22 September Sunday

തീവ്ര വർഗീയ പ്രചാരണം

പ്രകാശ്‌ കാരാട്ട്‌Updated: Thursday Apr 25, 2019


കേരളത്തിൽ ഉൾപ്പെടെ മൂന്നാംഘട്ട ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 23ന് നടന്നു. ഇതോടെ 17–ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, ധ്രുവീകരണം ലക്ഷ്യമാക്കി ബിജെപിയുടെ പ്രചാരണം തീവ്ര വർഗീയതയിലേക്ക് നീങ്ങിയിരിക്കുകയാണ്. നരേന്ദ്ര മോഡിമുതൽ അമിത്ഷാവരെയുള്ള ബിജെപി  നേതാക്കളുടെ പ്രസംഗം ദിവസം കഴിയുന്തോറും തീവ്രമാകുകയാണ്. ഹിന്ദുക്കളോട് ഒന്നിച്ച് വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ന്യൂനപക്ഷത്തെ താഴ്ത്തിക്കെട്ടുമെന്ന പരോക്ഷമായ ഭീഷണിയും ഉയർന്നുകൊണ്ടിരിക്കുന്നു. രണോത്സുക ദേശീയവാദം ഉയർത്തുന്നതിന്റെ ഭാഗമായി സൈന്യത്തെ ദുരുപയോഗിക്കുന്നതോടൊപ്പം പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആഭ്യന്തരശത്രുക്കളെ നിലയ്ക്കുനിർത്തുമെന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം
മോഡി നടത്തിയ ചില പ്രസംഗങ്ങൾ പരിശോധിക്കാം.  ഭീകരവാദക്കേസിൽ കുറ്റാരോപിതരായ പ്രഗ്യാ സിങ്ങ് താക്കൂറിന്റെയും അസീമാനന്ദയുടെയും കേസുകൾ പരാമർശിക്കവെ ഹിന്ദുക്കളിൽ ചിലരിൽ ഭീകരത ആരോപിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന് മോഡി പറഞ്ഞു.  ഈ പ്രസ്താവനകൊണ്ട് മോഡി അടിവരയിടുന്നത് ഹിന്ദുക്കൾ ഒരിക്കലും ഭീകരവാദികളായിരിക്കില്ല മുസ്ലിങ്ങൾ മാത്രമായിരിക്കും ഭീകരവാദികൾ എന്നാണ്. ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയവർക്കും പുൽവാമയിലെ  രക്തസാക്ഷികൾക്കുമായി കന്നിവോട്ട് സമർപ്പിക്കാൻ ആദ്യമായി പോളിങ് ബൂത്തിലെത്തുന്നവരോട് പരസ്യമായി അഭ്യർഥിക്കാനും മോഡി തയ്യാറായി. മറ്റൊരു പ്രസംഗത്തിൽ ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാത്തപക്ഷം രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് പാകിസ്ഥാനെ ഓർമിപ്പിക്കാനും മോഡി തയ്യാറായി. അതോടൊപ്പം നമ്മുടെ കൈവശമുള്ള ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാൻ മാത്രമുള്ളതല്ലെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്താനും മോഡി തയ്യാറായി.

വടക്ക് ‐ കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നടത്തിയ പ്രസംഗങ്ങളിൽ അമിത് ഷാ പൗരത്വ (ഭേദഗതി) ബിൽ പാർലമെന്റിൽ വീണ്ടും അവതരിപ്പിച്ച് പാസാക്കുമെന്നുപറഞ്ഞു. രാജ്യത്ത് അനധികൃതമായി കുടിയേറിയവർക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതാണ് ഈ ബിൽ. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിക്കുകാർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വത്തിന് അർഹത. എന്നാൽ, മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ല. പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പൗരത്വ ദേശീയ രജിസ്റ്റർ (എൻആർസി) ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിമുതൽ അമിത്ഷാവരെയുള്ള ബിജെപി  നേതാക്കളുടെ പ്രസംഗം ദിവസം കഴിയുന്തോറും തീവ്രമാകുകയാണ്. ഹിന്ദുക്കളോട് ഒന്നിച്ച്  വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ന്യൂനപക്ഷത്തെ താഴ്ത്തിക്കെട്ടുമെന്ന പരോക്ഷമായ ഭീഷണിയും ഉയർന്നുകൊണ്ടിരിക്കുന്നു. രണോത്സുക ദേശീയവാദം ഉയർത്തുന്നതിന്റെ ഭാഗമായി സൈന്യത്തെ ദുരുപയോഗിക്കുന്നതോടൊപ്പം പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആഭ്യന്തരശത്രുക്കളെ നിലയ്ക്കുമനിർത്തുമെന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു
 

തിരിച്ചറിയൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്ററിൽ പേര് ചേർക്കപ്പെടുമ്പോൾ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാകുമെന്നാണ് വാദം. ഇതും മുസ്ലിങ്ങൾക്കെതിരായ നീക്കമാണ്. ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറി വന്നവരാണ് മുസ്ലിങ്ങൾ എന്നാണ് വാദം.

മോഡിയും അമിത് ഷായും ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതിന് സമാന്തരമായി യോഗി ആദിത്യനാഥിനെപോലുള്ള നേതാക്കൾ പരസ്യമായി വർഗീയ ധ്രുവീകരണത്തിനായാണ് ശ്രമിക്കുന്നത്. കേരളത്തിൽ ബിജെപി നേതാക്കളുടെ പ്രധാന പ്രചാരണം "വിശ്വാസം' അപകടത്തിലാണെന്നാണ്. അയ്യപ്പ ഭക്തൻമാരെ അടിച്ചമർത്തുന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു. ആദിത്യനാഥിന്റെ കുപ്രസിദ്ധ പ്രസംഗം അലി (എസ്പി– ബിഎസ്പി ‐ ആർഎൽഡി) ബജ്രംഗ്ബലിയാണ്.

