14 August Friday

കുമാരഗുരു എന്ന സാമൂഹ്യ പരിഷ്‌കർത്താവ്‌

ബാബു കെ പന്മനUpdated: Monday Jun 29, 2020

നവോത്ഥാന പ്രയത്നങ്ങളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുന്നതിലും ജാതിവിരുദ്ധ സമരങ്ങൾക്കും അടിമ വിമോചനത്തിനുംവേണ്ടി സമാനതകളില്ലാത്ത പോരാട്ടം സംഘടിപ്പിക്കുകയും ചെയ്ത നവോത്ഥാന നായകരിലെ മുൻനിരക്കാരനാണ്‌ പൊയ്കയിൽ അപ്പച്ചൻ എന്ന കുമാരഗുരു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻകൂടിയായ അദ്ദേഹത്തിന്റെ  81–-ാമത് ചരമദിനമാണ്‌ ഇന്ന്. ഇരവിപേരൂരിലെ ഒരു ക്രിസ്ത്യൻ ജന്മി കുടുംബത്തിലെ കാർഷിക അടിമകളായിരുന്ന കണ്ടന്റെയും ളേച്ചിയുടെയും മകനായി ജനിച്ച കൊമരനാണ് കുമാരനും ക്രിസ്തുമതം സ്വീകരിച്ച യോഹന്നാൻ എന്ന സുവിശേഷപ്രചാരകനും പിന്നീട് പൊയ്കയിൽ അപ്പച്ചനുമായത്‌.

19–-ാം നൂറ്റാണ്ടിലും 20–-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും കേരളീയ സമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളെ ജാതികേന്ദ്രിതവും ധനകേന്ദ്രിതവുമായ ഒരു പൊതുഘടനയാണ് നിയന്ത്രിച്ചിരുന്നത്. സാമൂഹികമായി ജാതിവ്യവസ്ഥയും സാമ്പത്തികമായി ജന്മിവ്യവസ്ഥയും രാഷ്ട്രീയമായി നാടുവാഴിത്ത വ്യവസ്ഥയും പിടിമുറുക്കിയിരുന്നു അക്കാലത്ത്. ജാതിയും മതവും സവർണ ആധിപത്യത്തിന്റെ മുഖ്യരൂപവും അടിമസമ്പ്രദായം അധികാരവ്യവസ്ഥയുടെ അടിത്തറയുമായി വർത്തിച്ചു. ജാതിവ്യവസ്ഥയും അതിന്റെ പ്രത്യക്ഷ ഉൽപ്പന്നമായ അടിമവ്യവസ്ഥയും സാമൂഹ്യവികാസത്തിന്റെ മുന്നോട്ടുപോക്കിനെ ദശാബ്ദങ്ങളോളം തടസ്സപ്പെടുത്തി. ജാതിസമ്പ്രദായത്തിന്റെയും അടിമവ്യവസ്ഥയുടെയും ഫലമായി സമൂഹത്തിൽ രൂഢമൂലമായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിച്ചമർത്തലുകളെയും ചോദ്യംചെയ്തുകൊണ്ട് നിരവധി പരിഷ്കരണപ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കർത്താക്കളും ഉയർന്നുവന്നു. അതോടെയാണ് സാമൂഹ്യരംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത്.


 

ക്രിസ്തീയ സഭകളിൽ നിലനിന്നിരുന്ന നഗ്നമായ ജാതി വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് കുമാരൻ  സാമൂഹ്യരംഗത്തേക്കുള്ള തന്റെ ചുവടുകൾ വയ്ക്കുന്നത്. ഹൈന്ദവ സമുദായത്തിലെ അനാചാരങ്ങൾ കൊണ്ടും  അയിത്താനുഷ്ഠാനങ്ങൾ കൊണ്ടും പൊറുതിമുട്ടിയിരുന്ന അവർണരും അയിത്തജാതിക്കാരും മിഷണറി പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുകയും കൂട്ടംകൂട്ടമായി മതപരിവർത്തനത്തിനു വിധേയമായി പുതുക്രിസ്ത്യാനികളോ ഇസ്ലാം മതവിശ്വാസികളോ ആയിത്തീരുകയും ചെയ്തുകൊണ്ടിരുന്നു. സവർണജാതീയതയുടെ ക്രൂരതകളിൽനിന്നും രക്ഷ നേടാൻ ക്രൈസ്തവ സഭകളിൽ ഇടംനേടിയ ദളിതർക്ക് അവിടെയും ജാതിവിവേചനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

