28 May Sunday

ദാരിദ്ര്യനിർമാർജനത്തിന്റെ കേരള മാതൃക

ഡോ. സോണി ജോൺ ടിUpdated: Monday Dec 13, 2021

ഏതൊരു ദേശത്തിന്റെയും ഉത്തരവാദിത്വബോധമുള്ള ഭരണാധികാരികളുടെ വികസന പരിപ്രേക്ഷ്യങ്ങളിൽ മുന്തിയ പരിഗണന ലഭിക്കേണ്ട വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്ര്യനിർമാർജനം. ദാരിദ്ര്യനിർമാർജനത്തിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഭരണാധികാരികൾ കാണിക്കുന്ന ഇച്ഛാശക്തിയോളംതന്നെ പ്രാധാന്യമുള്ളതാണ് പൗരരുടെ ഇച്ഛാശക്തിയും ആത്മാർഥതയോടെയുള്ള അത്തരം പദ്ധതികളിലെ പങ്കാളിത്തവും. അതുകൊണ്ടുതന്നെ, ദാരിദ്ര്യനിർമാർജനത്തിൽ കേരളം ഇന്ത്യയിൽ പ്രഥമസ്ഥാനത്താണെന്ന കേന്ദ്ര നിതി ആയോഗിന്റെ റിപ്പോർട്ട് കേരളീയർക്കെല്ലാംതന്നെ അഭിമാനിക്കാൻ വകയുള്ളതാണ്.

2015--–16 കാലഘട്ടത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗിന്റെ വിലയിരുത്തലുകളെന്നും അതിൽ ഇടതുപക്ഷസർക്കാരിന് ഒന്നും അവകാശപ്പെടാനില്ലെന്ന വാർത്തകളും അതിനോടൊപ്പം പുറത്തുവന്നിരുന്നു. ആ വാർത്തകൾ വായിച്ചപ്പോൾ മനസ്സിലേക്കോടിയെത്തിയത് ഒരു പഴയ സംഭവമാണ്. 2010 കാലഘട്ടത്തിൽ മെൽബണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് അന്നവിടെ സന്ദർശനത്തിനെത്തിയ മലയാളിയായ ഒരു കേന്ദ്രമന്ത്രി തന്റെ പ്രസംഗത്തിൽ ഇപ്രകാരം പരാമർശിച്ചു. "ഞങ്ങളുടെ സർക്കാർ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു'. ഇതുകേട്ട് എന്നോടൊപ്പമിരുന്ന ഓസ്ട്രേലിയക്കാരനായ സുഹൃത്ത് ചോദിച്ചു, "സ്വാതന്ത്ര്യം കിട്ടിയിട്ടിത്രനാളായിട്ടും ഇത്തരം പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലേ?' ചോദ്യംകേട്ട് തലകുമ്പിട്ടിരുന്ന ഞാൻ പതുക്കെ പറഞ്ഞു, "ഇത് ഞങ്ങളുടെ സംസ്ഥാനത്തിന്റെ കാര്യമല്ല. ഇത്തരം കാര്യങ്ങളിൽ ഒട്ടും വികസിതമല്ലാത്ത സംസ്ഥാനങ്ങളുടെ കാര്യമാകണം അദ്ദേഹം സൂചിപ്പിക്കുന്നത്. ഇടതുപക്ഷ പിന്തുണയോടുകൂടി നിലവിൽ വന്ന 2004ലെ ആദ്യത്തെ യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷപാർടികളുടെകൂടി നിർബന്ധത്തിനു വഴങ്ങി നടപ്പാക്കിയ പൊതുമിനിമം പരിപാടിയിലെ നയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിലെ ദാരിദ്ര്യനിർമാർജന നേട്ടത്തിൽ യുഡിഎഫുയർത്തുന്ന അവകാശവാദം തികഞ്ഞ വിരോധാഭാസംതന്നെ. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കാലാകാലങ്ങളോളം ഇക്കൂട്ടർ ഭരണം നടത്തിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥമാത്രം വിശകലനം ചെയ്താൽമതി ദാരിദ്ര്യനിർമാർജനത്തിനോടും അനുബന്ധ വികസനപരിപാടികളോടും ഇവരുടെ മനോഭാവമെന്തായിരുന്നുവെന്ന്  മനസ്സിലാക്കാൻ.  
യഥാർഥത്തിൽ കേരളത്തിന്റെ വികസന അജൻഡ തീരുമാനിക്കുന്നതിൽ മർമപ്രധാനസ്ഥാനം വഹിച്ചത് കാലാകാലങ്ങളായുള്ള അതിജീവന സമരത്തിലൂടെയും അതിനോടൊപ്പം വികസിതമായ ജീവിതദർശനത്തിലൂടെയും ഉരുത്തിരിഞ്ഞുവന്ന വികസനകാഴ്ചപ്പാടിലൂടെയാണ്. അത്തരമൊരു വികസനബോധത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചതാകട്ടെ ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവും. അതിൽത്തന്നെ കേരളത്തിലെ വികസന അജൻഡ നിർണയിച്ചതിൽ ഏറ്റവും പ്രകടമായ സ്വാധീനം ചെലുത്തിയത് ഭൂവിനിയോഗത്തിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും 1957ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരും തുടർന്നുവന്ന കമ്യൂണിസ്റ്റ് സർക്കാരുകളും നടപ്പാക്കിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്. ഇടതുപക്ഷ സർക്കാരുകളുടെ ബഹുജന കേന്ദ്രീകൃത പരിപാടികളിൽനിന്ന്‌ പിന്നോട്ടുപോകാൻ മറ്റുസർക്കാരുകൾക്കായില്ല എന്നതാണ് വാസ്തവം. ഭരണത്തിലിരുന്നപ്പോഴെന്നപോലെ പ്രതിപക്ഷത്തിരുന്നപ്പോഴും കേരളജനതയെ സജ്ജമാക്കിയെടുത്ത് പ്രക്ഷോഭങ്ങളിലൂടെയും മറ്റു സമരമാർഗങ്ങളിലൂടെയും തങ്ങളുടെ ഭരണനേട്ടങ്ങൾ സാമാന്യജനങ്ങളിൽനിന്ന്‌ അകന്നുപോകുന്നില്ലെന്ന്‌ ഉറപ്പാക്കാൻ  ഇടതുപക്ഷത്തിന്‌ കഴിഞ്ഞുവെന്നതും വിസ്മരിക്കാനാകില്ല. കഴിഞ്ഞദിവസം പുറത്തുവന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കുറഞ്ഞ വേതനനിരക്ക് കാണിക്കുന്നത് ഇക്കാര്യത്തിൽ കേരളം മറ്റിടങ്ങളിൽനിന്നുമേറെ മുന്നിലാണെന്നാണ്. കൂടുതൽ അതിഥിത്തൊഴിലാളികൾ കേരളത്തിലേക്കെത്തുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നും ഇതുതന്നെ.

