യമായ താൽപ്പര്യത്തിന്‌ കീഴ്പ്പെടുത്തുകയാണ് വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top