25 March Monday

ഇന്ത്യക്ക‌് 2+2=0

പ്രകാശ്‌ കാരാട്ട്‌Updated: Thursday Sep 13, 2018

അമേരിക്കയുടെ സാമന്ത സഖ്യകക്ഷിയാകാനുള്ള ഇന്ത്യയുടെ പ്രയാണം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.അമേരിക്കയുടെയും ഇന്ത്യയുടെയും വിദേശ, പ്രതിരോധമന്ത്രിമാർ തമ്മിലുള്ള ആദ്യ ടു പ്ലസ‌് ടു സംഭാഷണം സെപ്തംബർ ആറിന് ഡൽഹിയിൽ നടന്നു. ഇന്ത്യ‐അമേരിക്ക തന്ത്രപ്രധാന ബന്ധം ഇതോടെ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു.  അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈ ക്ക് പോംപിയോവും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ടു പ്ലസ് ടു യോഗം ഇനി എല്ലാ വർഷത്തിലും നടക്കും. 

ഇരു രാഷ്ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള സംഭാഷണമായതുകൊണ്ടുതന്നെ സഖ്യത്തിന്റെ ഊന്നൽ സൈനിക, സുരക്ഷാ കൂട്ടുകെട്ടിലാണ്. അമേരിക്ക എന്നും ആവശ്യപ്പെടുന്നത് സൈനിക സുരക്ഷാ സഹകരണത്തിലൂന്നിയ തന്ത്രപ്രധാന ബന്ധമാണ്.

മോഡി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് സൈനികസഖ്യം സ്ഥാപിക്കുന്നതിനും സാമന്തബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കത്തിന്റെ വേഗം വർധിച്ചത്. 2015ൽ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യ സന്ദർശനവേളയിലാണ് ഇന്ത്യൻ മഹാസമുദ്രമേഖലയ‌്ക്കും ഏഷ്യ പസഫിക‌് മേഖലയ‌്ക്കുമായുള്ള സംയുക്ത കാഴ്ചപ്പാട് രേഖയിൽ ഇന്ത്യ ഒപ്പുവച്ചത്. ഏഷ്യ പസഫിക‌് മേഖലയിലെ അമേരിക്കൻ തന്ത്രത്തിനൊപ്പമാണ് ഇന്ത്യയെന്ന പ്രഖ്യാപനമായിരുന്നു ഇത്. ഇതിന് പ്രത്യുപകാരമെന്ന നിലയിലാണ് 2016ൽ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യ അംഗീകരിക്കപ്പെട്ടത്. നാറ്റോ രാഷ്ട്രങ്ങൾക്കും ഏഷ്യയിലെ സൈനിക സഖ്യശക്തികളായ ജപ്പാനും ദക്ഷിണകൊറിയക്കുമുള്ള പദവിയാണ് ഇന്ത്യക്കും ലഭിച്ചത്.  

മോഡി സർക്കാരാണ് 2015ൽ അടുത്ത പത്ത് വർഷത്തേക്കുകൂടി പ്രതിരോധ ചട്ടക്കൂട് കരാർ പുതുക്കിയത്. ഇതിന്റ തുടർച്ചയെന്നോണം 2016ൽ സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന ലെമോവ കരാറിലും ഇന്ത്യ ഒപ്പുവച്ചു.  ഈ കരാറനുസരിച്ച‌് അമേരിക്കൻ നാവിക കപ്പലുകൾക്കും എയർഫോഴ്‌സ് വിമാനങ്ങൾക്കും ഇന്ത്യൻ നാവിക, വ്യോമ താവളങ്ങളിൽ ഇന്ധനം നിറയ‌്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഉപയോഗിക്കാമെന്ന് വന്നു. 

സൈനിക ചട്ടക്കൂട് കരാറിന്റെ ഭാഗമായി ഇന്ത്യൻസേനയെ അമേരിക്കൻ പ്രതിരോധ സംവിധാനവുമായി കണ്ണിചേർക്കുന്നതിന് മൂന്ന് കരാർ ഒപ്പുവയ‌്ക്കണമെന്നാണ് അമേരിക്ക ശഠിച്ചത്. അതിൽ ഒന്നാമത്തേതാണ് സൈനിക സൗകര്യങ്ങൾ പസ്പരം കൈമാറുന്ന എൽഎസ്എ (ലെമോവ) കരാർ. മോഡി സർക്കാർ അധികാരമേറിയതോടെ അതിൽ ഇന്ത്യ ഒപ്പിട്ടു. രണ്ടാമത്തേതാണ് സൈനിക ആശയവിനിമയം ഉറപ്പാക്കുന്ന സിസ്‌മോവ (കോം കാസ) കരാർ. മൂന്നാമത്തേതാണ് ബേസിക‌് എക്‌സേഞ്ച് ആൻഡ‌് കോ‐ഓപ്പറേഷൻ എഗ്രിമെന്റ്.  

