18 April Thursday

ഭരണഘടനയെ വെല്ലുവിളിക്കുന്നവർ

പ്രകാശ്‌ കാരാട്ട്‌Updated: Saturday Nov 3, 2018


ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗം ഭരണഘടനയെയും സുപ്രീംകോടതിയെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന കലാപത്തെ ബിജെപി പിന്തുണയ‌്ക്കുന്നതിനെക്കുറിച്ചും അതിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുമാണ‌് അമിത് ഷാ പറഞ്ഞതെങ്കിലും ജുഡീഷ്യറിക്കെതിരായ വിരട്ടലും ഭീഷണിയും കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ പ്രധാന്യം അർഹിക്കുന്നത്.

പ്രസംഗത്തിനിടയിൽ അമിത് ഷാ പറഞ്ഞു‘എനിക്ക് സർക്കാരിനോടും(കേരള) ഉത്തരവ് പ്രഖ്യാപിക്കുന്ന കോടതികളോടും പറയാനുള്ളത് ഇറക്കുന്ന ഉത്തരവുകൾ നടപ്പാക്കാൻ കഴിയുന്നതായിരിക്കണം എന്നും അത്  ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നതായിരിക്കരുത്' എന്നുമാണ്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വീഴ‌്ത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.  ഇതിൽനിന്ന‌് വ്യക്തമാകുന്ന കാര്യം ഭരണഘടനയല്ല മറിച്ച് ജനങ്ങളുടെ ‘വിശ്വാസത്തിനാണ‌്’ കോടതികൾ ചെവികൊടുക്കേണ്ടത് എന്നാണ്. ‘ജനങ്ങളുടെ വിശ്വാസം തകർക്കുന്ന' കോടതിവിധികൾ നടപ്പാക്കുന്ന സർക്കാരുകൾ അട്ടിമറിക്കപ്പെടാൻ അർഹമാണെന്നാണ് വിവക്ഷ.

ബിജെപിയുടെ അറുപിന്തിരിപ്പൻ ആശയങ്ങൾ
അതായത് ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിന് കീഴ്പ്പെട്ട് പ്രവർത്തിക്കണമെന്നും അറുപിന്തിരിപ്പൻ ഹിന്ദുത്വ ആശയങ്ങൾ അംഗീകരിക്കണമെന്നുമാണ്  ആർഎസ്എസിന്റെയും അവരുടെ രാഷ്ട്രീയവേദിയായ ബിജെപിയുടെയും  കാഴ്ചപ്പാടെന്ന് വ്യക്തമാക്കപ്പെടുകയാണ്.  അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ തൊട്ടടുത്ത ദിവസം ആർഎസ്എസ് സ‌്പോൺസർ ചെയ്യുന്ന ഒരു ഫൗണ്ടേഷന്റെ യോഗത്തിൽ സംസാരിക്കവെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയും ഇതേ വാദഗതിതന്നെ സഭ്യമായ ഭാഷയിൽ പറഞ്ഞുവച്ചു. ‘ഭരണഘടനാതത്വവും' ഭക്തരും തമ്മിലുള്ള വകതിരിവിൽ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നം വരുമ്പോൾ സമത്വവും അന്തസ്സുമുള്ള ജീവിതത്തെക്കാൾ മതാവകാശങ്ങൾക്കും ആചാരങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നാണ് അരുൺ ജെയ്റ്റലി പറഞ്ഞുവച്ചത്.

സംഘപരിവാർ അജൻഡ
അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധിക്തെിരെയുള്ള അപ്പീൽ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന് മൂന്നുദിവസം മുമ്പാണ് അമിത് ഷായുടെ പ്രഖ്യാപനം ഉണ്ടായത്.  അതുകൊണ്ടുതന്നെ അമിത് ഷായുടെ പ്രസംഗം സുപ്രീംകോടതിക്കുള്ള മുന്നറിയിപ്പായി കാണാം. അയോധ്യാ കേസിൽ നടപ്പാക്കാൻ കഴിയുന്ന (ബിജെപി–-ആർഎസ്എസ് അഭിപ്രായത്തിനൊത്ത ) വിധിന്യായം മാത്രമേ സ്വീകാര്യമാകൂ എന്നും അത് ‘ജനങ്ങളുടെ വിശ്വാസത്തെ ലംഘിക്കുന്നതാകരുതെന്നു'മാണ് അമിത് ഷാ പറഞ്ഞുവച്ചത്. അതോടൊപ്പം  വേഗത്തിൽ വിചാരണ നടത്താനും അവർക്ക് അഭിലഷണീയമായ വിധി പ്രഖ്യാപിക്കാനും കോടതിയിൽ കടുത്ത സമ്മർദമുയരുകയും ചെയ‌്തു. ക്ഷേത്രനിർമാണത്തിന് വഴിയൊരുക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്ന മറ്റൊരുവഴിയും ഇതോടൊപ്പം തുറന്നിട്ടു.  ആർഎസ്എസ് മേധാവി അദ്ദേഹത്തിന്റെ വിജയദശമി പ്രസംഗത്തിൽ പറഞ്ഞത് ഞങ്ങൾ സുപ്രീംകോടതി വിധിക്ക‌് കാത്തിരിക്കുകയാണെന്നാണ്. നേരത്തേ വിധി പുറപ്പെടുവിക്കുന്നതിന് കോടതിയിൽ സമ്മർദം ചെലുത്തണമെന്ന വ്യക്തമായ സന്ദേശമാണിത‌്.  

