24 May Friday

സ്വാതന്ത്ര്യം മുൾമുനയിൽ രാജ്യം വഴിത്തിരിവിൽ

പ്രകാശ‌് കാരാട്ട‌്Updated: Wednesday Aug 15, 2018


സ്വാതന്ത്ര്യം കിട്ടി 71 വർഷം പൂർത്തിയായ ഈ ഘട്ടത്തിൽ  അതിശയോക്തി ഏതുമില്ലാതെ പറയാവുന്ന കാര്യം ഇന്ത്യ ഇന്ന് വഴിത്തിരിവിലാണെന്നാണ്. സ്വാതന്ത്ര്യം നേടുമ്പോൾ മുന്നോട്ടുവച്ച ലക്ഷ്യത്തിൽനിന്നു തീർത്തും വ്യത്യസ്തമായ അപകടകരമായ ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്.  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റിപ്പബ്ലിക‌് നിലവിൽവന്നതും ഭരണഘടന എഴുതിയുണ്ടാക്കിയതും. സ്വാതന്ത്ര്യസമരത്തിൽ മത, വർഗ, ഭാഷ, സാംസ്‌കാരിക വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നു. സാമ്രാജ്യത്വവിരുദ്ധ ദേശീയതയാണ് ആധുനിക, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് രൂപംനൽകിയത്. ഇതാണ് റിപ്പബ്ലിക്കൻ ഭരണഘടനയ‌്ക്കും അടിത്തറയായത്.

ഹിന്ദു, മുസ്ലിം ദ്വിരാഷ്ട്രവാദത്തെ തള്ളിയാണ് ഇന്ത്യ മതനിരപേക്ഷരാഷ്ട്രമായത്. വിഭജനവും അതേത്തുടർന്ന് അതിർത്തിയുടെ ഇരുവശവുമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നുതള്ളുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായതിന് പ്രാധാന്യമേറെയുണ്ട്.

മുപ്പതുവർഷക്കാലം, 1977 വരെ തുടർച്ചയായും പിന്നീട് പലഘട്ടങ്ങളിലും രാജ്യം ഭരിച്ച കോൺഗ്രസ് പാർടി മതനിരപേക്ഷതയെ അവസരവാദപരമായാണ് ഉൾക്കൊണ്ടത്. വിവിധ സന്ദർഭങ്ങളിൽ അവർ വർഗീയശക്തികളുമായി സന്ധി ചെയ്തു. എന്നിരുന്നാലും പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു  ഇട്ട ശക്തമായ മതനിപേക്ഷ അടിത്തറ അട്ടിമറിക്കപ്പെടുംവിധം അത് മാഞ്ഞുപോയില്ല.

എന്നാൽ, ആ അവസ്ഥ ഇന്ന് മാറിയിരിക്കുന്നു. കേന്ദ്രത്തിൽ നാലുവർഷമായി മോഡിസർക്കാർ അധികാരത്തിലിരുന്നതോടെ ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയും അതുറപ്പിച്ചുനിർത്തുന്ന റിപ്പബ്ലിക്കൻ ഭരണഘടനയും ഇന്ന് കടുത്ത ഭീഷണി നേരിടുകയാണ്. രാഷ്ട്രത്തിന്റെ ഭാഗമായ സ്ഥാപനങ്ങളിൽനിന്നുതന്നെയാണ് ഈ ഭീഷണി ഉയരുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർടിയുടെ സ്വഭാവത്തിൽനിന്നാണ് അതിന്റെ ഉത്ഭവം. ലോക‌്സഭയിൽ ഭൂരിപക്ഷമുള്ള ഈ കക്ഷിയുടെ നേതാക്കളാണ് രാഷ്ട്രപതി, ഉപരാഷ‌്ട്രപതി പദവികൾ വഹിക്കുന്നത്. 

ഭരണകക്ഷിയായ ബിജെപി സ്വാതന്ത്ര്യവേളയിൽ നിലവിലുണ്ടായിരുന്നില്ല.  എന്നാൽ, അവരുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ് ഉണ്ടായിരുന്നു. ആർഎസ്എസും ഹിന്ദു മഹാസഭപോലുള്ള വർഗീയസംഘടനകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിന് കാരണം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരം അവരുടെ പ്രധാന ഉൽക്കണ്ഠയായിരുന്നില്ല എന്നതാണ്. ബ്രിട്ടീഷുകാർ അധികാരമേൽക്കുന്നതിനുമുമ്പ് ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെക്കുറിച്ചായിരുന്നു അവർക്ക് ഉൽക്കണ്ഠ മുഴുവനും. അവരെ സംബന്ധിച്ച് മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാർമാത്രമായ ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു പ്രധാനം. ബ്രിട്ടനിൽനിന്ന‌് സ്വാതന്ത്ര്യം നേടലായിരുന്നില്ല.

