23 May Thursday

കശ‌്മീർ: ലക്ഷ്യം വർഗീയത

പ്രകാശ്‌ കാരാട്ട്‌Updated: Thursday Jun 28, 2018


ഗവർണർ ഭരണത്തിലൂടെ ജമ്മു കശ്മീർ നേരിട്ട് ഭരിക്കാൻ മോഡി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.  മെഹ്ബൂബ മുഫ്തി സർക്കാരിൽ നിന്ന‌് ബിജെപി പിൻവാങ്ങിയതിന്റെ അർഥമിതാണ്.  എന്തുകൊണ്ടാണ് മൂന്ന് വർഷം കൂട്ടുകക്ഷി സർക്കാരിൽ തുടർന്നതിന് ശേഷം ബിജെപി ഈ തീരുമാനം കൈക്കൊണ്ടത്? കശ്മീർ സർക്കാർ വീണതിൽ അത്ഭുതമൊന്നുമില്ല. തുടക്കംമുതൽതന്നെ അത് പ്രതീക്ഷിച്ചിരുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക‌് പാർടി(പിഡിപി)യും ബിജെപിയും തമ്മിൽ ഒരുകാര്യത്തിലും യോജിപ്പില്ലെന്ന് മാത്രമല്ല രാഷ്ട്രീയമായി ഭിന്ന ധ്രുവങ്ങളിലാണുതാനും. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അവർ യോജിച്ച് സർക്കാരുണ്ടാക്കുകയായിരുന്നു.

ആ സമയത്ത് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യദ് സഖ്യത്തെ ന്യായീകരിച്ചത് ഇത് സംസ്ഥാനത്തിന്റെ ഐക്യത്തെ സഹായിക്കുമെന്ന് പറഞ്ഞാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിനെയാണ് ബിജെപി പ്രതിനിധാനം ചെയ്യുന്നതെങ്കിൽ പിഡിപിക്ക് സീറ്റുകളുള്ളത് കശ്മീർ താഴ്‌വരയിലായിരുന്നു.  എന്നാൽ, ഈ അവസരവാദ സമീപനത്തിൽ താഴ്‌വരയിലെ ജനങ്ങൾ രോഷാകുലരായിരുന്നു. എല്ലാവർക്കും അറിയുന്ന കാര്യം കേന്ദ്രം ഭരിക്കുന്ന ബിജെപിയായിരിക്കും സംസ്ഥാനത്തിലെയും കാര്യങ്ങൾ തിരുമാനിക്കുക എന്നതാണ്. പ്രത്യേകിച്ചും കേന്ദ്ര സുരക്ഷാസേനയെ വലിയതോതിൽ വിന്യസിച്ച സ്ഥിതിക്ക്. 
ഈ അവസരവാദ കൂട്ടുകക്ഷി സർക്കാരിന്റെ രൂപീകരണം ജനങ്ങളുടെ അന്യവൽക്കരണവും ജമ്മുവും കശ്മീരും തമ്മിലുള്ള വർഗീയവിഭജനവും  വർധിപ്പിക്കുകയേയുള്ളൂവെന്നും സിപിഐ എം അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. 

ഇപ്പോൾ ഗവർണർ ഭരണം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഇത്രയും വഷളായ മറ്റൊരവസരവും അടുത്തൊന്നും ഉണ്ടായിട്ടില്ല. വലിയ വിഭാഗം ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ പൊതുധാരയിൽനിന്ന‌് അകന്നുപോയി എന്നുമാത്രമല്ല ഇന്ത്യയുമായി ഒരു ധാരണയ‌്ക്കും അവർ തയ്യാറുമല്ല.  ഇതിന് പ്രധാന കാരണം കേന്ദ്ര സർക്കാർ തുടർന്നുവരുന്ന ക്രൂരമായ അടിച്ചമർത്തൽനയവും സംസ്ഥാന സർക്കാരിനെ ചൊൽപ്പടിയിൽനിർത്തുന്ന അനുശാസിത ഭരണവുമാണ്. 2016 ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി ബുർഹാൻ വാനി കൊല്ലപ്പെട്ടതോടെയാണ് താഴ്‌വരയിൽ വൻ പ്രതിഷേധം ഉയർന്നത്. ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ സുരക്ഷാസേന പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു.  ഇതിന്റെ ഫലമായി അഞ്ഞൂറോളം യുവതീയുവാക്കൾ അന്ധരാകുകയോ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവരായി മാറുകയോ ചെയ്തു. 

