13 May Thursday

രാജ്യത്തെ മഹാമാരിക്ക്‌ വിട്ടുകൊടുക്കരുത് - പ്രകാശ് കാരാട്ട് എഴുതുന്നു

പ്രകാശ് കാരാട്ട്Updated: Saturday Apr 17, 2021

 

കോവിഡ്‌ –-19ന്റെ രണ്ടാം തരംഗം വ്യാപകമായതോടെ രാജ്യം ആപൽക്കരമായ സ്ഥിതിവിശേഷത്തെയാണ്‌ അഭിമുഖീകരിക്കുന്നത്‌. ഏപ്രിൽ നാലിന്‌ പ്രതിദിന കോവിഡ്‌ രോഗികൾ ഒരുലക്ഷം കവിഞ്ഞു. മൂന്ന്‌ ദിവസത്തിനുശേഷം രോഗികളുടെ എണ്ണം 1,26,260 ആയി കുതിച്ചുയർന്നു. തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.  ഇത്‌ ലോകത്തെ ഒരു ദിവസത്തെ ഏറ്റവും കൂടിയ നിരക്കാണ്‌. മരണനിരക്കും കുത്തനെ ഉയരുന്നു. പ്രതിദിനമരണം ആയിരം കവിഞ്ഞു. രണ്ടാം തരംഗത്തിന്റെ വരവ്‌ മുന്നിൽക്കണ്ട്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. അല്ലെങ്കിൽ രണ്ടാം തരംഗത്തെ ലാഘവത്തോടെയാണ്‌ സർക്കാർ കണ്ടത്‌.

ജനുവരിയോടെ കോവിഡ്‌ വ്യാപനം നിയന്ത്രിച്ചുവെന്നും രാജ്യത്തെ സാമ്പത്തികവളർച്ച തിരിച്ചുവരവിന്റെ പാതയിലാണെന്നും ആത്മവിശ്വാസം പുലർത്തുകയായിരുന്നു മോഡി സർക്കാർ. ഇത്‌ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു. ആരോഗ്യമേഖലയിലും കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കും സഹായം എത്തിക്കുന്നതിൽ മോഡി സർക്കാർ മൊത്തത്തിൽ പരാജയപ്പെട്ടു. 2021–-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റിൽത്തന്നെ ഇക്കാര്യം വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്‌. ആരോഗ്യ മേഖലയ്‌ക്കുള്ള കേന്ദ്രവിഹിതം 137 ശതമാനമായി വർധിപ്പിച്ചുവെന്ന അതിശയോക്തിപരമായ അവകാശവാദമാണ്‌ ബജറ്റിലൂടെ ഉന്നയിച്ചത്‌. എന്നാൽ, യഥാർഥത്തിൽ 2020–-21 സാമ്പത്തികവർഷത്തിൽ ചെലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്‌ അനുവദിച്ച ബജറ്റ്‌ വിഹിതത്തിൽ 9.6 ശതമാനത്തിന്റെ കുറവാണുണ്ടായത്‌.

വാക്‌സിൻ ഉറപ്പാക്കണം
സർക്കാർ വാക്‌സിൻ നയത്തിന്‌ രൂപം നൽകിയ രീതിതന്നെ വൈരുധ്യം നിറഞ്ഞതും സംശയം ജനിപ്പിക്കുന്നതുമാണ്‌. രണ്ട്‌ വാക്‌സിനാണ്‌ അടിയന്തര ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കുന്നതിനുവേണ്ടി സർക്കാർ അനുമതി നൽകിയത്‌. അസ്‌ട്രാ സെനകയുടെ കോവിഷീൽഡും ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനും. കോവാക്‌സിന്റെ ഉപയോഗത്തിന്‌ അനുമതി നൽകിയത്‌ വിവാദമായിരുന്നു. മൂന്നാംഘട്ട ക്ഷമതാ പരിശോധന നടന്നുകൊണ്ടിരിക്കെയാണ്‌ അനുമതി നൽകിയത്‌. റഷ്യയുടെ സ്പുട്‌നിക്‌–-വി വാക്‌സിന്‌ കഴിഞ്ഞ ദിവസം അനുമതി കിട്ടി. 35 രാജ്യത്ത്‌ ഉപയോഗിക്കുന്ന വാക്‌സിന്‌ ഇന്ത്യയിൽ ഉപയോഗത്തിനുള്ള അനുമതി നൽകാൻ വൈകിയത്‌ ഇന്ത്യൻ കമ്പനിക്ക്‌ നിർമാണാനുമതി ലഭിക്കാത്തതുകൊണ്ടായിരുന്നു.

