25 May Saturday

മാപ്പില്ലാത്ത ക്രൂരത

പ്രകാശ് കാരാട്ട്Updated: Thursday Aug 17, 2017

ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എഴുപത്തഞ്ചില്‍പരം കുരുന്നുകളുടെ കൂട്ടമരണം രാജ്യത്തെ നടുക്കിയിരിക്കയാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഗോരഖ്പുരും സമീപത്തുള്ള ജില്ലകളും ഏതാനും വര്‍ഷമായി നൂറുകണക്കിനു കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ എന്‍സഫലിറ്റിസ് എന്ന മസ്തിഷ്കജ്വരത്തിന്റെ കേന്ദ്രമാണ്. മുന്‍കാലങ്ങളില്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ രോഗത്തെ നേരിടാനോ വര്‍ഷങ്ങളായി മണ്‍സൂണില്‍ രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ ആരോഗ്യമേഖലയെ സജ്ജമാക്കാനോ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. 

എന്നിരുന്നാലും, ഇപ്പോള്‍ ആശുപത്രിയില്‍ ആഗസ്ത് ഏഴിനും 10നും മധ്യേ ഉണ്ടായ മരണങ്ങള്‍ക്ക് കാരണം ദ്രാവക ഓക്സിജന്റെ അഭാവമായിരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികള്‍ക്ക്, അവരുടെ തലച്ചോറിലുണ്ടായ വീക്കം സ്വാഭാവിക ശ്വസനസംവിധാനത്തെ തകരാറിലാക്കുമെന്നതിനാല്‍ ഓക്സിജന്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഏഴുമാസമായി ബില്‍ കുടിശ്ശിക 68 ലക്ഷം രൂപയില്‍ എത്തിയതിനാല്‍ ആശുപത്രിക്ക് ഓക്സിജന്‍ നല്‍കിവന്ന സ്വകാര്യകമ്പനി വിതരണം നിര്‍ത്തി. കോളേജ് പ്രിന്‍സിപ്പല്‍ ആരോഗ്യവകുപ്പിന് പലതവണ കത്ത് നല്‍കിയിട്ടും ആഗസ്ത് ആദ്യവാരംവരെയും ബില്‍ത്തുക നല്‍കിയില്ല.

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവരുടെ കൃത്യനിര്‍വഹണത്തില്‍ സംഭവിച്ച വീഴ്ചകള്‍ മറച്ചുപിടിക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ ബലിയാടുകളാക്കാനുമുള്ള ശ്രമത്തിലാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു പതിറ്റാണ്ടായി ഗോരഖ്പുരില്‍നിന്നുള്ള ലോക്സഭാംഗമാണെന്നതിനാല്‍ ഈ വിഷയത്തിന് വന്‍ രാഷ്ട്രീയപ്രാധാന്യം കൈവന്നിരിക്കയാണ്. മസ്തിഷ്കജ്വരം നേരിടുന്നതിലെ പരാജയത്തിന് മുന്‍കാലത്ത് യോഗി ആദിത്യനാഥ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പഴിച്ചുവന്നിരുന്നു. പക്ഷേ, ഇക്കൊല്ലം ആദ്യം മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത അദ്ദേഹം,  മസ്തിഷ്കജ്വരം എന്ന ദുരന്തത്തെ ഫലപ്രദമായി നേരിടാന്‍ മഴക്കാലം തുടങ്ങുന്നതിനുമുമ്പേ നടപടിയൊന്നും സ്വീകരിച്ചില്ല.

മാത്രമല്ല, മേഖലയിലെ ആയിരക്കണക്കിനു രോഗികള്‍ ചികിത്സതേടുന്ന ഈ പ്രമുഖ ആതുരാലയം തികച്ചും ശോച്യാവസ്ഥയിലാണ്. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ശമ്പളംപോലും മാസങ്ങളായി കുടിശ്ശികയാണ്. ഡോക്ടര്‍മാരിലും നേഴ്സുമാരിലും ഗണ്യമായ പങ്ക് കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. മസ്തിഷ്കജ്വരബാധിതര്‍ക്ക് നല്‍കാന്‍ ഔഷധങ്ങളുമില്ല. ആശുപത്രിയില്‍ ആവശ്യമായ കൈയുറകള്‍പോലും സ്വകാര്യകടകളില്‍നിന്നാണ് വാങ്ങുന്നത്.

ബിജെപി സര്‍ക്കാരിന്റെയും യോഗി ആദിത്യനാഥിന്റെയും നിരുത്തരവാദിത്തം നടുക്കുന്നതാണ്. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ വിലപിച്ചും രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ സ്ഥിതിയില്‍ ആശങ്കപ്പെട്ടും നൂറുകണക്കിനു കുടുംബം കഴിയവെ ആഗസ്ത് 15ന് ഗോരഖ്പുരിലെ തന്റെ മഠത്തില്‍ ജന്മാഷ്ടമി ആഘോഷത്തില്‍ മുഴുകുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. ഇതേനാളിലും നഗരത്തില്‍ കുഞ്ഞുങ്ങളുടെ മരണം തുടരുകയായിരുന്നു.