എന്നാൽ, തീവ്ര ഹിന്ദുത്വനയം മുന്നോട്ടുവയ്ക്കുന്നതിനും വർഗീയ ധ്രുവീകരണം ശക്തമാക്കുന്നതിനുമായുള്ള പ്രകോപനപരമായ നടപടിയാണ് പ്രഗ്യാ സിങ്ങ് താക്കൂറിനെ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാക്കിയത്. 2008ലെ മലേഗാവ് സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് പ്രഗ്യാസിങ് താക്കൂർ. മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്തവരിൽ പ്രധാനിയാണിവർ. കുറ്റപത്രം അനുസരിച്ച് പ്രഗ്യാ സിങ് താക്കൂറിന്റെ മോട്ടോർ സൈക്കിളാണ് സ്ഫോടകവസ്തുക്കൾ നിറച്ച് സ്ഫോടനം നടത്തുന്നതിനായി ഉപയോഗിച്ചത്. ആറുപേരാണ് ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷമാണ് ഈ കേസ് തേച്ചുമാച്ചു കളയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രഗ്യാ സിങ് താക്കൂറിനെതിരെ വേണ്ടത്ര തെളിവില്ലെന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ പറഞ്ഞതെങ്കിലും കോടതി അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവർക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു.

സബ്കാസാഥ് സബ് കാ വികാസ് എന്ന മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചിരിക്കുന്നു
ഭീകരവാദക്കേസിൽ പ്രതിയായ വ്യക്തിയെയാണ് ബിജെപി ഭോപാൽ സീറ്റിൽ സ്ഥാനാർഥിയാക്കിയിട്ടുള്ളത്. അമിത്ഷായും നരേന്ദ്ര മോഡിയും ഈ സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുകയും ചെയ്തു. വ്യാജ കേസിലാണ് പ്രഗ്യാ സിങ്ങിനെ പ്രതിചേർക്കപ്പെട്ടതെന്നാണ് അമിത് ഷായുടെ വാദം. മൂവായിരം വർഷം പഴക്കമുള്ള പുരാതന സംസ്കാരത്തിനെതിരാണ് പ്രഗ്യാ സിങ്ങിനെതിരെയുള്ള കേസ് എന്നാണ് മോഡി അഭിപ്രായപ്പെട്ടത്. തീവ്ര ഹിന്ദുത്വത്തോടുള്ള താൽപ്പര്യവും മുസ്ലിംവിരോധവും പ്രഗ്യാ സിങ് ഒരിക്കലും മറച്ചുവച്ചിട്ടില്ല. അവരിപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. വിചാരണ നടക്കാനിരിക്കുന്നതേയുള്ളൂ.

ഭോപാലിൽ നാമനിർദേശപത്രിക സമർപ്പിച്ച ഉടനെ മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച  മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവൻ ഹേമന്ത് കർക്കറെയെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ പ്രഗ്യാ സിങ് തയ്യാറായി. കർക്കറെയെ താൻ ശപിച്ചുവെന്നും അതിന്റെ ഫലമായാണ് 45 ദിവസത്തിനുള്ളിൽ ഭീകരവാദികളുടെ വെടിയുണ്ടയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമാണ്  പ്രഗ്യാ സിങ് താക്കൂർ പറഞ്ഞത്. ധീരനായ പൊലീസ് ഓഫീസറായിരുന്നു കർക്കറെ. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിച്ച ഈ പ്രസ്താവന നടത്തിയതിനുശേഷവും അതിനെ അപലപിക്കാൻ ബിജെപി തയ്യാറായില്ല. പൊലീസിൽനിന്ന് പീഡനം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിൽ നടത്തിയ വ്യക്തിപരമായ പരാമർശമായിരിക്കാം ഇതെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്.

വിമർശനത്തിൽ കൂസാതെ പ്രഗ്യാ സിങ് പറഞ്ഞത് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ താൻ അവിടെ ഉണ്ടായിരിന്നുവെന്നും രാമക്ഷേത്രം അവിടെ നിർമിക്കുമ്പോഴും താൻ അവിടെ ഉണ്ടാകുമെന്നുമാണ്. പ്രഗ്യാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം ഈ തെരഞ്ഞെടുപ്പിലെ നിർണായക നിമിഷമാണ്.

ഭീകരവാദ പ്രവർത്തനത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കപ്പെടുന്ന വ്യക്തി, കടുത്ത മുസ്ലിം വിരോധി, സംഘപരിവാർ ഭാഷയിൽ സാധ്വിയാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപി ‐ ആർഎസ്എസ് പ്രതീകം. സബ്കാസാഥ് സബ് കാ വികാസ് എന്ന മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചിരിക്കുന്നു. തുറന്ന ഹിന്ദുത്വ സൈനിക ‐ സങ്കുചിത ദേശീയവാദ മുദ്രാവാക്യമാണ് അവരുയർത്തുന്നത്. വ്യാമോഹങ്ങൾക്കൊന്നും ഇനി അടിസ്ഥാനമില്ല. രാജ്യത്തെ രക്ഷിക്കാൻ ബിജെപിയെയും മോഡിയെയും പരാജയപ്പെടുത്തുകതന്നെ വേണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top