ഹുറിയത്ത് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയശക്തികളുമായും സംഭാഷണം ആരംഭിക്കുന്നതിന് ഒരു നീക്കവും  മോഡി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്തരം അഭ്യർഥനകളൊക്കെ സർക്കാർ തള്ളിക്കളയുകയും ചെയ്തു.  ഇതിന്റെ അനന്തരഫലം നൂറുകണക്കിന് യുവജനങ്ങൾ തീവ്രവാദികളായി മാറിയെന്നതാണ്. കഴിഞ്ഞവർഷത്തെ കണക്കെടുത്താൽ അതിർത്തികടന്നെത്തുന്ന തീവ്രാദികളേക്കാൾ അധികമാണ് പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രവാദികൾ. 
2016 മധ്യത്തോടെ അക്രമപ്രവർത്തനങ്ങൾ വർധിച്ചു. ഇതിന്റെ ഫലമായി കൂടുതൽ തീവ്രവാദ ആക്രമണങ്ങളും സുരക്ഷാസേനയുടെ പ്രത്യാക്രമണങ്ങളും ഉണ്ടായി.  കഴിഞ്ഞ ദശാബ‌്ദത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട വർഷമായിരുന്നു 2017. 40 സിവിലിയന്മാരും 80 സുരക്ഷാ ഉദ്യോഗസ്ഥരും 213 തീവ്രവാദികളും കൊല്ലപ്പെട്ടു.  തീവ്രവാദികളിൽ കല്ലേറിൽ പങ്കെടുത്ത  ‘സിവിലിയന്മാരായ' യുവാക്കളും പെടും. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ബിജെപി തീവ്രവാദത്തെ നേരിടാൻ കൂടുതൽ കടുത്ത നടപടികൾക്കായി സമ്മർദം ചെലുത്തി. ഇത് നടപ്പാക്കിയപ്പോൾ സർക്കാരിനെതിരായ രോഷം വർധിക്കുകയും കൂടുതൽ യുവാക്കൾ തീവ്രവാദികളായി മാറുകയും ചെയ്തു.

ഇതേസമയം ജമ്മുവിലെ ബിജെപി മന്ത്രിമാരും ബിജെപി‐ആർഎസ്എസ് പ്രവർത്തകരും ജമ്മുവിലെ ജനങ്ങളെ താഴ്‌വരയിലെ ജനങ്ങൾക്കെതിരെ തിരിച്ചുവിടുന്ന, വർഗീയധ്രുവീകരണത്തെ സഹായിക്കുന്ന തുടർച്ചയായ പ്രചാരണത്തിന് നേതൃത്വം നൽകി.  ഇതിന്റെ ഫലമായി താഴ്‌വരയിൽ വളർന്ന ഇസ്ലാമിക തീവ്രവാദത്തെ, അടിച്ചമർത്തൽ നയം ശക്തമാക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. ഏറെ ബഹുമാനിക്കപ്പെടുന്ന പത്രാധിപർ ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകം അശുഭകരമായ മുന്നറിയിപ്പായിരുന്നു.