രണ്ടാം തരംഗം പടർന്നുപിടിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും ആവശ്യത്തിന്‌ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കടുത്ത വാക്‌സിൻ ക്ഷാമമാണ്‌ പല സംസ്ഥാനങ്ങളിലും. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ളവർക്കും വാക്‌സിനേഷന്‌ അനുമതി നൽകിയഘട്ടത്തിലാണ്‌ ക്ഷാമം നേരിടുന്നത്‌. വ്യാപകമായ തോതിലുള്ള വാക്‌സിനേഷന്‌ ആസൂത്രിതമായ പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സ്പുട്‌നിക്‌–-വിയുടെ ഉപയോഗം വ്യാപകമാക്കുന്നതോടൊപ്പം ജോൺസൺ ആൻഡ്‌ ജോൺസൺ ഉൾപ്പെടെയുള്ള കമ്പനികൾ വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ലൈസൻസ്‌ കരസ്ഥമാക്കാനും സർക്കാർ ശ്രമിക്കണം. സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന വാക്‌സിന്റെ നിർമാണം ത്വരിതപ്പെടുത്തണം. ആരോഗ്യമേഖലയിലെ പ്രാഥമിക, ദ്വിതീയ, ത്രിദീയ സംവിധാനങ്ങളും മറ്റ്‌ ആരോഗ്യ സൗകര്യങ്ങളും മെച്ചപ്പെടുത്താൻ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മനിർഭർ സ്വാസ്‌ത്യ ഭാരത്‌ യോജനയ്‌ക്ക്‌ കേന്ദ്രസർക്കാർ ഉടൻ കൂടുതൽ പണം അനുവദിക്കണം. ആറ്‌ വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക്‌ 64,180 കോടി രൂപയാണ്‌ വകയിരുത്തിയതെങ്കിലും ഈ ബജറ്റിൽ ഒരു രൂപപോലും അനുവദിച്ചിട്ടില്ല. ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്‌ മുൻഗണന നൽകിക്കൊണ്ട്‌ ആത്മനിർഭർ സ്വാസ്‌ത്യ ഭാരത്‌ യോജന എത്രയും പെട്ടെന്ന്‌ പ്രാവർത്തികമാക്കണം.


 

സാമ്പത്തികമേഖല ശക്തമായി തിരിച്ചുവരികയാണെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. ഈ അവകാശവാദത്തിന്‌ വിരുദ്ധമായി സാമ്പത്തികവളർച്ച മുരടിപ്പിലും ആത്മവിശ്വാസക്കുറവിലുമാണെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാനമായ എട്ട്‌ മേഖലയിൽ കഴിഞ്ഞ ആറ്‌ മാസത്തിനിടയിൽ കുത്തനെയുള്ള ഇടിവാണ്‌ ദൃശ്യമായത്‌. കോവിഡിന്റെ രണ്ടാം തരംഗം വരുന്നതിനുമുമ്പുതന്നെ നിർമാണമേഖലയിൽ നിന്നുള്ള ഉൽപ്പാദനം തുടർച്ചയായ ഏഴാം മാസവും ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. ഇപ്പോൾ രണ്ടാം തരംഗം വ്യാപകമായതോടെ രാത്രികാല കർഫ്യൂ, ആഴ്‌ചയിലൊരിക്കൽ അടച്ചിടൽ, യാത്രാ നിയന്ത്രണം തുടങ്ങിയവ ശക്തമാക്കുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഇനിയും തടസ്സപ്പെടാൻ സാധ്യതയുണ്ട്‌. പൂർണമായ അടച്ചിടൽ ഒഴിവാക്കിയെങ്കിലും രോഗം വ്യാപിക്കുന്നതും പരിമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ചെറുകിട വ്യാപാരത്തെയും ഹോട്ടൽ, റസ്‌റ്റോറന്റുകളുടെ പ്രവർത്തനത്തെയും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പേൾത്തന്നെ ബാധിച്ചു തുടങ്ങി. സർവീസ്‌ മേഖലയിലെ തൊഴിലവസരങ്ങളെ ബാധിച്ചു. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്കും വീണ്ടും തുടങ്ങി.

കാര്യക്ഷമവും
 ഫലപ്രദവുമായി ഇടപെടണം
കോവിഡ്‌ മഹാമാരിയുടെ ഒന്നാംഘട്ട വ്യാപനത്തിൽ ജനങ്ങൾ നേരിട്ട ദുരിതം കൈകാര്യം ചെയ്യുന്നതിൽ നിർദയമായ സമീപനമാണ്‌ മോഡി സർക്കാർ സ്വീകരിച്ചത്‌. പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും യഥാർഥ പ്രശ്‌നം കൈകാര്യം ചെയ്യാൻ ഇത്‌ മതിയായില്ല. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 1.5 ശതമാനം മാത്രമായിരുന്നു സാമ്പത്തിക പാക്കേജ്‌. ജനങ്ങളുടെ കൈകളിൽ പണം എത്തിക്കാൻ മോഡി സർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാൽ, അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ജനങ്ങൾക്ക്‌ ക്യാഷ്‌ സബ്‌സിഡികൾ അനുവദിച്ചു. ചെറുകിട കച്ചവടക്കാരെയും ചെറുകിട ഉൽപ്പാദകരെയും സഹായിക്കാൻ മോഡി സർക്കാർ വിമുഖത കാട്ടി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന്‌ കുടിയേറ്റ തൊഴിലാളികൾ വെള്ളവും ഭക്ഷണവും അഭയവുമില്ലാതെ നഗ്നപാദരായി അവരുടെ ഗ്രാമങ്ങളിലേക്ക്‌ ദേശീയ പാതയിലൂടെ നൂറുകണക്കിന്‌ കിലോമീറ്റർ നടക്കേണ്ടിവന്നത്‌ സർക്കാരിന്റെ മനുഷ്യത്വരഹിതവും നിർദയവുമായ നയസമീപനത്തിന്റെ ഫലമാണ്‌.