പെട്രോളിന് നൂറിനുമുകളിലും ഡീസലിന്‌ തൊണ്ണൂറിനുമുകളിലും വിലയുള്ള ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ തോത് നമ്മുടെ ഭാവനയ്ക്കും മീതെയാണ്. അത്തരം സാഹചര്യത്തിലാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ തൊഴിലാളികളുടെ ദിവസവേതനം ചർച്ചയായിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കേരളത്തിലെ ഒരു കർഷകത്തൊഴിലാളിയുടെ ദിവസവേതനം 706 രൂപയാണെങ്കിൽ ദേശീയ ശരാശരി 309 രൂപമാത്രമാണ്. ഗുജറാത്തിലത് 213 രൂപയും മധ്യപ്രദേശിൽ 217 രൂപയും ഉത്തർപ്രദേശിൽ 274 രൂപയുമാണ്. കാർഷികേതര സാധാരണ തൊഴിലാളികളുടേതാണെങ്കിൽ ഇതിലും പരിതാപകരവും. ഇവിടങ്ങളിലെ ദാരിദ്ര്യനിർമാർജനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി കുത്തകമുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും തൊഴിലാളി ചൂഷണമാണ്. കേരളത്തിലെ തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനത്തിന് അവർ കടപ്പെട്ടിരിക്കുന്നത് ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും അവരുയർത്തിപ്പിടിക്കുന്ന വികസന സങ്കൽപ്പനങ്ങളോടുമാണ്.