"പറയനൊരുപള്ളി / പുലയനൊരു പള്ളി / മീൻപിടിത്തക്കാരൻ മരയ്ക്കാനൊരു പള്ളി / അപ്പനൊരു പള്ളി മകനൊരു പള്ളി / അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി /പള്ളിയോടു പള്ളി നിരന്നങ്ങു വന്നിട്ടും / വ്യത്യാസം മാറി ഞാൻ കാണുന്നില്ല’ എന്ന കുമാരഗുരുവിന്റെ പാട്ട് ജാതിവ്യവസ്ഥയുടെ നിരർഥകത വെളിവാക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്നാണെന്ന് കാണാം. 1905 മുതൽ 1939 വരെ അദ്ദേഹം നടത്തിയ സഞ്ചാരപ്രസംഗങ്ങൾ കീഴാള വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യമെന്ന ജനാധിപത്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനുള്ള വിളംബരങ്ങളായിരുന്നു. സഞ്ചാരപ്രസംഗ യോഗങ്ങൾക്കുനേരെ നിരന്തരം ആക്രമണവും സംഘർഷങ്ങളും അദ്ദേഹത്തിനു നേരിടേണ്ടിവന്നെങ്കിലും തന്റെ വിമർശനങ്ങളുടെ മൂർച്ച അദ്ദേഹം കൂട്ടിക്കൊണ്ടേയിരുന്നു.1910ൽ മുതലപ്രയിൽ  നടന്ന യോഗത്തിലെ അപ്പച്ചന്റെ പ്രസംഗം ബ്രിട്ടീഷ് വിരുദ്ധമാണെന്ന പ്രചാരണത്തെ തുടർന്ന് പൊലീസ് നിർദേശപ്രകാരം അദ്ദേഹം ചങ്ങനാശേരി രണ്ടാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരായി. ജഡ്ജിയുടെ ചോദ്യത്തിന്‌ ഉത്തരമായിട്ടാണ് കോടതിമുറിയിൽ തന്റെ സഭയുടെ പേര് പ്രത്യക്ഷ രക്ഷാദൈവസഭ (പിആർഡിഎസ് ) എന്നദ്ദേഹം പ്രഖ്യാപിച്ചത്. കീഴാള ചരിത്രത്തെയും അവന്റെ രക്ഷാമാർഗങ്ങളും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പാടി.

" കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി / കാണുന്നുണ്ട് അനേക വംശത്തിൻ ചരിത്രങ്ങൾ’

കീഴാള വംശത്തിന്റെ ചരിത്രവും അക്ഷരങ്ങളും സാമ്പ്രദായിക ചരിത്രരചനകളിൽ  ഇന്നും കാണാത്ത സാഹചര്യത്തിൽ കുമാരഗുരുവിന്റെ പാട്ടുകൾ സാഹിത്യത്തിലെ അമൂല്യങ്ങളാണ്. 1914ൽ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അപ്പച്ചന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് കറുത്തമനുഷ്യർ ശുഭ്രവസ്ത്രധാരികളായി "സമാധാനം, സമാധാനം, ലോകത്തിനു സമാധാനം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് മാരംകുളത്തുനിന്ന് നടത്തിയ സമാധാനജാഥ പിആർഡിഎസിന്റെ ലോകവീക്ഷണം വെളിപ്പെടുത്തുന്നതായിരുന്നു. അയ്യൻകാളിയുടെ സാധുജന പരിപാലനസംഘം പോലെ ജാതിവിരുദ്ധവും ഉപജാതി ബോധത്തിന് അതീതമായും കീഴാള ജനവിഭാഗങ്ങൾക്കിടയിൽ സംസ്കാരസമ്പന്നമായ മാനവികബോധം സൃഷ്ടിക്കാൻ പിആർഡിഎസിനു കഴിഞ്ഞു.

വിദ്യാഭ്യാസപ്രവർത്തകൻ, ശ്രീമൂലം പ്രജാസഭാ അംഗം എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. നവോത്ഥാനചരിത്രത്തിൽ ജാതിക്കെതിരായി രൂപപ്പെട്ട മുന്നേറ്റങ്ങളിൽ കീഴാള പ്രതിരോധത്തിന്റെയും പ്രതിനിധാനത്തിന്റെയും അടിത്തറയൊരുക്കുന്നതിൽ ചരിത്രപരമായ പങ്കാണ് പൊയ്കയിൽ അപ്പച്ചൻ നിർവഹിച്ചതെന്നു കാണാം. കേരളത്തിന്റെ സാമൂഹികഘടനയെ ഉടച്ചുവാർക്കുന്നതിലും അതിനെ ജനാധിപത്യപരമായി പുനഃ സംഘടിപ്പിക്കുന്നതിലും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അനായാസകരമായ ഇടപെടലുകൾക്ക് അവസരം നൽകിയത് പൊയ്കയിൽ അപ്പച്ചൻ അടക്കമുള്ള നവോത്ഥാന നായകരും പരിഷ്കരണപ്രസ്ഥാനങ്ങളും ഉഴുതുമറിച്ച മണ്ണിന്റെ വളക്കൂറുകൂടി ഉള്ളതിനാലായിരുന്നുവെന്ന് നിസ്സംശയം പറയാം.

(പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top