ടു പ്ലസ് ടു യോഗത്തിൽവച്ച് ഇതിൽ രണ്ടാമത്തെ സിസ്‌മോവ കരാർ അഥവാ സമ്പൂർണ സൈനിക ആശയവിനിമയം ഉറപ്പാക്കുന്ന കരാർ കോം കാസ എന്ന പേരിൽ ഒപ്പിട്ടു. ഈ കരാറനുസരിച്ച് അമേരിക്ക നൽകുന്ന ആയുധങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നുണ്ടോയെന്ന് അമേരിക്ക നിരീക്ഷിക്കും. സ്വാഭാവികമായും ഇന്ത്യൻ സൈനിക താവളങ്ങൾ അമേരിക്കൻ ഇൻസ്‌പെക്ടേഴ്‌സിന്റെ പരിശോധനയ‌്ക്കായി തുറന്നിടേണ്ടിവരും. അവർ നൽകുന്ന കമ്യൂണിക്കേഷൻ സംവിധാനം പരിശോധിക്കുന്നതിനാണിത്. ഇതുവഴി ഇന്ത്യൻ സൈന്യത്തിനകത്തു നടക്കുന്ന ആശയവിനിമയങ്ങളും അമേരിക്കയ‌്ക്ക് നിരീക്ഷിക്കാൻ കഴിയും. റഷ്യയിൽനിന്നും മറ്റും വാങ്ങിയ അത്യന്താധുനിക യുദ്ധോപകരണങ്ങളും മറ്റും ഈ ആയുധ സംവിധാനവുമായി പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്യും. 

ടു പ്ലസ് ടു യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയനുസരിച്ച് ഏഷ്യയിലെ അമേരിക്കൻ തന്ത്രപ്രധാന താൽപ്പര്യങ്ങൾക്ക് ഇന്ത്യ കീഴ്‌പ്പെടുമെന്നു മാത്രമല്ല ആ ദിശയിലേക്കുള്ള കൂടുതൽ നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിൽ ഹോട്ട്‌ലൈൻ ആശയവിനിമയം ആരംഭിക്കാനും തീരുമാനമായി. സൈന്യത്തിന്റെ മൂന്ന് ദളങ്ങളും ഉൾപ്പെട്ട സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായി. മറ്റൊരു പ്രധാന തീരുമാനം യുഎസ് നേവി സെൻട്രൽ കമാൻഡിലും ഇന്ത്യൻ നാവിക ആസ്ഥാനത്തും ലെയ്‌സൺ ഓഫീസർമാരെ നിയമിക്കുമെന്നതാണ്. 

ഈ തീരുമാനങ്ങളെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യ അമേരിക്കയുടെ സമ്പൂർണ സൈനിക സഖ്യകക്ഷിയായി മാറിയിരിക്കുന്നു എന്നാണ്. എങ്കിലും ഈ സഖ്യം തുല്യതയുടെ അടിസ്ഥാനത്തിലുള്ളതല്ല. ഇന്ത്യ സാമന്ത പദവിയിലാണ് സഖ്യത്തിലുള്ളത്.

ടു പ്ലസ് ടു യോഗത്തിൽ ഉയർന്നുവന്ന രണ്ട് വിഷയങ്ങൾ മോഡി സ്വയം എടുത്തണിഞ്ഞ ഈ സാമന്ത പദവിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.  അതിൽ ആദ്യത്തെ വിഷയം അമേരിക്കൻ കോൺഗ്രസ് പാസാക്കിയ എതിരാളികളെ ഉപരോധത്തിലൂടെ എതിരിടുന്ന സിഎഎടിഎസ്എ എന്ന നിയമമാണ്. ഈ നിയമമനുസരിച്ച് റഷ്യൻ ആയുധ കമ്പനികളുമായും സുരക്ഷാ ഏജൻസികളുമായും  വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുനേരെ അമേരിക്കൻ ഉപരോധം ഏർപ്പെടുത്തും. റഷ്യയിൽനിന്ന‌് ഇന്ത്യ അഞ്ച് എസ്400 ട്രയംഫ് മിസൈൽ സംവിധാനം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 

മേൽപറഞ്ഞ നിയമമനുസരിച്ച് ഈ മിസൈൽ വാങ്ങിയാൽ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തും. ഈ മിസൈലുകൾ റഷ്യയിൽനിന്ന‌് വാങ്ങാൻ അനുവദിക്കണമെന്ന് അമേരിക്കയോട് യാചിക്കുകയാണ് ഇപ്പോൾ മോഡി സർക്കാർ. എന്നാൽ, ടു പ്ലസ് ടു യോഗത്തിൽ ഇളവു നൽകുമെന്ന ഒരുറപ്പും അമേരിക്ക നൽകുകയുണ്ടായില്ല. സൈനിക കരാറും സൈന്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയുംവഴി അമേരിക്കയിൽനിന്ന‌് കൂടുതൽ ആയുധങ്ങൾ വാങ്ങാനാണ് ഇന്ത്യക്കുമേൽ സമ്മർദം ഉയരുന്നത്.

‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം ഉയർത്തുന്ന ഡോണൾഡ് ട്രംപ് അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്കുള്ള വ്യാപാരമിച്ചം കുറയ‌്ക്കണമെന്ന് ഊന്നിപ്പറയുകയും അതിനായി അമേരിക്കയിൽനിന്ന് ശതകോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങൾ വാങ്ങണമെന്ന് നിർബന്ധിക്കുകയുമാണ്. 

ഈ സാമന്ത ബന്ധത്തിന്റെ മറ്റൊരു വശം അമേരിക്കയുടെ ഇറാനെതിരായ ഉപരോധമാണ്. ഇറാനുമായി ആറ് രാഷ്ട്രം ഒപ്പിട്ട ആണവകരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. മേയിൽ ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇറാനിൽനിന്ന‌് എണ്ണ വാങ്ങുന്ന എല്ലാ രാഷ്ട്രങ്ങളും നവംബറിനകം അത് അവസാനിപ്പിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിന് തയ്യാറാകാത്ത പക്ഷം അത്തരം രാഷ്ട്രങ്ങൾക്കുനേരെയും ബിസിനസ‌് സ്ഥാപനങ്ങൾക്കുനേരെയും ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കൻ ഭീഷണി.

ഇറാനെതിരായ യുഎൻ ഉപരോധം പിൻവലിച്ചതിനുശേഷം ആ രാജ്യത്തുനിന്ന‌് ഇന്ത്യ ക്രമാനുഗതമായി എണ്ണ ഇറക്കുമതി വർധിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും അമേരിക്കൻ ഉപരോധം ഇന്ത്യയെ വേട്ടയാടുകയാണ്. ടു പ്ലസ് ടു യോഗത്തിൽ ഇന്ത്യ ഇറാനിൽനിന്ന് പൂർണമായും എണ്ണ ഇറക്കുമതി നിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. ഇവിടെയും അമേരിക്കൻ ആവശ്യത്തിനു മുമ്പിൽ ഇന്ത്യ വഴങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യയിൽനിന്ന‌് മിസൈൽ സംവിധാനം വാങ്ങുന്ന കാര്യത്തിലും ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിലും ഇന്ത്യയെ ഭീഷണിപ്പെടുത്തി അമേരിക്ക ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ടു പ്ലസ് ടു യോഗം ഇക്കാര്യത്തിൽ ഇന്ത്യക്ക് ഒന്നും തിരിച്ചുനൽകിയതുമില്ല.

ആയുധം ഉൾപ്പെടെ അമേരിക്കൻ ചരക്കുകൾ കൂടുതൽ വാങ്ങി അമേരിക്കയുമായുള്ള വ്യാപാര മിച്ചം കുറയ‌്ക്കാൻ ഇന്ത്യക്കുമേൽ കടുത്ത സമ്മർദമാണ് ട്രംപ് ടീം ചെലുത്തിയത്. കൂടുതൽ കമ്പോള പ്രവേശം അനുവദിക്കണമെന്നും വിദേശമൂലധന നിക്ഷേപം ഉദാരമാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്.  സ്റ്റീലിനും അലുമിനിയത്തിനും ഏർപ്പെടുത്തിയ തീരുവ വർധനയിൽ ഇന്ത്യക്ക് ഒരിളവും നൽകാൻ അമേരിക്ക തയ്യാറുമല്ല. അമേരിക്കയിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വിസ ചട്ടങ്ങളിൽ ഇളവ് അനുവദിക്കാനും അമേരിക്ക തയ്യാറായിട്ടില്ല.

ദേശീയവാദിയെന്ന് പൊങ്ങച്ചം പറയുന്ന നരേന്ദ്ര മോഡി അമേരിക്കയുടെയും സാമ്രാജ്യത്വത്തിന്റെയും ആവശ്യങ്ങൾക്കുമുമ്പിൽ ഭീരുവിനെപ്പോലെ കീഴടങ്ങുകയാണ്. ഈ കീഴടങ്ങലിന് രാജ്യം വലിയ വില നൽകേണ്ടിവരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top