ഭൂപരിഷ്കരണത്തിലൂടെ കുടിയാന്മാരുടെയും കർഷകത്തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും ജീവിതത്തിലേക്ക് പ്രത്യാശ പകർന്നുനൽകാൻ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനായി. പണിയെടുക്കുന്നവർക്ക് ഭൂമി ലഭ്യമാക്കിയതിലൂടെ ബഹുഭൂരിപക്ഷം വരുന്ന അത്തരത്തിലുള്ള സാധാരണക്കാർക്ക് നൽകിയ ആത്മവിശ്വാസമാണ് പിന്നീടുള്ള കേരളത്തിന്റെ മുന്നോട്ടുകുതിപ്പിന് ഇന്ധനമായത്. വിദ്യാഭ്യാസരംഗത്ത് മുന്നേറാനായാൽ മറ്റുരംഗങ്ങളിലും അതിന്റെ ഗുണപരമായ സ്വാധീനമുണ്ടാകുമെന്ന തിരിച്ചറിവുതന്നെയാകണം വിദ്യാഭ്യാസത്തിന്‌ ഗണ്യമായ പരിഗണന നൽകാൻ ആദ്യകാല ഇടതുപക്ഷ ഭരണാധികാരികൾക്ക് പ്രചോദനമായത്. അവർ മുൻകൂട്ടിക്കണ്ടതുപോലെതന്നെ വിദ്യാഭ്യാസരംഗത്തെ നേട്ടത്തിനൊപ്പംതന്നെ അതിന്റെ ഗുണഫലങ്ങൾ ആരോഗ്യരംഗത്തും ദർശിക്കാനായി. അതിൽത്തന്നെ വ്യക്തിശുചിത്വത്തിലും രോഗപ്രതിരോധരംഗത്തും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിനനുഗുണമായി ആരോഗ്യപരിപാലനത്തിനാവശ്യമായ ധാരണകൾകൂടി ജനങ്ങളിലേക്കെത്തിക്കാനായതിനാലാണ് ഇതുസാധ്യമായത്. അതുകൊണ്ടുതന്നെയാണ് നവജാത ശിശുമരണനിരക്കിൽ ഗണ്യമായ കുറവുവരുത്താനും അക്കാര്യത്തിൽ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന നിലവാരം ഉയർത്തിയെടുക്കാനും കേരളത്തിനായത്.

2019 -–-20 ലെ പ്രതീക്ഷിത ലക്ഷ്യസാക്ഷാൽക്കാര സൂചികകൾ കാണിക്കുന്നത് ബിഹാറിൽ നാൽപ്പതുശതമാനത്തിലേറെയും ഉത്തർപ്രദേശിലും മധ്യപ്രദേശിലും 30 ശതമാനത്തിലേറെയും പേർക്ക് സാനിറ്റേഷൻ സൗകര്യങ്ങൾ ഇനിയും ലഭ്യമല്ല എന്നുതന്നെയാണ്. മോദിയുടെ സ്വപ്നപദ്ധതിയായ "സ്വച്ഛ് ഭാരത് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽപ്പോലും വിജയിപ്പിക്കാനായില്ല.

2016 മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ മുമ്പെങ്ങും സംസ്ഥാനം അഭിമുഖീകരിക്കാത്ത തരത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും ഇടവരുത്തിയിട്ടില്ല. ദാരിദ്ര്യനിർമാർജനത്തിന്‌ മുൻതൂക്കം നൽകിയ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്.

അത്തരം വികസനത്തിന്റെ പ്രത്യക്ഷ പ്രതിഫലനമായി വേണം 2019ൽ പുറത്തുവന്ന ഐക്യരാഷ്ട്ര സംഘടനയുടെയും കേന്ദ്ര നിതി ആയോഗിന്റെയും റിപ്പോർട്ടിലെ സുസ്ഥിരവികസന സൂചികകളിലെ കേരളത്തിന്റെ ഒന്നാം സ്ഥാനത്തെ നോക്കിക്കാണാൻ. രണ്ട് ലക്ഷം ഭവനരഹിതർക്ക് സുരക്ഷിതപാർപ്പിടമൊരുക്കിയും പൊതുവിദ്യാലയങ്ങളെ സാങ്കേതികമായി ഉന്നതനിലവാരമുള്ളവയാക്കി മാറ്റി കൂടുതൽ കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളുടെ ഗുണനിലവാരമുയർത്തി മികച്ച ആരോഗ്യസുരക്ഷ ഉറപ്പുനൽകിയും  ക്ഷേമപെൻഷൻ ഇരട്ടിയായി ഉയർത്തിയും  ഹരിത മിഷനിലൂടെ നെൽക്കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചും  പ്രളയത്തിൽ തകർന്നുപോയ കേരളത്തെ റീബിൽഡ് കേരളയിലൂടെ കൈപിടിച്ചുയർത്തിയും ദാരിദ്ര്യനിർമാർജനരംഗത്ത് ഇടപെട്ടുകൊണ്ട് മലയാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഒന്നാം പിണറായി സർക്കാർ നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top