ഈ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന്റെ അന്തിമഫലമാണ് ജമ്മുവിലെ കഠ്‌വയിൽ ഒരു എട്ടുവയസ്സുകാരിയായ മുസ്ലിം പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതും കൊലചെയ്യപ്പെട്ടതും.  കൊടും ക്രൂരത കാട്ടിയവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ നടന്ന പ്രതിഷേധത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ട് ബിജെപി മന്ത്രിമാരും നേതാക്കളും പങ്കെടുത്തു.  ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നതിന്റെ ഫലമായാണ് ഈ രണ്ട് മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ ബിജെപി നിർബന്ധിതമായത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബോധപൂർമായ തീരുമാനത്തിന്റെ ഭാഗമായാണ് മെഹ്ബൂബ മുഫ്തി സർക്കാരിനെ ബിജെപി വീഴ്ത്തിയത്.  കശ്മീരികൾ ദേശവിരുദ്ധരാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നുമായിരിക്കും ബിജെപിയുടെ പ്രചാരണം. പിഡിപി സർക്കാർ ഭീകരവാദത്തെ നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് അവർ ആരോപിച്ചുകഴിഞ്ഞു.  ജമ്മുവിൽനിന്നു മാത്രമേ ബിജെപിക്ക്  ലോക‌്സഭാ സീറ്റ് പ്രതീക്ഷയുള്ളൂ.  അതിനവർക്ക് കശ്മീരി മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കളുടെ ചാമ്പ്യൻ പട്ടം എടുത്തണിയണം. 

ഇതുമാത്രമല്ല ദേശീയതലത്തിൽത്തന്നെ ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയവേദി കെട്ടി ഉയർത്താൻ കശ്മീർ പ്രശ്‌നം അവർക്കാവശ്യമാണ്. ‘ഭീകരവാദത്തെ' അടിച്ചമർത്താനും  ദേശീയ സുരക്ഷ ഉറപ്പുവരുത്താനും നിരന്തരമായി ശ്രമിച്ചെന്ന വർഗീയച്ചുവയുള്ള പ്രചാരണം കെട്ടിപ്പൊക്കാനാണ് ബിജെപി ശ്രമം. എന്നാൽ, ഈ ശ്രമങ്ങൾ ഭീകരവാദത്തോട് മൃദുസമീപനമുള്ള പിഡിപിയും കശ്മീരിലെ മുസ്ലിങ്ങളും തടസ്സപ്പെടുത്തിയെന്നായിരിക്കും ബിജെപിയുടെ വാദം.

കശ്മീരി ജനതയെ അപ്പാടെ ഒറ്റപ്പെടുത്തിയും നൂറുകണക്കിന് യുവാക്കളെ തീവ്രവാദ കേസിലേക്ക് തള്ളിവിട്ടും  ദേശീയ ഐക്യത്തിനും ദേശീയ സുരക്ഷയ‌്ക്കും യഥാർഥത്തിൽ ഹാനിവരുത്തിയത് ബിജെപിയാണെന്നതാണ് സത്യം. എല്ലാവരും പറയുന്നത് മോഡി സർക്കാരിന്റെ കശ്മീർ നയം ദാരുണമായി പരാജയപ്പെട്ടെന്നാണ്.  ബിജെപിയെ സംബന്ധിച്ച് കശ്മീർ പ്രശ്‌നം രാജ്യത്തെ ഹിന്ദുത്വവികാരം ഉണർത്താനുള്ള വിഷയം മാത്രമാണ്. 

ബിജെപിയുടെ സങ്കുചിതവും വിഭാഗീയവുമായ അജൻഡ പൂർത്തിയാക്കാനുള്ള ഉപകരണമായി കശ്മീർ ജനതയെ മാറ്റാൻ ഒരു കാരണവശാലും അനുവദിക്കരുത്.  ജമ്മു കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളുമായും രാഷ്ട്രീയസംഭാഷണം ആരംഭിക്കുകമാത്രമാണ് മുന്നോട്ടുള്ള വഴിയെന്ന് രാജ്യത്തെ എല്ലാ ജനാധിപത്യ മതിനിരപേക്ഷ ശക്തികളും ഒന്നിച്ച് ആവശ്യമുയർത്തണം. ഇതിന് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണം. ജനങ്ങളെ  അടിച്ചമർത്തലിന്റെ ഇരകളാകാൻ അനുവദിക്കരുത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top