എങ്കിലും ഒക്ടോബർ 29ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞത്, പരാതി കേൾക്കുന്നതിന് അടിയന്തരമായ ഒരു സാഹചര്യവും ഇല്ലെന്നും വാദം കേൾക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കുമെന്നും വിചാരണതീയതിയും മറ്റും ജനുവരിയിൽ ഈ ബെഞ്ച് നിശ്ചയിക്കുമെന്നുമാണ്.  ഈ നടപടിയിലുടെ സംഘപരിവാറിന് വഴങ്ങേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. കോടതി വിധി ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുകാലത്ത് വർഗീയധ്രുവീകരണത്തിന് ഉപയോഗിക്കാനുള്ള സംഘപരിവാറിന്റെ അജൻഡയാണ് ഇതോടെ പൊളിഞ്ഞത്. 

സുപ്രീംകോടതിയുടെ തീരുമാനം സംഘപരിവാർ സംഘടനകളുടെ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായി.  ഉടൻ ഓർഡിനൻസ്  ഇറക്കണമെന്ന ആവശ്യം ഉയർന്നു.  അതല്ലെങ്കിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിയമനിർമാണം നടത്തണമെന്ന ആവശ്യവും ഉയർന്നു.  ഇനിയും കാലതാമസമുണ്ടായാൽ ഹിന്ദുക്കളുടെ ക്ഷമ നശിക്കുമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.  ക്ഷേത്ര നിർമാണം ഉറപ്പുവരുത്താൻ എല്ലാ മാർഗങ്ങളും ആരായണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും പറഞ്ഞു. 

മോഡി സർക്കാരിന‌് ഒരുതരത്തിലും അയോധ്യാ വിഷയത്തിൽ ഓർഡിനൻസ് ഇറക്കാനോ നിയമനിർമാണം നടത്താനോ കഴിയില്ല.  കാരണം, വിഷയം ജുഡീഷ്യൽ പ്രക്രിയയിലുടെ മുന്നോട്ടുപോകുകയാണ്. നിലവിൽ വിഷയം സുപ്രീംകോടതിയുടെ മുമ്പിലാണുള്ളത്. ഈ പ്രകിയയെ തടയാൻ ഒരു മാർഗവും സർക്കാരിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ മുന്നിലില്ല. എന്നാൽ, ആർഎസ്എസിനും ബിജെപിക്കും രാമക്ഷേത്രപ്രശ്നം ലോക‌്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കത്തുന്ന വിഷയമാക്കി മാറ്റണം. അതുകൊണ്ടുതന്നെയാണ്  അയോധ്യാ വിഷയം മുന്നിലേക്ക് കൊണ്ടുവരുന്നതിനുള്ള കൂട്ടായശ്രമം നടക്കുന്നത്. 
ശബരിമല വിധിന്യായം നടപ്പാക്കുന്നത് അതുകൊണ്ടുതന്നെ ഒരു പരീക്ഷണഘട്ടമാണ്. ഈ വിധിന്യായത്തെ ആർഎസ്എസ്–-ബിജെപി കൂട്ടുകെട്ട് എതിർക്കുന്നതുപോലെ തന്നെ അയോധ്യ വിധിന്യായത്തെയും അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ളതല്ലെങ്കിൽ അവർ എതിർക്കും.  അതുകൊണ്ടുതന്നെ ശബരിമല വിധിന്യായം അട്ടിമറിക്കാനുള്ള സമരങ്ങൾ ഒരു റിഹേഴ‌്സലാണ‌്. മതനിരപേക്ഷ–-ഭരണഘടനാ തത്വങ്ങളും മതവിശ്വാസത്തിന്റെ പേരിൽ സമത്വവും ലിംഗനീതിയും നിഷേധിക്കുന്നവരും തമ്മിലുള്ള നിർണായകമായ പോരാട്ടമാണ് നടക്കുന്നത്.

വർഗീയശക്തികളുടെ കപടതന്ത്രങ്ങളെ പ്രതിരോധിക്കണം
അയോധ്യാ വിഷയത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ, രാജീവ് ഗാന്ധിയും നരസിംഹറാവുവും ഹിന്ദുത്വ ശക്തികളുമായി വിട്ടുവീഴ‌്ച ചെയ‌്തതിന്റെ ഫലമായാണ് ബാബ‌്റി മസ്ജിദ് തകർക്കുന്നതിലേക്ക് എത്തിയത്. എന്നാൽ, ഇതിൽനിന്ന‌് വ്യത്യസ‌്തമായി ശബരിമല കേസിലാകട്ടെ സംസ്ഥാനം ഭരിക്കുന്ന സർക്കാർ വർഗീയശക്തികൾക്കു മുമ്പിൽ കീഴടങ്ങാൻ തയ്യാറല്ല. സംസ്ഥാനത്ത‌് ഭരണം നടത്തുന്ന എൽഡിഎഫ‌് സർക്കാർ മതനിരപേക്ഷ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത‌് മുന്നോട്ടുപോകുകയാണ്. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മതനിരപേക്ഷ ബോധം വർഗീയശക്തികളുടെ ഹീനമായ ശ്രമത്തെ എതിർത്തു തോൽപ്പിക്കുകതന്നെ ചെയ്യും. വർഗീയശക്തികളുടെ രാഷ്ട്രീയത്തെയും കപടതന്ത്രങ്ങളെയും എങ്ങനെയാണ് നേരിടേണ്ടതെന്നതിന് കേരളം വഴികാട്ടും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top