ഈ ആശയങ്ങളുടെയും വർഗീയപ്രസ്ഥാനത്തിന്റെയും സന്തതിയായിരുന്നു ബിജെപി. സ്വാതന്ത്ര്യത്തിനുശേഷം ആർഎസ്എസാണ്  ഭാരതീയ ജനസംഘത്തിന് രൂപംനൽകിയത്.  അതിന്റെ പിൻഗാമിയാണ് 1980ൽ സ്ഥാപിതമായ ബിജെപി.

വി ഡി സവർക്കറുടെ ‘ഹിന്ദുത്വമാണ്' ആർഎസ്എസ് സ്വീകരിച്ചത്. ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയുമായി അംഗീകരിക്കുന്നവരെമാത്രമേ ഇന്ത്യക്കാരെന്ന‌് വിളിക്കാനർഹതയുള്ളൂവെന്നാണ് സവർക്കറുടെ അഭിപ്രായം. ഇന്ത്യക്കു പുറത്ത് മതകേന്ദ്രങ്ങളുള്ള മുസ്ലിങ്ങളും ക്രൈസ‌്തവരും വിദേശികളാണെന്ന് സാരം.

സവർക്കറും ആർഎസ്എസും മുന്നോട്ടുവയ‌്ക്കുന്നത് പ്രത്യേക ഭൂപ്രദേശവുമായി ബന്ധപ്പെട്ട ദേശീയതയാണ്. വിവിധ മതത്തെയും സമുദായത്തെയും സംസ്‌കാരത്തെയും പ്രതിനിധാനംചെയ്യുന്ന ജനങ്ങൾ ഒരു പ്രത്യേക ഭൂപ്രദേശത്തെ ആധാരമാക്കിയുള്ള രാഷ്ട്രത്തിൽ ജീവിക്കുന്നത് ഇവർക്ക് ചതുർഥിയാണ്. ഇവരെ സംബന്ധിച്ച് ദേശീയത മതത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനവർ പേരിട്ട് വിളിക്കുന്നത് ‘സാംസ്‌കാരിക ദേശീയത' എന്നാണ്.

ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരിക്കെ സവർക്കറാണ് ദ്വിരാഷ്ട്രവാദം ആദ്യം ഉയർത്തുന്നത്. സ്വാതന്ത്ര്യത്തിനായുള്ള വിപ്ലവകരമായ പ്രവർത്തനങ്ങൾക്കുശേഷം അതുപോലെതന്നെ അത്ഭുതകരമായ മറ്റൊരു കാര്യമാണ് സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളവെ ബ്രിട്ടീഷുകാരുമായി സന്ധിയാവുകയും അവരുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാവുകയും ചെയ്ത സവർക്കറുടെ നടപടി.   

ആർഎസ്എസിന്റെ ചുവടുപിടിച്ച് ബിജെപിയും ഹിന്ദുത്വമാണ് അവരുടെ പ്രത്യയശാസ്ത്രമെന്ന് പറയുകയും ‘സാംസ്‌കാരിക ദേശീയത’യെക്കുറിച്ച് സംസാരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കെതിരാണിത്. 

നാലുവർഷക്കാലത്തെ ഭരണത്തിനിടയിൽതന്നെ ബിജെപിയും ആർഎസ്എസും വളരെ ആസൂത്രിതമായി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷതയെ അട്ടിമറിക്കാൻ പ്രവർത്തിച്ചു.

ഉദാഹരണത്തിന് മോഡിസർക്കാർ പൗരത്വനിയമത്തിൽ ഭേദഗതി ബിൽ കൊണ്ടുവന്നു. ഈ ബിൽ അനുസരിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങൾക്ക് പൗരത്വം നൽകും. എന്നാൽ, ഈ ആനുകൂല്യം ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിങ്ങൾക്ക‌് ലഭിക്കില്ലതാനും. മതാടിസ്ഥാനത്തിലല്ല പൗരത്വം നിർണയിക്കപ്പെടുകയെന്ന അടിസ്ഥാനധാരണയാണ് ഇതോടെ വെല്ലുവിളിക്കപ്പെടുന്നത്. 