ഇപ്പോൾ ഉയർന്നുവരുന്ന പ്രതിസന്ധി നേരിടാൻ ശക്തമായ നടപടി വേണം. എല്ലാ കുടുംബത്തിനും മാസം 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുകയാണ്‌ ഒന്നാമത്തെ കാര്യം. ഇതിൽ 10 കിലോ ധാന്യം സൗജന്യമായി നൽകണം. കോവിഡിന്റെ ആദ്യഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക്‌ മാസം അഞ്ച്‌ കിലോ അരിയും/ ഗോതമ്പും ഒരു കിലോ പയർവർഗവും നൽകിയിരുന്നു. നവംബർ മുതൽ ഇത്‌ നിർത്തലാക്കി. 2021 മാർച്ചിലെ കണക്ക്‌ പ്രകാരം രാജ്യത്തെ ഗോഡൗണുകളിൽ 9.2 കോടി ടൺ ഭക്ഷ്യധാന്യം കരുതൽ ശേഖരമായുണ്ട്‌. ഇത്‌ ആവശ്യമായതിന്റെ മൂന്നിരട്ടിയാണ്‌. അടുത്ത ആറ്‌ മാസത്തേക്ക്‌ ഓരോ കുടുംബത്തിനും പത്ത്‌ കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകണം. വീണ്ടും രോഗം വ്യാപിക്കുന്നതിനാൽ എല്ലാ കുടുംബത്തിനും മാസം 7500 രൂപ വീതം നൽകണം. തൊഴിൽ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിച്ച്‌ വർഷം 200 തൊഴിൽ ദിനം ഉറപ്പാക്കണം. ഒപ്പം നഗരമേഖലയിലെ പാവപ്പെട്ടവർക്ക്‌ ആശ്വാസം നൽകാൻ നഗര തൊഴിലുറപ്പ്‌ പദ്ധതി പ്രഖ്യാപിക്കണം. 11 കോടിയോളം പേർക്ക്‌ തൊഴിൽ നൽകുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ പുനരുദ്ധരിക്കാൻ ഫലപ്രദമായ പദ്ധതി പ്രഖ്യാപിക്കണം. വായ്‌പാ തിരിച്ചടവിന്‌ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതോടൊപ്പം നിലവിലെ വായ്‌പയുടെ പലിശ ഇളവ്‌ നൽകണം. അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാൻ സബ്‌സിഡിയും നൽകണം.

കോവിഡ്‌ മഹാമാരിക്കാലത്ത്‌ കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ മാതൃകയിലുള്ള പദ്ധതി രാജ്യമാകെ നടപ്പാക്കണം. കോവിഡ്‌ ബാധിക്കുന്നവർക്ക്‌ പൂർണമായും പൊതുആരോഗ്യ സംവിധാനത്തിനു കീഴിൽ സൗജന്യചികിത്സ കേരള സർക്കാർ ഉറപ്പുവരുത്തി. ഒപ്പം 88 ലക്ഷം കുടുംബത്തിനും മഹാമാരിക്കാലത്ത്‌ സൗജന്യഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഇപ്പോഴും നൽകുന്നുണ്ട്‌. എന്നാൽ, മോഡി സർക്കാർ പ്രതിസന്ധിയിലായ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്‌ ശ്രമിക്കുന്നില്ല. രാജ്യത്തെ പൊതുആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക്‌ സഹായമാകുന്ന രീതിയിലുള്ള സാമ്പത്തികനയങ്ങൾ നടപ്പാക്കുന്നതിനും പകരം കോവിഡ്‌ പ്രതിസന്ധിയെ നവഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയാണ്‌. വൻകിട കോർപറേറ്റുകളുടെയും കുത്തകകളുടെയും താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി നവഉദാരവൽക്കരണ നയങ്ങൾ എല്ലാ മേഖലയിലും കൂടുതൽ വിപുലമായി നടപ്പാക്കുകയാണ്‌. കാർഷിക നിയമങ്ങൾ, പുതിയ തൊഴിൽ നിയമങ്ങൾ (ലേബർ കോഡ്‌), പൊതുമേഖലയുടെ സ്വകാര്യവൽക്കരണം എന്നിവ നടപ്പാക്കുന്നു. ഒപ്പം സർക്കാർതന്നെ വർഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഈ വിനാശകരമായ നടപടികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പടർന്നുപിടിക്കുന്ന മഹാമാരിയിലും ജനങ്ങളുടെ ക്ഷേമത്തിലും സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top