മാത്രമല്ല, ആഗസ്ത് 13ന് രാത്രി യോഗി ആദിത്യനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ "പൊലീസ് പരമ്പരാഗതമായും വിപുലമായും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ജന്മാഷ്ടമി'' എന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ ഉത്തരവിലെ നിര്‍ദേശം കൃത്യമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സുല്‍ഖാന്‍സിങ് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പിഎസി കമാന്‍ഡന്റുമാര്‍ക്കും കത്ത് കൈമാറി. അങ്ങനെ, സ്വാതന്ത്യ്രദിനത്തില്‍ ജന്മാഷ്ടമി ആഘോഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ പൊലീസിനോട് ഉത്തരവിട്ടു! സര്‍ക്കാര്‍ പുലര്‍ത്തണമെന്ന് ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ തത്വങ്ങളെ അട്ടിമറിക്കുകയാണ് ഇതുവഴി.

ഇത് ഇരട്ട നിന്ദയാണ്- ഗോരഖ്പുരില്‍ ദുരന്തത്തിന് ഇരകളായ കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും അനാദരവ് കാട്ടിയിരിക്കുന്നു, ഭരണഘടനാമൂല്യങ്ങള്‍ മറികടക്കാന്‍ മതപരമായ ആഘോഷത്തെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥ ഇന്ത്യയിലെ പൊതുജനാരോഗ്യമേഖല നേരിടുന്ന ദുര്‍ഗതിയുടെ നേര്‍ചിത്രമാണ്. തുടര്‍ച്ചയായി ഭരണത്തിലിരുന്നവര്‍ പൊതുജനാരോഗ്യമേഖലയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. നിലവില്‍ പൊതുജനാരോഗ്യമേഖലയില്‍ ചെലവിടുന്നത് മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 1.2 ശതമാനം മാത്രമാണ്. ഈ മേഖലയില്‍ ആഗോളതല ശരാശരി 5.99 ശതമാനമാണ്.

പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്താനും മതിയായ ഫണ്ട് അനുവദിക്കാനും നടപടിയെടുക്കുന്നതിനു പകരം മോഡിസര്‍ക്കാര്‍ ഇന്ത്യയിലെ ആരോഗ്യമേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്. രണ്ട്, മൂന്ന് നിലവാരത്തിലുള്ള നഗരങ്ങളിലെ ജില്ലാ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ഈയിടെ ശുപാര്‍ശ ചെയ്തു. പൊതു- സ്വകാര്യ പങ്കാളിത്തം എന്ന പേരില്‍ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ്. ഇതിലെല്ലാം, ബാധ്യതകളും അപകടസാധ്യതകളും പൊതുമേഖല ഏറ്റെടുക്കണം, ലാഭവും ആനുകൂല്യങ്ങളും സ്വകാര്യമേഖലയ്ക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ അല്ലാതെ മറ്റൊരിടത്തും ചികിത്സ തേടാന്‍ കഴിവില്ലാത്ത ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള കുഞ്ഞുങ്ങളാണ് ഗോരഖ്പുരില്‍ മരിച്ചത്. പൊതുജനാരോഗ്യസംവിധാനത്തിന്റെ തകര്‍ച്ചയും ശോച്യാവസ്ഥയും വ്യക്തമാക്കുന്നത് ദരിദ്രര്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗമൊന്നുമില്ലെന്നാണ്. ബൂര്‍ഷ്വാ പാര്‍ടികള്‍ നയിക്കുന്ന, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ സര്‍വതും സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ആരോഗ്യം ഉറപ്പാക്കാന്‍ ഓരോ പൌരനുമുള്ള അടിസ്ഥാന അവകാശം അപകടത്തിലാകുന്നു.

ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടിക്ക് പ്രാധാന്യം ലഭിക്കുന്നത്. പൊതുജനാരോഗ്യസംവിധാനം ജനസൌഹൃദപരമാക്കിയും ഏറ്റവും ദരിദ്രരായവര്‍ക്കുപോലും പ്രാപ്യമാക്കിയും അടിസ്ഥാനസൌകര്യങ്ങള്‍ വിപുലീകരിച്ചും, മേഖലയുടെ മൊത്തത്തിലുള്ള അഴിച്ചുപണിക്കാണ് 'ആര്‍ദ്രം ദൌത്യം' ലക്ഷ്യമിടുന്നത്. ജില്ല-താലൂക്ക് ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തലും ഇതിന്റെ ഭാഗമാണ്.

രാജ്യത്ത് പൊതുജനാരോഗ്യസംവിധാനത്തെ പൂര്‍ണമായി അവഗണിക്കാനും സ്വകാര്യവല്‍ക്കരണം മുന്നോട്ടുകൊണ്ടുപോകാനും നടക്കുന്ന ശ്രമങ്ങളെ ചെറുക്കുന്നതില്‍ പൊതുജനാരോഗ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിജയത്തിന് പ്രധാനപങ്ക് വഹിക്കാന്‍ കഴിയും

പ്രധാന വാർത്തകൾ
 Top