രാഷ്ട്രത്തിന്റെ മതനിരപേക്ഷനിയമങ്ങൾക്ക് പുറത്തുള്ള കാര്യങ്ങളാണ് ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നാണ് ആർഎസ്എസ് വാദം. അയോധ്യയിൽ ബാബ്‌റി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം നിർമിക്കണമെന്നത് വിശ്വാസത്തിന്റെ പ്രശ‌്നമായാണ‌് അവർ കാണുന്നത്. ഇതിനർഥം രാഷ്ട്രം ഭൂരിപക്ഷസമുദായത്തിന് അനുകൂലമായി പ്രവർത്തിക്കണമെന്നാണ്. 

ആർഎസ്എസുമായി ബന്ധമുള്ള ഗോരക്ഷാ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ മുസ്ലിങ്ങളെയും ദളിതരെയും ബീഫ് കഴിക്കുന്നത് തടയാൻമാത്രമല്ല, കന്നുകാലിവ്യാപാരത്തിൽനിന്ന‌് അവരെ അകറ്റിനിർത്താൻകൂടിയാണ്. അതായത് പൗരന്റെ അടിസ്ഥാന അവകാശങ്ങൾ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തിനും ആചാരങ്ങൾക്കും അനുരൂപമായിരിക്കണമെന്നർഥം. 

ഏറെ വേവലാതിപ്പെടുത്തുന്ന മറ്റൊരു കാര്യം ഭരണസംവിധാനങ്ങളെയും പൊലീസിനെയും ഹിന്ദുത്വ അക്രമികളുടെ നീതി നടപ്പാക്കാനായി നഗ്‌നമായി ഉപയോഗിക്കുന്നുവെന്നതാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കന്നുകാലിക്കച്ചവടത്തിലേർപ്പെടുന്ന മുസ്ലിങ്ങൾ, ആൾക്കൂട്ടക്കൊലയ‌്ക്ക് വിധേയമാകുമ്പോൾ പൊലീസ് പരസ്യമായി അവർക്ക് കൂട്ടുനിൽക്കുന്നുവെന്നുമാത്രമല്ല ഇരകൾക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് മുതിർന്ന പൊലീസ് ഓഫീസർമാർ തീർഥാടനത്തിനിറങ്ങിയ കൻവാരിയകളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുകയുണ്ടായി. ഇവർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ പൊലീസ് അവർക്കെതിരെ നീങ്ങാൻ തയ്യാറായതുമില്ല. 

ഭരണഘടനാസ്ഥാപനങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരെയും ആർഎസ്എസുകാരെയും നിയമിക്കുകയാണ്. സർക്കാർ അധീനതയിലുള്ള സാംസ്‌കാരിക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജഡ‌്ജിമാരെ നിയമിക്കുന്നതിലും സ്വാധീനം ചെലുത്താൻ മോഡിസർക്കാർ നടത്തിയ നീക്കത്തിൽ രഹസ്യമൊന്നുമില്ല. സായുധസേനയുടെ കമാൻഡ് ഘടനയിലും ഇടപെടാൻ തുടങ്ങിയിരിക്കുന്നു.

റിപ്പബ്ലിക്കൻ രാഷ്ട്രത്തിന്റെ ഭരണഘടനയെ അതിനകത്തുനിന്നുതന്നെ അട്ടിമറിക്കുകയെന്ന തന്ത്രമാണ് ഇപ്പോഴത്തേത്. മോഡി പറയുന്നത് 2022 ആകുമ്പേഴേക്കും പുതിയ ഇന്ത്യക്ക് രൂപംനൽകുമെന്നാണ്. അതിനായി 2019 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ വരുമെന്നാണ് മോഡിയുടെ പ്രതീക്ഷ. മതനിരപേക്ഷ റിപ്പബ്ലിക്കിനെയും ഭരണഘടനയെയും തകർത്തെറിയാൻ അതുവഴി സാധിക്കും.

അതുകൊണ്ടാണ് രാജ്യം വഴിത്തിരിവിലാണെന്ന് പറഞ്ഞത്. മതനിരപേക്ഷരാഷ്ട്രവും റിപ്പബ്ലിക്കൻ ഭരണഘടനയും നിലനിർത്തുന്നതിനായി ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ മതനിരപേക്ഷ ജനാധിപത്യ ഇടതുപക്ഷ ശക്തികളും അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കണം.

അതുവഴി അടുത്തവർഷം ആഗസ്ത് 15ന് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനച്ചടങ്ങിൽ ആർഎസ്എസിന്റെ പ്രവർത്തകൻ രാജ്യത്തെ അഭിസംബോധന ചെയ്യില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

പ്രധാന വാർത്തകൾ
 Top